| ബീഡി തൊഴിലാളി പെന്‍ഷനിലെ നീതികേട് |
|
പുകവലി നിരോധന നിയമം ബീഡി വ്യവസായത്തെയും അതുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളികളെയും അവശരാക്കി. കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെ ഭരണത്തിന്റെ അവസാന നാളുകളില്‍ അന്നത്തെയും ഇന്നത്തെയും വ്യവസായ വാണിജ്യ ഡയറക്ടറായ ടി.ഒ.സുരജിനെ ചെയര്‍മാനായി നിശ്ചയിച്ചു. കമ്മിറ്റി വിഷമതകള്‍ അനുഭവിക്കുന്ന ബീഡി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് തീരുമാനിക്കുകയും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഭരണം മാറി. തൊഴിലാളികളുടെ മാത്രം ഭരണക്കാരെന്ന് കൊട്ടിഘോഷിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ബീഡി തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. അവരെ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിച്ചു വന്നത്. ഇടതുസര്‍ക്കാര്‍ ബീഡി തൊഴിലാളികളുടെ കണക്കെടുപ്പ് പ്രഹസനത്തിനാണ് മിനക്കെട്ടത്. ഏറ്റവും ഒടുവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം നടത്തിയ മൂന്നാമത്തെ നാടകം കുടുംബശ്രീ വര്‍ക്കര്‍മാരെ കൊണ്ടായിരുന്നു.
ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലക്ഷക്കണക്കായ രൂപകൊടുത്ത് കണക്കെടുപ്പ് നടത്തിക്കുകയും ചെയ്തു. അതും ശരിയായ പ്രതിഷേധം സര്‍ക്കാരിന്റെ നേരെ വന്നപ്പോള്‍ സര്‍ക്കാര്‍ വീണ്ടും പ്രഖ്യാപിച്ചു. കുടുംബശ്രീക്കാരുടെ കണക്കെടുപ്പില്‍ ഒഴിഞ്ഞുപോയ ബീഡിതൊഴിലാളികള്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ.എല്‍.ഒമാര്‍ മുമ്പാകെ അപേക്ഷ നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. അതുവഴി സംസ്ഥാനമൊട്ടാകെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച 71154 തൊഴിലാളികളുടെ എണ്ണം 79843 ആയി ഉയരുകയും ചെയ്തു. എന്നിട്ടും എന്ത് ലഭിക്കും എന്ന പ്രത്യാശയോടെ നോക്കിനില്‍ക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം വന്നത്. കേരള ദിനേശ് ബീഡി സംഘങ്ങളില്‍ തൊഴില്‍ ചെയ്തുവരുന്ന 45 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കും എന്ന പുത്തന്‍ പ്രഖ്യാപനം. 2009 മാര്‍ച്ച് മാസം കേരള ധനമന്ത്രി പ്രഖ്യാപിച്ചത് 45 വയസ്സ് കഴിഞ്ഞ ബീഡി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കും എന്നായിരുന്നു. അത് നല്‍കുന്നതിന് വേണ്ട സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണം എന്ന് പ്രഖ്യാപിച്ച ധനമന്ത്രിയുടെ ചുവടുപിടിച്ച് കേരള വ്യവസായ മന്ത്രി ഒരു പുത്തന്‍ പ്രഖ്യാപനം നടത്തി.
ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അല്‍പ്പം മാറ്റം കേരളത്തിലെ 45 വയസ്സ് കഴിഞ്ഞ ബീഡി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കും എന്നത് 45 വയസ്സ് കഴിഞ്ഞ ദിനേശ് ബീഡി സംഘങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് മാത്രമായി വ്യവസായമന്ത്രി മാറ്റിയെടുക്കുകയും ചെയ്തു. 2005 ഏപ്രില്‍ മാസം മുതല്‍ ദിനേശ് ബീഡി സംഘങ്ങളില്‍ നിന്നും പിരിഞ്ഞവര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കും എന്നാണ് വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം ഫെബ്രുവരി 25 ന് നടപ്പാവുകയാണ്. 1800 ല്‍പ്പരം തൊഴിലാളികള്‍ക്ക് പ്രതിമാസം 500 രൂപവീതം പെന്‍ഷന്‍ നല്‍കുന്നതിന് അഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ദിനേശ് ബീഡി സംഘത്തിന് അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഇത്രയും തരംതാണ ഒരു സമീപനം സ്വീകരിച്ച ഒരു ഭരണകൂടം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. 2009 ല്‍ കേരള സര്‍ക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ടും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മുഖേനയും നടത്തിയ കണക്കെടുപ്പില്‍ കേരളത്തിലെ 13 ജില്ലകളിലായി 79843 തൊഴിലാളികള്‍ ബീഡി പ്രവര്‍ത്തി ചെയ്യുന്നവരുണ്ട് എന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി 8000 ത്തില്‍പ്പരം തൊഴിലാളികളെ മാത്രം വെച്ച് ജോലി ചെയ്യിക്കുന്ന കേരള ദിനേശ് ബീഡി സ്ഥാപനവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും 2005 ന് ശേഷം ജോലി രാജി വെച്ച ദിനേശ് തൊഴിലാളിക്കും മാത്രം ഒരു സംസ്ഥാന ഭരണകൂടം പെന്‍ഷന്‍ നല്‍കുന്നത് തികച്ചും നീതിരഹിതവും അനീതിനിറഞ്ഞ സമീപനവുമാണ് എന്ന് പറയാതെ നിവൃത്തിയില്ല.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

നമ്മുടെ സംസ്ഥാനത്ത് വളരെ ചുരുങ്ങിയ വേതനം പറ്റി ജീവിതം നയിക്കുന്ന ഒരു തൊഴിലാളി വിഭാഗമാണ് ബീഡി തൊഴിലാളികള്‍. ഒരു കാലഘട്ടത്തില്‍ സമൂഹത്തില്‍ നടന്ന എല്ലാ മാറ്റങ്ങള്‍ക്ക് പിന്നിലും ബീഡി തൊഴിലാളി നിറഞ്ഞ് നിന്നിരുന്നു. 
-°C 