|
എം.എ.വാഹിദ് എം.എല്‍.എ
ആവാസവ്യവസ്ഥയുടെ ആരംഭകാലങ്ങളില്‍ അവയുടെ ഉറവിടം നീര്‍ത്തടങ്ങളായിരുന്നു. വാഹനങ്ങളുടെ വരവോടെ വഴിയോരങ്ങളിലായി നമ്മുടെ പാര്‍പ്പിടങ്ങള്‍.
ഇന്ന് നാഗരികതയുടെ ചിഹ്നം തന്നെ തെരുവുകളായിരിക്കുന്നു. യാത്രകള്‍ നിത്യജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമായപ്പോള്‍ പെരുവഴികള്‍ക്കിരുപുറങ്ങളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കാന്‍ തുടങ്ങി. കേരള ത്തിലെവിടെ നോക്കിയാലും വീടുകളും വ്യാപാരസ്ഥാപനങ്ങളും ദേവാലയങ്ങളും സാമൂഹ്യസംഘടനകളുടെ ആസ്ഥാനങ്ങളും അധികമായി സ്ഥിതിചെയ്യുന്നത് നിരത്തുവക്കുകളിലാണ്. അത്രയ്ക്കുപ്രസക്തിയുണ്ട് ഈ റോഡുകള്‍ക്കു നമ്മുടെ സാമൂഹികജീവിതത്തില്‍. കാലാകാലങ്ങളിലുണ്ടാകുന്ന സാമൂഹികാവശ്യങ്ങള്‍ക്കനുസരിച്ച് ഈ റോഡുകള്‍ വികസിപ്പിച്ചേതീരു. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു ചിത്രമാണ് ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുളള നിര്‍ദ്ദിഷ്ട റോഡുവികസന പദ്ധതിയില്‍കാണുന്നത്. ജനങ്ങള്‍ക്കു വേണ്ടിയുളള റോഡുവികസ നത്തിന്റെ മറവില്‍ ഈ പ്രദേശങ്ങളിലെ ജനജീവിതത്തെ തകര്‍ത്തുതരിപ്പണമാക്കുന്നതാണ് വരാന്‍പോകുന്ന നാലുവരിപ്പാത. വളവില്ലാത്ത റോഡ് എന്ന ലക്ഷ്യത്തോടുകൂടി സാറ്റലൈറ്റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതെന്ന ഭാഷ്യത്തോടെ വമ്പന്‍മാരെയും ഭൂമാഫിയകളെയും സംരക്ഷിച്ചുകൊണ്ടുളള പ്രസ്തുതപ്ലാന്‍ അനുസരിച്ച് റോഡുവികസിപ്പിക്കുന്നതിന് ചിലയിടങ്ങളില്‍ കിഴക്കും ചിലയിടങ്ങളില്‍ പടിഞ്ഞാറും മറ്റു ചിലയിടങ്ങളില്‍ ഇരുവശങ്ങളിലും നിന്ന് വസ്തുക്കള്‍ ഏറ്റെടുക്കേണ്ടിവരും. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തേണ്ടിവരും. പതിനായിര ങ്ങള്‍ ഭൂരഹിതരാകും. ആസ്ഥാനമന്ദിരങ്ങളില്ലാതെ ഓഫീസുകള്‍ തെരുവിലാകും. കച്ചവടസ്ഥാ പനങ്ങള്‍ ഇല്ലാതാകും. ശാന്തിയും സമാധാനവും തേടി ആളുകളെത്തുന്ന ദേവാലയങ്ങള്‍ പോലും തകര്‍ക്കപ്പെടും. സ്കൂള്‍കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുമ്പോള്‍ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ പഠിത്തം മുടങ്ങും. വീടുകള്‍ നഷ്ടപ്പെട്ടവര്‍ തെരുവില്‍ അലയും. തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ വഴിയാധാരമാകും. നാട്ടില്‍ പട്ടിണിപെരുകും.
സാമൂഹ്യവിരുദ്ധരുടെയും തെരുവുഗൂണ്ടകളുടെയും പുതിയ തലമുറ വളര്‍ന്നുവരും. ഇനി ഇതെല്ലാം തരണം ചെയ്ത് റോഡുവികസനം പൂര്‍ത്തിയായി എന്നിരിക്കട്ടെ. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഓരോ പത്തു കിലോമീറ്ററിനും കുത്തകക്കമ്പനി നിശ്ചയിക്കുന്നടോള്‍ നല്‍കേണ്ടിവരും. ബസ്-ഓട്ടോ-ടാക്സി ചാര്‍ജ്ജുകള്‍ കൂടുമെന്നുമാത്രമല്ല എല്ലാ മേഖലകളിലും ജീവിതച്ചെലവ് ദുസ്സഹമാംവിധം വര്‍ദ്ധിക്കും. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര മുച്ചക്രവാഹനങ്ങള്‍ക്കും റോഡില്‍പ്രവേശനമേഇല്ല. വശങ്ങളിലെ സര്‍വീസ് റോഡിനും നാലുവരിപ്പാതയ്ക്കുമിടയില്‍ 5 അടി ഉയരത്തില്‍ മതിലുണ്ടായിരിക്കും. അതിനാല്‍ റോഡു മുറിച്ചുകടക്കാന്‍ സാധ്യമല്ല. അര കിലോമീറ്ററിലധികം നടന്ന് 165 അടി ദൂരം തുരങ്കത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ റോഡിനു പടിഞ്ഞാറു വശത്തു താമസിക്കുന്ന വൃദ്ധനു റോഡിനു കിഴക്കുളള ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്താന്‍ സാധിക്കുകയുളളു. റോഡിനെതിര്‍വശത്തു താമസിക്കുന്ന മകളെക്കാണാന്‍ പോകുന്ന അമ്മയുടെ കഴുത്തില്‍ പൊന്നിന്റെ പൊടിയെങ്കിലുമുണ്ടെങ്കില്‍ കേരളത്തിലെ ഇന്നത്തെ സാഹചര്യം വച്ചുനോക്കുമ്പോള്‍ മകള്‍ക്ക് അമ്മയെ ജീവനോടെ കാണാന്‍ കഴിയുമെന്നതിനു തന്നെ ഉറപ്പൊന്നുമില്ല. തുരങ്കത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടെങ്കില്‍ തന്നെ വെളിച്ചമുണ്ടെന്നാരു കണ്ടു? സര്‍വീസ് റോഡില്‍ 40 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അടിയന്തിരമായി ആശുപത്രിയിലെത്തുന്നതിന് നാലുവരിപ്പാതയിലൂടെ തന്നെ പോകണം. അഥവാ അങ്ങനെയല്ലെങ്കില്‍ ആശുപത്രിയിലെത്തും മുമ്പ് രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചുപോകാം. സര്‍വീസ് റോഡിലൂടെ 5 കിലോമീറ്റര്‍ യാത്രചെയ്താല്‍ മാത്രമേ മറുവശത്തേക്കുളള അടിപ്പാത കാണാനാകൂ. ഗ്രാമീണറോഡുകള്‍ക്ക് സര്‍വീസ് റോഡുകളിലേക്ക് നേരിട്ട് പ്രവേശനമില്ല എന്നതിനാല്‍ യാത്രയുടെ ദൂരം പിന്നെയും വര്‍ദ്ധിക്കും. നാലുവരിപ്പാതയിലെ സഞ്ചാരികള്‍ക്കു മാത്രമായി ടോള്‍സെന്ററുകളില്‍ ഭക്ഷണശാലകളും ബാറും സുപ്പര്‍മാര്‍ക്കറ്റുകളുമുളളതിനാല്‍ ചെറുകിടഹോട്ടലുടമകളും കച്ചവടക്കാരും ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കത്തെത്തും. ഹൈവേ സൈഡില്‍ വ്യാപാരസ്ഥാപനങ്ങളുടെ സാധ്യതകള്‍ ഇല്ലാതാകുന്നതോടെ വന്‍വില കൊടുത്തു റോഡരുകില്‍ വസ്തുവാങ്ങിയവര്‍ക്ക് ഈ രണ്ടുംനാലും സെന്റ് വസ്തുക്കളില്‍ ചേനയും കാച്ചിലും നട്ടു കാലം കഴിക്കേണ്ടിവരും. മറുനാട്ടില്‍ നിന്നെത്തുന്ന വിഭവങ്ങളെ ആശ്രയിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മലയാളിക്ക് ഓരോ പത്തു കിലോമീറ്ററിനും ടോള്‍ കൊടുത്തു കൊണ്ടുവരുന്ന സാധനങ്ങള്‍ വാങ്ങുന്നതിന് ഇന്നത്തേതിന്റെ ഇരട്ടി വില നല്‍കേണ്ടി വരും.ഇതൊക്കെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന റോഡുവികസനം കൊണ്ടുളള നേട്ടങ്ങള്‍. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഈ വികസനം കൊണ്ടുവരുന്നത്?. ബഹുരാഷ്ട്രക്കുത്തകകളെ പോഷിപ്പിക്കാന്‍ വേണ്ടിയുളള ഈ വികസനപദ്ധതി നാട്ടുകാരന്റെ നടുവൊടിക്കു മെന്നതു തര്‍ക്കമറ്റ സംഗതിയാണ്. മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആവാസഘടനയല്ല കേരളത്തിലേത്. അവിടെല്ലാം കിലോമീറ്ററുകള്‍ താണ്ടിവേണം ഒരു ജനവാസകേന്ദ്രത്തില്‍ നിന്ന് അടുത്ത ജനവാസസ്ഥാനമായ ഗ്രാമത്തിലെത്താന്‍. അങ്ങനെ നോക്കുമ്പോള്‍ കേരളം ഒന്നാകെ ഒരു ഗ്രാമമാണെന്നുവേണം പറയാന്‍. കേരളത്തില്‍ ജനസാന്ദ്രത ഏറ്റവും കൂടിയ ഇടങ്ങളാണ് ഹൈവേപരിസരങ്ങള്‍. അതുകൊണ്ട് ഹൈവേവികസനത്തിന്റെ ഭാഗമായി ഈ പദ്ധതി നടപ്പാക്കുന്നത് പ്രായോഗികവുമല്ല. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുളള ദൂരം നാഷണല്‍ ഹൈവേക്ക് ഇപ്പോള്‍ 3035 മീറ്റര്‍ വീതിയില്‍ വസ്തു സ്വന്തമായുണ്ട്. അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുളള ദേശീയപാതയുടെ മാതൃകയില്‍ റോഡുവികസിപ്പിക്കാന്‍ ഈ സ്ഥലം ധാരാളം മതിയാകുന്നതാണ്. എന്നിട്ടും എന്തിനാണ് അതൊന്നും പോരാതെ ഇവിടെ എല്ലാം തച്ചുടയ്ക്കാന്‍ മാത്രമായുളള ഈ വികസനപദ്ധതി? ഇതു വികസനമോ നശീകരണമോ? എം.കെ.മുനീര്‍ എക്സ്പ്രസ് ഹൈവേക്കു ഗ്രീന്‍ സിഗ്നല്‍ നല്‍കിയപ്പോള്‍ എതിര്‍ത്തവരാണ് ഈ റോഡുവികസനത്തിന്റെ വക്താക്കളില്‍ പലരും. താരതമ്യേന ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെ കടന്നുപോകുമായിരുന്ന എക്സ്പ്രസ് ഹൈവേ കേരളത്തെ വിഭജിക്കുന്നു എന്നായിരുന്നു അന്നത്തെ മുറവിളി. ഇന്നു വിഭജനം മാത്രമല്ല ജനങ്ങള്‍ ഇതുവരെ നേടിയതത്രയും തകര്‍ക്കപ്പെടുകയാണ്. ക്രിസ്ത്യന്‍-മുസ്ലിംപളളികളും ഹൈന്ദവക്ഷേത്രങ്ങളും ഇടിച്ചു നിരത്തും. ലോകത്തെവിടെയുമുളള മലയാളികളുടെ അഭിമാനസ്തംഭമായി തലഉയര്‍ത്തിനില്‍ക്കുന്ന മഹാദേവാലയമായ തോന്നയ്ക്കലെ ആശാന്‍സ്മാരകം മണ്ണടിയും. കല്ലുവാതുക്കലുളള ഇളംകുളം കുഞ്ഞന്‍പിളള സ്മാരകവും ഇടിച്ചുപൊളിക്കും. അങ്ങനെ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുളള കോടിക്കണക്കിനു രൂപയുടെ നിര്‍മ്മാണങ്ങള്‍ നമുക്കു മുന്നില്‍ തകര്‍ന്നു വീഴും.എക്സ്പ്രസ് ഹൈവേക്കെതിരെ മുറവിളി കൂട്ടിയവര്‍ ദേശസ്നേഹികളോ വിധ്വംസകശക്തികളോ എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്‍.ഡി.എഫ്. ഗവണ്മന്റുകളുടെ മുഖ്യതകരാറ് വിപ്ലവകാരികളെന്ന് സ്വയം വീമ്പിളക്കുമ്പോഴും അനിവാര്യമായ മാറ്റങ്ങളെപ്പോലും സ്വമേധയാ സ്വാഗതം ചെയ്യാന്‍ അവര്‍ സന്നദ്ധരല്ല എന്നുളളതാണ്. ഒടുവില്‍ പരിഷ്കാരങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കേണ്ടിവരുമ്പോള്‍ ഉദ്യോഗസ്ഥരുടെ തന്നിഷ്ടവും അഴിമതിക്കാരുടെ കടന്നുകയറ്റവും കൊണ്ട് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന മഹാദുരന്തമായി അതു മാറിക്കഴിഞ്ഞിരിക്കും. ഓട്ടോമേഷന്‍, പ്രീഡിഗ്രി ബോര്‍ഡ്, സ്മാര്‍ട്ട് സിറ്റി, എ.ഡി.ബി.വായ്പ, ലോകബാങ്ക് സഹായം ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട് ! ഇവിടെയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ സന്നദ്ധരല്ല. നാടെങ്ങും ശക്തമായ പ്രതിഷേധമുയരുകയാണ്. ജനങ്ങളുടെ പ്രതിഷേധം റോഡുവികസനത്തിന്റെ നേര്‍ക്കല്ല, വികസനവിഷയത്തിലുളള സര്‍ക്കാരിന്റെ സമീപനത്തോടാണ്. ചേര്‍ത്തലയ്ക്കും കഴക്കൂട്ടത്തിനുമിടയിലുളള എത്രയോ വിദ്യാലയങ്ങളിടിച്ചു തകര്‍ക്കുന്നു.
ദേവാലയങ്ങള്‍ തച്ചുതകര്‍ക്കുന്നു. മറ്റു പൊതു സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു. എന്നാല്‍ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒറ്റ ബാറിനെപ്പോലും ഈ റോഡു വികസനം സ്പര്‍ശിക്കുന്നില്ല. കിഴക്കുവശത്തു ബാറുളളിടത്ത് വികസനം പടിഞ്ഞാട്ടേക്ക് ഒഴിഞ്ഞു പോകുന്നു. പടിഞ്ഞാറു ബാര്‍ഹോട്ടല്‍ ഉളളിടത്ത് റോഡു പോകുന്നതു കിഴക്കുമാറിയാണ്. വിദ്യാലയങ്ങളെക്കാള്‍ മഹത്തരമാണോ ബാര്‍ഹോട്ടലുകള്‍? ദൈവങ്ങളെക്കാള്‍ വലിയവരാണോ ബാറുടമകള്‍? ഇതില്‍ അഴിമതിയുണ്ടെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ഒന്നും രണ്ടുമല്ല അമ്പതുകോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ അഴിമതിയെയാണ് അവര്‍ എതിര്‍ക്കുന്നത്.
നമുക്കു വേഗത്തില്‍ യാത്രചെയ്യണം. അതിന് റോഡുവികസനം കൂടിയേതീരൂ. എന്നാല്‍ അതു നിലവിലുളള ജനജീവിതത്തെ അട്ടിമറിച്ചുകൊണ്ടാകരുത്. നമുക്ക് വേണ്ടിയിരുന്നത് എക്സ്പ്രസ് ഹൈവേയാണെന്ന് ഈ സര്‍ക്കാര്‍ ഇപ്പോഴെങ്കിലും സമ്മതിക്കണം. ഇനി ഇതേക്കുറിച്ചോര്‍ത്തിട്ടോ ആരെയെങ്കിലും പഴിപറഞ്ഞിട്ടോ കാര്യമില്ല. എക്സ്പ്രസ്സ് ഹൈവേക്കുവേണ്ടി സര്‍വേചെയ്ത വിജനഭൂമികള്‍ ഇപ്പോള്‍ ഹൗസിംഗ് കോളനികളായി മാറിയിട്ടുണ്ടാവും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ വസ്തു നഷ്ടപ്പെടുന്നവരുടെ മേല്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ മേലും വന്നു പതിക്കുന്ന ഇടിമിന്നലായിരിക്കും ഇപ്പോള്‍ ഇവിടെ വരാന്‍ പോകുന്ന ഹൈവേവികസനം എന്ന കാര്യത്തില്‍ സംശയമില്ല. ഇതുമൂലമുണ്ടാകുന്ന സാമൂഹികദുരന്തം ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നാമിപ്പോള്‍ ചിന്തിക്കേണ്ടത്.
പൂര്‍ണമനസ്സോടെയല്ലെങ്കില്‍കൂടി അതിവേഗപാതകളോടും ബി.ഒ.റ്റി. റോഡ് എന്ന ആശയത്തോടും മുഖം തിരിഞ്ഞു നില്‍ക്കാന്‍ ഇനി ആര്‍ക്കും സാധ്യമല്ല. അതിവേഗപാതയുടെ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ഒരു പക്ഷേ, അതിസമ്പന്നരും സമൂഹത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരുമായിരിക്കാം. മൊത്തം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഭൂരിപക്ഷം ന്യൂനപക്ഷമാണെന്നു നാം ഓര്‍ക്കണം. ഈ ന്യൂനപക്ഷത്തിന്റെ സൗഖ്യത്തെക്കരുതി നാം ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ ഭൂരിപക്ഷമായ സാമാന്യജനതയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാകാമോ എന്നതാണ് ഇവിടെ സംഗതമായ പ്രശ്നം. ഇത് വസ്തു നഷ്ടപ്പെടുന്നവരുടെ മാത്രം വിഷയമല്ലെന്നും നാം മനസ്സിലാക്കണം. ഇന്നത്തെ നാഷണല്‍ ഹൈവേയുടെ പരിസരങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും വികാരമാണ്. നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിലൂടെ വേര്‍പെടുത്തുന്ന ഹൈവേക്കിരുവശവുമുളള ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തടങ്കലിലാവുകയാണ്. അവരുടെ ജീവിതത്തിനുമേല്‍ വന്നു വീണിരിക്കുന്ന ദുരന്തത്തിനെതിരെയാണ് അവര്‍ പ്രതികരിക്കുന്നത്. ഇതിനു പുറമേയാണ് കോടിക്കണക്കിനു രൂപയുടെ നിര്‍മ്മാണങ്ങള്‍ ഇടിച്ചുനിരത്തുമ്പോഴുണ്ടാകുന്ന ദേശീയനഷ്ടത്തിന്റെ കണക്ക്.ഇതിനുളള ഏകപരിഹാരം ഇപ്പോഴുളള ഹൈവേ അരൂര്‍-ചേര്‍ത്തലറോഡിന്റെ മാതൃകയില്‍ വികസിപ്പിക്കുകയും ഈ 30 മീറ്റര്‍ റോഡിനു മുകളില്‍ രണ്ടാം നിലയായി ബി.ഒ.റ്റി. റോഡ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുക എന്നുളളതാണ്. ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നതിലൂടെ രാഷ്ട്രത്തിനു നേട്ടങ്ങള്‍ പലതുണ്ട്.
1. ഒരു ഇഞ്ച് ഭൂമി പോലും ഗവണ്‍മെന്റ് ഏറ്റെടുത്തു നല്‍കേണ്ടി വരുന്നില്ല. ഭൂമി ഏറ്റെടുത്തു നല്‍കുന്ന പക്ഷം സെന്റിന് ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപവരെയുളള നിരക്കില്‍ ലക്ഷക്കണക്കിനു കോടികളാകും വസ്തുവിലയിനത്തില്‍ ഗവണ്‍മെന്റ് ചിലവഴിക്കേണ്ടിവരുന്നത്. ഈ തുകയത്രയും ലാഭിക്കാന്‍ ഗവണ്‍മെന്റിനു കഴിയും. 2. ഉയര്‍ന്ന വിലയ്ക്കു വേണ്ടി ആയിരക്കണക്കിനുവസ്തു ഉടമകള്‍ കോടതിയെ സമീപിക്കു മ്പോള്‍ ഗവണ്‍മെന്റിനുണ്ടാവുന്നബുദ്ധിമുട്ടുകളും ഭാവിയിലുണ്ടാകാവുന്ന അധികസാ മ്പത്തികബാധ്യതകളും ഇപ്പോള്‍തന്നെ ഒഴിവാക്കാം. 3.പൊന്നുംവിലയ്ക്കെടുക്കുന്ന സ്ഥലങ്ങളിലെ കോടിക്കണക്കിനു രൂപ വിലയുളള നിര്‍മ്മാണങ്ങള്‍ ഇടിച്ചു നിരത്തുന്നതിലൂടെ സംഭവിക്കാവുന്ന വമ്പിച്ച ദേശീയനഷ്ടം ഇല്ലാതാക്കം. 4. പൈതൃകസമ്പത്തുകള്‍ നശിപ്പിച്ചു കൊണ്ടല്ല വികസനമുണ്ടാക്കേണ്ടത് എന്ന തിരിച്ചറിവുളളവരാണ് പരിഷ്കൃതരാഷ്ട്രങ്ങളെല്ലാം. വിദേശങ്ങളില്‍ പഴമയെ സംരക്ഷിച്ചു കൊണ്ടുമാത്രമാണ് ജനങ്ങളും ഭരണാധികാരികളും പുതുമയെ സ്വാഗതം ചെയ്യുന്നതെന്ന് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുളളവര്‍ക്കറിയാം. വികസനമെന്നാലെന്തെന്നു തിരിച്ചറിഞ്ഞുകൂടാത്ത നമ്മള്‍ മാത്രമാണ് പഴയതിനെയെല്ലാം ഉടച്ചുകളയുന്നവര്‍. ഭാവിയില്‍ പൈതൃകം കുളം തോണ്ടിയവര്‍ എന്ന വിദേശികളുടെ പരിഹാസത്തില്‍ നിന്നു നമുക്കു രക്ഷപ്പെടാം. 5. ഒരു വിഭാഗം ജനങ്ങളെ തീരാദു:ഖത്തിലാഴ്ത്തി കണ്ണീര്‍കുടിപ്പിക്കുന്ന നടപടികളില്‍ നിന്നു പിന്‍വാങ്ങാന്‍ കഴിഞ്ഞതില്‍ ഗവണ്‍മെന്റിന് അഭിമാനിക്കാം. 6. വസ്തു പൊന്നും വിലയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ടു ഗവണ്‍മെന്റിനു വിനിയോഗിക്കേണ്ടിവരുമായിരുന്ന ധനവും ഊര്‍ജ്ജവും സാമാന്യജനങ്ങളുടെ ജീവിതനിലവാരമുയര്‍ത്തുന്ന യഥാര്‍ത്ഥവികസനത്തിനായി ചെലവിടാം. 7. മുംബൈ പട്ടണത്തിലെ മേല്‍പാലറോഡുമാതൃകയില്‍ കേരളത്തിലെ എക്സ് പ്രസ്സ് ഹൈവേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍, എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒഴിവാകാനും എത്രയും വേഗം റോഡ് യാഥാര്‍ത്ഥ്യമാക്കാനും കഴിയും. എല്ലാ ജനങ്ങള്‍ക്കും സ്വീകാര്യമായേക്കാവുന്നതും രാജ്യപുരോഗതിക്ക് അഭിലഷണീയവുമായ നിര്‍ദ്ദേശങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. വെട്ടിനിരത്തല്‍ സുഗമവും ക്ഷിപ്രസാധ്യവുമാണ്.
അധികാരത്തിലിരുന്നുകൊണ്ടാകുമ്പോള്‍ പറയാനുമില്ല. നിര്‍മ്മാണവും സംരക്ഷണവുമാണ് ക്ലേശകരം. ഉണ്ടായതെന്തും ഉന്‍മൂലനം ചെയ്യുകയല്ല, നിലനിര്‍ത്തുകയാണ് സംസ്കൃതിയുടെ അടയാളം. വിലപ്പെട്ട നിര്‍മ്മിതികള്‍ ഏറ്റെടുത്തു നശിപ്പിക്കുവാന്‍ തീരുമാനിക്കുന്നതിനു മുമ്പ് ഗവണ്‍മെന്റ് ഒരിക്കല്‍ കൂടി ചിന്തിക്കുക - പൊയ്പോയ തലമുറകളുടെ ഈടുവയ്പ്പുകള്‍ നാം എന്തിനു തച്ചുടയ്ക്കണം? വിലമതിക്കാനാകാത്ത സമ്പത്ത് നാം എന്തിനു നഷ്ടപ്പെടുത്തണം? ഈയൊരു വീണ്ടുവിചാരത്തിനു തയ്യാറായില്ലെങ്കില്‍ കാലം നമുക്കു മാപ്പു നല്‍കുകയില്ല. പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമായിരിക്കും.
|