|
പരാജയം 90 റണ്‍സിന്; കാലിസിനും ഡിവില്ലിയേഴ്സിനും അപരാജിത സെഞ്ച്വറി
അഹമ്മദാബാദ്: ഒടുവില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യയ്ക്കെതിരായ അവസാന ഏകദിനത്തില്‍ 90 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
ഇതോടെ മൂന്നു മല്‍സര പരമ്പര 2-1 ല്‍ തീര്‍ന്നു. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണഫ്രിക്ക നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 44.3 ഓവറില്‍ 275 റണ്‍സിന് അവസാനിച്ചു. 57 റണ്‍സെടുത്ത വിരാട്ട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സുരേഷ് റെയ്ന 49 ഉം രോഹിത് ശര്‍മ്മ 48 റണ്‍സിനും പുറത്തായി. പരിചയസമ്പന്നരായ മഹേന്ദ്ര സിംഗ് ധോണി ഒമ്പത് റണ്‍സിനും യൂസഫ് പത്താന്‍ അഞ്ച് റണ്‍സിനും മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത ആഘാതമായി. ദക്ഷിണാഫ്രിക്കയ്ക്കായി പേസര്‍ ഡെയ്‌ല് സ്റ്റെയ്ന്‍ മൂന്നു വിക്കറ്റുകളെടുത്തു. ക്യാപ്റ്റന്‍ ജാക്ക് കാലിസിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും അപരാജിത സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. കാലിസ് 104 റണ്‍സുമായും ഡിവില്ലിയേഴ്സ് 102 റണ്‍സുമായും പുറത്താകാതെ നിന്നു. അപരാജിത മൂന്നാം വിക്കറ്റില്‍ കാലിസും ഡിവില്ലിയേഴ്സും 173 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 94 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റ്ന്‍ അഞ്ച് ഫോറും മൂന്ന് സിക്സും സ്വന്തമാക്കി. ഡിവില്ലിയേഴ്സായിരുന്നു കൂടുതല്‍ അപകടകാരി. വെറും 59 പന്തുകളില്‍ നിന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ സെഞ്ച്വറി ഇന്നിംഗ്സ്. 11 ഫോറും മൂന്ന് സിക്സും ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സിന് ചാരുതയേകി. പുതുമുഖ ബൗളര്‍മാരെ രംഗത്തിറക്കിയ ഇന്ത്യയ്ക്ക് പക്ഷെ ഏറെ തല്ലുവാങ്ങേണ്ടി വന്നു. ശ്രീശാന്തായിരുന്നു ബൗളര്‍മാരിലെ സീനിയര്‍. പക്ഷെ ശ്രീയുടെ ഒമ്പതോവറില്‍ നിന്ന് 83 റണ്‍സ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു.
അരങ്ങേറ്റക്കാരായ സുദീപ് ത്യാഗിയേയും അഭിമന്യു മിഥുനെയും ദക്ഷിണാഫ്രിക്ക വെറുതെ വിട്ടില്ല. എട്ടോവര്‍ എറിഞ്ഞ ഇരുവരും യഥാക്രമം 59 ഉം 63 റണ്‍സും വഴങ്ങി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും യൂസഫ് പത്താനും ഓരോ വിക്കറ്റ് കിട്ടി. ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ലൂസ് ബോസ്മനും ഹഷീം അംലയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 113 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ബോസ്മനാണ് ആദ്യം പുറത്തായത്. 46 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്സറിന്റെയും അകമ്പടിയോടെ ബോസ്മാന്‍ 68 റണ്‍സെടുത്തു. ഒടുവില്‍ യൂസഫ് പത്താന്റെ പന്തില്‍ രവീന്ദ്ര ജഡേജ ബോസ്മാനെ പിടികൂടി. പക്ഷെ ഇന്ത്യയുടെ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. അംലയും കാലിസും നിഷ്പ്രയാസം ഇന്ത്യന്‍ ബൗളിങ്ങിനെ നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും കൂടി 59 റണ്‍സ് എഴുതിച്ചേര്‍ത്തു. സ്കോര്‍ ബോര്‍ഡില്‍ 192 റണ്‍സുള്ളപ്പോഴാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 87 റണ്‍സെടുത്ത അംലയെ ജഡേജ പറഞ്ഞയച്ചു. 103 പന്തുകള്‍ അഭിമുഖീകരിച്ച അംല എട്ട് ബൗണ്ടറികള്‍ പായിച്ചു.
|