കലാലയങ്ങളിലെ 'അണ്ണാച്ചി'ക്കൂട്ടം

Imageഎസ്‌.എഫ്‌.ഐയുടെ കാടത്തത്തിന്‌ അതിരുകളില്ലാതായി. അക്രമത്തിനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു സങ്കോചവുമില്ലാതെ ഇറങ്ങിത്തിരിച്ച കാപാലികക്കൂട്ടമായി ഈ വിദ്യാര്‍ഥി സംഘടന പൊതുജീവിതത്തിന്‌ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം തൃശൂരിലെ സെന്റ്‌ തോമസ്‌ കോളെജ്‌ വിദ്യാര്‍ഥി ആല്‍വിന്‍ തോമസിന്റെ മുഖം കുത്തിക്കീറി വികൃതമാക്കിയ സംഭവം എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരുടെ ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ്‌. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്കെതിരെ എസ്‌.എഫ്‌.ഐക്കാര്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ 122 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ 45 പേരുടെ തലയ്ക്ക്‌ ഗുരുതരമായി ക്ഷതം സംഭവിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. കെ.എസ്‌.യുവില്‍ ഈയിടെ നടന്ന സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം വിവിധ കാമ്പസുകളില്‍ പ്രവര്‍ത്തനം സജീവമായതോടെ വെകിളിപൂണ്ട എസ്‌.എഫ്‌.ഐക്കാര്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളാണിവ. എല്ലാ കാമ്പസുകളിലും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചാണ്‌ കയ്യേറ്റം നടത്തുന്നത്‌.

 

അടുത്തവര്‍ഷത്തെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സജീവമാകാന്‍ സാധ്യതയുള്ളവരെ ദേഹോപദ്രവം ചെയ്ത്‌ പിന്തിരിപ്പിക്കാനുള്ള മാര്‍ക്സിസ്റ്റ്‌ തന്ത്രമാണിത്‌. സി.പി.എമ്മും പൊലീസും വിവിധ ജില്ലാ ആശുപത്രികളിലെ പാര്‍ട്ടി അനുഭാവികളായ ജീവനക്കാരും ചേര്‍ന്ന്‌ നടത്തുന്ന അക്രമസംഭവങ്ങള്‍ക്ക്‌ ഭരണകൂടത്തിന്റെ ഒത്താശയും ലഭിക്കുന്നുണ്ട്‌. സംസ്ഥാനമൊട്ടുക്ക്‌ എസ്‌.എഫ്‌.ഐ ആരംഭിച്ചിരിക്കുന്ന ആക്രമണങ്ങള്‍ ചില കാമ്പസുകളില്‍ കെ.എസ്‌.യു ചെറുക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ പുറം ലോകം ശ്രദ്ധിക്കും വിധം രൂക്ഷമായിത്തീരുന്നത്‌. കണ്ണൂരിലെ ചീമേനി എന്‍ജിനീയറിംഗ്‌ കോളെജ്‌, കലിക്കട്ട്‌ സര്‍വ്വകലാശാല കാമ്പസ്‌, പാലക്കാട്‌ പൊളിടെക്നിക്‌, തൃശൂര്‍ സെന്റ്‌ തോമസ്‌ കോളെജ്‌, കോട്ടയം മാര്‍ ബസേലിയോസ്‌ കോളെജ്‌, കൊല്ലം ശ്രീനാരായണ കോളെജ്‌, ടി.കെ.എം. കോളെജ്‌, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്‌, എം.ജി. കോളെജ്‌, ചെമ്പഴന്തി എസ്‌.എന്‍.കോളെജ്‌ തുടങ്ങിയ കാമ്പസുകളിലെല്ലാം എസ്‌.എഫ്‌.ഐയുടെ തേര്‍വാഴ്ചയാണ്‌ നടക്കുന്നത്‌.

 

ഈ കലാലയങ്ങളിലെല്ലാം കെ.എസ്‌.യു സജീവമാകുന്നതില്‍ അസഹിഷ്ണുത പൂണ്ട എസ്‌.എഫ്‌.ഐക്കാര്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ സാമൂഹികവിരുദ്ധ ശക്തികളുമായി കൈകോര്‍ത്ത്‌ അക്രമം അഴിച്ചുവിടുകയാണ്‌. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന പൈശാചികമായ സംഭവത്തിന്‌ തലേന്ന്‌ കോട്ടയത്ത്‌ കെ.എസ്‌.യുക്കാരെ മര്‍ദ്ദിച്ചതിന്‌ ദൃക്‌സാക്ഷിയായ ഒരു ദളിത്‌ വിദ്യാര്‍ഥി പൊലീസിന്‌ മൊഴികൊടുത്തുകൊണ്ടിരിക്കെ എസ്‌.എഫ്‌.ഐക്കാര്‍ കയ്യേറ്റം ചെയ്ത്‌ അവശനാക്കിയിരുന്നു. എന്നിട്ടും അക്രമികള്‍ക്കെതിരെ പൊലീസ്‌ നിയമനടപടി എടുത്തിട്ടില്ല. തൃശൂരില്‍ ആല്‍വിന്‍ തോമസിനെ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുക്കാന്‍ പൊലീസ്‌ സ്റ്റേഷനില്‍ കെ.എസ്‌.യു പ്രസിഡന്റ്‌ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തുകയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ പൊലീസ്‌ നേതൃത്വത്തില്‍ ഇടപെടുകയും ചെയ്യേണ്ടിവന്നു. കുറ്റവാളികളായ രണ്ട്‌ എസ്‌.എഫ്‌.ഐക്കാരെ അറസ്റ്റു ചെയ്തതായി രേഖയുണ്ടാക്കി. മറ്റൊരു പ്രതിയെ ഒളിവില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നു.


വിദ്യാര്‍ഥി രാഷ്ട്രീയം സാമൂഹികവിരുദ്ധ ശക്തികളുടെ കൈകളിലേക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എറിഞ്ഞുകൊടുത്തിട്ട്‌ കാലം കുറച്ചായി. പാര്‍ട്ടിയുടെ ആധിപത്യം പ്രമുഖ കലാലയങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ "പാര്‍ട്ടി കോളെജുകള്‍" സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. അതിന്‌ തടസ്സം ഉണ്ടാക്കുമെന്ന്‌ തോന്നുന്ന ഏതു വിദ്യാര്‍ഥി സംഘടനകളിലെയും നേതാക്കളെയും പ്രവര്‍ത്തകരെയും കയ്യൂക്കുകൊണ്ട്‌ നേരിടാമെന്ന്‌ എസ്‌.എഫ്‌.ഐക്കാര്‍ കരുതുന്നു. എ.ആര്‍.നിഷാദിന്റെ ശരീരത്തില്‍ മുന്‍പ്‌ ചാപ്പ കുത്തിയതും പരുമല കോളെജില്‍ എസ്‌.എഫ്‌.ഐ ഗുണ്ടകളെ പേടിച്ച്‌ നദിയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ എറിഞ്ഞുകൊന്നതും ഈ അക്രമവാസനയുടെ പ്രകടനമായിരുന്നു.

 

സി.പി.എമ്മിന്റെ കണ്ണൂര്‍ ശൈലി എസ്‌.എഫ്‌.ഐ കേരളമെങ്ങും പകര്‍ത്തി ഉപയോഗിക്കുകയാണ്‌. പാര്‍ട്ടിക്കാര്‍ പോലും സഖാവ്‌ എന്ന വാക്കിനുപകരം 'അണ്ണാച്ചി' എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഇ.പി.ജയരാജന്‍ എസ്‌.എഫ്‌.ഐയുടെ നേതൃചുമതല ഏറ്റെടുത്തശേഷം ഈ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനശൈലിതന്നെ അടിമുടി മാറി. സ്പിരിറ്റ്‌ കള്ളക്കടത്തിന്‌ ഒത്താശ നല്‍കലും പെണ്‍വാണിഭത്തിന്‌ കൂട്ടുനില്‍ക്കലും മണി ചെയിന്‍ പോലുള്ള തട്ടിപ്പു സ്ഥാപനങ്ങള്‍ നടത്തലും എസ്‌.എഫ്‌.ഐക്കാരുടെ പ്രവര്‍ത്തനമേഖലകളായി. വായിക്കുകയും എഴുതുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന ബൗദ്ധിക നേതൃത്വം എസ്‌.എഫ്‌.ഐക്ക്‌ അന്യമായിട്ട്‌ ദശകങ്ങളായി. മോഷ്ടിച്ചെടുത്ത പ്രബന്ധം കൊണ്ട്‌ ചുളുവില്‍ പി.എച്ച്‌.ഡി തരപ്പെടുത്തുന്നവരും സമൂഹത്തിന്റെ മനഃസാക്ഷിയായി കരുതപ്പെടുന്ന പത്രലേഖകരെ പിതൃശൂന്യരെന്ന്‌ വിളിക്കുന്ന വിവരദോഷികളും നിറഞ്ഞതാണ്‌ ഇന്നത്തെ എസ്‌.എഫ്‌.ഐ. കൊള്ളക്കാരും കൊലപാതകികളും സ്പിരിറ്റ്‌ കള്ളക്കടത്തുകാരും ഉള്‍പ്പെട്ട എസ്‌.എഫ്‌.ഐക്കാര്‍ ഭരണത്തിന്റെ തണലില്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്ന്‌ തല്‍ക്കാലം രക്ഷപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെ ചൂണ്ടുവിരല്‍ അവര്‍ക്കെതിരെ നീണ്ടുനില്‍ക്കുന്ന കാര്യം അറിയുന്നില്ല.

 

വിദ്യാഭ്യാസ പ്രശ്നങ്ങളോ വിദ്യാര്‍ഥികളുടെ വിഷമങ്ങളോ അന്വേഷിക്കാന്‍ എസ്‌.എഫ്‌.ഐക്ക്‌ ഇന്ന്‌ സമയമില്ല. കാമ്പസിലും പുറത്തും ജയരാജന്റെയും പിണറായി വിജയന്റെയും ആശ്രിതവത്സലന്‍മാരായി പൊതുസമൂഹത്തിന്റെ നീതിബോധത്തെ വെല്ലുവിളിക്കുകയാണ്‌ ഈ സംഘടന. അധഃമന്മാരായ ഇവരെ കേരളം എത്രകാലം സഹിക്കും?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls