വിമോചനത്തിന്റെ പ്രവാചക പാത

Imageമൗലവി ജമാലുദ്ദീന്‍ മങ്കട

പ്രവാചകന്മാര്‍ ഇസ്ലാമിക വിശ്വാസത്തിന്റെ സുപ്രധാന അടിത്തറകളിലൊന്നാണ്‌. ലോകത്ത്‌ എല്ലാ മതസമൂഹങ്ങളിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്‌. പല മതസമൂഹങ്ങളും പുണ്യപുരുഷന്മാരായി കരുതുന്നത്‌ ഈ പ്രവാചകന്മാരെയാകാം.

സമൂഹത്തെ സംസ്കരിക്കുകയും ധര്‍മ്മത്തെ സ്ഥാപിക്കുകയുമാണ്‌ പ്രവാചകന്മാര്‍ ചെയ്ത മുഖ്യകര്‍മ്മം. എപ്പോഴെല്ലാം സമൂഹം അധര്‍മ്മത്തിന്റെ അന്ധകാരങ്ങളില്‍ അകപ്പെട്ടോ അപ്പോഴെല്ലാം പ്രവാചകന്മാരെ ദൈവം നിയോഗിച്ചു. ഈ വീക്ഷണം എല്ലാ മത ഗ്രന്ഥങ്ങളിലുമുണ്ട്‌. പ്രവാചക പരമ്പരയിലെ അവസാനത്തെ വ്യക്തിയാണ്‌ മുഹമ്മദ്‌ നബി (സ). അക്രമവും അധര്‍മ്മവും അടക്കിഭരിച്ചിരുന്ന അറേബ്യയിലാണ്‌ ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ നബി (സ) പ്രവാചകനായി നിയോഗിതനാകുന്നത്‌. 23 വര്‍ഷത്തെ പ്രവാചക ജീവിതമാണ്‌ മുഹമ്മദ്‌ നബി (സ) നയിച്ചത്‌. ആ ജീവിതം ഒരു ചരിത്രവിസ്മയമായിരുന്നു. അരാജകത്വത്തിന്റെയും അക്രമത്തിന്റെയും അറേബ്യയെ 23 വര്‍ഷം കൊണ്ട്‌ സമാധാനത്തിന്റെ നാടാക്കി മാറ്റാന്‍ നബി (സ)ക്ക്‌ കഴിഞ്ഞു. ഇത്‌ സാധിച്ചത്‌ 13 വര്‍ഷത്തെ മക്കയിലെ സഹനസമരവും പത്ത്‌ വര്‍ഷത്തെ മദീനയിലെ ധര്‍മ്മ സമരവും കൊണ്ടാണ്‌. പത്ത്‌ വര്‍ഷത്തെ ധര്‍മ്മ സമര മാര്‍ഗ്ഗത്തിലെ സായുധപ്പോരാട്ടം ഏറെ വിമര്‍ശിക്കപ്പെടാറുണ്ട്‌. എന്നാല്‍ ഏറെ തെറ്റിദ്ധരിച്ച 'ജിഹാദ്‌' എന്ന പദം ധര്‍മ്മത്തിന്‌ വേണ്ടി നടത്തേണ്ട പരിശ്രമത്തെയും ത്യാഗത്തെയും ഉള്‍ക്കൊള്ളുന്ന വിശാല അര്‍ത്ഥമുള്ള പ്രയോഗമാണ്‌.

 

പ്രാവചകന്റെ 23 വര്‍ഷത്തെ ജീവിതവും ജിഹാദായിരുന്നു. അതില്‍ പതിമൂന്ന്‌ വര്‍ഷം അഹിംസയുടെയും സഹനത്തിന്റെയും കാലമായിരുന്നു. ബാക്കി പത്തുവര്‍ഷത്തില്‍ നടന്ന ഏതാനും സായുധ സമരങ്ങളില്‍ ആയിരത്തില്‍ താഴെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. എല്ലാ നാഗരികതകളിലും മതങ്ങളിലും ഇത്തരം സായുധ സമരങ്ങള്‍ നടന്നിട്ടുണ്ട്‌. സമാധാനത്തെയും സ്നേഹത്തെയും തകര്‍ക്കാന്‍ തീരുമാനിച്ച ചില കൂട്ടായ്മകള്‍ എന്നും സമൂഹത്തില്‍ ഉണ്ടാകാറുണ്ട്‌. അവര്‍ക്ക്‌ സഹനത്തിന്റെയും സ്നേഹത്തിന്റെയും ഭാഷ മനസ്സിലാകില്ല. അവരോട്‌ ചരിത്രം പോരാട്ടത്തിന്റെ പാതയാണ്‌ സ്വീകരിച്ചത്‌. സാമൂഹിക സംസ്കരണം ജീവിത ദൗത്യമാക്കിയ പ്രവാചകന്മാര്‍ സമൂഹത്തില്‍ വളര്‍ത്തിയത്‌ സ്നേഹത്തിന്റെയും സഹനത്തിന്റെയും ബോധമാണ്‌. യുദ്ധവും മദ്യവും ജീവിതചര്യയാക്കിയ ഒരു സമൂഹത്തെ ലോകത്തിനാകമാനം മാതൃകയാക്കി രൂപാന്തരപ്പെടുത്താന്‍ പ്രവാചകന്‌ സാധിച്ചത്‌ ഈ സേവനത്തിലൂടെയാണ്‌. നീതിയുടെ പ്രതീകങ്ങളെയും ലാളിത്യത്തിന്റെ മാതൃകകളെയും പ്രവാചകന്‍ ലോകത്തിന്‌ സമ്മാനിച്ചു. മദീനയെന്ന രാഷ്ട്രത്തിന്റെ അധികാരിയായ പ്രവാചകന്‍ മരിക്കുമ്പോള്‍ ഒരു ജൂതന്റെ കടക്കാരനായിരുന്നു. അന്യായമായി ഒരു പൈസപോലും സമ്പാദിക്കാത്ത മഹനീയ മാതൃക പ്രവാചകന്‍ നമുക്ക്‌ കാണിച്ചുതന്നു.

 

അന്യമതത്തില്‍പ്പെട്ട ഒരു മനുഷ്യന്റെ മൃതദേഹം കൊണ്ടുപോകുന്നത്‌ കണ്ടപ്പോള്‍ പ്രവാചകന്‍ എഴുന്നേറ്റ്‌ നിന്നു, മനുഷ്യന്റെ മഹത്വം പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. 'ജനങ്ങളെ നിങ്ങള്‍ ഒന്നാണ്‌. എല്ലാവരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്ന്‌' എന്ന്‌ പഠിപ്പിച്ച പ്രവാചകന്‍ മനുഷ്യകുലത്തിന്റെ ഏകാത്മകത ഉദ്ബോധിപ്പിക്കുകയാണ്‌. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറയ്ക്കുന്നവന്‌ ദൈവവിശ്വാസമില്ലെന്ന്‌ പറയുന്ന പ്രവാചകന്‍ വിശ്വാസത്തെ മനുഷ്യസ്നേഹവുമായി ബന്ധിപ്പിക്കുകയാണ്‌. അതെ, വിശ്വാസ വൈവിധ്യം വെറുപ്പിനല്ല. സ്നേഹത്തിന്‌ വഴിതുറക്കട്ടെ!. ഈ നബിദിനവും മാനവിക സ്നേഹത്തിന്റെ പുതിയ കവാടങ്ങള്‍ നമുക്ക്‌ തുറന്ന്‌ തരട്ടെ!
(പാളയം ജുമാമസ്ജിദ്‌ ഇമാമാണ്‌ ലേഖകന്‍)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls