വാര്‍ഷിക വളര്‍ച്ചയ്ക്കും ഭാവി ശ്രേയസിനും

Imageരാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക്‌ ഉതകുന്ന സുവ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ നയപ്രഖ്യാപനത്തോടെ പാര്‍ലമെന്റിന്റെ നടപ്പുവര്‍ഷത്തെ ബജറ്റ്‌ സമ്മേളനം ശാന്തമായ അന്തരീക്ഷത്തില്‍ ഇന്നലെ ആരംഭിച്ചു.

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അടുത്ത വര്‍ഷം എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ്‌ പറഞ്ഞത്‌. പടിപടിയായി മുന്നോട്ടു കുതിക്കുന്ന സാമ്പത്തിക രൂപരേഖയും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി വരച്ചുകാട്ടിയിട്ടുണ്ട്‌. നടപ്പുസാമ്പത്തിക വര്‍ഷം ഏഴര ശതമാനം വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുമ്പോള്‍ 2011-12 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച ഒമ്പതു ശതമാനമാകുമെന്ന്‌ പ്രത്യാശയുണര്‍ത്തുന്ന ഒരു പ്രഖ്യാപനവും രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ട്‌. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന്‌ പറഞ്ഞ രാഷ്ട്രപതി, മൂന്നു സേനാവിഭാഗങ്ങളെയും കൂടുതല്‍ നവീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

 

വിലക്കയറ്റം തടയാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും പുതിയ നിയമം കൊണ്ടുവരുന്നു. പൊതുവിപണിയില്‍ ആവശ്യത്തിന്‌ അരിയും ഗോതമ്പും ലഭ്യമാക്കുന്നതാണ്‌. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ കൂടുതല്‍ ഉദാരവ്യവസ്ഥകളോടെ തുടരും. പ്രവാസി ഭാരതീയര്‍ക്ക്‌ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വോട്ടവകാശം അനുവദിക്കുന്നതാണ്‌. രാജ്യത്തെ നഗരങ്ങളില്‍ രൂപം കൊള്ളുന്ന ചേരികള്‍ ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവരും. ചേരിനിവാസികളുടെ പുനരധിവാസത്തിന്‌ വ്യവസ്ഥകളുണ്ടാക്കിക്കൊണ്ടാണ്‌ നഗരങ്ങളെ നിയമം മൂലം ചേരിവിമുക്തമാക്കുന്നത്‌.


ഐക്യപുരോഗമന സഖ്യസര്‍ക്കാര്‍ അടുത്തവര്‍ഷം വിവിധ മേഖലകളില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ നയരേഖ എന്ന നിലയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ഓരോ വാചകവും 118 കോടി ജനങ്ങളുടെ ജീവിതപുരോഗതി മുന്നില്‍കണ്ടുകൊണ്ടുള്ളതായിരുന്നു. വിലക്കയറ്റം സധാരണ ജനങ്ങള്‍ നേരിടുന്ന വലിയപ്രശ്നങ്ങളിലൊന്നാണ്‌. ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്തി, ഭക്ഷ്യ ധാന്യ വിതരണ രംഗത്ത്‌ സമഗ്രമായ അഴിച്ചുപണി നടത്തി വിലക്കയറ്റത്തെ നേരിടാനാണ്‌ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. രാജ്യത്തിന്റെ പലഭാഗത്തും പലതരം വിതരണ രീതികളും വില നിലവാരവും തുടരുന്നുണ്ട്‌. ഗതാഗത ദൂരത്തിന്റെ വ്യതിയാനമനുസരിച്ചുള്ള വിലമാറ്റത്തിനുപരി ഉണ്ടാകുന്ന എല്ലാ വിലവ്യത്യാസവും അശാസ്ത്രീയമാണ്‌. ഇടത്തട്ടുകാരും പൂഴ്ത്തിവയ്പുകാരും സൃഷ്ടിക്കുന്ന കൃത്രിമമായ വിലക്കയറ്റം തടയാന്‍ കഴിഞ്ഞാല്‍ തന്നെ പ്രശ്നത്തിന്‌ പകുതി പരിഹാരമായി.

 

ഭക്ഷ്യ ധാന്യ ദൗര്‍ലഭ്യം പരിഹരിക്കും എന്ന്‌ രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ ഉറപ്പു തന്നിട്ടുണ്ട്‌. ഗോതമ്പും അരിയും ആവശ്യാനുസരണം എത്തിച്ചേരുന്നതോടെ വിലക്കയറ്റത്തിന്റെ കെടുതിയില്‍ നിന്ന്‌ സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാരിനു കഴിയും.പ്രതിപ കക്ഷികള്‍ ഉന്നയിച്ചിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ ഉദാരപൂര്‍വം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അതിനാല്‍ ബജറ്റ്‌ സമ്മേളന നടപടികളില്‍ തടസമുണ്ടാക്കാതെ സഹകരിക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. വിലക്കയറ്റപ്രശ്നം സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്‌. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണ തര്‍ക്കം, തീവ്രവാദി ആക്രമണ ഭീഷണി, മാവോവാദി പ്രക്ഷോഭം, ഇന്ത്യാ-പാക്‌ ബന്ധം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, വിദ്യാഭ്യാസ രംഗത്തെയും കാര്‍ഷിക മേഖലയിലെയും പ്രഖ്യാപിത പദ്ധതികള്‍ തുടങ്ങിയവ ഈ സമ്മേളന കാലത്ത്‌ ബജറ്റുകള്‍ക്കു പുറമേ സഭയില്‍ ചര്‍ച്ചാ വിഷയങ്ങളാകും.

 

ബുധനാഴ്ച മന്ത്രി മമതാ ബാനര്‍ജി 2010-11 വര്‍ഷത്തേയ്ക്കുള്ള റെയില്‍വേ ബജറ്റും വെള്ളിയാഴ്ച ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പൊതുബജറ്റും അവതരിപ്പിക്കുന്നതാണ്‌. നടപ്പുവര്‍ഷത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്ന സര്‍വേ റിപ്പോര്‍ട്ട്‌ 25-ാ‍ം തീയതി അവതരിപ്പിക്കപ്പെടും.
മൂന്നാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച്‌ 12-ാ‍ം തീയതി അവസാനിക്കും. ഏപ്രില്‍ 16 ന്‌ തുടങ്ങുന്ന രണ്ടാം ഘട്ടം മേയ്‌ ഏഴാം തീയതി വരെ തുടരും. മൊത്തം 36 ബില്ലുകള്‍ ഈ സമ്മേളനകാലത്ത്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്‌. ന്യൂക്ലിയാര്‍ ലിബര്‍ട്ടി ബില്‍ ഈ സമ്മേളന കാലത്ത്‌ അവതരിപ്പിക്കുക വഴി ഊര്‍ജ്ജോത്പാദന രംഗത്ത്‌ വമ്പിച്ച മുതല്‍ മുടക്കിന്‌ സ്വകാര്യ സംരംഭകരെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്‌.

 

ഇടതുപക്ഷ കക്ഷികളുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അപവാദപ്രചരണങ്ങളുമായി ഈ ബില്ലിനെ നേരിടാന്‍ ഒരുങ്ങുന്നു എന്നാണ്‌ സൂചന. രാജ്യം വരുന്ന ദശകങ്ങളില്‍ വികസന രംഗത്ത്‌ അഭിമുഖീകരിക്കേണ്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ്‌ ഊര്‍ജ്ജക്കമ്മി. ഊര്‍ജ്ജോത്പാദന രംഗത്ത്‌ പൊതുമേഖലയുടെ മാത്രം പങ്കാളിത്തം മതിയാവില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മതിയായ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത്‌ സാമ്പത്തിക വളര്‍ച്ച ആഗ്രഹിക്കുന്ന രാജ്യത്തിന്റെ പൊതു ആവശ്യമാണ്‌. ആ രംഗത്തേയ്ക്ക്‌ വിദേശികളും സ്വദേശികളുമായ സംരംഭകരെ തടസമില്ലാതെ കൊണ്ടുവരുന്നതിനാണ്‌ ന്യൂക്ലിയാര്‍ ലിബര്‍ട്ടി നിയമം ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ച കരാര്‍ വഴി രാജ്യത്തിന്‌ ലോക ന്യൂക്ലിയാര്‍ കമ്പോളത്തില്‍ തുറന്നു കിട്ടിയ അവസരം ഊര്‍ജ്ജോത്പാദന രംഗത്ത്‌ പരമാവധി ഉപയോഗപ്പെടുത്താനും ഈ നിയമനിര്‍മാണം അനുപേക്ഷണീയമാണ്‌.

 

സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ അതിനെതിരെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ചും ഇടതു കക്ഷികള്‍ സ്വരുക്കൂട്ടുന്ന വിമര്‍ശന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയുടെയും സത്യസന്ധതയുടെയും വെളിച്ചത്തില്‍ നിഷ്പ്രഭമായിത്തീരുമെന്ന്‌ ഉറപ്പാണ്‌.കാര്‍ഷിക അഭിവൃദ്ധിയും വിദ്യാഭ്യാസ വളര്‍ച്ചയും സാമ്പത്തിക പുരോഗതിയും ലക്ഷ്യമാക്കി യു.പി.എ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണപരമായി ആവിഷ്ക്കരിക്കുന്ന പുരോഗമനപരമായ ചുവടുവയ്പുകളുടെയും നയങ്ങളുടെയും പ്രഖ്യാപനമാണ്‌ രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൊതുസ്വരം. അതിനിടയില്‍ അപസ്വരമുണ്ടാക്കാന്‍ യാഥാര്‍ത്ഥ്യബോധമുള്ള ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ധൈര്യപ്പെടില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യങ്ങളെ വിമര്‍ശന ബുധ്യാ ഭരണത്തെ വിലയിരുത്തുക തന്നെ വേണം. ക്രിയാത്മകമായ വിമര്‍ശനത്തേക്കാള്‍ വലിയ അദ്ധ്യാപനം വേറെയില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls