വീണ്ടും മുഖാമുഖം

Imageഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്‌; മല്‍സരം ഉച്ചക്കഴിഞ്ഞ്‌ 2.30 മുതല്‍
ഗ്വാളിയോര്‍:
ആദ്യ ഏകദിനം നല്‍കിയ ആവേശം മാറും മുമ്പ്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന്‌ വീണ്ടും നേര്‍ക്കു നേര്‍. പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്‌ ഗ്വാളിയോറില്‍ നടക്കും.

ജയ്പൂരിലെ ആദ്യ ഏകദിനം ഒരു റണ്ണിന്‌ സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിലാണ്‌. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ജയ്പൂരില്‍ ഇന്ത്യയുടെ ജയം. അവസാന പന്തു വരെ ആവേശം നിറഞ്ഞ മല്‍സരമാണ്‌ ഒടുവില്‍ ഇന്ത്യയുടെ കീശയിലെത്തിയത്‌. ഗ്വാളിയോറിലും ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം എന്നത്‌ ആതിഥേയര്‍ക്ക്‌ ആത്മവിശ്വാസമേകും. എന്നത്തെയും പോലെ ബാറ്റിങ്‌ തന്നെയാണ്‌ ഇന്ത്യയുടെ പ്രധാന ആയുധം. എന്നാല്‍ ബൗളര്‍മാര്‍ പരാജയപ്പെടുന്നത്‌ തലവേദനയാണ്‌.
ജയ്പൂരില്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റം നടത്തിയ ചെറുത്തു നില്‍പ്പാണ്‌ മല്‍സരം ഇന്ത്യയില്‍ നിന്ന്‌ തട്ടിയെടുക്കും എന്ന്‌ തോന്നിപ്പിച്ചത്‌. പ്രത്യേകിച്ചും ഡെയ്‌ല്‌ സ്റ്റെയ്നും വെയ്ന്‍ പാര്‍നലും നിഷ്പ്രയാസമാണ്‌ ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുത്തത്‌.


ജയ്പൂരില്‍ പരുക്കു മൂലം ഫീല്‍ഡിലിറങ്ങാതിരുന്ന ഉപനായകന്‍ വീരേന്ദ്ര സെവാഗ്‌ പൂര്‍ണ ആരോഗ്യവാനായിട്ടുണ്ട്‌. സെവാഗ്‌ നല്‍കുന്ന വെടിക്കെട്ട്‌ തുടക്കം പല മല്‍സരങ്ങളിലും ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്‌. ഗ്വാളിയോറിലെ മല്‍സരത്തെ ജീവന്മരണ പോരാട്ടമായാണ്‌ ദക്ഷിണാഫ്രിക്ക കാണുന്നത്‌. ടെസ്റ്റ്‌ പരമ്പര സമനിലയിലായതിന്‌ പുറമെ ഏകദിന പരമ്പര നഷ്ടമാകുന്നത്‌ അവര്‍ക്ക്‌ സഹിക്കാനാകില്ല. കൊല്‍ക്കത്ത ടെസ്റ്റില്‍ തോറ്റതോടെ ലോക ഒന്നാം റാങ്ക്‌ തിരിച്ചുപിടിക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ മോഹം അസ്തമിച്ചിരുന്നു.
ഏകദിന പരമ്പര സ്വന്തമാക്കിയാല്‍ ഏകദിന റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ പിന്നില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കാകും. നിലവില്‍ ഇന്ത്യയാണ്‌ രണ്ടാമത്‌.


ജയ്പൂരില്‍ മൂന്ന്‌ സ്പെഷ്യലിസ്റ്റ്‌ ബൗളര്‍മാര്‍ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍, അതാകട്ടെ പേസര്‍മാരും. ഗ്വാളിയോറിലും ഈ കോമ്പിനേഷന്‍ തന്നെയാകും ഇന്ത്യ പരീക്ഷിക്കുക. സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും ടീമിലില്ലാത്തതാണ്‌ ഇന്ത്യയെ കുഴച്ചത്‌. പരുക്കാണ്‌ സഹീറിന്‌ വിനയായതെങ്കില്‍ സഹോദരിയുടെ കല്യാണാവശ്യത്തിനായി ഹര്‍ഭജന്‍ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. പാര്‍ട്ട്‌ ടൈം സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും യൂസഫ്‌ പത്താനും ടീമിലുണ്ടാകും. ജയ്പൂരില്‍ ബാറ്റ്‌ കൊണ്ടും പന്തു കൊണ്ടും ഒരു പോലെ തിളങ്ങിയ ജഡേജയായിരുന്നു കളിയിലെ കേമന്‍. ആശിഷ്‌ നെഹ്‌റ, പ്രവീണ്‍ കുമാര്‍ എന്നീ പേസര്‍മാരുടെ സ്ഥാനം ഉറപ്പാണ്‌. എന്നാല്‍ ജയ്പൂരില്‍ ഏറെ തല്ലുവാങ്ങിയ ശ്രീശാന്തിന്‌ പകരം യു പി പേസര്‍ സുദീപ്‌ ത്യാഗിയെ പരീക്ഷിച്ചേക്കും. ജഡേജയും പത്താനും ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നതിനാല്‍ അമിത്‌ മിശ്രയ്ക്ക്‌ ടീമിലെത്താനായി കാത്തിരിക്കണം. ജയ്പൂരിലെ പോലെ തന്നെ ഗ്വാളിയോറിലും റണ്ണൊഴുകുമെന്ന്‌ ക്യൂറേറ്റര്‍ പ്രവചിച്ചു കഴിഞ്ഞു.


ടീം ഇവരില്‍ നിന്ന്‌,

ഇന്ത്യ: മഹേന്ദ്ര സിംഗ്‌ ധോണി (ക്യാപ്റ്റന്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ്‌, വിരാട്ട്‌ കോഹ്ലി, ദിനേശ്‌ കാര്‍ത്തിക്ക്‌, സുരേഷ്‌ റെയ്ന, രവീന്ദ്ര ജഡേജ, യൂസഫ്‌ പത്താന്‍, ആര്‍ അശ്വിന്‍, ആശിഷ്‌ നെഹ്‌റ, സുദീപ്‌ ത്യാഗി, പ്രവീണ്‍ കുമാര്‍, അഭിഷേക്‌ നായര്‍, അമിത്‌ മിശ്ര


ദക്ഷിണാഫ്രിക്ക: ഗ്രേയിം സ്മിത്ത്‌ (ക്യാപ്റ്റന്‍), ലൂട്ട്സ്‌ ബോസ്മന്‍, ജോഹന്‍ ബോത്ത, മാര്‍ക്ക്‌ ബൗച്ചര്‍, എബി ഡിവില്ലിയേഴ്സ്‌, ജീന്‍ പോള്‍ ഡുംനി, ഹെര്‍ഷ്ലെ ഗിബ്സ്‌, ജാക്ക്‌ കാലിസ്‌, ചാള്‍ ലാംഗ്വെല്‍റ്റ്‌, ആല്‍ബി മോര്‍ക്കല്‍, മോണ്‍ മോര്‍ക്കല്‍, വെയ്ന്‍ പാര്‍നല്‍, ആല്‍വീറോ പീറ്റേഴ്സണ്‍, ഡെയ്‌ല്‌ സ്റ്റെയ്ന്‍, ലൊന്‍വാബോ സോത്സോബെ, റോളഫ്‌ വാന്‍ ഡര്‍ മെര്‍വ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls