നാട്യങ്ങളില്ലാതെ ഭാവിയിലേക്ക്‌

Imageആഗോളമാന്ദ്യം പരത്തിയ കരിമേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളിരേഖ പോലെ കിഴക്കേദിക്കില്‍ ഇന്ത്യ മിന്നിനില്‍ക്കുന്നു. സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെട്ട്‌ ലിക്വിഡേഷന്‍ നേരിടുന്നു.

കമ്പനിയോ സ്ഥാപനമോ തകരുന്നതുപോലെ രാജ്യങ്ങള്‍ പ്രതിസന്ധിയിലാകുന്നത്‌ അത്യപൂര്‍വമാണ്‌. എണ്‍പതുലക്ഷം കോടി രൂപയുടെ കടത്തിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന്‌ കരുതപ്പെട്ടിരുന്ന അമേരിക്ക. ഈ മഹാമാന്ദ്യത്തിന്റെ വായില്‍പ്പെടാതെ ഇന്ത്യ രക്ഷപെട്ടത്‌ വളരെ കരുതലോടെ സാമ്പത്തികമേഖലയില്‍ വെച്ച ചുവടുവെയ്പ്പുകള്‍ കൊണ്ടാണ്‌. ഒരിക്കല്‍ സ്വര്‍ണം വിറ്റ്‌ കഞ്ഞികുടിക്കേണ്ടിവന്ന രാജ്യമാണ്‌ ഇന്ത്യ. അതിപുരാതന കാലത്തൊന്നുമല്ല അത്‌. അത്തരം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ ഇന്ത്യന്‍ സമ്പദ്‌ ഘടന ഇനി വഴുതിപ്പോകില്ലെന്ന്‌ ഉറപ്പായിരിക്കുന്നു. ദേശീയ വളര്‍ച്ചാനിരക്ക്‌ ഈ ആഗോളമാന്ദ്യകാലത്തും ഏഴരശതമാനത്തിലെത്തിക്കാനും ഇന്ത്യയ്ക്ക്‌ കഴിഞ്ഞു. ക്രമാനുഗതമായി അത്‌ ഒമ്പതുശതമാനം ലക്ഷ്യം വെച്ച്‌ മുന്നോട്ടുപോകുന്നതിനിടയില്‍ ധനകാര്യ വിദഗ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ പുനഃക്രമീകരണങ്ങള്‍ അനിവാര്യമായിത്തീര്‍ന്നു. ധനമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജിയുടെ 2010-11 വര്‍ഷത്തെ ബജറ്റിലൂടെ പ്രതിഫലിക്കുന്നത്‌ ഈ വസ്തുതയാണ്‌.

 

എണ്ണവില അല്‍പം കൂട്ടിയില്ലെങ്കില്‍ രാജ്യത്തിന്റെ ഇറക്കുമതി ബില്‍ താങ്ങാനാവാതെവരും. സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ മാന്ദ്യകാലത്തെ ഒരു താങ്ങായിരുന്നു. അത്‌ ഫലിച്ചു. ഇനി ആ താങ്ങ്‌ ആവശ്യമില്ലെന്ന്‌ വന്നതുകൊണ്ട്‌ സാവകാശം പിന്‍വലിച്ചു. പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ചെലവ്‌ കൂടി. ആഭ്യന്തരസുരക്ഷിതത്വ ഭീഷണി നേരിടാന്‍ കര്‍ശന നടപടികളും ദീര്‍ഘകാല പദ്ധതികളും വേണം. ഇത്തരം ബാധ്യതകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ്‌ പുതിയ കാലത്തെയും ലോകത്തെയും ഇന്ത്യ ധീരമായി നേരിടാന്‍ ഒരുങ്ങുന്നത്‌. അതിനാല്‍ നാട്യങ്ങളൊന്നുമില്ലാതെ ദീര്‍ഘവീക്ഷണപരമായ ഒരു വരവുചെലവ്‌ പദ്ധതിയാണ്‌ ധനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നതെന്ന്‌ പറയാം. ഗ്രാമീണ ഇന്ത്യയുടെയും കര്‍ഷകരുടെയും അസംഘടിത തൊഴിലാളികളുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും ക്ഷേമത്തില്‍ ശ്രദ്ധ പതിപ്പിക്കുകവഴി ക്ഷേമരാഷ്ട്ര സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാനുള്ള ചുവടുവെയ്പ്പ്‌ ഈ ധനകാര്യ ബജറ്റില്‍ സ്വീകരിച്ചിട്ടുണ്ട്‌. പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്കുള്ള ചെറിയൊരു തുടക്കമായിവേണം പാവപ്പെട്ടവരുടെ പെന്‍ഷന്‍ സ്കീമിനെക്കാണാന്‍.

 

പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം കൂട്ടി 22,300 കോടി രൂപ വകയിരുത്തി. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാനും അടിസ്ഥാന വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും പൊതുവിദ്യാഭ്യാസത്തിനുള്ള തുക 31,036 കോടി രൂപയായി വര്‍ധിപ്പിച്ചു. ദിവസം 20 കിലോമീറ്റര്‍ എന്നതോതില്‍ റോഡ്‌ നിര്‍മാണം ത്വരിതപ്പെടുത്തുക വഴി നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള വിനിമയ വിടവ്‌ ക്രമേണ തീരുകയാണ്‌. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്‌ ഉല്‍പാദന മേഖലയിലെ വിലയല്ല ഉപഭോക്താവ്‌ നല്‍കേണ്ടിവരുന്നത്‌. കൃഷിക്കാര്‍ക്ക്‌ ന്യായമായ വില കിട്ടുന്നില്ല. ഉപഭോക്താക്കള്‍ അന്യായവില നല്‍കുകയും വേണം. ഇടത്തട്ടുകാര്‍ ഗതാഗതച്ചെലവിന്റെ പേരില്‍ മൂന്നും നാലും ഇരട്ടിയായി വില വര്‍ധിപ്പിച്ച്‌ അപഹരിച്ചുകൊണ്ടുപോകുന്ന ധനം അര്‍ഹരായവര്‍ക്ക്‌ കിട്ടാനുള്ള വിവിധ നടപടികള്‍ ഇക്കൊല്ലത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. നാളീകേരത്തിന്‌ ന്യായമായ വില കിട്ടാതെ വിഷമിക്കുന്ന കേരളത്തിലെ തെങ്ങുകൃഷിക്കാരെപ്പോലുള്ളവര്‍ക്ക്‌ ഈ സൗകര്യം ഭാവിയില്‍ പ്രയോജനകരമാകും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്‌ അനേകം നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൃഷിഭൂമിയെ ജൈവവള പ്രയോഗത്തിലൂടെ കൂടുതല്‍ ഉര്‍വരമാക്കും.

 

വളം സബ്സിഡി കൃഷിക്കാര്‍ക്ക്‌ നേരിട്ട്‌ ലഭ്യമാക്കുന്നു. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക്‌ 4000 കോടി രൂപ മാറ്റിവെച്ചു. അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവം നടപ്പാക്കുന്നതിന്‌ പുറമേ രാജ്യത്ത്‌ അഞ്ച്‌ മെഗാഭക്ഷ്യപാര്‍ക്കുകളും സ്ഥാപിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആനുകൂല്യം ഗാര്‍ഹികവൃത്തി ചെയ്യുന്ന ലക്ഷക്കണക്കിന്‌ സ്ത്രീകള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതിനോടൊപ്പം സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള വിഭാഗങ്ങളിലേക്ക്‌ സാമൂഹികനീതിയുടെ കൈത്തിരിവെട്ടം എത്തുകയാണ്‌. ധനക്കമ്മി കുറയ്ക്കുന്നതും പണപ്പെരുപ്പം തടയാന്‍ ശ്രമിക്കുന്നതും അടിസ്ഥാനസൗകര്യ വികസനത്തിന്‌ കൂടുതല്‍ തുക നീക്കിവെക്കുന്നതും ഉള്‍പ്പെടെ ബജറ്റിന്റെ ഗുണപരമായ സവിശേഷതകളെക്കുറിച്ച്‌ സാമ്പത്തിക വിദഗ്ധര്‍ പലകാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. സ്ഥിരവരുമാനക്കാരായ ഇടത്തരക്കാരുടെ ആദായനികുതി ഘടന പുനഃക്രമീകരിച്ചതിലൂടെ ഓരോ നികുതിദായകനും ഉണ്ടാകുന്ന പ്രതിവര്‍ഷ ആനുകൂല്യം ചെറുതല്ല. അറുപത്‌ ശതമാനം പേര്‍ക്ക്‌ ഇതിന്റെ ആശ്വാസം ലഭിക്കുമ്പോള്‍ എട്ടുലക്ഷം രൂപയിന്‍മേല്‍ വാര്‍ഷികവരുമാനം ഉള്ളവര്‍ മാത്രമേ ഇനി സൂപ്പര്‍ ടാക്സ്‌ നല്‍കേണ്ടിവരുന്നുള്ളൂ.


കേന്ദ്രധനമന്ത്രി കേരളത്തെ പാടേ അവഗണിച്ചുവെന്ന്‌ ഇവിടുത്തെ ഭരണാധികാരികള്‍ കുറ്റപ്പെടുത്തുന്നത്‌ കേട്ടു. കേന്ദ്രനികുതി വിഹിതത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 330.38 കോടി രൂപയുടെ വര്‍ധനവാണ്‌ ബജറ്റില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്‌. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ ഓരോന്നിനും അനുവദിച്ച തുകയ്ക്ക്‌ പുറമേ 4900 കോടി രൂപ നികുതിവിഹിതമായി അടുത്ത സാമ്പത്തികവര്‍ഷം ലഭിക്കും. വിവിധ വികസനപദ്ധതികള്‍ക്കായി 1300 കോടി രൂപയുടെ വിദേശവായ്പയെടുക്കാന്‍ കേരളത്തെ അനുവദിക്കുകയും ചെയ്യും. അവയൊക്കെ പ്രയോജനപ്പെടുത്തി ജനങ്ങളെ സഹായിക്കാന്‍ താല്‍പര്യവും കഴിവുമില്ലാത്തവര്‍ കേന്ദ്രത്തെ പതിവുപോലെ കുറ്റപ്പെടുത്തുന്നതില്‍ അല്‍ഭുതമൊന്നുമില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls