|
അവസാന ഏകദിനം ഇന്ന്; മല്‍സരം ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നിയോ ക്രിക്കറ്റില്‍
അഹമ്മദാബാദ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാനം ഏകദിനം ഇന്ന്. പരമ്പര നേരത്തെ തന്നെ 2-0 ത്തിന് സ്വന്തമാക്കിയതിനാല്‍ മല്‍സരത്തിന് വലിയ പ്രസക്തി ഇന്ത്യ കല്‍പ്പിക്കുന്നില്ല. എന്നാല്‍ വിജയ പരമ്പരയ്ക്ക് അന്ത്യം വരുത്താനും ആതിഥേയര്‍ ആഗ്രഹിക്കുന്നില്ല.
ഗ്വാളിയോറിലെ വമ്പന്‍ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇന്ത്യ. എന്നാല്‍ അന്ന് ഇരട്ട ശതകവുമായി ചരിത്രത്തിന്റെ ഭാഗമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് കളിക്കില്ല. സച്ചിനടക്കമുള്ള പ്രമുഖ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമായി മല്‍സരത്തെ വിശേഷിപ്പിക്കാം. സച്ചിന്റെ അഭാവം അഹമ്മദാബാദിലെ കാണികള്‍ക്ക് കനത്ത നഷ്ടമാകും. പ്രത്യേകിച്ചും സച്ചിന്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയമായതിനാല്‍. ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കാം എന്ന ദക്ഷിണാഫ്രിക്കയുടെ മോഹം ഗ്വാളിയോര്‍ പരാജയത്തോടെ നീണ്ടിരിക്കുകയാണ്. എങ്കിലും ഒരു ജയമെങ്കിലും സ്വന്തമാക്കി തലയുയര്‍ത്തി മടങ്ങാനാകും അവരുടെ ശ്രമം. സച്ചിനെ കൂടാതെ വീരേന്ദ്ര സെവാഗും ഗൗതം ഗംഭീറും ഇന്ന് കളിക്കില്ല. കൈകുഴയിലെ പരുക്കാണ് ഗംഭീറിനെ ടീമില്‍ നിന്ന് അകറ്റിയതെങ്കില്‍ സെവാഗിന് വിശ്രമം അനുവദിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ മുരളി വിജയും ദിനേശ് കാര്‍ത്തിക്കുമാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കരിയറില്‍ നാല് ടെസ്റ്റുകള്‍ കളിച്ച അനുഭവസമ്പത്ത് വിജയിനുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ആദ്യമായാണ് അദ്ദേഹം പങ്കെടുക്കുന്നത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല് സ്റ്റെയ്ന്റെ പന്തുകളെ നേരിടാന്‍ വിജയ് ഏറെ ബുദ്ധിമുണ്ടാറുണ്ട്. ടെസ്റ്റില്‍ നിരവധി തവണ ഓപ്പണറായ അനുഭവസമ്പത്ത് കാര്‍ത്തിക്കിനുണ്ട്. അതേ സമയം കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കാര്‍ത്തിക്കിനായി. ഗ്വാളിയോര്‍ ഏകദിനത്തില്‍ 79 റണ്‍സടിച്ച കാര്‍ത്തിക്ക് സച്ചിനൊപ്പം രണ്ടാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറിക്ക് അടുത്തുള്ള കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. സച്ചിന്‍, സെവാഗ്, യുവരാജ് സിംഗ് എന്നിവരുടെ അഭാവം ഇന്ത്യയ്ക്ക് ഇന്ന് കനത്ത ആഘാതമാണ്. ഇവര്‍ക്കു പകരം വിരാട്ട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ മധ്യനിരയ്ക്ക് കരുത്തേകും. ഒപ്പം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ഓള്‍ റൗണ്ടര്‍ യൂസഫ് പത്താനും ഉണ്ട്.
ബാറ്റിങ്ങില്‍ പിടിച്ചുനിന്നാലും ബൗളിങ്ങില്‍ ഇന്ത്യ ഏറെ പിന്നിലാണ്. സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ അസാന്നിദ്ധ്യത്തിനൊപ്പം പ്രവീണ്‍ കുമാറും ഇന്നത്തെ മല്‍സരത്തിനുണ്ടാകില്ല. പിന്‍തുടയിലെ പരുക്കാണ് പ്രവീണിനെ ടീമില്‍ നിന്നും അകറ്റിയത്. ലെഗ് സ്പിന്നര്‍ അമിത് മിശ്രയും പുതുമുഖ സ്പിന്നര്‍ രവീചന്ദ്രന്‍ അശ്വിനും ആദ്യ ഇലവനിലുണ്ടാകും. ആശിഷ് നെഹ്‌റയും എസ് ശ്രീശാന്തും സുദീപ് ത്യാഗിയുമാകും പേസര്‍മാര്‍. കര്‍ണാടക പേസര്‍ അഭിമന്യു മിഥുനും ആദ്യ ഇലവനില്‍ എത്തിയേക്കും. ബാറ്റിങ്ങില്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ജയ്പൂരില്‍ ക്യാപ്റ്റന്‍ ജാക്ക് കാലിസും ഗ്വാളിയോറില്‍ എബി ഡിവില്ലിയേഴ്സും മാത്രമാണ് ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഹെര്‍ഷ്ലെ ഗിബ്സ് പൂര്‍ണ പരാജയമായി. ലോകത്തെ ഏറ്റവും മികച്ച പേസര്‍മാരായ സ്റ്റെയ്നും വെയ്ന്‍ പാര്‍നലും പറയത്തക്ക് നേട്ടങ്ങള്‍ കൊയ്യാനും കഴിഞ്ഞിട്ടില്ല. അഹമ്മദാബാദിലെ മോണ്ടീറ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ റിസല്‍ട്ട് അത്ര നന്നല്ല. ഇവിടെ കളിച്ച 11 മല്‍സരങ്ങളില്‍ ആറിലും ഇന്ത്യ പരാജയപ്പെട്ടു. അവസാന മൂന്നു മല്‍സരങ്ങളിലെ തോല്‍വിയും അതിലുള്‍പ്പെടുന്നു. ഏഴുവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2002 നവംബറില്‍ വിന്‍ഡീസിനെതിരെയാണ് ഇന്ത്യ അവസാനമായി ഇവിടെ ജയിച്ചത്. അതേ സമയം ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്നും വിഭിന്നമായി അഹമ്മദാബാദില്‍ റണ്ണൊഴുകില്ലെന്ന് ക്യൂറേറ്റര്‍ ധീരജ് പ്രസന്ന സാക്ഷ്യപ്പെടുത്തുന്നു. 260 റണ്‍സ് പോലും മികച്ച സ്കോറാണ്. കടുത്ത മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിനെ കുഴയ്ക്കും.
ടീം ഇവരില്‍ നിന്ന്, ഇന്ത്യ: എം എസ് ധോണി (ക്യാപ്റ്റന്‍), മുരളി വിജയ്, ദിനേശ് കാര്‍ത്തിക്ക്, വിരാട്ട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, യൂസഫ് പത്താന്‍, രവീന്ദ്ര ജഡേജ, സുദീപ് ത്യാഗി, എസ് ശ്രീശാന്ത്, ആര്‍ അശ്വിന്‍, അമിത് മിശ്ര, അഭിമന്യു മിഥുന്‍, ആശിഷ് നെഹ്‌റ.
ദക്ഷിണാഫ്രിക്ക: ജാക്ക് കാലിസ് (ക്യാപ്റ്റന്‍), ലൂട്ട്സ് ബോസ്മന്‍, ജോഹന്‍ ബോത്ത, ഹഷീം അംല, മാര്‍ക്ക് ബൗച്ചര്‍, എബി ഡിവില്ലിയേഴ്സ്, ജെ പി ഡുംനി, ഹെര്‍ഷ്ലെ ഗിബ്സ്, ചാള്‍ ലാംഗ്വെല്‍റ്റ്, ആല്‍ബി മോര്‍ക്കല്‍, മോണ്‍ മോര്‍ക്കല്‍, വെയ്ന്‍ പാര്‍നല്‍, ആല്‍വീറോ പീറ്റേഴ്സണ്‍, ഡെയ്‌ല് സ്റ്റെയ്ന്‍, ലൊന്‍വാബോ സോത്സോബെ, റോളോഫ് വാന്‍ഡര്‍ മെര്‍വ്.
|