|
നാവികസേനാ വിമാനം തകര്‍ന്ന് മലയാളി പെയിലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു |
|
ഹൈദരാബാദ്: വ്യോമാഭ്യാസത്തിനിടെ നാവികസേനാ വിമാനം തകര്‍ന്നുവീണ് മലയാളിയുള്‍പ്പെടെ രണ്ട് പെയിലറ്റുമാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. പെയിലറ്റ് ഉത്തര്‍പ്രദേശ് സ്വദേശി കമാന്‍ഡര്‍ സുരേഷ് മൗര്യ,
മലയാളി സഹപെയിലറ്റ് ലഫ്റ്റനന്റ് കമാന്‍ഡര്‍ രാഹുല്‍ ആര്‍. നായര്‍ (ഗോവ) എന്നിവര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യാ ഏവിയേഷന്‍ ഷോയില്‍ പങ്കെടുക്കുകയായിരുന്ന സാഗര്‍ പവന്‍ അഭ്യാസ സംഘത്തില്‍പ്പെട്ട എച്ച്ജെറ്റി കിരണ്‍ എം.കെ-രണ്ട് ട്രെയിനര്‍ വിമാനമാണ് ബീഗംപെട്ട് വിമാന താവളത്തിനടുത്തുള്ള ബേഗന്‍പള്ളിയിലെ മൂന്ന് നിലയുള്ള കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയത്. വ്യോമപ്രകടനം വീക്ഷിക്കാനെത്തിയ ആയിരക്കണക്കിന് പേര്‍ നോക്കിനില്‍ക്കെയായിരുന്നു അപകടം. ഇന്നലെ രാവിലെ 11 മണിക്ക് അഭ്യാസ പ്രകടനം ആരംഭിച്ച് കാല്‍ മണിക്കൂറിനുള്ളിലാണ് നാലുവിമാനങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ ചിറകടര്‍ന്ന് വീണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉയര്‍ന്ന നാവിക ഉദ്യോഗസ്ഥരും ആന്ധ്ര മുഖ്യമന്ത്രി കെ. റോസയ്യ, കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, യു എസ് അംബാസഡര്‍ ടിമോത്തി റൂമര്‍, നരേഷ് ഗോയല്‍ (ജെറ്റ് എയര്‍വെയ്സ്), വിജയ് മല്ല്യ (കിഗ് ഫിഷര്‍), അരവിന്ത് ജാദവ് (എയര്‍ ഇന്ത്യ) തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ പ്രത്യേകസമിതി രൂപീകരിച്ചു. അപകടകാരണം വ്യക്തമല്ല. പെയിലറ്റുമാരിലൊരാള്‍ ഇജക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയും മേറ്റ്യാള്‍ വിമാനാപകടത്തിലുമാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയില്‍ കാര്യമായ അപകടം ഉണ്ടാകാതിരിക്കാന്‍ ഇരുവരും ശ്രമം നടത്തിയത് വ്യക്തമായിട്ടുണ്ടെന്ന് നാവികസേനാ തലവന്‍ അഡ്മിറല്‍ നിര്‍മല്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. |