ആദിവാസിക്കുടിലില്‍ നിന്ന്‌ സി പി എം ഗ്രഹിച്ച 'ബാല'പാഠങ്ങള്‍

Imageപി. സുജാതന്‍

ക്ലാസ്‌ ആന്‍ഡ്‌ കാസ്റ്റ്‌-വര്‍ഗ്ഗവും വര്‍ഗ്ഗീയതയും. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക്‌ ആശയവ്യക്തത ഉണ്ടാക്കാന്‍ കഴിയാതെപോയ രണ്ട്‌ വാക്കുകളാണിവ.

വിപ്ലവ സാഹചര്യമുണ്ടാക്കുന്നതിന്‌ നിരന്തരമായ വര്‍ഗ്ഗസമരം (ക്ലാസ്‌വാര്‍) നടക്കണമെന്ന്‌ മാര്‍ക്സ്‌ അനുശാസിച്ചു. വ്യവസായവല്‍കൃത പടിഞ്ഞാറന്‍ സാഹചര്യത്തില്‍ അതു ശരിയായിരുന്നു. മുതലാളിയും തൊഴിലാളിയും രണ്ട്‌ വ്യക്തമായ താല്‍പ്പര്യ വര്‍ഗ്ഗങ്ങളെന്ന നിലയില്‍ ഏറ്റുമുട്ടുന്നു. അവിടെ ജാതിയോ മതമോ സംഘര്‍ഷത്തിന്‌ കാരണമല്ല. സാമ്പത്തിക ഉച്ചനീചത്വമാണ്‌ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വര്‍ഗ്ഗപരമായ ഭിന്നിപ്പിന്‌ അടിസ്ഥാനം.


തൊഴിലിന്റെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഉണ്ടായ ചാതുര്‍വണ്യ വ്യവസ്ഥിതിയും ജാതിസമ്പ്രദായവും ഇന്ത്യന്‍ സമൂഹത്തെ കാറല്‍ മാര്‍ക്സിന്റെ ഭാവനയ്ക്ക്‌ അതീതമാക്കി. ഇന്ത്യയില്‍ വര്‍ഗ്ഗങ്ങള്‍ ജാതികളും ഉപജാതികളും നിറഞ്ഞ വര്‍ഗ്ഗീയ സമൂഹമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അവയ്ക്കെല്ലാം അനേകം പ്രാദേശിക ഭേദങ്ങളും ഉണ്ടായിരുന്നു. സമ്പത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലഘുവായി വേര്‍തിരിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായ ഈ സ്ഥിതിവിശേഷം ഇന്ത്യന്‍ വിപ്ലവം പ്രയാസകരമാക്കിതീര്‍ത്തു. പടിഞ്ഞാറുനിന്ന്‌ ചുവന്ന പുറംചട്ടയണിഞ്ഞ പുസ്തകങ്ങളിലൂടെ ഇറക്കുമതി ചെയ്യപ്പെട്ട കമ്യൂണിസം സങ്കീര്‍ണ്ണമായ ഇന്ത്യന്‍ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്ക്‌ തീരെ പൊരുത്തപ്പെട്ടില്ല.

 

വര്‍ഗ്ഗസംഘര്‍ഷത്തിനു പകരം വര്‍ഗ്ഗീയ സംഘര്‍ഷ സമരത്തിന്‌ പ്രേരകമാക്കി കമ്യൂണിസത്തെ ഇന്ത്യയ്ക്ക്‌ ഇണങ്ങുന്നവിധം പൊളിച്ചെഴുതാന്‍ ഇവിടുത്തെ ആചാര്യന്മാര്‍ക്ക്‌ തോന്നിയതുമില്ല. മാര്‍ക്സ്‌ പറഞ്ഞതും ചിന്തിച്ചതുമെല്ലാം ശാസ്ത്രീയമാണെന്ന്‌ അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന്‌ മഹാനായ ലെനിന്‍ വിശേഷിപ്പിച്ച എം.എന്‍.റോയിയോട്‌ അദ്ദേഹം ഉപദേശിച്ചത്‌; വര്‍ഗ്ഗീയമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്‌ പറ്റിയ ഒരു പ്രത്യേക വിപ്ലവമാര്‍ഗ്ഗം പ്രയോഗിക്കാനാണ്‌. 'ക്ലാസ്‌ വാര്‍ അല്ല കാസ്റ്റ്‌ വാര്‍' ഉണ്ടാക്കാനായിരിക്കണം ലെനിന്‍ അര്‍ത്ഥമാക്കിയത്‌. മാനവേന്ദ്രനാഥ റോയി പക്ഷേ 'റാഡിക്കല്‍ ഹ്യൂമനിസം' എന്ന വിപ്ലവാനന്തര പരിഷ്കൃത സമൂഹത്തിലെ വികസിതമാനവീയതയെ സ്വപ്നംകണ്ട്‌ വഴിപിരിഞ്ഞു. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എം.എന്‍.റോയിയെ പിന്‍പറ്റുകയോ ഉള്‍ക്കൊള്ളുകയോ കുറഞ്ഞപക്ഷം ഓര്‍മ്മിക്കുകയോ പോലും ചെയ്തില്ല.


വര്‍ഗ്ഗത്തെക്കുറിച്ചും വര്‍ഗ്ഗീയതയെക്കുറിച്ചും ഇപ്പോള്‍ ഇവിടെ ഇങ്ങനെ ആലോചിക്കാന്‍ ഒരുകാര്യമുണ്ട്‌. ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമായ സി.പി.എം പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയും പ്രത്യേകമായി സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ട്‌ വര്‍ഗ്ഗങ്ങള്‍ മാത്രമല്ല സമൂഹത്തില്‍ ഉള്ളതെന്ന്‌ സി.പി.എം നേതൃത്വം പരോക്ഷമായെങ്കിലും അംഗീകരിക്കുകയാണ്‌. ആദിവാസികള്‍, ഗോത്രസമൂഹങ്ങള്‍, ദളിതര്‍ തുടങ്ങി നൂറ്റാണ്ടുകളായി അടിമത്തവും കഷ്ടപ്പാടും ജീവിതയാതനകളും പേറിക്കഴിയുന്ന കോടാനുകോടി മനുഷ്യര്‍ ഇന്ത്യയിലുണ്ട്‌. ഇന്ത്യന്‍ റിപ്പബ്ലിക്‌ അറുപതു കൊല്ലം പിന്നിട്ടിട്ടും ജനാധിപത്യ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിച്ചേരാന്‍ കഴിയാത്ത അസംഘടിത വിഭാഗങ്ങള്‍.

 

അവര്‍ക്കുവേണ്ടി ആവിഷ്കരിക്കുന്ന ക്ഷേമ വികസന പദ്ധതികള്‍ ഇടത്തട്ടുകാരും ഉദ്യോഗസ്ഥരും അപഹരിക്കുന്നു. ഭൂമിയുടെ ആദിമ അവകാശികളാണ്‌ ആദിവാസികള്‍. അവര്‍ക്ക്‌ കൂരകെട്ടാനും കൃഷിചെയ്യാനും ഒരു തുണ്ട്‌ ഭൂമിയില്ല. പഠിക്കാന്‍ വിദ്യാലയങ്ങളില്ല. രോഗചികിത്സാ സൗകര്യങ്ങളില്ല. സഞ്ചാരപഥങ്ങളില്ല. അറിയാവുന്ന ജോലി ചെയ്യാന്‍ അടിസ്ഥാന സാഹചര്യമില്ല. സാമ്പത്തിക വിനിമയ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അര്‍ദ്ധപട്ടിണിയും അരക്ഷിതാവസ്ഥയുമാണ്‌ ആദിവാസി കോളനികളിലെന്ന്‌ ഈയിടെ കേരളത്തിലെ ഹരിജനക്ഷേമ വകുപ്പുമന്ത്രി എ.കെ.ബാലന്‍ നേരിട്ടുകണ്ടു മനസ്സിലാക്കി. ഏഴ്‌ ദശകം പിന്നിട്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു നേതാവിന്റെ തിരിച്ചറിവ്‌!


ഇന്ത്യയിലെ ആദിവാസികള്‍ മാവോയിസ്റ്റ്‌ തീവ്രവാദികളുടെ സ്വാധീന വലയത്തില്‍പ്പെട്ടിരിക്കുകയാണ്‌. അവരുടെ അരക്ഷിതാവസ്ഥ മുതലെടുത്ത്‌ തീവ്രവാദികള്‍ ഒറീസ, ബീഹാര്‍, മധ്യപ്രദേശ്‌, ജാര്‍ക്കണ്ഡ്‌, പശ്ചിമബംഗാള്‍, യു.പി തുടങ്ങി ഏഴെട്ട്‌ സംസ്ഥാനങ്ങളില്‍ രാജ്യത്തിനാകെ സുരക്ഷിതത്വഭീഷണി ഉയര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നു. വ്യവസ്ഥാപിത കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ സംഘടനാപരമായി തോറ്റസ്ഥലത്ത്‌ തീവ്രവാദികളുടെ മുന്നേറ്റമുണ്ടായി. പശ്ചിമ ബംഗാളിലെ ഇടതുഭരണകൂടത്തിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ്‌ മേദിനിപുര ജില്ലയിലെ മാവോ തീവ്രവാദികള്‍. ആദിവാസികളെയും ദളിതരെയും മറയാക്കി അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ വ്യവസ്ഥാപിത ഭരണകൂടത്തെ വെല്ലുവിളിക്കുകയാണ്‌.


മാവോസേ തൂങ്ങിന്റെ ജന്മനാടായ ചൈനയില്‍ ഇപ്പോള്‍ മാവോയിസം ഇല്ല. കമ്യൂണിസവും പേരിനുമാത്രമേ ഉള്ളൂ. ഏകപാര്‍ട്ടി ഭരണകൂടത്താല്‍ നിയന്ത്രിതമായ ഉല്‍പ്പാദന, വിതരണവ്യവസ്ഥ. നൂറുപുവൂകള്‍ വിരിയുമെന്ന മാവോസൂക്തമൊന്നും ചൈന ഓര്‍ക്കുന്നില്ല. അവര്‍ക്കു വേറെ പണിയുണ്ട്‌. പക്ഷേ നമ്മുടെ രാജ്യത്ത്‌ നൂറു ശവംനാറിപ്പൂവുകളെങ്കിലും വിരിയിക്കുമെന്ന വാശിയില്‍ ബോംബും തോക്കും എടുത്ത്‌ ഇറങ്ങിയിരിക്കുന്നു മാവോ തീവ്രവാദികള്‍.സ്ഥിതിഗതികള്‍ അപകടമാണെന്ന്‌ സി.പി.എം നേതൃത്വം തിരിച്ചറിയുന്നുണ്ട്‌. അടിസ്ഥാന വര്‍ഗ്ഗം കാല്‍കീഴിലെ മണ്ണ്‌ ഒലിച്ചുപോകുന്നതുപോലെ സി.പി.എം വിട്ടുപോകുകയാണ്‌. ദളിതുകളും ആദിവാസികളും ബംഗാളില്‍ മാത്രമല്ല; കേരളത്തിലും പാര്‍ട്ടിയുടെ ശത്രുപാളയത്തില്‍ അണിചേരുന്നു. തലയ്ക്ക്‌ അടിയേറ്റതുപോലെ സി.പി.എം മന്ത്രി ആദിവാസി കുടിലുകള്‍ കയറി ഇറങ്ങി.

 

അവര്‍ക്ക്‌ ഒപ്പം രാത്രി ഭക്ഷണം പങ്കിട്ടു കഴിച്ചു. ഭൂമി പതിച്ചു നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്തു. പറഞ്ഞ സമയത്ത്‌ അവകാശപ്പെട്ട ഭൂമി ലഭിച്ചില്ലെങ്കില്‍ ഇഷ്ടപ്പെട്ട കാട്‌ കയ്യേറിക്കോളാന്‍ മന്ത്രി ആദിവാസികള്‍ക്ക്‌ ഉപദേശവും നല്‍കി. മുമ്പ്‌ ഏതെങ്കിലും മാര്‍ക്സിസ്റ്റ്‌ മന്ത്രി അടിസ്ഥാന വര്‍ഗ്ഗത്തോട്‌ ഇത്രമാത്രം ഔദാര്യം പ്രകടിപ്പിച്ചിട്ടുണ്ടോ? സര്‍ക്കാര്‍ പറഞ്ഞ ഭൂമി തന്നില്ലെങ്കില്‍ വനഭൂമി കയ്യേറിപ്പിടിച്ചോളാന്‍ മന്ത്രി തന്നെ ആഹ്വാനം ചെയ്യുന്നു. വയനാട്ടില്‍ ഈയിടെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ആദിവാസികള്‍ ചില കയ്യേറ്റങ്ങള്‍ നടത്തുകയും ചെയ്തു. മതജാതി വിഭാഗങ്ങളെ അവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകളില്‍ നിന്ന്‌ മോചിപ്പിക്കാനല്ല സി.പി.എം നേതാക്കള്‍ പരിശ്രമിക്കുന്നത്‌. വോട്ട്‌ ബാങ്കുകള്‍ ബലപ്പെടുത്താന്‍ മാത്രമാണ്‌ ശ്രമം. കാറല്‍ മാര്‍ക്സ്‌ വിഭാവന ചെയ്ത വര്‍ഗ്ഗസമരത്തിനുപകരം വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിച്ച്‌ വിപ്ലവത്തിന്‌ രംഗമൊരുക്കാന്‍ നേതാക്കള്‍ക്ക്‌ ആഗ്രഹമില്ല.

 

വിശ്വാസികളും അവിശ്വാസികളും സി.പി.എമ്മിന്‌ വോട്ടുചെയ്താല്‍ മതി.
നാട്ടില്‍ സ്ഥിതി സമത്വം ഉണ്ടാകണമെന്ന്‌ ആരു പറഞ്ഞു? മാത്രമല്ല; അസമത്വവും ഉച്ചനീചത്വവും മാറ്റമില്ലാതെ നിലനിന്നാലല്ലേ സുഖിമാന്മാരായ നേതാക്കളുടെ ക്ഷീരപഥമായി മാറിയ സി.പി.എമ്മിന്‌ ഇങ്ങനെ മുന്നോട്ടു പോകാനാകൂ. പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളിക്കും തൊഴിലാളി നേതാവിനും കാന്റീനില്‍ രണ്ടുതരം ഉച്ചയൂണ്‌ വിളമ്പുന്നു. നേതാവിന്റെ ഭക്ഷണ വിഭവങ്ങളുടെ ബില്ല്‌ എഴുതിക്കൂട്ടിയാല്‍ മൂവായിരം രൂപ കവിയും. തൊഴിലാളി 15 രൂപയുടെ ഊണ്‌ ഉണ്ണുന്നു. സഖാവേ, വര്‍ഗ്ഗസമരത്തിലൂടെ എന്നെങ്കിലും നമ്മുടെ നാട്ടില്‍ മാറ്റമുണ്ടാകുമെന്ന്‌ വിശ്വസിക്കാന്‍ തക്ക മണ്ടന്മാരാണോ മലയാളികള്‍?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls