|
ഹെയ്ത്തി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ മൂന്ന് ലക്ഷം കവിയുമെന്ന് പ്രസിഡന്റ് |
|
മെക്സിക്കോ സിറ്റി: ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് പ്രസിഡന്റ് റെനെ പ്രിവാല്‍. മെക്സിക്കോയില്‍ ലാറ്റിന്‍ അമേരിക്കന്‍-കരീബിയന്‍ രാഷ്ട്രനേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ഒട്ടേറെ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഇതുവരെ രണ്ടു ലക്ഷത്തിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെയ്ത്തിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം ലഭ്യമാക്കണമെന്നും റെനെ പ്രിവാല്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിയ്ക്കുന്ന ഹെയ്തിയിലെ ഭൂകമ്പം ജനുവരി 12നാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഹെയ്തിയുടെ പുനര്‍നിര്‍മാണത്തിന് ഏകദേശം 14 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് ഇന്റര്‍അമേരിക്കന്‍ ഡവലപ്മെന്റ് ബാങ്കിന്റെ കണക്കുകൂട്ടല്‍. രണ്ടരലക്ഷത്തോളം വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. |