ക്ഷേമരാഷ്ട്രം സ്വപ്നമല്ല

Imageഎം.എം ഹസ്സന്‍

ക്ഷേമ രാഷ്ട്രമെന്ന സങ്കല്‍പം പുതിയതല്ല. പക്ഷേ, അത്‌ അകലെയാണെന്നോ അപ്രാപ്യമാണെന്നോ ഉള്ള ചിന്ത വ്യാപകമായിരുന്നു ഇന്ത്യയില്‍. ആ നിരാശാബോധം ഇല്ലാതാവുകയാണ്‌. ആ പ്രഖ്യാപനമാണ്‌ പ്രണാബ്‌ ദാദ ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയത്‌.

അംഗീകരിക്കാത്തവര്‍ ഉണ്ട്‌. പക്ഷേ, സത്യത്തെ നിഷേധിക്കാന്‍ സാധിക്കില്ല. ഇന്ത്യ കുതിക്കുകയാണ്‌. അത്‌ സമ്പന്നരുടെ കുതിപ്പല്ല. ജനങ്ങളുടെ കുതിപ്പാണ്‌. ഗ്രാമങ്ങളുടെ കുതിപ്പാണ്‌. ക്ഷേമ രാഷ്ട്രത്തിലേക്കുള്ള ആ കുതിപ്പിന്റെ കാഹളം നാടെങ്ങും മുഴങ്ങുന്നു. ആഗോള സാമ്പത്തിക ശക്തിയായി മാറുന്ന ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ഈ കുതിപ്പിനെ കരുതലോടെയാണ്‌ നിയന്ത്രിക്കുന്നത്‌. വികസനത്തിന്റെ ഗുണ ഫലങ്ങള്‍ ആരിലേക്കാണ്‌ എത്തേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ കൃത്യമായ ധാരണയുണ്ട്‌. പാവപ്പെട്ടവന്റെ കയ്യില്‍ പ്രയോജനം എത്തിച്ചു കൊണ്ടുള്ള രാജ്യവികസനമെന്ന മഹനീയ തത്വം കോണ്‍ഗ്രസിന്‌ സ്വന്തം. ഈ സങ്കല്‍പം മുന്നോട്ട്‌ വച്ചപ്പോള്‍ പരിഹസിച്ചവരുണ്ട്‌. പക്ഷേ, ദിവസം കഴിയും തോറും ഈ ആക്ഷേപകരാണ്‌ പരിഹസിക്കപ്പെടുന്നത്‌. പുതിയ സാമ്പത്തിക സര്‍വേയും ബജറ്റും കോണ്‍ഗ്രസിന്റെ സാമ്പത്തിക വീക്ഷണത്തിന്റെ വിജയ പ്രഖ്യാപനമാണ്‌. സ്വപ്നങ്ങളിലേക്ക്‌ ഒരു പടി കൂടി നമ്മള്‍ അടുക്കുകയാണ്‌. ബാക്കിയുള്ള പോരായ്മകളും അകലെയല്ലാതെ അകലുമെന്ന ഉറപ്പ്‌ ഏറെ ആവേശം പകരുന്നു. പൗരബോധത്തോടെ ഈ ആവേശത്തെ നമ്മള്‍ ഏറ്റെടുത്താല്‍ വിജയത്തിന്റെ തിളക്കം പതിന്മടങ്ങാകും. അതിനായി ഒരുങ്ങാം.
ഊന്നല്‍ എന്ന പദം ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്നതാണ്‌. എന്തിലാണ്‌ ബജറ്റിന്റെ ഊന്നല്‍? ഒരാള്‍ക്കും നിഷേധിക്കാനാവത്ത വിധം അത്‌ വ്യക്തമാണ്‌. ജനക്ഷേമത്തിലാണെന്ന കാര്യത്തില്‍ സംശയം ആരിലും ഉണ്ടാകേണ്ട കാര്യമില്ല. സാമുഹിക ക്ഷേമ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്ന അതി ഭീമമായ തുക തന്നെ സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനെന്ന്‌ വ്യക്തമാക്കുന്നു. എന്നാല്‍ ബജറ്റ്‌ ജനപ്രിയമാക്കാന്‍ വാരിക്കോരി വിതരണം നടത്തുന്ന രീതിയല്ല ഇത്‌. നിര്‍മാണാത്മകമായ മാര്‍ഗങ്ങളിലൂടെ ജനക്ഷേമം. അതാണ്‌ ലക്ഷ്യം. ഇന്ത്യ പോലെ ബൃഹത്തായൊരു രാജ്യത്ത്‌ ഇത്തരത്തിലെ വികസന മാതൃക നടപ്പാക്കുക അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്‌. പക്ഷേ, കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അതില്‍ വിജയിച്ചിരിക്കുന്നു. അതാണ്‌ സാമ്പത്തിക സര്‍വേയും ബജറ്റും വ്യക്തമാക്കുന്നത്‌. സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്ത്‌ ജനങ്ങളെ സുഖിപ്പിക്കുന്നതിന്‌ പകരം ജനങ്ങളെ പങ്കാളികളാക്കി വികസനം ത്വരിതപ്പെടുത്തി, അതിന്റെ പ്രയോജനം ജനങ്ങളില്‍ നിലനിര്‍ത്തുകയും ഇരട്ടിപ്പിക്കുകയും ചെയ്യുക എന്ന ചിന്ത തന്നെ എത്ര മഹത്തരമാണ്‌.

 

ഇത്‌ ആവര്‍ത്തിക്കുക വഴി സാമുഹിക ക്ഷേമം, പട്ടിണി അകറ്റല്‍, അടിസ്ഥാന സൗകര്യ വികസനം, തൊഴിലില്ലായ്മ പരിഹരിക്കല്‍, വിദ്യാഭ്യാസ മുന്നേറ്റം, ആരോഗ്യ പരിപാലനം തുടങ്ങി ഇന്ത്യയുടെ ശാപമായിരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കാണ്‌ നാള്‍ക്കു നാള്‍ പരിഹാരമാകുന്നത്‌. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ഇതു വഴി ഭദ്രമാകുന്നു. അത്‌ മറ്റ്‌ മേഖലകളിലും കുതിപ്പ്‌ സൃഷ്ടിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി. രാജ്യം സുശക്തമാകുന്നത്‌ അങ്ങിനെയാണ്‌. ഈ അന്തരീക്ഷം പകര്‍ന്നു തരുന്ന ആത്മവിശ്വാസം ഓരോ പൗരനിലും പ്രകടമാണ്‌. ഇന്നത്തെ സ്ഥിതിയില്‍ അഭിമാനം കൊള്ളുന്ന മുഖങ്ങളാണ്‌ രാജ്യമെങ്ങും. ബജറ്റ്‌ കഴിഞ്ഞപ്പോള്‍ കേരളത്തിലെ ധനമന്ത്രി മൊഴിഞ്ഞത്‌ ഇത്‌ കോര്‍പറേറ്റ്‌ മേഖലയ്ക്കുള്ള ബജറ്റാണെന്നാണ്‌. കാര്‍ഷിക വികസനം, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വികസനം, വിദ്യാഭ്യാസ രംഗം, തൊഴിലുറപ്പ്‌ പദ്ധതി തുടങ്ങിയവയ്ക്കൊക്കെ നീക്കി വച്ചിട്ടുള്ള വന്‍ തുകകള്‍ കണ്ടിട്ടും ഇങ്ങിനെ പറയണമെങ്കില്‍ പറഞ്ഞയാള്‍ക്ക്‌ എന്തോ കുഴപ്പമുണ്ടെന്ന്‌ കരുതിയാല്‍ മതി. ഈ കുഴപ്പം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുകയാണല്ലോ. ലോകോത്തര സാമ്പത്തിക മാനേജ്മെന്റാണല്ലോ അദ്ദേഹം കേരളത്തില്‍ കാട്ടിക്കൊണ്ടിരക്കുന്നതും. വലിയ കാര്യങ്ങള്‍ക്കിടയില്‍ ഇത്തരം കൊച്ചു കാര്യങ്ങള്‍ക്ക്‌ സമയം കളയാതിരിക്കുകയാണ്‌ ഭേദം.

 

അല്ലെങ്കില്‍ തന്നെ ഇന്ദിരാ ആവാസ്‌ യോജന എന്ന പദ്ധതിയില്‍ പെടുത്തി പ്രണാബ്‌ മുഖര്‍ജി നല്‍കുന്ന കാശ്‌ വാങ്ങി കേരളത്തില്‍ കൊണ്ടു വന്ന്‌ ഇ.എം.എസ്‌. ഭവന പദ്ധതിയാക്കുന്നത്‌ പോലുള്ള തട്ടിപ്പ്‌ നടത്തുന്നവരുടെ 'ബുദ്ധി' കടമെടുക്കാന്‍ ഞങ്ങളില്ല എന്ന്‌ കരുതിയാലും മതി. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ്‌ പദ്ധതി പോലുള്ളവ അടിച്ചു മാറ്റുന്ന കാര്യത്തില്‍ കോവളത്ത്‌ താമസിച്ച്‌ ഗവേഷണം നടത്തുകയാണല്ലോ ഡോക്ടര്‍. എന്തായാലും മാര്‍ച്ച്‌ അഞ്ചിന്‌ കാണാം കാര്യം. പ്രണാബ്‌ മുഖര്‍ജി എടുത്തു പറഞ്ഞൊരു കാര്യം ആഗോള തലത്തില്‍ രൂപയ്ക്ക്‌ വന്നിരിക്കുന്ന പ്രാധാന്യത്തെ കുറിച്ചാണ്‌. ഇതൊരു വികാര പ്രകടനമല്ല. രൂപ സുസ്ഥിരമായ ശക്തി നേടിയതിന്റെ പ്രാധാന്യമാണ്‌ അദ്ദേഹം പറഞ്ഞത്‌. ഡോളറിനും പൗണ്ടിനും യെന്നിനുമൊപ്പം രൂപയും എത്തിയത്‌ ചെറിയ കാര്യമല്ല. രൂപയുടെ വിനിമയ മൂല്യമല്ല ഉദ്ദേശിക്കുന്നത്‌. കറന്‍സി ക്രെഡിബിലിറ്റി, കറന്‍സി പ്രസ്റ്റീജ്‌ എന്നിവയാണ്‌ കാര്യം. ആഗോള മൂലധനത്തിന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആസൂത്രണത്തില്‍ ഈ ശക്തിക്ക്‌ വലിയ പ്രസക്തിയുണ്ട്‌. ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക്‌ വര്‍ധിക്കും.

 

ഡോളറാക്കിയും പൗണ്ടാക്കിയും സമ്പാദ്യം സൂക്ഷിക്കുന്ന കൂട്ടത്തിലേക്ക്‌ രൂപയും എത്തിയാല്‍ അത്‌ ദൂരവ്യാപകമായ ഗുണ ഫലമാണ്‌ രാജ്യത്തിനുണ്ടാക്കുക. വി.പി.സിങ്‌ സര്‍ക്കാര്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ത്തതിനൊടുവില്‍ റിസര്‍വ്‌ ബാങ്കിലെ സ്വര്‍ണം പണയം വച്ച്‌ നിത്യവൃത്തി കഴിച്ച ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്തില്‍ നിന്ന്‌ രാജ്യം എത്തിച്ചേര്‍ന്ന ഔന്നത്യം അല്‍പം വൈകാരിക അനുഭവം തന്നെ. പക്ഷേ, അതിന്റെ സാമ്പത്തിക മാനം തന്നെയാണ്‌ കൂടുതല്‍ മധുരതരം. വിലക്കയറ്റമൊഴിച്ചാല്‍ ദോഷ സ്വഭാവമുള്ള മറ്റൊന്നും സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട്‌ ചര്‍ച്ചയില്‍ ഇല്ലെന്നതും ശ്രദ്ധിക്കണം. ആഗോള സാമ്പത്തിക മാന്ദ്യത്തിനൊപ്പം കാലാവസ്ഥ ചതിച്ചതും ചേര്‍ന്നപ്പോള്‍ ഉണ്ടായ താല്‍കാലിക പ്രതിഭാസം മാത്രമാണ്‌ വിലക്കയറ്റം എന്ന്‌ വ്യക്തമാണ്‌. ശക്തമായ നടപടികളിലൂടെ വിലക്കയറ്റം ഒഴിയുമ്പോള്‍ ആ ചര്‍ച്ചയും തീരും. മറ്റൊരു രസകരമായ വസ്തുതയുമുണ്ട്‌. സാധാരണ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ന്നതാണ്‌ വിലക്കയറ്റം നീണ്ടു നില്‍ക്കാന്‍ കാരണമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായമാണത്‌. കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അവന്റെ വാങ്ങല്‍ ശേഷിയും വര്‍ധിച്ചു.

 

മധ്യവര്‍ഗത്തെയല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്നും സൂചിപ്പിക്കട്ടെ. ഗ്രാമീണ ജനതയുടെ കാര്യമാണ്‌ പറയുന്നത്‌. ഈ വിഭാഗത്തിന്റെ വലുപ്പവും ഓര്‍ക്കണം. അതോടെ വര്‍ധിച്ച വിലയിലും ആളുകള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്ന സ്ഥിതിയുണ്ടായി. വിലക്കയറ്റം നേരിടാനുള്ള നടപടികള്‍ പെട്ടെന്ന്‌ ഫലിക്കാത്തത്‌ ഇതു കൊണ്ടാണെന്നാണ്‌ സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്‌. ക്ഷേമത്തിനും ദോഷവശങ്ങള്‍ ഉണ്ടെന്ന്‌ തമാശയായി പറയാം. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ തമാശയായല്ല ഇതിനെ കാണുന്നത്‌. തിരുത്തല്‍ നടപടികള്‍ അനേകം വന്നു കഴിഞ്ഞു. കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി നിര്‍ദേശിച്ച ഭക്ഷ്യ സുരക്ഷാ പദ്ധതിയും ഹരിത വിപ്ലവത്തിന്റെ വ്യാപനവും കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന്‌ ശാശ്വത പരിഹാരം ഉറപ്പിക്കാം. ലോകരാജ്യങ്ങള്‍ പോലും ഭയന്ന്‌ വിറച്ചപ്പോള്‍ ഇന്ത്യയെ സാമ്പത്തിക മാന്ദ്യം വെറുതെ തഴുകിപ്പോയി എന്നതാണ്‌ അനുഭവം. ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റാണ്‌ ഇന്ത്യയെ രക്ഷിച്ചത്‌. കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യത്തില്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മാന്ദ്യം പഴങ്കഥയായെന്ന്‌ പ്രണാബും കണക്കുകളും ഒരു പോലെ വിളിച്ചു പറയുന്നു. മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

 

പദ്ധതി ചെലവ്‌ വര്‍ധിച്ചു. പദ്ധതിയേതര ചെലവ്‌ കുറഞ്ഞു. സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ സുതാര്യവും ഫലപ്രദവുമാകുന്നതിന്റെ സൂചനയാണിത്‌. നമ്മുടെ നാടിന്റെ വലിയൊരു ശാപമാണ്‌ അയഞ്ഞു തുടങ്ങിയിരിക്കുന്നത്‌. 100 ശതമാനം പദ്ധതി നിര്‍വഹണം സമീപകാലത്ത്‌ സാധ്യമാകുമെന്നാണ്‌ ധനമന്ത്രി പറഞ്ഞത്‌. അത്‌ വെറും വാക്കല്ലെന്ന്‌ സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു. പത്ത്‌ ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയും അദ്ദേഹം മുന്നില്‍ കാണുന്നു. സാമ്പത്തിക മാന്ദ്യത്തിനിടയിലും കുതിച്ച ഇന്ത്യയ്ക്ക്‌ ഇനി അത്‌ സാധ്യമാകില്ലെന്ന്‌ ആരെങ്കിലും കരുതുമോ. ധനകമ്മി 5.5 ശതമാനത്തിലേക്കാണ്‌ പ്രണാബ്‌ മുഖര്‍ജി കൊണ്ടു വന്നിരിക്കുന്നത്‌. അടുത്ത വര്‍ഷങ്ങളില്‍ പടിപടിയായി വീണ്ടും കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇതൊന്നും ചെറിയ കാര്യമല്ല. വിമര്‍ശകര്‍ ഇത്‌ കാണാതെ പോകുന്നത്‌ രാഷ്ട്രീയ തിമിരം മൂലമാണ്‌.


ബജറ്റ്‌ പ്രഖ്യാപനത്തിനൊപ്പം നിലവില്‍ വന്ന ഇന്ധന വില വര്‍ധനയാകും ഇനി പ്രതിപക്ഷത്തിന്‌ ആക്ഷേപം ഉന്നയിക്കാനുള്ള ഏക പിടിവള്ളി. പറയാന്‍ അവര്‍ക്ക്‌ എന്തെങ്കിലും വേണമല്ലോ. ഇക്കാര്യത്തില്‍ ഇനി ബി.ജെ.പി. - ലെഫ്റ്റ്‌, ഭായി ഭായി പ്രകടനം പാര്‍ലമെന്റില്‍ നമ്മള്‍ക്ക്‌ കാണുകയും ചെയ്യാം. അല്ലെങ്കിലും ചേരേണ്ടത്‌ ചേരും. പത്തിരുപത്‌ കൊല്ലക്കാലം പിരിഞ്ഞിരുന്നതിന്റെ ക്ഷീണവും കാണും. രാജ്യം മുന്നോട്ട്‌ പോകുമ്പോള്‍ അവര്‍ വി.പി.സിങ്‌ സര്‍ക്കാരിന്റെ കാലത്തേക്ക്‌ മടങ്ങട്ടെ. ചിന്താഗതിയിലും ഇരുവരും അതിലും പിന്നിലുള്ള കാലത്താണല്ലോ ജീവിക്കുന്നതെന്നത്‌. ജനങ്ങളെ മനപൂര്‍വം ശിക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന്‌ നമ്മള്‍ക്ക്‌ അറിയാം. അപ്പോള്‍ ഫലപ്രദമായ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി തന്നെയാകും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയ്ക്ക്‌ തയാറായത്‌. ഒഴിവാക്കാന്‍ ആയിരം മാര്‍ഗങ്ങള്‍ നോക്കിയിട്ടും അത്‌ അനിവാര്യമായി വരികയായിരുന്നുവെന്ന്‌ ഉറപ്പ്‌. വില വര്‍ധന താല്‍കാലികമായിരിക്കുമെന്ന കാര്യവും ഉറപ്പാണ്‌. വില വര്‍ധന പിന്‍വലിക്കാന്‍ കിട്ടുന്ന ആദ്യ അവസരം തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന കാര്യത്തില്‍ മുന്‍ അനുഭവവും ഉണ്ട്‌.


കേന്ദ്ര ബജറ്റ്‌ കേരളത്തിനും വലിയ പ്രതീക്ഷകളാണ്‌ നല്‍കുന്നത്‌. എന്നാല്‍ തടസമായി നില്‍ക്കുന്നത്‌ സംസ്ഥാന സര്‍ക്കാരും. ഇതിനകം കിട്ടയത്‌ മുഴുവന്‍ പാഴാക്കിയവര്‍ക്ക്‌ വീണ്ടും പാഴാക്കാന്‍ അവസരമൊരുങ്ങുന്നു എന്ന്‌ മാത്രം. തന്നതില്‍ തന്നെ നാല്‌ വര്‍ഷം കൊണ്ട്‌ 1500 കോടി നഷ്ടപ്പെടുത്തി. കൃത്യമായ പദ്ധതികള്‍ നല്‍കി നേടിയെടുക്കാമായിരുന്ന അനേകായിരം കോടികള്‍ക്ക്‌ ശ്രമിച്ചതുമില്ല. ഒരു വര്‍ഷം കൂടി എങ്ങിനെയും കഴിഞ്ഞു കിട്ടാനുള്ള ജനങ്ങളുടെ ആഗ്രഹം കേന്ദ്ര ബജറ്റ്‌ വര്‍ധിപ്പിച്ചുവെന്ന്‌ പറയുന്നതാകും ശരി. ആ വികാരം ഭാവിയില്‍ കേരളത്തിന്‌ തീര്‍ച്ചയായും പ്രയോജനം ചെയ്യും. നല്ല കാര്യം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls