| പച്ചപ്പൈങ്കിളി നാട് |
|
കേരളത്തിലെ പൊതുജീവിത മണ്ഡലം സിനിമ കീഴടക്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളും അവരവരുടെ നിലവാരത്തിനിണങ്ങുംവിധം സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും അടക്കമുള്ള സിനിമാക്കാരുടെ ദൈനംദിന ജീവിതവിവരങ്ങള്‍ വരെ പൊതുചര്‍ച്ചയില്‍ വരുന്നു. ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ മാത്രം മുമ്പൊക്കെ ഒതുങ്ങിനിന്നിരുന്ന വിഷയങ്ങള്‍ ദിനപ്പത്രങ്ങള്‍ക്കും മറ്റ് ജനകീയ മാധ്യമങ്ങള്‍ക്കും വാര്‍ത്തയാണ്. ഈയിടെയായി രാഷ്ട്രീയത്തെക്കാള്‍ വലിയ പ്രാധാന്യം സിനിമക്കാരുടെ തര്‍ക്കങ്ങള്‍ക്കും വഴക്കിനും മാധ്യമങ്ങള്‍ കല്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ താരങ്ങള്‍ മങ്ങിത്തുടങ്ങി. പത്രസമ്മേളനങ്ങളില്‍ തിളങ്ങുന്നവര്‍ മോഹന്‍ലാലും മമ്മൂട്ടിയും തിലകനും ഇന്നസെന്റും മറ്റുമാണ്. നല്ലതായാലും ചീത്തയായാലും ഇത് കേരളത്തില്‍ ഈയിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു മാറ്റമാണ്.
സംവിധായകര്‍, തിരക്കഥയെഴുത്തുകാര്‍, സിനിമാറ്റോഗ്രാഫേഴ്സ് തുടങ്ങി ലൈറ്റ് ബോയ്സ് വരെ സംഘടിച്ച് 'മാക്ട'യില്‍ അണിചേര്‍ന്നപ്പോള്‍ അതില്‍ അധികാരവടംവലിയും താല്‍പ്പര്യങ്ങളും അവസരവാദങ്ങളും തലയുയര്‍ത്തി. നിര്‍മ്മാതാക്കള്‍ക്കും പ്രദര്‍ശനശാലക്കാര്‍ക്കും സംഘടനയുണ്ട്. ഇന്നത്തെ മലയാളം സിനിമ വ്യവസായത്തിന്റെ ഊര്‍ജ്ജസ്രോതസ്സ് അവരാണ്. തൊഴിലാളി - മുതലാളി താല്‍പ്പര്യങ്ങളോടെ മാക്ടയും നിര്‍മ്മാതാക്കളും തര്‍ക്കിച്ചു. അവസരനിഷേധം, തൊഴിലുറപ്പ്, കുറഞ്ഞകൂലി, മൂലധനം, അധികച്ചെലവ് തുടങ്ങിയ പ്രയോഗങ്ങള്‍ ഏത് വ്യവസായത്തിലുമെന്നപോലെ സിനിമാരംഗത്തും ഉയര്‍ന്നുവന്നു. സ്തംഭനവും സമരവും ഷൂട്ടിംഗ് നിറുത്തിവയ്ക്കലും ഹര്‍ത്താലുമൊക്കെ ഈയിടെ സിനിമയിലും പതിവായി. രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ സിനിമാ സംഘടനയും പിളര്‍ന്നു. മാക്ടയ്ക്കു പുറമെ 'ഫെഫ്ക' പിറന്നു. തൊഴില്‍ത്തര്‍ക്കവും പിക്കറ്റിംഗ് സമരവും സിനിമാ പ്രവര്‍ത്തനത്തെയും ബാധിച്ചു.
സിനിമയിലെ ഏതുപ്രവര്‍ത്തനവും തൊഴിലാണെന്ന കാഴ്ചപ്പാടില്‍ 'തൊഴിലുറപ്പിനുവേണ്ടി' മികച്ച അഭിനേതാക്കള്‍ ശബ്ദിക്കാന്‍ തുടങ്ങി. വെള്ളിത്തിരയിലെ മല്ലന്മാരും വില്ലന്മാരുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടന്മാര്‍ പൂച്ചയും പെരിച്ചാഴിയും മുയലും മയിലും ആണെന്ന് സംഘടനാ മനുഷ്യരെന്ന നിലയില്‍ അടുത്തുകണ്ടപ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കി.തിരക്കഥാകൃത്തിന്റെ വാഗ്‌വിലാസങ്ങള്‍ ഉരുവിട്ട് അനീതിക്കെതിരേ പോരാടുന്ന വീരനായകന്മാര്‍ ഒരു ചെറുവാചകം പോലും ഔചിത്യപൂര്‍വ്വം തെറ്റില്ലാതെ പറയാന്‍ പറ്റാത്ത സാധുവാണെന്ന് നാട്ടുകാര്‍ കണ്ടു. വല്ലാത്ത കൗതുകത്തോടെ സിനിമക്കാരെ തിരശ്ശീലയ്ക്കു പുറത്തു സമൂഹം നോക്കി. എങ്കിലും സിനിമയില്‍ അവര്‍ സൃഷ്ടിച്ച അനശ്വര കഥാപാത്രങ്ങളെയും അവിസ്മരണീയ സന്ദര്‍ഭങ്ങളെയും ഓര്‍ത്ത് ആരാധനയോടെ നടീനടന്മാരെ സമൂഹം അടുത്തുകണ്ടു. രാഷ്ട്രീയക്കാരെക്കാള്‍ വേഗത്തില്‍ ചലച്ചിത്രകാരന്മാര്‍ നാട്ടുകാരുടെ ദൈനംദിന ജീവിതത്തില്‍ ഇടംപിടിച്ചു. മാധ്യമശക്തി മനസ്സിലാക്കിയ നടന്മാരും മറ്റു സിനിമക്കാരും പുതിയ അവസരം കൗശലപൂര്‍വ്വം മുതലെടുക്കുകയും ചെയ്തു.
സിനിമക്കാരുടെ സംഘടനകള്‍ക്കും ഈ പൊതു അവസ്ഥയില്‍ നിന്നു മോചനമില്ല. പണവും പ്രശസ്തിയും അധികാരവും പങ്കിടുന്ന മേഖലകളിലെ സംഘടനകള്‍ വേഗം ദുഷിക്കുന്നു. കാരണം സ്ഥാപിത താല്‍പ്പര്യങ്ങള്‍ അവിടെ വേഗത്തില്‍ പന്തലിക്കുന്നു. നമ്മുടെ രാജ്യത്ത് പ്രശസ്തിയും ധനവും നേടുന്നവരെല്ലാം വലിയ ബുദ്ധിശാലികളാകണമെന്നില്ല. സിനിമയിലും രാഷ്ട്രീയത്തിലും ഇറങ്ങിയ ശരാരിക്കാര്‍പോലും വേഗം പ്രശസ്തരാകുന്നു. ചിലര്‍ ധനികരും ആകുന്നു. ആയുഷ്ക്കാലം പരീക്ഷണശാലയില്‍ ബുദ്ധിയും സമയവും ചെലവഴിച്ച ഒരു ശാസ്ത്രപ്രതിഭയെ ജനങ്ങള്‍ അറിഞ്ഞില്ലെന്നു വരാം. ജീവിതകാലം മുഴുവന്‍ എഴുതിയും പഠിപ്പിച്ചും ചിന്തിച്ചും വിസ്മൃതരായി മറഞ്ഞ എത്രയോ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. എന്നാല്‍ ഒരു പ്രാദേശികഭാഷാ പ്രയോഗരീതി അല്‍പ്പം വലിച്ചു നീട്ടലോടെ ഹാസ്യാത്മകമായി ടെലിവിഷനിലോ സിനിമയിലോ പറഞ്ഞാല്‍ ഏതു പൊലീസുകാരനും സുരാജ് വെഞ്ഞാറമൂടിനെപ്പോലെ വെള്ളിവെളിച്ചത്തു വരാം. പകര്‍ച്ചവ്യാധിക്ക് പ്രതിരോധ മരുന്നു കണ്ടുപിടിച്ച വ്യക്തിയുടെ അധ്വാനവും സേവനവും സമൂഹം ഓര്‍ത്തെന്നു വരില്ല. ആ മനുഷ്യന്റെ പേരുപോലും അദ്ദേഹം കണ്ടുപിടിച്ച മരുന്നിന്റെ ഗുണംകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന രോഗി അറിയുന്നില്ല.
ഡോക്ടര്‍ പി.കെ.ആര്‍.വാര്യര്‍ എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ തുന്നിക്കൂട്ടി ശരിപ്പെടുത്തിയ മനുഷ്യഹൃദയങ്ങള്‍ പതിനായിരത്തിലേറെയാണ്. 'ഒരു സര്‍ജന്റെ ആത്മകഥ' എന്ന മനോഹരവും രസകരവുമായ ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്. ഏകദേശം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടൊപ്പം പ്രായമുള്ള വാര്യര്‍ ആജീവനാന്തം കമ്യൂണിസ്റ്റ് സഹയാത്രികനാണ്. എന്നാല്‍ തന്റെ ചെറുമകളുടെ പോലും പ്രായമില്ലാത്ത സിന്ധുജോയിയുടെ അത്രയെങ്കിലും പ്രശസ്തി ഡോക്ടര്‍ വാര്യര്‍ക്ക് സി.പി.എമ്മിലുണ്ടോ, പൊതുസമൂഹത്തിലുണ്ടോ? ഷാജി. എന്‍ കരുണ്‍ എന്ന സിനിമാ സംവിധായകന്‍ ഡോ.വാര്യരുടെ ജാമാതാവാണ്. ഷാജിയുടെ ദേശീയ പ്രശസ്തിയുടെ നൂറിലൊരംശമെങ്കിലും മനുഷ്യഹൃദയങ്ങളുടെ ഭൗതിക രഹസ്യം ഗ്രഹിച്ച വാര്യര്‍ക്കില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി.സുജാതന്‍ 
-°C 