| ഭൂപരിഷ്കരണത്തെ കമ്യൂണിസ്റ്റ് ജന്മിമാര്‍ വഞ്ചിച്ചു |
|
ഭൂമികയ്യേറ്റത്തോടൊപ്പം 1970 ലെ ഭൂപരിഷ്കരണ നിയമവും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. സി.പി.എമ്മിന്റെ വിപ്ലവകഥകളിലെ വേതാളമായാണ് ഇപ്പോള്‍ ഭൂപരിഷ്കരണം രംഗത്തുവന്നിരിക്കുന്നത്. ഭൂപരിഷ്കരണത്തിന് മുമ്പ് സി.പി.എം നേതാക്കള്‍ ജന്മിമാരായിരുന്നെന്നും ഭൂപരിഷ്കരണനിയമം നടപ്പായതോടെ അവരൊക്കെ അവശരും ആലംബഹീനരും പാപ്പരുമായിത്തീര്‍ന്നു എന്നുമാണ് ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. സ്വത്തു മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കിയെന്ന ഇ.എം.എസിന്റെ നുണപ്രചാരണം പുറത്തായിക്കഴിഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ: "ഭൂപരിഷ്കരണ നിയമം കൊണ്ട് ഏറ്റവും അധികം നഷ്ടമുണ്ടായത് എനിക്കു തന്നെ. പക്ഷേ, അതില്‍ ഖേദമില്ല. കാരണം പൊതുവായ ഒരാവശ്യത്തിന് വേണ്ടി ഈ രാജ്യത്തിന് ഭൂപരിഷ്കരണം വേണം എന്ന തത്ത്വം അംഗീകരിച്ചുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് മുന്നോട്ടുപോയത്. ജാസ്തിഭൂമിയുള്ളവര്‍ക്ക് മൊത്തത്തില്‍ പോകും. എന്റെവശം കുറേ സ്വത്തുണ്ടായിരുന്നു. അതൊക്കെ പോയി." (മാധ്യമം, ശബ്ദരേഖ, 20-2-2010). ഭൂപരിഷ്കരണ നിയമത്തിലെ ഏതു വകുപ്പുപ്രകാരമാണ് കൃഷ്ണയ്യര്‍ക്ക് കൈവശമുണ്ടായിരുന്ന ഭൂമി മൊത്തത്തില്‍ പോയതെന്ന് അറിയാന്‍ ജനങ്ങള്‍ക്കു താല്‍പ്പര്യമുണ്ട്. ഏറ്റവുമധികം നഷ്ടമുണ്ടായി എന്നു പറയുന്ന കൃഷ്ണയ്യര്‍, താന്‍ ഏറ്റവും വലിയ ഭൂഉടമയായിരുന്നു എന്നാണല്ലോ പറയുന്നത്.
ആവശ്യത്തിലധികമുണ്ടായിരുന്നതില്‍ നിന്ന് പൊതു ആവശ്യത്തിനായി നല്‍കുന്നത് നഷ്ടമാകുന്നതെങ്ങനെ? നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പുതിയൊരു ലോകം എന്നല്ലേ കരുതേണ്ടത്! കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ദ്ധര്‍ 'അതീവ സാമര്‍ത്ഥ്യത്തോടെ' തയ്യാറാക്കിയ ഭൂപരിഷ്കരണ നിയമം ഒരാവര്‍ത്തി വായിക്കുന്നവര്‍ ഞെട്ടിപ്പോകും. "ബ്രൂട്ടസേ, നീയും..." എന്നായിരിക്കും നിയമത്തിന്റെ രാജശില്‍പികളോട് വായനക്കാര്‍ ചോദിക്കുക. ജന്മിയുടെ കൈവശമുള്ള സ്വത്ത് നഷ്ടപ്പെടാതെ തന്നെ കൈവശം വയ്ക്കാന്‍ കഴിയുന്ന രീതിയില്‍ തന്ത്രപൂര്‍വ്വം എഴുതിച്ചേര്‍ത്ത വകുപ്പുകളാണ് 1970-ലെ ഭൂപരിഷ്കരണ നിയമത്തിലുള്ളത്. നിയമമന്ത്രിയായിരുന്ന കൃഷ്ണയ്യര്‍ക്ക് പ്രധാന പങ്കാണ് നിയമനിര്‍മ്മാണത്തിലുണ്ടായിരുന്നത്.
മൂന്നു ഭാര്യയുണ്ടെങ്കില്‍ 45 ഏക്കര്‍ സ്വന്തം! മാത്രമല്ല കൃഷിഭൂമിയെ തോട്ടഭൂമിയായി പ്രഖ്യാപിച്ച് നിമയത്തില്‍ നിന്ന് ഒഴിവാകാനും അതില്‍ തന്നെ വകുപ്പുണ്ട്. ജന്മിയുടെ ഭൂമി അതുപോലെ തന്നെ നിലനിറുത്താന്‍ കഴിയുന്നു എന്നതാണ് ആ വകുപ്പിന്റെ പ്രത്യേകത.അഞ്ചോ പത്തോ ഏക്കര്‍ കുടിയിരിപ്പുകാര്‍ക്ക് കൊടുക്കേണ്ട സ്ഥാനത്ത് നാലും അഞ്ചും സെന്റ് തരിശുഭൂമി വിട്ടുകൊടുത്തു. അതാകട്ടെ വില വാങ്ങി വില്‍ക്കുകയാണ് ചെയ്തത്. നിയമത്തിലെ 96-ാം വകുപ്പുപ്രകാരം തനിക്കുകിട്ടുന്ന ഭൂമിയുടെ 55 ശതമാനം വില ജന്മിക്ക് കുടിയാന്‍ കൊടുക്കണം. ബാക്കി 45 ശതമാനം സൗജന്യമാണെന്ന് കരുതേണ്ട. ആ തുക സര്‍ക്കാര്‍ ജന്മിക്കു കൊടുക്കും. ഒരിക്കലും വിറ്റുപോകാന്‍ കഴിയാത്ത തരിശുഭൂമി പോലും ഈ നിയമത്തിന്റെ തണലില്‍ വിറ്റു കാശാക്കി.
55 ശതമാനം വില ഒന്നിച്ചുകൊടുക്കാന്‍ കഴിയാത്തയാള്‍ക്ക് 16 തുല്യഗഡുക്കളായി കൊടുക്കാന്‍ വകുപ്പുണ്ട്. ഇങ്ങനെയുള്ള പരിരക്ഷകള്‍ നിയമത്തിലെ ജന്മി നേടിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചാല്‍ അത് ഹൈക്കോടതി വഴി സ്റ്റേ ചെയ്യിക്കാം, സ്റ്റേ നീട്ടി, നീട്ടി വാങ്ങാം. ഈ ഭൂപരിഷ്കരണത്തിലൂടെയാണ് ജന്മികള്‍ ദരിദ്രരായി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കുവേണ്ടിയാണ് നായനാര്‍ സര്‍ക്കാര്‍ ജന്മിപെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്ന കാര്യവും തിരിച്ചറിയേണ്ടിയിരിക്കുന്നു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഡോ.എം.എസ്.ജയപ്രകാശ് 
-°C 