സി ആന്‍ഡ്‌ എ. ജി റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും

Imageടുത്ത ധനകാര്യ വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ്‌ പാര്‍ലമെന്റില്‍ മന്ത്രി പ്രണബ്‌ മുഖര്‍ജി വായിച്ചുകൊണ്ടിരിക്കെ കേരളത്തില്‍ നിന്ന്‌ പൊടുന്നനെ ഒരു പ്രതികരണമുണ്ടായി. സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്കിന്റേതായിരുന്നു ആ പ്രതികരണം.

ഗോവയിലെ കടല്‍ത്തീര സൗന്ദര്യവത്ക്കരണത്തിന്‌ 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ കേന്ദ്ര ധനമന്ത്രി കേരളത്തെ പാടേ തഴഞ്ഞു എന്നായിരുന്നു മന്ത്രി ഐസക്കിന്റെ വാക്കുകള്‍. ബജറ്റിനെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ സര്‍വതാ യോഗ്യനും അര്‍ഹനുമാണ്‌ അദ്ദേഹം. മന്ത്രി ഐസക്കിന്റെ പ്രതികരണം കയ്യോടെ തേടിയ മാധ്യമ വൈദഗ്ധ്യവും പ്രശംസനീയമാണ്‌. എന്നാല്‍ ബജറ്റ്‌ പ്രസംഗം കേന്ദ്ര മന്ത്രി മുഴുമിക്കുന്നതിനു മുമ്പ്‌ കേരളത്തിലെ ധനമന്ത്രി ചാടിക്കയറിപ്പറഞ്ഞ അഭിപ്രായം പക്വതയാര്‍ന്നതോ വസ്തുകള്‍ക്ക്‌ നിരക്കുന്നതോ ആയിരുന്നില്ല. ബജറ്റ്‌ വായന പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന്‌ എത്രമാത്രം പരിഗണന ലഭിച്ചു എന്ന കാര്യം ജനങ്ങള്‍ക്കു മുഴുവന്‍ വ്യക്തമായി. പക്ഷേ സംസ്ഥാന ധനമന്ത്രി തന്റെ അഭിപ്രായം തിരുത്തുകയോ നിലപാട്‌ മാറ്റുകയോ ചെയ്തു കണ്ടില്ല. അതിനാല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദമുണ്ടെങ്കിലും സംസ്ഥാന ധനമന്ത്രിയുടെ അഭിപ്രായം പണ്ഡിതോചിതമായില്ലെന്നു മാത്രമല്ല രാഷ്ട്രീയ പ്രേരിതമായിരുന്നു. കേന്ദ്ര ബജറ്റില്‍ മന്ത്രി ഐസക്ക്‌ എന്തെങ്കിലും നല്ല വശം കണ്ടെങ്കിലേ അത്ഭുതമുള്ളു. സാമ്പത്തിക ശാസ്ത്രം വിസ്മരിച്ച്‌ അദ്ദേഹം ബജറ്റിനെപ്പറ്റി കക്ഷിരാഷ്ട്രീയം പറയുകയാണ്‌ ചെയ്തത്‌.


മന്ത്രി തോമസ്‌ ഐസക്കിന്റെ നാലുവര്‍ഷക്കാലത്തെ ധനകാര്യ മാനേജുമെന്റിന്റെ മഹത്വം ഇവിടെ വിവരിക്കാതിരിക്കുകയാണ്‌ ഭേദം. കമ്പ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട്‌ കാട്ടിയ ദ്രോഹത്തിന്റെ ആഴം എന്താണെന്ന്‌ ആ റിപ്പോര്‍ട്ടിന്റെ ഓരോ പേജിലൂടെയും കടന്നുപോകുന്നവര്‍ക്ക്‌ വ്യക്തമാകും. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നത്‌ സി.പി.എം കേരളം ഭരിക്കുമ്പോളെല്ലാം കേട്ടിട്ടുള്ള ഒരു പല്ലവിയാണ്‌. കഴിഞ്ഞ യു.പി.എ ഭരണത്തിന്‌ പുറം പിന്തുണ നല്‍കിയതുകൊണ്ടോ എന്തോ, ഇപ്രാവശ്യം കേന്ദ്ര അവഗണനയെക്കുറിച്ചുള്ള വായ്താരികള്‍ ചുരുക്കമായിരുന്നു. ഇപ്പോള്‍ ബി.ജെ.പിയുടെ കൈപിടിച്ച്‌ കേന്ദ്രഭരണത്തെ സി.പി.എം കണ്ണുമടച്ച്‌ എതിര്‍ക്കുകയാണ്‌. അതിനാല്‍ ശരിയോ തെറ്റോ എന്ന്‌ പരിശോധിക്കാതെ പഴയ കേന്ദ്രവിരുദ്ധ പല്ലവി ആവര്‍ത്തിക്കാന്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ മന്ത്രിക്ക്‌ എല്ലാ അവകാശവുമുണ്ട്‌. മന്ത്രി ഐസക്കിനെ സംബന്ധിച്ചിടത്തോളം അത്‌ ഒരു രാഷ്ട്രീയ ബാധ്യതയായിരിക്കാം. എന്നാല്‍ ഒരു നിക്ഷ്പക്ഷ സമൂഹം ധനതത്വ ശാസ്ത്രത്തില്‍ ഗവേഷണ ബിരുദമുള്ള ഒരാളില്‍ നിന്ന്‌ കക്ഷി രാഷ്ട്രീയത്തിന്‌ ഉപരിയായ ഈടുറ്റ ഒരു നിഗമനവും നിരീക്ഷണവും അഭിപ്രായവും പ്രതീക്ഷിക്കുന്നു.

 

ദൗര്‍ഭാഗ്യവശാല്‍ മന്ത്രി ഐസക്ക്‌ നമ്മുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ടിരിക്കുകയാണ്‌. ബജറ്റ്‌ വായിച്ചു തീരുന്നതിനു മുമ്പ്‌ കേരളത്തെ അവഗണിച്ചു എന്ന്‌ മുന്‍വിധിയോടെ അഭിപ്രായം തട്ടിവിട്ട മന്ത്രി ഐസക്കിന്റെ ശ്രദ്ധയിലേയ്ക്ക്‌ സി. ആന്‍ഡ്‌ എ.ജി റിപ്പോര്‍ട്ടിലെ ഒരു വിവരം കൊണ്ടുവരികയാണ്‌. 6 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സുവര്‍ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന, സംയോജിത പാര്‍പ്പിട-ചേരിവികസന പദ്ധതി, സമ്പൂര്‍ണ ശുചീകരണ പരിപാടി, തരിശ്‌ ഭൂമി വികസന പദ്ധതി, ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം, ജവഹര്‍ സ്മാരക ദേശീയ നഗര പുനരുദ്ധാരണ മിഷന്‍ എന്നിവയുടെ നടത്തിപ്പില്‍ കേരളം ഗുരുതരമായ വീഴ്ചവരുത്തിയെന്നാണ്‌ സി. ആന്‍ഡ്‌ എ.ജി റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നത്‌.

 

6 പദ്ധതികള്‍ക്കു കൂടി 312.37 കോടി രൂപ കേന്ദ്രം കേരളത്തിന്‌ അനുവദിച്ചിരുന്നു. അതില്‍ വെറും 61.34 കോടി രൂപയാണ്‌ ചെലവാക്കപ്പെട്ടത്‌. ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിന്‌ നീക്കിവച്ച 128.52 കോടി രൂപയില്‍ നിന്ന്‌ ഒരു നയാ പൈസപോലും കേരളം ഉപയോഗിച്ചില്ല. മറ്റുള്ള 5 പദ്ധതി തുകയുടെ 15 ശതമാനം മാത്രമാണ്‌ വിനിയോഗിക്കപ്പെട്ടിരിക്കുന്നത്‌. സംയോജിത പാര്‍പ്പിട-ചേരി വികസന പദ്ധതിയുടെ നടത്തിപ്പില്‍ സംഭവിച്ച വീഴ്ച എത്ര വലുതാണെന്ന്‌ നോക്കുക. 44.36 കോടി രൂപ ഈ പദ്ധതിയുടെ നടത്തിപ്പിന്‌ കേന്ദ്രം അനുവദിച്ചപ്പോള്‍ കേരളം ഉപയോഗിച്ചത്‌ 6.72 കോടി രൂപ മാത്രം. പദ്ധതി ഫണ്ടിനത്തില്‍ സംസ്ഥാനത്തിന്‌ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി 451.74 കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കി വച്ചപ്പോള്‍ കേരളം ചെലവഴിച്ചത്‌ 154.22 കോടി രൂപയാണെന്നും സി.ആന്‍ഡ്‌ എ.ജി റിപ്പോര്‍ട്ട്‌ പറയുന്നു. കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം, ചെറുകിട ജലസേചനം തുടങ്ങിയ ഉത്പാദന മേഖലയില്‍ കേന്ദ്ര ഫണ്ടിന്റെ വിനിയോഗം 60 ശതമാനമായിരുന്നു.


കേന്ദ്രം തരുന്നില്ലെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാന ഭരണാധികാരികള്‍ക്ക്‌ ഇതിന്‌ എന്തുമറുപടിയാണ്‌ കേരളത്തിലെ ജനങ്ങളോട്‌ പറയാനുള്ളത്‌? നാട്ടിന്‍പുറങ്ങളുടെയും നഗരപ്രദേശങ്ങളുടെയും അടിസ്ഥാന വികസനത്തിന്‌ വിനിയോഗിക്കാന്‍ കേന്ദ്രമനുവദിച്ച തുകയാണ്‌ മുക്കാലും കേരളം ലാപ്സാക്കിയിരിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ ആ പദ്ധതികള്‍ക്കൊണ്ട്‌ ലഭിക്കേണ്ട പ്രയോജനം നഷ്ടപ്പെടുകയും നാടിന്റെ മാറ്റത്തിന്‌ കേന്ദ്രം ആവിഷ്ക്കരിക്കുന്ന കാര്യങ്ങള്‍ നിഷ്ഫലമാകുകയും ചെയ്യുന്നത്‌ രാഷ്ട്രീയപ്പൊരുത്തമില്ലാത്ത ഭരണകൂടങ്ങള്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരുന്നതുകൊണ്ടാണെന്ന്‌ പറയേണ്ടിവരും. സി.പി.എമ്മിന്‌ നാട്ടില്‍ അടിസ്ഥാന മാറ്റങ്ങളുണ്ടാകണമെന്ന്‌ യഥാര്‍ത്ഥത്തില്‍ യാതൊരു ആഗ്രഹവുമില്ല. വിമര്‍ശനവും കുറ്റപ്പെടുത്തലും ശീലമാക്കിയവര്‍ കണക്കുകളും വസ്തുതകളും ജനങ്ങളില്‍ നിന്ന്‌ മറച്ചുപിടിച്ച്‌ കള്ളപ്രചരണം നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌. എന്നാല്‍ കാലം മാറിപ്പോയി.


വിവരാവകാശ നിയമം വഴി വിവരങ്ങള്‍ പലതും ജനങ്ങള്‍ക്ക്‌ പ്രാപ്യമായിരിക്കുന്നു.നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അത്തപ്പാണികള്‍ക്ക്‌ വിവരവും വിദ്യാഭ്യാസവും ഉണ്ടായിപ്പോയി. അതിനാല്‍ സി.പി.എമ്മിന്റെ നുണപ്രചരണത്തിലൂടെ അവരെ പറ്റിക്കാന്‍ ഇനി കഴിയുമെന്ന്‌ തോന്നുന്നില്ല. കേന്ദ്ര ഫണ്ട്‌ ഫലപ്രദമായി വിനിയോഗിച്ച്‌ ജനങ്ങളെ സഹായിച്ച ശേഷം കൂടുതല്‍ ചോദിക്കാനുള്ള മിടുക്കാണ്‌ സംസ്ഥാനത്തെ ഭരണാധികാരികള്‍ കാണിക്കേണ്ടത്‌. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്‌ എങ്ങനെയാണ്‌ നാട്ടുകാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന്‌ ഇവിടുത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സമയം കിട്ടുമ്പോഴൊന്ന്‌ പരിശോധിക്കണം. കേന്ദ്രത്തിനെതിരെ വിരല്‍ ചൂണ്ടുന്നവരുടെ നേര്‍ക്ക്‌ നാട്ടുകാരുടെ ലക്ഷോപലക്ഷം വിരലുകള്‍ ചൂണ്ടി നില്‍പ്പുണ്ടെന്ന കാര്യം മറന്നു പോകരുത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls