|
കാബൂള്‍ സ്ഫോടനത്തിന് പിന്നില്‍ താലിബാന്റെ ഹക്കാനി വിഭാഗം |
|
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ താലിബാന്റെ ഉപവിഭാഗമായ സിറാജുദ്ദീന്‍ ഹക്കാനി വിഭാഗത്തിനും ഐ എസ് ഐയ്ക്കും പങ്കുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സബീബുള്ള മുജാഹിദ് ഹക്കാനി വിഭാഗത്തിന്റെ വക്താവാണ്. കൂടാതെ പാക് ചാരസംഘടനയായ ഐ എസ് ഐയുമായി അടുത്ത സഹകരണമുള്ളയാളാണ് സബീബുള്ള. മുന്‍പ് കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേര്‍ക്ക് നടന്ന രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നിലും സബീബുള്ളയായിരുന്നു. ആക്രമണത്തില്‍ 9 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരുമുണ്ട്. ഇന്ത്യന്‍ സംഘം വസിച്ചിരുന്ന കേന്ദ്രം ആക്രമിച്ചതിലൂടെ ഇന്ത്യക്കാരെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ശനിയാഴ്ച രാവിലെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ മെഡിക്കല്‍ സംഘം, മരുന്നുകള്‍, ഇന്റലിജന്‍സ് സംഘം മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വന്‍ സംഘം കാബൂളിലേക്ക് തിരിച്ചിരുന്നു. അതിനിടെ അഫ്ഗാനിലെ ഇന്ത്യക്കാര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയോട് ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്ന് കര്‍സായി ഉറപ്പു നല്‍കി. ആക്രണണത്തില്‍ പരിക്കേറ്റവരെ ആവശ്യമെന്ന് കണ്ടാല്‍ ഇന്ത്യയിലെത്തിച്ച് ചികില്‍സ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പറഞ്ഞു.
|