|
ശിവേന്ദ്രയുടെ വിലക്ക് ചുരുക്കി |
|
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം ശിവേന്ദ്ര സിംഗിന് മൂന്നു മല്‍സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടാക്കി കുറയ്ക്കാന്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ തീരുമാനിച്ചു. ഹോക്കി ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് വിലക്ക് വെട്ടിക്കുറച്ചത്.
ഹോക്കി ലോകകപ്പിന്റെ ആദ്യ ദിനം പാക്ക് താരത്തിന്റെ കണ്ണില്‍ സ്റ്റിക്ക് കൊണ്ട് ഇടിച്ചതിനായിരുന്നു ശിവേന്ദ്രയ്ക്ക് വിലക്ക് ലഭിച്ചത്. മല്‍സരം 4-1 ന് ഇന്ത്യ ജയിച്ചിരുന്നു.അന്റോണിയോ വോന്‍ ഒന്‍ഡ്രാസയുടെ കീഴില്‍ മൂന്നംഗ കമ്മിറ്റിയാണ് അപ്പീല്‍ കേട്ടത്. ഹാരി കാന്റും ജോഹന്‍ വാക്കിയുമായിരുന്നു മറ്റ് കമ്മിറ്റി അംഗങ്ങള്‍. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെയും വ്യാഴായ്ച സ്പെയിനെതിരെയും നടക്കുന്ന മല്‍സരങ്ങള്‍ ശിവേന്ദ്രയ്ക്ക് നഷ്ടമാകും. എന്നാല്‍ മനപ്പൂര്‍വം പാക് താരത്തെ പരുക്കേല്‍പ്പിക്കണമെന്ന ഉദ്ദേശ്യം ശിവേന്ദ്രയ്ക്ക് ഉണ്ടായില്ലെന്ന് ഒന്‍ഡ്രാസ വ്യക്തമാക്കി. അശ്രദ്ധമായി ശിവേന്ദ്ര സ്റ്റിക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു എതിര്‍ താരത്തിന് പരുക്കേറ്റത്. ഹോക്കി നിയമത്തിലെ ലെവല്‍ രണ്ടു പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ടീം മാനേജ്മെന്റ് സമര്‍പ്പിച്ച അപ്പീല്‍ തുകയായ 600 യൂറോ തിരിച്ചു നല്‍കും. ശിവേന്ദ്രയെ കൂടാതെ ടീം മാനേജര്‍ ഹരേന്ദ്ര സിംഗ്, അസിസ്റ്റന്റ് കോച്ച് രമണ്‍ദീപ് സിംഗ് എന്നിവരും ജൂറിക്ക് മുന്നില്‍ ഹാജരായി. അതേ സമയം രണ്ടു മല്‍സര വിലക്കിനോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറര്‍ നരീന്ദര്‍ ബട്ര പറഞ്ഞു. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ തീരുമാനം അംഗീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |