|
രാജന്‍ ജോര്‍ജ്
ആധുനിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയോന്മുഖപാതയൊരുക്കുന്ന പ്രക്രിയകളുടെ അവിഭാജ്യഘടകമാണിന്ന് പ്രൊഫഷണല്‍ മാനേജര്‍മാര്‍.
ആഗോളീകരണം യാഥാര്‍ത്ഥ്യമായതോടൊപ്പമാണ് പ്രൊഫഷണല്‍ മാനേജ്മെന്റ് സംവിധാനങ്ങളും സരണികളും കാര്യക്ഷമതയുടെ ഏറ്റവും പ്രബലമായ രാസത്വരകങ്ങളായി മാറിയത്. വ്യക്തി, കുടുംബം, സമൂഹം, ബിസിനസ് സംരംഭം, രാഷ്ട്രം തുടങ്ങിയവയ്ക്കെല്ലാം ലക്ഷ്യം നിര്‍വചിച്ചും പാതകള്‍ നിശ്ചയിച്ചുമുള്ള ആസൂത്രിത നീക്കത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കാര്യക്ഷമത കൈവരിക്കാനാകൂ. പടയാളിയുടെ പോരാട്ടവീര്യവും ആയുധത്തിന്റെ വേധനശക്തിയും കൊണ്ടു മാത്രം യുദ്ധം ജയിക്കാമായിരുന്ന കാലം ഏറെ പിന്നിലായിക്കഴിഞ്ഞു. ആധുനികതയുടെ സങ്കീര്‍ണ്ണ സമസ്യകളും ആഗോളീകരണത്തിന്റെ സ്വതസ്സിദ്ധ വെല്ലുവിളികളും ചേര്‍ന്ന് വിജയപാതകളെ പരിമിതപ്പെടുത്തുമ്പോള്‍ അതിസൂക്ഷ്മതയോടെയും നിതാന്ത ജാഗ്രതയോടെയുമുള്ള ചുവടുവയ്പുകള്‍ മാത്രമാണ് പ്രസക്തമാകുന്നത്. ഫലപ്രാപ്തിയിലേക്കുള്ള പ്രയാണങ്ങള്‍ക്ക് ദിശ നിര്‍ണ്ണയിക്കാനും വഴിയൊരുക്കാനും പ്രൊഫഷണല്‍ മാനേജര്‍മാര്‍ അനിവാര്യം. വിജയപഥത്തിനനുകൂലമായ 'ടൈമിംഗ്' നിര്‍വചിച്ചു നല്‍കേണ്ടതും ഇവര്‍ തന്നെ. ചരിത്രത്തിന്റേയും പുരാണങ്ങളുടെയും ഏടുകളില്‍ നിന്നും സഹജീവി സമൂഹത്തില്‍നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ അടിസ്ഥാനമാക്കി ഭാരതത്തിനുവേണ്ടി 'ഗ്രാമ സ്വരാജ്' പദ്ധതി ആസൂത്രണം ചെയ്ത മഹാത്മജി, ആധുനിക മാനേജ്മെന്റ് വിദഗ്ദ്ധന്മാരുടെ മുന്നില്‍ മഹാവിസ്മയമായി നിലകൊള്ളുന്നു. 'ഗ്രാമസ്വരാജി'ല്‍ നിന്നു കൂടി ദര്‍ശനമുള്‍ക്കൊണ്ട് കാര്‍ഷിക മേഖലയെയും വ്യവസായിക മേഖലയെയും ആഭിവൃദ്ധിയിലേക്കു നയിക്കാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത പഞ്ചവത്സരപദ്ധതികള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോന്നതിന് ആവശ്യമായത്ര പ്രൊഫഷണല്‍ മാനേജ്മെന്റ് വൈദഗ്ദ്ധ്യം ഇന്ത്യയില്‍ അക്കാലത്ത് ലഭ്യമായിരുന്നില്ലെന്നത് ചരിത്ര വസ്തുത. പിന്നീട് ടി.ടി. കൃഷ്ണമാചാരി, സി. സുബ്രഹ്മണ്യം, വി.കെ.ആര്‍. വി. റാവു തുടങ്ങിയ ക്രാന്തദര്‍ശികള്‍ മുന്‍കയ്യെടുത്ത് മാനേജ്മെന്റ് പരിശീലനരംഗത്ത് ബീജാവാപം ചെയ്ത പദ്ധതികള്‍ നൂറുമേനി വിള നല്‍കിയത് രാജ്യത്തിന് അനുഗ്രഹമായി. എന്നിട്ടുപോലും വിജ്ഞാന വിസ്ഫോടനത്തിന്റെ അരികുപറ്റി ഇന്ത്യ വികസനക്കുതിപ്പിനു തയ്യാറെടുക്കുമ്പോഴും പ്രൊഫഷണല്‍ മാനേജ്മെന്റ് രംഗം സര്‍വസജ്ജമായിരുന്നില്ലെന്നതും യാഥാര്‍ത്ഥ്യം.
'പഞ്ചായത്തീരാജ്' ആവിഷ്കരിച്ചും ആധുനികതയുടെ ശുദ്ധവായുവിനായി ഇന്ത്യയുടെ വാതായനങ്ങള്‍ തുറന്നിട്ടും രാജ്യത്തെ പുതുയുഗത്തിലേക്കു നയിച്ച രാജീവ് ഗാന്ധിക്ക്, കോണ്‍ഗ്രസിനെ പ്രൊഫഷണല്‍ മാനേജ്മെന്റ് ശൈലിയില്‍ ആപാദചൂഡം അണിയിച്ചൊരുക്കുന്നതിനുള്ള സ്വപ്നം പൂവണിയിക്കാന്‍ കാലം അവസരം നല്‍കിയില്ല. എങ്കിലും പിതാവ് തുടങ്ങിവച്ച വഴിയിലൂടെ ആ മഹായത്നവുമായി മുന്നേറാന്‍ പ്രതിജ്ഞാബദ്ധനാണ് രാഹുല്‍ഗാന്ധിയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും രാഹുലിന്റെ പ്രൊഫഷണല്‍ ശൈലിയുടെ ഗുണഫലം കോണ്‍ഗ്രസില്‍ മിന്നിമറിയുന്നതു ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. തുടര്‍ന്നും ഭരണനിര്‍വഹണത്തിന്റെയും വികസന, ക്ഷേമപ്രവര്‍ത്തനങ്ങളുടെയും രംഗങ്ങളിലൊക്കെയും നിറഞ്ഞുനിന്നത് ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയനേതാക്കളും മാത്രം. പ്രൊഫഷണലിസത്തിന്റെ പ്രായോഗിക പാഠങ്ങള്‍ രാജ്യഭരണത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും സമസ്ത തലങ്ങളെയും എങ്ങനെ ഗുണകരമാറ്റത്തിനു വിധേയമാക്കുന്നുവെന്ന് വിദേശരാജ്യങ്ങള്‍ കാണിച്ചു തന്നെങ്കിലും വിവിധ കാരണങ്ങളാല്‍ ഏറെക്കാലം ഇന്ത്യ അതൊന്നും ഗൗനിച്ചില്ല.
ഒടുവിലാണ് രാജീവ് ഗാന്ധി തുറന്നിട്ട വാതായനങ്ങളിലൂടെ ആഗോളീകരണത്തിന്റെയും ഓപ്പണ്‍ മാര്‍ക്കറ്റിന്റെയും അകമ്പടിയോടെ ആധുനികതയുടെ ശോഭ പരത്തിക്കൊണ്ട് പ്രൊഫഷണല്‍ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ കടന്നുവരവുണ്ടായത്. ജീവിതത്തിന്റെ മിക്ക മേഖലകളിലും പ്രൊഫഷണലിസത്തിന്റെ മികവില്‍ കാര്യക്ഷമത ഏറിവരുന്നതു ദൃശ്യമാണിപ്പോള്‍. വികസന, ക്ഷേമ പദ്ധതികളുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു ശാസ്ത്രീയ പരിശീലനം ലഭിച്ച മാനേജ്മെന്റ് പ്രൊഫഷണലുകള്‍. ബിസിനസ് മാനേജ്മെന്റ് അറിയാത്ത സാങ്കേതിത വിദഗ്ദ്ധനും ധനശാസ്ത്രജ്ഞനുമൊക്കെ പരിമിതികളുടെ ലോകത്തിലേക്കൊതുങ്ങാന്‍ നിര്‍ബന്ധിതരാവുക സ്വാഭാവികം. വീകേന്ദ്രീകൃത ജനാധിപത്യ ഭരണക്രമം അനുക്രമമായി ശക്തിപ്രാപിച്ചുവരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ തന്നെ മാനേജര്‍മാരായി മാറുന്നു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലം മുതല്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ശൈലിയുടെ തിളക്കമുള്‍ക്കൊള്ളുന്ന അനേകായിരം ഊര്‍ജസ്വലരുടെ കരങ്ങളിലേക്ക് രാഷ്ട്രനിര്‍മ്മാണ പ്രക്രിയ ഭരമേല്‍പിക്കപ്പെടുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്ല മാനേജര്‍മാരാകാതെ പറ്റില്ല. രാഷ്ട്രം ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന മഹത്തായ ചുമതലകളില്‍ നിന്ന് അയോഗ്യതയുടെ പേരില്‍ ഇവര്‍ക്ക് വിട്ടുനില്‍ക്കാനാകുന്നതെങ്ങനെ? അതേസമയം തന്നെ യഥാര്‍ത്ഥ പ്രൊഫഷണല്‍ മാനേജര്‍മാരെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ യഥാവിധി ഉപയോഗപ്പെടുത്തുന്നില്ലെന്ന വസ്തുതയും അവശേഷിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ ആ സേവനസന്നദ്ധത വിനിയോഗിക്കപ്പെടുന്നില്ല. പ്രൊഫഷണല്‍ മാനേജ്മെന്റ് സമൂഹത്തിന്റെ ശക്തിയും പ്രതിബദ്ധതയും രാഷ്ട്ര നിര്‍മ്മാണപ്രക്രിയക്ക് അനുകൂലമായി തിരിച്ചുവിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ള ചുമതലയും ശേഷിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ രംഗത്ത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കാണിക്കുന്ന പ്രശംസാര്‍ഹമായ താല്‍പര്യത്തിന്റെ നിദര്‍ശനമാണ് 'ഇന്ത്യന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്.'സജീവ രാഷ്ട്രീയത്തില്‍ പങ്കെടുക്കാതെ തന്നെ കോണ്‍ഗ്രസിന്റെ നയങ്ങളെയും പരിപാടികളെയും പിന്തുണയ്ക്കുന്ന പ്രൊഫഷണലുകളെ ഒരേ വേദിയില്‍ അണിനിരത്തുന്നതിനുള്ള നീക്കത്തിന്റെ ഫലമാണ് ഈ സംഘടന. പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും ഗുണമേന്മ ലക്ഷ്യമാക്കിയുള്ള വികസന പരിപാടികളില്‍ ഇവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും സജീവ പങ്കാളിത്തവും ലഭ്യമാക്കാനുള്ള, കര്‍മ്മ പരിപാടികള്‍ 'ഇന്ത്യന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്' ലക്ഷ്യമിടുന്നു. രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങളും അനുബന്ധ പ്രശ്നങ്ങളും നിരന്തരം വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംവിധാനമൊരുക്കും. കോണ്‍ഗ്രസിനും പൊതുസമൂഹത്തിനും വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുകയാണ് സംഘടനയുടെ പരമപ്രധാന ലക്ഷ്യം. സ്വാഭാവികമായും സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും ആയിരിക്കും മുന്‍തൂക്കം.കൊച്ചിയിലായിരിക്കണം സംഘടനയുടെ ആസ്ഥാനമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ജനാധിപത്യരീതിയില്‍ അംഗങ്ങളില്‍ നിന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും.മാനേജ്മെന്റ് പ്രൊഫഷണലുകള്‍ക്കു പുറമെ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരായിരിക്കും സംഘടനയിലെ അംഗങ്ങള്‍. കോണ്‍ഗ്രസിന്റെ നയപരിപാടികളോട് ആഭിമുഖ്യമുള്ളവരായിരിക്കണം ഇവര്‍. മാനേജ്മെന്റ് വികസനം ലക്ഷ്യമാക്കി ശില്‍പശാലകള്‍, സമ്മേളനങ്ങള്‍, പരിശീലനപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ സംഘടന ഉദ്ദേശിക്കുന്നു. വിവിധ മേഖലകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ സേവനത്തിനും സ്ഥിരം സംവിധാനം ലക്ഷ്യമിടുന്നു. പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുകയെന്നതും കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്. വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സമാനചിന്താഗതിയുള്ള സര്‍ക്കാര്‍ ഏജന്‍സികളും ഇതര പ്രസ്ഥാനങ്ങളുമായി സഹകരിക്കാനും ഇന്ത്യന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സന്നദ്ധമായിരിക്കും.കോണ്‍ഗ്രസിന്റെയും രാഷ്ട്രത്തിന്റെയും ഔന്നത്യത്തിനായി സന്നദ്ധ സേവനദൗത്യവുമായി രംഗത്തുവരുന്ന പ്രൊഫഷണലുകളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ കെ.പി.സി.സി താല്‍പര്യപൂര്‍വം നടപടികളാരംഭിച്ചു കഴിഞ്ഞത് ശുഭോദര്‍ക്കമാണ്. വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഊര്‍ജസ്വലനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാനെയാണ് സംഘടനയ്ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ചുമതലപ്പെടുത്തിയിരിക്കുന്നത്. (ഇന്ത്യന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ ജനറല്‍ കണ്‍വീനറാണ് ലേഖകന്‍) |