നയപ്രഖ്യാപനം എന്ന നേരംപോക്ക്‌

Imageകേരളത്തിലെ ഇടതുസര്‍ക്കാരിന്‌ വ്യക്തമായ ഒരു നയമില്ലെന്ന്‌ മാലോകര്‍ക്കെല്ലാമറിയാം. എന്നാല്‍ അക്കാര്യം ഇടതുസര്‍ക്കാര്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒരു ഭരണഘടനാ ബാധ്യത നിറവേറ്റുന്ന വഴിപാടാക്കി സര്‍ക്കാര്‍ അധഃപതിപ്പിച്ചു.

തുടക്കവും ഒടുക്കവും വായിച്ച്‌ ഗവര്‍ണര്‍ സഭ വിട്ട്‌ ഇറങ്ങിപ്പോയത്‌ ഈ സര്‍ക്കാരിന്‌ ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ പ്രത്യാശയുണര്‍ത്തുന്ന പദ്ധതികളോ നയങ്ങളോ ഇല്ലാത്തതുകൊണ്ടാണെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. ആവര്‍ത്തനവിരസമായ കാര്യങ്ങള്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ പറയുന്നതിനും ഒരു പരിധിയൊക്കെയുണ്ട്‌. സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ കണ്ണോടിച്ച്‌ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായി ലജ്ജിച്ചുപോയിട്ടുണ്ടാകും. കേരളത്തില്‍ പ്രശ്നങ്ങളില്ലാഞ്ഞിട്ടോ ജനങ്ങളെല്ലാം സോഷ്യലിസം വിഴുങ്ങി അരോഗദൃഢഗാത്രരായതുകൊണ്ടോ ആയിരിക്കാം ഇക്കൊല്ലത്തെ നയപ്രഖ്യാപനം ഒരു വഴിപാടാക്കിയത്‌. എന്നാല്‍ ഭരണാധികാരികള്‍ പുറമേ പറഞ്ഞുനടക്കുന്ന ഗീര്‍വാണങ്ങള്‍ക്ക്‌ ഒരു കുറവുമില്ല. ഭൂമി കയ്യേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഏതെല്ലാം വേദികളില്‍ എത്രതവണ പറഞ്ഞെന്ന്‌ അദ്ദേഹത്തിനുതന്നെ തിട്ടമുണ്ടാകില്ല. മൂന്നാര്‍ ദൗത്യം പൊളിഞ്ഞുപാളീസായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയമെന്തെന്നറിയാന്‍ ഗവര്‍ണറുടെ പ്രസംഗത്തിന്റെ അച്ചടിച്ച പ്രതി പരതിനോക്കി.

 

ഒരു വരിപോലുമില്ല കണ്ടുപിടിക്കാന്‍. വന്‍കിടക്കാര്‍ കയ്യടക്കിയ വിസ്തൃതമായ വനപ്രദേശവും അല്ലാത്തതുമായ ഭൂമി മുഴുവന്‍ അവരുടെ അധീനതയില്‍തന്നെ സസുഖം ഇരിക്കുന്നു. അത്‌ തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്ന്‌ നയപ്രഖ്യാപനത്തിലെ മൗനം വ്യക്തമാക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനോ ഭാവിയിലെ കയ്യേറ്റം തടയുന്നതിനോ സര്‍ക്കാരിന്‌ ഒരു ഉദ്ദേശ്യവുമില്ല. പിന്നെന്തിനായിരുന്നു വിവാദവും കോലാഹലവും മൂന്നാര്‍ ദൗത്യവും വയനാട്‌ സമരവും മറ്റുമെന്ന്‌ നാട്ടുകാര്‍ സന്ദേഹിച്ചുപോകുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്‌. പൂര്‍ത്തീകരിച്ച ഒരു വികസനപദ്ധതിയെങ്കിലും ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ നാലുകൊല്ലം പൂര്‍ത്തിയാക്കാന്‍ പോകുന്ന സര്‍ക്കാരിനില്ല. പിന്നെ ഏതുപദ്ധതി എപ്പോള്‍ തീരുമെന്നാണ്‌ അവസാനവര്‍ഷത്തില്‍ ഇടതുസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്‌? നിഷ്ക്രിയത്വത്തിന്റെ അഞ്ചാംവാര്‍ഷികം ആഘോഷിക്കാന്‍ ജനങ്ങള്‍ മന്ത്രിമാരെ ക്ഷണിക്കുന്ന ദിവസം അടുക്കുകയാണ്‌. വിലസ്ഥിരതാ ഫണ്ട്‌ രൂപീകരിക്കുമെന്ന്‌ നയപ്രഖ്യാപനത്തില്‍ പറയുന്നു. നല്ലത്‌.

 

കൊപ്രാ സംഭരണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചിട്ടും സംഭരണം നടത്താന്‍ തുനിയാത്ത സര്‍ക്കാരാണിത്‌. വിലവര്‍ധനവ്‌ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികളില്ല. പകരം കേന്ദ്രസര്‍ക്കാരിന്‌ കുറച്ച്‌ പഴിമാത്രം. സപ്ലൈകോയുടെ വിപണി ഇടപെടല്‍ ഇപ്പോള്‍ മുപ്പത്‌ ശതമാനമാണെന്നും അത്‌ അഞ്ച്‌ ശതമാനം കൂടി വര്‍ധിപ്പിക്കുമെന്നും നയപ്രസംഗത്തിലുണ്ട്‌. ജനങ്ങളില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്‌ 35 ശതമാനം കമ്പോള ഇടപെടലിലൂടെ എന്ത്‌ ആശ്വാസമാണ്‌ സാധനവിലയില്‍ ലഭിക്കുക? ലാഭം സ്റ്റോറുകളിലും ത്രിവേണി സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും കാണുന്ന തിരക്ക്‌ പൊതുമാര്‍ക്കറ്റിലെ വിലവര്‍ധനവിന്റെ പ്രകടിത ലക്ഷണമാണ്‌. ആ തിരക്ക്‌ കുറയ്ക്കാന്‍ അവശ്യസാധന ലഭ്യതയുടെ പകുതിയെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തണം. എങ്കിലേ പാവപ്പെട്ടവരില്‍ കുറച്ചുപേര്‍ക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നുള്ളൂ. അങ്ങനെയൊരു പ്രഖ്യാപനം പോലും നടത്താന്‍ തുനിയാത്ത സര്‍ക്കാരില്‍ നിന്ന്‌ വരുന്ന വര്‍ഷം വില നിയന്ത്രണക്കാര്യത്തില്‍ എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന ഒരു പ്രതീക്ഷയും നയപ്രസംഗത്തിലില്ല.


നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയതിലൂടെ കേരളത്തില്‍ വ്യവസായവല്‍ക്കരണത്തിന്റെ പൂക്കാലം വന്നു എന്നാണ്‌ പറയുന്നത്‌. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വന്ന പ്രധാനപ്പെട്ട വ്യവസായമേത്‌? വ്യവസായങ്ങള്‍ക്ക്‌ 'സെസ്‌' പദവി നല്‍കുന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ ആരംഭിച്ച തര്‍ക്കം എങ്ങുമെത്തിയില്ല. പുതിയ നിര്‍ദ്ദേശങ്ങളില്ല, സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തില്‍ ആവേശപൂര്‍വം വെടിപൊട്ടിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതി എവിടെപ്പോയി? എന്നിട്ടാണിപ്പോള്‍ പറയുന്നത്‌, കേരളം മുഴുവന്‍ പുതിയ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങുമെന്ന്‌. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ തൊഴില്‍രഹിത യുവാക്കളെ മുഴുവന്‍ പറ്റിച്ച സര്‍ക്കാരാണിത്‌. നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും ഫലിതമയമായ കാര്യം കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്നതാണ്‌. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ ക്ഷേമനിധി ഫണ്ടെടുത്ത്‌ ചെലവാക്കേണ്ടിവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭദ്രമായ സാമ്പത്തികനിലയെക്കുറിച്ച്‌ കേട്ടാല്‍ ആരാണ്‌ ചിരിക്കാത്തത്‌.


വരുമാനത്തിന്റെ സിംഹഭാഗം ശമ്പളവും പെന്‍ഷനും നല്‍കി മാസംതോറും കൈകരിഞ്ഞ്‌ നില്‍ക്കുന്ന സര്‍ക്കാരിന്‌ നാട്ടില്‍ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ പുതിയ സ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിയണം. മൂലധനം കൈവശമുള്ളവര്‍ക്ക്‌ അതിവിടെ ഫലപ്രദമായി വിനിയോഗിക്കാന്‍ പറ്റിയ അന്തരീക്ഷവും അനുകൂലമായ നയങ്ങളും വേണം. അതൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കഴിയാത്ത സര്‍ക്കാര്‍ ഇനി ഒരുകൊല്ലംകൊണ്ട്‌ മലമറിക്കുമെന്ന്‌ പറഞ്ഞാല്‍ സഹ്യപര്‍വതം കുലുങ്ങിച്ചിരിക്കും. തമാശയ്ക്കെങ്കിലും കേരളത്തില്‍ ഭൂമികുലുക്കം ഉണ്ടാക്കരുതേ സര്‍ക്കാരെ!

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls