|
ആദ്യ പോരാട്ടം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് ആവേശത്തിന് താല്‍ക്കാലിക വിട, ഇനി ദേശീയ കായിക വിനോദത്തില്‍ ശ്രദ്ധിക്കാം. ഹോക്കി ലോകകപ്പിന് ഇന്ന് ന്യൂഡല്‍ഹി അംബ്ദേക്കര്‍ സ്റ്റേഡിയത്തില്‍ തുടക്കം.
പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഉദ്ഘാടന പോരാട്ടമെന്നത് ടൂര്‍ണമെന്റിന്റെ ആവേശം വര്‍ധിപ്പിക്കുന്നു. ഒരു കാലത്ത് ലോകഹോക്കിയെ അടക്കി ഭരിച്ചിരുന്ന ഇന്ത്യയും പാക്കിസ്ഥാനും നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും ഓസ്ട്രേലിയയുടെയും വേഗതയേറിയ ശൈലിയില്‍ അമ്പരന്ന ഇരുരാജ്യങ്ങളും തിരിച്ചുവരാനുള്ള അവസരമായാണ് ലോകകപ്പിനെ കാണുന്നത്. എട്ടു തവണ ഒളിമ്പിക് സ്വര്‍ണം ചൂടിയ ഇന്ത്യ ഒരിക്കല്‍ മാത്രമാണ് ലോക ചാമ്പ്യന്‍മാരായത്, അതാകട്ടെ 1975 ല്‍ കോലാലംപൂരിലും. പക്ഷെ പിന്നീട് പ്രധാന അന്താരാഷ്ട്ര കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. സ്വന്തം നാട്ടിലെ ലോകകപ്പ് വിജയത്തോടെ ആ നാണക്കേട് മറയ്ക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ജര്‍മന്‍ നഗരമായ മോഷന്‍ഗ്ലാഡ്ബാച്ചില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. ആകെ 12 രാജ്യങ്ങളായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. 2008 ല്‍ ഒളിമ്പിക് യോഗ്യതാ ബെര്‍ത്തും ഇന്ത്യയ്ക്ക് നഷ്ടമായി. 80 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒളിമ്പിക്സ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടാതിരുന്നത്. അടുത്ത കാലത്തെ തിരിച്ചടികളെല്ലാം ലോകകപ്പോടെ മറികടക്കാമെന്നാണ് ആതിഥേയരുടെ കണക്കുകൂട്ടല്‍. രാജ്പാല്‍ സിംഗിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാനുമായുള്ള മല്‍സര ശേഷം വന്വന്‍മാരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇവ രണ്ടും ജയിച്ചാല്‍ സെമി പ്രതീക്ഷ സജീവമാക്കാം. എന്നാല്‍ തോല്‍വിയാണ് ഫലമെങ്കില്‍ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് മടങ്ങേണ്ടി വരും. പാക്കിസ്ഥാനുമായുള്ള ഇന്നത്തെ മല്‍സരത്തെ അതീവ പ്രാധാന്യത്തോടെയാണ് രാജ്പാലും സംഘവും കരുതുന്നത്. അര്‍ജന്റീനയില്‍ നടന്ന ചാമ്പ്യന്‍സ് ചലഞ്ച് ടൂര്‍ണമെന്റിന്റെ സെമിയില്‍ പാക്കിസ്ഥാന്‍ 6-3 ന് ഇന്ത്യയെ തുരത്തിയിരുന്നു. അന്നത്തെ തോല്‍വിക്ക് പകവീട്ടാനുള്ള സുവര്‍ണാവസരമായാണ് ഇന്നത്തെ പോരാട്ടത്തെ ആതിഥേയര്‍ കരുതുന്നത്. കൂടാതെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് പാക്കിസ്ഥാനും ഇന്ത്യയും ഒരു മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. പുതിയ കോച്ച് ജോസ് ബ്രാസയുടെ കീഴില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ടീമംഗങ്ങളെല്ലാം ഇപ്പോള്‍ ശാന്തരാണെന്ന് കോച്ച് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനുമായുള്ള ചാമ്പ്യന്‍സ് ചലഞ്ചിനിടെ പല താരങ്ങളും സമര്‍ദത്തിനടമിപ്പെട്ടെന്ന് കോച്ച് സൂചിപ്പിച്ചു. പാക്കിസ്ഥാനെ മറ്റേത് ടീമിന പോലെ തന്നെ കരുതാന്‍ ഉപദേശിച്ചതായും ബ്രാസ കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോകകപ്പ് സ്വന്തമാക്കിയില്ലെങ്കിലും ഇന്ത്യയെ തോല്‍പ്പിച്ചാല്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സീഷന്‍ അഷ്‌റഫ് അറിയിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ മല്‍സരത്തെ ഇരുരാജ്യങ്ങളിലെയും കാണികള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പാക്കിസ്ഥാന്‍ കോച്ച് ഷഹീദ് അലി ഖാന്‍ അഭിപ്രായപ്പെട്ടു.
അതേ സമയം അന്താരാഷ്ട്ര മല്‍സരങ്ങളുടെ പോരായ്മ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിനയാകും. അടുത്ത കാലത്തൊന്നും സന്നാഹമല്‍സരങ്ങള്‍ പോലും ഇന്ത്യ കളിച്ചിട്ടില്ല. കടലാസില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ശക്തി ഏകദേശം തുല്യമാണ്. ലോകത്തെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കറായ സൊഹയ്‌ല് അബ്ബാസാണ് പാക്കിസ്ഥാന്റെ തുരുപ്പ് ചീട്ട്. സന്ദീപ് സിംഗ്, ധനന്‍ഞ്ജയ് മഹാദിക്ക്, ദിവാകര്‍ റാം എന്നീ പെനാല്‍റ്റി കോര്‍ണര്‍ സ്പെഷ്യലിസ്റ്റുകള്‍ ഇന്ത്യന്‍ നിരയിലുണ്ട്. അതേ സമയം ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കളിച്ച നാലു മല്‍സരത്തിലും പാക്കിസ്ഥാനായിരുന്നു ജയം. 1994 ലായിരുന്നു അവാസനത്തേത്. എന്നാല്‍ 1975 ലോകകപ്പ് വിജയത്തിനു ശേഷം എടുത്തു കാണിക്കാന്‍ പറയത്തക്ക നേട്ടങ്ങളൊന്നും ഇന്ത്യയ്ക്കില്ല. 1982 ല്‍ അഞ്ചാം സ്ഥാനത്തും 94 ല്‍ എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തതാണ് മറ്റു വലിയ നേട്ടങ്ങള്‍. 86 ല്‍ ടീം അവസാന സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2002 ല്‍ 10-ാം സ്ഥാനത്തായിരുന്നു. ഇന്ന് മറ്റു രണ്ടു മല്‍സരങ്ങള്‍ കൂടിയുണ്ട്. യൂറോപ്പ്യന്‍ വമ്പന്‍മാരായ സ്പെയിന്‍, ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ കിരീട ഫേവറേറ്റായ ഓസ്ട്രേലിയ ഇംഗ്ലുണ്ടുമായി ഏറ്റുമുട്ടും.
|