|
ഉഗാണ്ടയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരണം നൂറ് കവിഞ്ഞു |
|
കംപാല: കനത്ത പേമാരിയെ തുടര്‍ന്ന് ഉഗാണ്ടയുടെ കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ നൂറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.
ഉഗാണ്ടയിലെ ബുഡൂഡ ജില്ലയിലെ മലയോര പ്രദേശങ്ങളിലാണ് ഏഴുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ മഴയും തുടര്‍ന്ന് മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ആരോഗ്യകേന്ദ്രത്തില്‍ അഭയം പ്രാപിച്ചിരുന്ന ആറുപതോളം കുട്ടികളെയാണ് കാണാതായത്. ഇവര്‍ തങ്ങിയിരുന്ന കെട്ടിടം മണ്ണിടിച്ചിലില്‍ പെടുകയായിരുന്നു. പോലീസിന്റേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നുണ്ടെന്ന് മന്ത്രി ടാര്‍സിസ് കബ്വെഗേര വ്യക്തമാക്കി. കനത്ത മഴയും ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. |