ഭൂമാഫിയയുടെ തോഴന്‍മാര്‍

Imageമൂന്നാറിലെയും ഇടുക്കി ജില്ലയിലെ മറ്റുപ്രദേശങ്ങളിലെയും ഭൂമി കയ്യേറ്റപ്രശ്നം നിയമസഭയില്‍ ഇന്നലെ ഒച്ചപ്പാടുയര്‍ത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാനോ സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കാനോ ഇടതുഗവണ്‍മെന്റിന്‌ യാതൊരു ഉദ്ദേശവുമില്ലെന്ന്‌ വ്യക്തമായി.

ഇടുക്കി ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗ്‌ ജില്ലയിലെ റവന്യൂ ഭൂമി വിവിധ വ്യക്തികള്‍ കയ്യേറിയതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാനും മുഖ്യമന്ത്രി സന്നദ്ധനായില്ല. അതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റപ്രശ്നം അതീവ ഗുരുതരമാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒത്താശയോടെ ഭൂമാഫിയ അവിടെ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകള്‍ക്കെല്ലാം ടൂറിസത്തിന്റെ പുതപ്പ്‌ അണിയിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചുവന്നത്‌. എന്നാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌ അവ്യക്തതയുടെ ആ മൂടല്‍മഞ്ഞ്‌ അപ്പാടെ നീക്കിയിരിക്കുകയാണ്‌. മൂന്നാറിലും ചിന്നക്കനാലിലും സൂര്യനെല്ലിയിലും മറ്റും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍കിട കയ്യേറ്റങ്ങളാണ്‌ നടന്നുവരുന്നത്‌. സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി മറിച്ചുവിറ്റും റിസോര്‍ട്ടുകള്‍ സ്ഥാപിച്ചും കോടികള്‍ സമ്പാദിച്ചവര്‍ നിരവധിയാണ്‌.

 

സി.പി.എം നേതൃത്വം ഈ തട്ടിപ്പിന്‌ ഭരണപരമായ പിന്‍ബലം നല്‍കിക്കൊണ്ടിരിക്കുന്നതിന്‌ വ്യക്തമായ തെളിവുണ്ട്‌. അത്‌ പുറത്താകുന്നത്‌ കണ്ടപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യു.ഡി.എഫ്‌ നേതാക്കള്‍ക്ക്‌ ഇടുക്കിയില്‍ ഏക്കറുകണക്കിന്‌ ഭൂമിയുണ്ടെന്ന്‌ സി.പി.എമ്മുകാര്‍ നിയമസഭയിലും പുറത്തും കള്ളപ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗ്‌ വ്യാജപട്ടയം ഉപയോഗിച്ച്‌ ഭൂമി കയ്യേറിയതിനെപ്പറ്റി സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഈ സന്ദര്‍ഭത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ഭരണകക്ഷിക്കാരെ വെല്ലുവിളിക്കുന്നു. യു.ഡി.എഫ്‌ ഭരണകാലത്താണ്‌ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ നടന്നതെന്ന്‌ സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിലെ രേഖകളും വസ്തുതകളും പുറത്തുവരുമ്പോഴറിയാം ആരുടെകാലത്ത്‌ ആരൊക്കെയാണ്‌ യഥാര്‍ത്ഥത്തില്‍ വ്യാജരേഖയുണ്ടാക്കി റവന്യൂ ഭൂമി തട്ടിയെടുത്തതെന്ന്‌. വസ്തുതാ റിപ്പോര്‍ട്ട്‌ രഹസ്യമാക്കിവെച്ചുകൊണ്ട്‌ ഇല്ലാക്കഥകള്‍ വിളമ്പുന്നതെന്തിന്‌? ഇടുക്കി കളക്ടറുടെ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുന്നതാണ്‌ ജനാധിപത്യ മര്യാദ.


2007 ഡിസംബര്‍ 19ന്‌ ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക്‌ അയച്ച ഒരു റിപ്പോര്‍ട്ട്‌ മാത്രം പരിശോധിക്കുക. ചിന്നക്കനാല്‍ വില്ലേജില്‍ രാമന്‍ ഭാര്യ അന്തോണിയമ്മാള്‍ പേരിലുള്ള എല്‍.എ. 166/72-ാ‍ം നമ്പര്‍ പട്ടയത്തിന്റെ സാധുതയെ സംബന്ധിച്ചുള്ളതാണ്‌ ആ റിപ്പോര്‍ട്ട്‌. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടപ്രകാരം തഹസീല്‍ദാര്‍ വിശദമായി അന്വേഷിച്ച്‌ പഠിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പത്ത്‌ കാരണങ്ങള്‍കൊണ്ട്‌ ആ പട്ടയം വ്യാജമായി ചമച്ചതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ചിന്നക്കനാല്‍ വില്ലേജിലെ പോക്കുവരവ്‌ രേഖകള്‍ പ്രകാരം ആ പട്ടയത്തില്‍ പറയുന്ന വസ്തു സി.പി.എം പ്രാദേശിക നേതാവും പഞ്ചായത്ത്‌ പ്രസിഡന്റുമായ വി.എസ്‌. ആല്‍ബിയുടെ കൈവശത്തിലാണ്‌. പട്ടയത്തിനുവേണ്ടിയുള്ള അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട റിക്കാഡില്‍ അത്‌ രേഖപ്പെടുത്തിയിട്ടില്ല. അസൈന്‍മെന്റ്‌ രജിസ്റ്ററില്‍ ആ പട്ടയം ചേര്‍ത്തുകാണുന്നില്ല. വില്ലേജിലെ രേഖകളില്‍ തണ്ടപ്പേര്‍ ചേര്‍ക്കേണ്ട സ്ഥാനത്ത്‌ നമ്പര്‍ വെട്ടിമാറ്റി ഈ പട്ടയത്തിന്റെ നമ്പര്‍ ഇടയ്ക്ക്‌ കയറ്റി എഴുതിയിരിക്കുകയാണ്‌. അപേക്ഷകന്‍ പട്ടയത്തില്‍ പറയുന്ന സ്ഥലത്ത്‌ വീട്‌ വെച്ച്‌ താമസിച്ചിരുന്നു എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ വ്യാജമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

 

പട്ടയം തയ്യാറാക്കിയതും ഒപ്പിട്ടതും 1977 നവംബര്‍ 22നാണ്‌. ആ ദിവസം തഹസീല്‍ദാറായി ഇരുന്ന മാത്യു സക്കറിയയുടെ ഒപ്പിനുപകരം അതിന്‌ മുമ്പ്‌ അവിടെനിന്നും മാറിപ്പോയ ടി.എന്‍ നാരായണപ്പണിക്കര്‍ എന്ന സ്പെഷ്യല്‍ തഹസീല്‍ദാറുടെ ഒപ്പിനോട്‌ സാദൃശ്യമുള്ള കള്ളയൊപ്പാണ്‌ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ കണ്ടെത്തി. ഇതിനെക്കാളൊക്കെ വിചിത്രം, പട്ടയത്തിനുള്ള അപേക്ഷാഫോറം അച്ചടിച്ചത്‌ 1976ലാണെന്ന്‌ അതില്‍തന്നെ രേഖപ്പെടുത്തിയിരിക്കെ 72ലെ തീയതിവെച്ചാണ്‌ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്‌. പ്രത്യക്ഷത്തില്‍ തന്നെ സി.പി.എം നേതാവ്‌ ആല്‍ബിയുടെ കൈവശമിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന വസ്തുതയാണ്‌ ഇത്‌. എന്നിട്ടും ഈ പ്രാദേശിക നേതാവിനെ വെള്ളപൂശിക്കൊണ്ട്‌ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി ഒരു സങ്കോചവുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ന്യായവാദങ്ങള്‍ നിരത്തുന്നത്‌ കേരളം കണ്ടു. ആല്‍ബിയുടെ കയ്യേറ്റഭൂമി തിരിച്ചെടുക്കാനോ മറ്റ്‌ നിയമനടപടികള്‍ സ്വീകരിക്കാനോ ഇടതുസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.


2003ല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ചിന്നക്കനാലിലെ ഭൂരഹിത ആദിവാസികള്‍ക്ക്‌ പട്ടയം വിതരണം ചെയ്തിരുന്നു. സര്‍ക്കാരിന്റെ പുറംപോക്ക്‌ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ച പാവങ്ങള്‍ ആ ഭൂമി തേടിച്ചെന്നപ്പോള്‍ അവയെല്ലാം ദീര്‍ഘകാലമായി പ്രമാണിമാരുടെ കൈവശത്തിലാണെന്ന്‌ തിരിച്ചറിഞ്ഞു. ആദിവാസികള്‍ക്ക്‌ ഭൂമിയില്ലാത്ത വെറും ഉടമസ്ഥാവകാശ രേഖമാത്രം. ഇതേതുടര്‍ന്നുള്ള അന്വേഷണമാണ്‌ ചിന്നക്കനാലിലെയും സൂര്യനെല്ലിയിലെയും വ്യാപകമായ ഭൂമികയ്യേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അല്‍പ്പാല്‍പം പുറത്തുകൊണ്ടുവന്നത്‌. മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റം ടാറ്റയുടേതാണെങ്കില്‍ ചിന്നക്കനാലിലും സൂര്യനെല്ലിയിലും ഇടതുസര്‍ക്കാരിന്റെ സ്വന്തക്കാരാണ്‌ ഭൂമി അപഹരിച്ചിരിക്കുന്നത്‌. ടാറ്റയുടെ പാട്ടക്കുടിശിക പോലും പിരിച്ചെടുക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ നിയമസഭയില്‍ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. സി.പി.എം നേതൃത്വത്തില്‍ സ്വാധീനം നഷ്ടപ്പെട്ട മുഖ്യമന്ത്രി അച്യുതാനന്ദന്‍ അത്‌ തിരിച്ചുപിടിക്കുവാനുള്ള വിരട്ടല്‍ ആയുധമാക്കി മൂന്നാര്‍ കയ്യേറ്റത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നല്ലാതെ ഭൂമാഫിയയെ അമര്‍ച്ച ചെയ്യാന്‍ ഈ സര്‍ക്കാരിന്‌ യാതൊരു ഉദ്ദേശവുമില്ലെന്ന്‌ വ്യക്തം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls