| ക്യാന്‍സര്‍ വാര്‍ഡ് |
|
ഒരച്ഛനും ഗാന്ധിജിയെപ്പോലെയാകരുത്. ഗാന്ധിജി ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തില്‍ മഹാത്മാ ആയിത്തീര്‍ന്നെങ്കിലും സ്വന്തം മക്കളുടെ മനസ്സില്‍ മഹാത്മാ ആയിത്തീര്‍ന്നില്ല. സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ച് ഗാന്ധിജി ആലോചിച്ചതേയില്ല. അങ്ങനെ മക്കള്‍ നാലും നാലുവഴിക്കായിപ്പോയി. കഷ്ടിച്ച്, ദേവദാസ് ഗാന്ധിയെങ്ങാന്‍ ഒരു പത്രാധിപരായിത്തീര്‍ന്നു. ഗാന്ധിജിയുടെ ഒരു മകന്‍ മദ്യപനൊക്കെയായി ഒരുപാടങ്ങ് വഴിതെറ്റിപ്പോയി. ആ മകനെക്കുറിച്ച് ഒരു സിനിമയും വന്നിട്ടുണ്ട്.
മക്കളെ വളര്‍ത്തുന്നതിനുള്ള ഗാന്ധിയന്‍ മാര്‍ഗം ആരും സ്വീകരിക്കാന്‍ പോകുന്നില്ല. മക്കളെ വളര്‍ത്തുമ്പോള്‍ ഒരു സ്വപ്നം കൊണ്ട് ദൃഢമായ തികഞ്ഞ സ്വാര്‍ത്ഥതയും യാഥാര്‍ത്ഥ്യബോധവും ആവശ്യമുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളിലെ ഇക്കാലത്തെ അച്ഛന്മാര്‍ക്ക് ഗാന്ധിജിയെപ്പോലെ തെറ്റിദ്ധാരണകളോ ആദര്‍ശമോ ഒന്നുമില്ല. പ്രായോഗിക ജീവിതത്തിലെ വിജയത്തിനും കുടുംബജീവിത വിജയത്തിനുമൊന്നും ഗാന്ധിജി പറ്റിയ ഒരാളല്ല എന്ന വിശ്വാസക്കാരാണ് സമൂഹത്തിലെ മേറ്റ്ല്ലാവരെയും പോലെ രാഷ്ട്രീയ നേതാക്കളും. മഹാത്മാവിന്റെ മാര്‍ഗം മഴവില്ലായവിടെ കിടന്നോട്ടെ.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലോ കാലാള്‍പ്പടയിലോ അല്ല നേതാക്കളിലാണ് അഴീക്കോട് ഗാന്ധിയന്മാരെ കാണുന്നത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരുണ്ടാവേണ്ടത് നേതാക്കളുടെ ഇടയിലാണെന്ന് പ്രകാശ് കാരാട്ടും പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പോളിറ്റ് ബ്യൂറോയുടെ തിരുത്തല്‍ രേഖയ്ക്ക് സി.പി.എമ്മുകാരുടെ ഇടയില്‍ ഗാന്ധിയന്മാരെയൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ബൂര്‍ഷ്വാശൈലിയില്‍ ജീവിക്കുന്നവരെയും വരവില്‍ കവിഞ്ഞ് പണം സമ്പാദിക്കുന്നവരെയും മക്കളുടെ കല്യാണം ആര്‍ഭാടപൂര്‍വ്വം നടത്തുന്നവരെയും മക്കള്‍ക്ക് സ്ത്രീധനം കൊടുക്കുന്നവരെയുമൊക്കെയാണ് സി.പി.എമ്മുകാരില്‍ തിരുത്തല്‍രേഖ കണ്ടെത്തിയത്. അവരെ മാറ്റിയെടുത്ത് നല്ല കമ്യൂണിസ്റ്റുകാരാക്കാനാണ് തിരുത്തല്‍ രേഖ ഉണ്ടായത്. ആ തിരുത്തല്‍ രേഖ കേരളത്തില്‍ പരാജയപ്പെട്ട് ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു പോയെന്നാണ് കേള്‍വി. തിരിച്ചു ചെന്ന തിരുത്തല്‍ രേഖ ഇന്ത്യന്‍ കമ്യൂണിസത്തിനു മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമായിരിക്കുകയാണ്.
ഇന്നത്തെ കേരള കമ്യൂണിസം കമ്യൂണിസത്തിനു തന്നെ എത്രയോ അപരിചിതവും അത്ഭുതകരവും. അങ്ങനെയുള്ള ഒരു സി.പി.എം അത്ഭുതത്തിലേക്കാണ് ഞാന്‍ വരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായിയുടെ മകന്റെ കല്യാണം തലശ്ശേരിയിലെ 34 എം.സി.റിവര്‍ സൈഡ് എന്‍ക്ലേവില്‍ വച്ച് വളരെ 'ലളിത'മായി നടന്നു. ഈ ലളിതമായ കല്യാണത്തിന് കേരളത്തിലുണ്ടായിട്ടും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കുകയുണ്ടായില്ല. തിരുത്തല്‍രേഖയ്ക്ക് വിരുദ്ധമായ കല്യാണമാണെങ്കില്‍, ആ കല്യാണത്തില്‍ പങ്കെടുത്ത് കുഴപ്പം തലയിലേറ്റണ്ടല്ലോ എന്നു വിചാരിച്ചാവാം പ്രകാശ് കാരാട്ട് പങ്കെടുക്കാതിരുന്നത്. പേടിച്ചിട്ടു തന്നെയായിരിക്കും. പഴയകാല കമ്യൂണിസ്റ്റുകാരുടെ എന്തൊക്കെയോ ചില അംശങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പൂമ്പൊടിപോലെ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടാവണം.
പ്രകാശ് കാരാട്ട് തന്റെ കല്യാണം ആര്‍ഭാടപൂര്‍വ്വം നടത്തിയ ഒരാളൊന്നുമായിരിക്കാനിടയില്ല. പാര്‍ട്ടിക്കുവേണ്ടി തങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ മക്കള്‍ വേണ്ട എന്നു തീരുമാനിച്ചവരാണല്ലോ പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ ഭാര്യ വൃന്ദയും. ഇന്ത്യയിലെ പല കമ്യൂണിസ്റ്റ് നേതാക്കളും സോഷ്യലിസ്റ്റു നേതാക്കളും ഇങ്ങനെ ചെയ്തിട്ടുണ്ട്. ജയപ്രകാശ് നാരായണ്‍ ജീവിച്ചിരിക്കേത്തന്നെ ഭൂദാനപ്രസ്ഥാനത്തിനും സോഷ്യലിസത്തിനും വേണ്ടി സഹധര്‍മ്മിണിയുടെ മുമ്പില്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു ഇന്ത്യന്‍ ലാളിത്യമാണ്.പിണറായിയുടെ മകന്റെ കല്യാണം വളരെ ലളിതമായിരുന്നുവെന്ന് നമുക്കൊന്നുകൂടി ഓര്‍ക്കാം. ലളിതം എന്ന മാര്‍ക്സീയതയുടെ അര്‍ത്ഥത്തിന്റെ നേര്‍ക്ക് നമുക്ക് കൈകൂപ്പാം. ഭരണസംവിധാനം മുഴുവനും തലശ്ശേരിയിലെ റിവര്‍ സൈഡ് എന്‍ക്ലേവിലേക്ക് പറന്നെത്തി.
സര്‍ക്കാര്‍ വകുപ്പ് തലവന്മാരും പൊലീസിലെ പുന്നൂസുമാരും തച്ചങ്കരിമാരും സിനിമാതാരങ്ങളും എന്‍.ആര്‍.ഐ പണക്കാരും കേരളത്തിലെയും ചെന്നൈയിലെയും മുതലാളിമാരും ഫാരീസ് അബൂബക്കര്‍മാരും സാഹിത്യകാരന്മാരുമൊക്കെ തലശ്ശേരിയിലേക്കൊഴുകി. മയ്യഴി മുതല്‍ തലശ്ശേരി വരെ പാര്‍ക്കു ചെയ്തിട്ടും തെക്കുനിന്നുവന്ന കാറുകള്‍ക്കൊതുങ്ങാന്‍ ഇടംകിട്ടിയില്ല. കേരളത്തിലെ പത്രാധിപന്മാരും മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും ഇടതുപക്ഷ - വലതുപക്ഷ ബുദ്ധിജീവികളുമൊക്കെ തലശ്ശേരിയിലെത്തി പിണറായി വിജയനെ മുഖം കാണിച്ചു. കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഇത്രയേറെ ആവേശം കാണിച്ച മറ്റൊരു കല്യാണം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 34 എം.സി റിവര്‍ സൈഡ് എന്‍ക്ലേവില്‍ നടന്നത് വിജയന്‍ സംഘടിപ്പിച്ച ഒരു സംസ്ഥാന സമ്മേളനമാണ്.
സമ്പന്നന്മാരെയും മുതലാളിമാരെയും സിനിമാനടന്മാരെയും ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും രാഷ്ട്രീയനേതാക്കളെയും വിളിച്ചു വരുത്തിയ ഒരു സംസ്ഥാന കല്യാണം. മുഴുവന്‍ കേരളത്തെയും പിണറായി വിജയന്‍ തലശ്ശേരിയിലേക്കു വിളിച്ചു. രാഷ്ട്രീയ നേതാക്കളും സമ്പന്നന്മാരും മുതലാളിമാരും ഉദ്യോഗസ്ഥ പ്രമുഖരും സിനിമാ താരങ്ങളുമടങ്ങുന്ന കേരളം. മനുഷ്യന്റേതായ ഒന്നും ഈ കല്യാണത്തിന് അന്യമായിരുന്നില്ല. അന്യമായിരുന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും പാവം സഖാക്കളുമാണ്. ജില്ലാ റാലിയിലും സംസ്ഥാന റാലിയിലും സിന്ദാബാദ് വിളിച്ചു നീങ്ങുന്ന വിപ്ലവവര്‍ഗത്തെ കല്യാണത്തിന്റെ അരികിലൊന്നും കണ്ടില്ലപോലും. അവര്‍ സഖാക്കളായാലും ഗാന്ധിജിയുടെ ഏഴകള്‍.
ഈ ശൈലിയുടെ മുമ്പില്‍ തിരുത്തല്‍രേഖ തോറ്റമ്പിയെന്നു തന്നെ പറയാം. കല്യാണത്തിന് സദ്യയൊന്നുമില്ല, പായസവും വിശുദ്ധ ജലവും മാത്രമേയുള്ളൂ. കല്യാണം നടന്ന എന്‍ക്ലേവിന് അപ്പുറത്ത് പലയിടത്തും ഹൈക്ലാസുഭോജനങ്ങള്‍ പലരും ഒരുക്കിയിരുന്നു. തെക്കു നിന്നു വന്ന മുഖപരിചയമുള്ളവരെ കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ സ്നേഹത്തോടെ ക്ഷണിക്കുന്നു. "ഫ്രൈസും ഫിഷ് കറിയും ഉണ്ട്. ബിരിയാണി ഉണ്ട്. ബഷീറിന്റെ അവിടെ ഭക്ഷണം ഉണ്ട്." കല്യാണം നടന്നതിന്റെ പരിസരങ്ങളില്‍ പലയിടത്തും നേതാക്കള്‍ ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. റൈസും മട്ടണും ചിക്കണും അങ്ങനെ ഓരോരോ കേരളീയ ഭക്ഷണങ്ങള്‍. കല്യാണത്തിന് ഹൈന്ദവമായ പായസവും ശുദ്ധജലവും കൂള്‍ ഡ്രിംഗ്സും.
ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ കൂടുതലും സാസാരിക്കുക രാഷ്ട്രീയ കാര്യങ്ങള്‍ തന്നെയാണ്. ഒരു നിമിഷം എ.കെ.ജി സെന്ററിലൊന്നും പോയില്ലേ എന്നു ഞാന്‍ ചോദിച്ചു. "ഇല്ല, ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് പോകാറില്ല" എന്നു പറഞ്ഞ് കണ്ണേട്ടന്‍ നടത്തത്തിനു വേഗത കൂട്ടി. എ.കെ.ജി സെന്ററിലെ ഇപ്പോഴത്തെ കണ്ണൂര്‍ നേതാക്കളെയെല്ലാം നന്നായി പരിചയമുള്ളയാളാണ് പി. കണ്ണന്‍.
കല്യാണം സംസ്ഥാന സമ്മേളനംപോലെയാക്കുകയോ. കല്യാണത്തില്‍ പങ്കെടുത്തവരും വിജയന്‍ നയിക്കുന്ന പാര്‍ട്ടിയുമായെന്തു ബന്ധം? മകന്റെ കല്യാണം സംസ്ഥാന സമ്മേളനമാക്കി മാറ്റുക. മുതലാളിമാരെയും സിനിമാക്കാരെയുമൊക്കെ എഴുന്നള്ളിക്കുക. ഇത് ആര്‍ഭാടം മാത്രമല്ല, തോന്ന്യാസം കൂടിയാണ്. പാവപ്പെട്ട സാധാരണ പാര്‍ട്ടി സഖാക്കളെ പരിഹസിക്കലാണ്. ഒരു കമ്യൂണിസ്റ്റുകാരന് കല്യാണം ജീവിതം തീരുമാനിക്കലാണ്. ജീവിതത്തെ ക്രമപ്പെടുത്തലാണ്. കല്യാണത്തിലെ ആഘോഷം ബൂര്‍ഷ്വാ രീതിയാണ്. പാറശ്ശാല മുതല്‍ തലശ്ശേരി വരെ ഈ കല്യാണത്തിനു വേണ്ടി എത്ര പെട്രോളാ എരിഞ്ഞുതീര്‍ന്നത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ജനങ്ങളെ പറ്റിക്കാന്‍ നോക്കണ്ട. ജനങ്ങള്‍ തിരിച്ചടിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്."
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഇ.വി ശ്രീധരന്‍ 
-°C 