ചാന്ദ്രയാന്‍ ചരിത്ര ദൗത്യത്തിന്‌ പൊന്‍തിളക്കം; ചന്ദ്രനില്‍ ജല സാന്നിധ്യം

Imageചന്ദ്രന്റെ ഉത്തര ധ്രുവത്തില്‍ വന്‍ ഹിമശേഖരം കണ്ടെത്തിയത്‌ ചാന്ദ്രയാനില്‍ സ്ഥാപിച്ചിരുന്ന നാസയുടെ മിനി-സാര്‍ റഡാര്‍

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-ഒന്ന്‌ ഉപഗ്രഹ വിക്ഷേപണ പദ്ധതിയിലൂടെ കണ്ടെത്തിയ ചന്ദ്രനിലെ ജല സാന്നിദ്ധ്യം ശാസ്ത്ര സംഘം സ്ഥിരീകരിച്ചു.

ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യ സമൂഹത്തിന്‌ വാസയോഗ്യമായ കോളനികളൊരുക്കാന്‍ ഇടയാക്കുന്ന ചരിത്ര പ്രധാന്യമേറിയ കണ്ടുപിടുത്തമാണിത്‌. ചന്ദ്രന്റെ ഉത്തര ധ്രുവത്തില്‍ ജല സാന്നിദ്ധ്യം ഉറപ്പിക്കാവുന്ന വന്‍ ഹിമശേഖരമുണ്ടെന്നാണ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. ചന്ദ്രയാന്‍-ഒന്ന്‌ ഉപഗ്രഹത്തിലെ ചെറു ഉപകരണമായ മിനി-സാര്‍( മിനിയേച്ചര്‍ സിന്തറ്റിക്ക്‌ അപ്പര്‍ച്ചര്‍ റഡാര്‍) ഒപ്പിയെടുത്ത പ്രത്യേക തരം ദൃശ്യങ്ങളുടെ അവലോകന പഠനത്തിലൂടെയാണ്‌ ഇക്കാര്യം നാസയുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം സ്ഥിരീകരിച്ചത്‌. ഇത്‌ സംബന്ധിച്ച കണ്ടെത്തലുകള്‍ അടുത്തിടെ ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും 13 ഏജന്‍സികളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ്‌ നാസയുടെ ഉപകരണമായ മിനി-സാര്‍ പകര്‍ത്തി നില്‍കിയ റഡാര്‍ ചിത്രങ്ങളുടെ പഠന പ്രക്രിയ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത്‌. ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞരായ ചന്ദ്രയാന്‍ ഒന്നിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ പ്രഫ. ജെ എന്‍ ഗോസ്വാമി ( ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറി, അഹമ്മദാബാദ്‌), ഡോ. എം ചക്രബര്‍ത്തി( സ്പേസ്‌ ആപ്ലിക്കേഷന്‍ സെന്റര്‍, അഹമ്മദാബാദ്‌) എന്നിവരും പഠന സംഘത്തില്‍ ഉള്‍പ്പെടുന്നു.


ചന്ദ്രന്റെ ഉത്തര ധ്രുവത്തില്‍ സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത ചെറു ഗര്‍ത്തങ്ങളുടെ ഉള്‍വശങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. ഇവയിലെ നാല്‍പ്പതിലധികം ചെറു ഗര്‍ത്തങ്ങള്‍ക്കുള്ളിലെ ഉപരിതല പഠനത്തിലാണ്‌ ഹിമപാളികളുടെ ശേഖരമുണ്ടെന്ന്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. ചെറു ഗര്‍ത്തങ്ങള്‍ക്ക്‌ 1.6 കി.മി. മുതല്‍ 15 കി. മി. വരെ വിസ്തൃതിയുണ്ട്‌. ഇവയിലെല്ലാം കൂടി ഏകദേശം 6000 ലക്ഷം ടണ്‍ ഹിമജല ശേഖരമുണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നതെന്ന്‌ നാസ വ്യക്തമാക്കി. മിനി-സാര്‍ ഉപകരണത്തിലെ റഡാറില്‍ നിന്നുള്ള റേഡിയോ വികിരണങ്ങള്‍ ഉപയോഗിച്ച്‌ ഒപ്പിയെടുത്ത ചിത്രങ്ങളാണ്‌ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്‌. കൂടാതെ ചന്ദ്രയാന്‍-ഒന്നിലെ മറ്റ്‌ ചെറു ഉപകരണങ്ങളായ മൂണ്‍ മിനറോളജി മാപ്പര്‍, ലൂണാര്‍ ക്രാറ്റര്‍ ഒബ്സര്‍വേഷന്‍ ആന്റ്‌ സെന്‍സിംഗ്‌ സാറ്റലൈറ്റ്‌ എന്നിവ ശേഖരിച്ച വിവരങ്ങളും പഠനവിധേയമാക്കി. ഇവയില്‍ നിന്ന്‌ ചന്ദ്രനില്‍ ജലരൂപീകരണ പ്രക്രീയയും ചംക്രമണവും നടക്കുന്നതിന്റെ സൂചനകളാണ്‌ ലഭിച്ചതെന്നും ശാസ്ത്രജ്ഞര്‍ വിവരിക്കുന്നു.


ഈ കണ്ടെത്തലുകള്‍ ചന്ദ്രനെക്കുറിച്ചുള്ള മുന്‍ ധാരണകള്‍ മാറ്റിമറിക്കുന്നതാണെന്ന്‌ നാസയുടെ മിനി-സാര്‍ പരീക്ഷണ സംഘത്തിലെ മുഖ്യ ഗവേഷക ശാസ്ത്രജ്ഞനായ പോള്‍ സ്പുഡിസ്‌ പറഞ്ഞു. ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളെ പൂര്‍വ്വാധികം ആകര്‍ഷകമാക്കുന്നതും ചന്ദ്രന്‍ മനുഷ്യ വാസ-പ്രവര്‍ത്തന കേന്ദ്രമാക്കാമെന്ന ധാരണയ്ക്ക്‌ പിന്‍ബലമേകുന്നതുമാണ്‌ കണ്ടെത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തേജനം നല്‍കുന്നവയാണ്‌ കണ്ടെത്തലുകള്‍. ടെക്സസിലെ ഹൂസ്റ്റണില്‍ സ്ഥിതിചെയ്യുന്ന ലൂണാര്‍ ആന്റ്‌ പ്ലാനറ്ററി ഇന്‍സ്റ്റിറ്റിയൂട്ടിലെ മുഖ്യ ഗവേഷകനാണ്‌ പോള്‍ സ്പുഡിസ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls