ഇതിനപ്പുറം ഇല്ല

Imageസച്ചിന്‍ 200 നോട്ടൗട്ട്‌; ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍; മറികടന്നത്‌ കോവെന്‍ട്രിയേയും അന്‍വറിനെയും

ഗ്വാളിയോര്‍: അവിസ്മരണീയം, അനിര്‍വചനീയം, ഒന്നും അതിശയോക്തിയാവില്ല.

ഇന്ത്യ ജന്മം നല്‍കിയ ലോക ക്രിക്കറ്റിലെ അതികായന്‍ ഗ്വാളിയോറിലെ ക്യാപ്റ്റന്‍ രൂപ്‌ സിംഗ്‌ സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയപ്പോള്‍ മറ്റൊരു ലോക റെക്കോഡ്‌ കൂടി അടര്‍ന്നു വീണു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വപ്ന കുതിപ്പിന്‌ ആക്കമേകാന്‍ മറ്റൊന്നു കൂടി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഇനി സച്ചിനെന്ന കുറിയ മനുഷ്യന്റെ പേരില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സച്ചിന്‍ അടിച്ചു കൂട്ടിയത്‌ 200 റണ്‍സാണ്‌, അതും പുറത്താകാതെ. ചരിത്രത്തിലാദ്യമായി ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യതാരമെന്ന ബഹുമതിയും സച്ചിന്റെ പൊന്‍കിരീടത്തില്‍ പതിഞ്ഞു.


സിംബാബ്‌വെയുടെ ചാള്‍സ്‌ കോവെന്‍ട്രിയുടെയും പാക്കിസ്ഥാന്റെ സയ്യീദ്‌ അന്‍വറിന്റെയും പേരിലുണ്ടായിരുന്ന 194 റണ്‍സിന്റെ റെക്കോഡാണ്‌ സച്ചിന്‍ മറികടന്നത്‌. 1994 ല്‍ ചെന്നൈയില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു അന്‍വറിന്റെ ലോക റെക്കോഡ്‌. പരമ്പരഗാത വൈരിയായ പാക്കിസ്ഥാന്റെ ഒരു താരം ഇന്ത്യന്‍ മണ്ണില്‍ നേടിയ ലോകറെക്കോഡ്‌ തീരാവേദനയായി അവശേഷിക്കുമ്പോഴാണ്‌ സച്ചിന്‍ എന്ന ക്രിക്കറ്റ്‌ 'ദൈവം' രക്ഷകനായി അവതരിച്ചത്‌. ദക്ഷിണാഫ്രിക്കയെ പോലെ വമ്പന്‍ ടീമിനെതിരെയാണ്‌ സച്ചിന്റെ റെക്കോഡെന്നതും സവിശേഷതയര്‍ഹിക്കുന്നു.


ബംഗ്ലാദേശിനെതിരായായിരുന്നു കോവെന്‍ട്രിയുടെ 194 നോട്ടൗട്ട്‌ പ്രകടനം. ക്രിക്കറ്റ്‌ ലോകത്തെ ശിശുക്കളുടെ പോരാട്ടത്തിലായിരുന്നു കോവെന്‍ട്രിയുടെ റെക്കോഡെങ്കിലും നിറം മങ്ങുന്നില്ല. 2009 ഓഗസ്റ്റില്‍ സിംബാബ്‌വെന്‍ തലസ്ഥാനമായ ഹരാരെയിലായിരുന്നു കോവെന്‍ട്രിയുടെ പ്രകടനം. 1984 ല്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ്‌ ഇതിഹാസ ബാറ്റ്സ്മാന്‍ വിവിയന്‍ റിച്ചാര്‍ഡ്സണ്‍ 189 റണ്‍സുമായി പുറത്താകാതെ നിന്നിട്ടുണ്ട്‌.
എന്നാല്‍ സച്ചിന്റെ പ്രകടനം ഏവരെയും അതിശയിപ്പിച്ചു. 147 പന്തുകളില്‍ നിന്ന്‌ 25 ഫോറിന്റെയും മൂന്ന്‌ സിക്സറിന്റെയും അകമ്പടിയോടെയായിരുന്നു സച്ചിന്റെ ഇരട്ട ശതകം. ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു ലോകം കാത്തിരുന്ന ആ റണ്‍ പിറന്നത്‌.


ഒരു വശത്ത്‌ മഹേന്ദ്ര സിംഗ്‌ ധോണി സിക്സും ഫോറും പറത്തുമ്പോള്‍ കാണികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, സച്ചിന്റെ ഇരട്ട ശതകത്തിനായി. ഒടുവില്‍ വെയ്ന്‍ പാര്‍നല്‍ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത്‌ സിംഗിളിലേക്ക്‌ തട്ടിയിട്ട്‌ സച്ചിന്‍ ലോകത്തിന്റെ നെറുകയിലെത്തി. ക്രിക്കറ്റ്‌ ലോകത്ത്‌ പിറവിയെടുത്ത റെക്കോഡുകളിലേറെയും സ്വന്തം പേരില്‍ കുറിച്ച്‌ സച്ചിന്‍ മുന്നേറുകയാണ്‌, ഇനിയും നേട്ടങ്ങള്‍ക്കായി.
സച്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ നിശ്ചിത 50 ഓവറില്‍ മൂന്നിന്‌ 401 എന്ന കൂറ്റന്‍ സ്കോറില്‍ ഇന്ത്യ എത്തിപ്പെട്ടു. ഓപ്പണറായി എത്തിയ സച്ചിന്‍ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക്‌ അവസരം നല്‍കിയില്ല.

 

ഓപ്പണിങ്‌ പങ്കാളി വീരേന്ദ്ര സെവാഗിനെ സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ നഷ്ടമായെങ്കിലും ആ പ്രതിഭ തളര്‍ന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ ദിനേശ്‌ കാര്‍ത്തിക്കിനെ കൂട്ടു പിടിച്ച്‌ രണ്ടാം വിക്കറ്റില്‍ 194 റണ്‍സ്‌ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ യൂസഫ്‌ പത്താനുമായി ചേര്‍ന്ന്‌ 89 റണ്‍സ്‌ എഴുതിച്ചേര്‍ക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായി.
എന്നാല്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയും സച്ചിനും ഒന്നിച്ചപ്പോഴാണ്‌ റണ്‍ മഴ പെയ്തത്‌. നാലാം വിക്കറ്റില്‍ 54 പന്തുകള്‍ നേരിട്ട ഇരുവരും എഴുതിച്ചേര്‍ത്തത്‌ 101 റണ്‍സാണ്‌. ഈ കൂട്ടുകെട്ടാണ്‌ ഇന്ത്യന്‍ സ്കോര്‍ 400 കടത്തിയതും.


നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി രണ്ടാമതൊന്ന്‌ ആലോചിക്കാതെ ബാറ്റിങ്‌ തെരഞ്ഞെടുത്തു. സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദ്ര സെവാഗും ചേര്‍ന്നാണ്‌ ഇന്നിംഗ്സ്‌ തുടങ്ങിയത്‌. സ്ഫോടനാത്മക ബാറ്റ്സ്മാന്‍ സെവാഗിന്‌ അധികം ആയുസുണ്ടായില്ല. 11 പന്തില്‍ നിന്ന്‌ ഒരു ഫോറിന്റെ അകമ്പടിയോടെ ഒമ്പത്‌ റണ്‍സെടുത്ത വീരുവിനെ വെയ്ന്‍ പാര്‍നല്‍ മടക്കി. ഡെയ്‌ല്‌ സ്റ്റെയ്ന്‍ പിടികൂടുകയായിരുന്നു.
പക്ഷെ ദക്ഷിണാഫ്രിക്കയുടെ ആഹ്ലാദം അധികം നീണ്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ടീമിലിടം നേടിയ ദിനേശ്‌ കാര്‍ത്തിക്ക്‌ പതിവ്‌ തെറ്റിച്ചില്ല. സച്ചിന്റെ ഉറച്ച പങ്കാളിയായി കാര്‍ത്തിക്ക്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു. ക്ഷമാപൂര്‍വമായിരുന്നു കാര്‍ത്തിക്കിന്റെ ബാറ്റിങ്ങെങ്കില്‍ സച്ചിന്‍ നിഷ്പ്രയാസം ബൗളര്‍മാരെ നേരിട്ടു. അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയും കടന്ന്‌ സച്ചിന്‍ കുതിക്കുമ്പോള്‍ ജാക്ക്‌ കാലിസും കൂട്ടരും നിശബ്ദരായി. സ്കോര്‍ 219 ല്‍ നില്‍ക്കുമ്പോഴാണ്‌ അടുത്ത വിക്കറ്റ്‌ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായത്‌. പാര്‍നലിന്‌ തന്നെയായിരുന്നു കാര്‍ത്തിക്കിന്റെ വിക്കറ്റും. ഹെര്‍ഷ്ലെ ഗിബ്സ്‌ പിടികൂടുകയായിരുന്നു. 85 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയുടെയും മൂന്ന്‌ സിക്സറിന്റെയും സഹായത്താല്‍ കാര്‍ത്തിക്ക്‌ 79 റണ്‍സ്‌ നേടി.


യൂസഫ്‌ പത്താനാണ്‌ അടുത്തതായി ക്രീസിലെത്തിയത്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറം മങ്ങുന്ന പത്താന്‍ പക്ഷെ ഈ തവണ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. 23 പന്തില്‍ നിന്ന്‌ നാല്‌ ഫോറിന്റെയും രണ്ട്‌ സിക്സറിന്റെയും സഹായത്താല്‍ 36 റണ്‍സെടുത്ത പത്താന്‍ വാന്‍ ഡര്‍ മെര്‍വിന്റെ ഇരയായി. പക്ഷെ ധോണിയും സച്ചിനും ഒന്നിച്ചപ്പോള്‍ ബൗണ്ടറി ലൈനിനപ്പുറത്തു നിന്ന്‌ പന്തെടുക്കാന്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ക്ക്‌ നേരമുണ്ടായുള്ളൂ. ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ അര്‍ധ സെഞ്ച്വറികളില്‍ ഒന്ന്‌ സ്വന്തമാക്കിയ ധോണി 35 പന്തില്‍ നിന്ന്‌ 68 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു ഫോറും നാല്‌ സിക്സും ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്സിന്‌ ചാരുതയേകി.


ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറെ തല്ലുവാങ്ങിയത്‌ വെയ്ന്‍ പാര്‍നലായിരുന്നു. പത്തോവറില്‍ നിന്ന്‌ 95 റണ്‍സ്‌ വഴങ്ങിയാണ്‌ പാര്‍നല്‍ രണ്ടു വിക്കേറ്റ്ടുത്തത്‌. ലോക ഒന്നാം നമ്പര്‍ ബൗളര്‍ ഡെയ്‌ല്‌ സ്റ്റെയ്ന്‍ 89 റണ്‍സ്‌ വിട്ടുകൊടുത്തു. 62 റണ്‍സ്‌ വഴങ്ങി ഒരു വിക്കേറ്റ്ടുത്ത വാന്‍ഡര്‍ മെര്‍വാണ്‌ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls