അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ്‌ നിയന്ത്രണവിധേയമാകും: ശാസ്ത്രജ്ഞര്‍

Imageലണ്ടന്‍: വര്‍ഷത്തില്‍ ലോകമൊട്ടാകെ 21 ലക്ഷം പേരെ കൊന്നൊടുക്കുന്ന മാരക രോഗമായ എയ്ഡ്സ്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന്‌ പ്രമുഖ ശാസ്ത്രജ്ഞന്‍.

ആന്റി റിട്രോവൈറല്‍ ഡ്രഗ്ഗുകള്‍ ഉപയോഗപ്പെടുത്തിയുള്ള യൂണിവേഴ്സല്‍ തെറപ്പി എയ്ഡ്സിനെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി മാറുമെന്ന്‌ ഡോ. വില്ല്യംസ്‌ പറഞ്ഞു. രോഗം പടരുന്നത്‌ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായിരിക്കുമിത്‌. കൂടാതെ എയ്ഡ്സ്‌ ബാധിതര്‍ക്ക്‌ എളുപ്പം പിടിപെടുന്ന ടി ബി രോഗബാധയെയും ഈ തെറപ്പിയിലൂടെ പ്രതിരോധിക്കാനാകും. എച്‌ ഐ വി വ്യാപനം തടയാനും രോഗബാധിതര്‍ രോഗം പരത്തുന്നവരാകാതിരിക്കാനും പ്രസ്ഥുത തെറപ്പിയിലൂടെ സാധിക്കുമെന്നുമാണ്‌ ഡോ. വില്ല്യംസ്‌ അവകാശപ്പെടുന്നത്‌. നിലവില്‍ എയ്ഡ്സ്‌ ബാധിതരുടെ ജീവന്‍ നിലനിര്‍ത്താനാണ്‌ മരുന്നുകള്‍ ഉപയോഗപ്പെടുത്തുന്നത്‌.
ഇനിമുതല്‍ രോഗം പത്തുന്നത്‌ തടയാനും ഈ മരുന്നുകള്‍ ഉപയോഗപ്പെടുത്താനാകുമെന്നാണ്‌ ഡോ. വില്ല്യംസ്‌ ചൂണ്ടിക്കാട്ടുന്നത്‌.

 

ഈ മാര്‍ഗ്ഗം ഇപ്പോള്‍ തന്നെ പ്രയോഗിച്ച്‌ തുടങ്ങിയാല്‍ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ്‌ ബാധ തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പിഡമിയോളജിക്കല്‍ മോഡലിംഗ്‌ ആന്റ്‌ അനാലിസിസിനുവേണ്ടിയുള്ള ദക്ഷിണാഫ്രിക്കന്‍ സെന്ററിലെ ശാസ്ത്രജ്ഞനാണ്‌ ഡോ. ബ്രയന്‍ വില്ല്യംസ്‌. സാന്‍ഡിയാഗോയില്‍ നടന്ന ശാസ്ത്ര മുന്നേറ്റങ്ങള്‍ക്കായുള്ള അമേരിക്കന്‍ അസോസിയേഷന്റെ വാര്‍ഷീക സമ്മേളനത്തിലാണ്‌ ഡോ. വില്ല്യംസ്‌ ഇക്കാര്യങ്ങള്‍ പ്രതിപാതിച്ചതെന്ന്‌ സണ്‍ഡേ ടൈംസ്‌ പത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ആന്റി റിട്രോവൈറല്‍ ഡ്രഗ്ഗുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ എയ്ഡ്സ്‌ നിയന്ത്രണവിധേയമാകുമെന്നാണ്‌ ഡോ. വില്ല്യംസ്‌ ചൂണ്ടിക്കാട്ടുന്നത്‌.

 

എച്ച്‌ ഐ വി ബാധയുണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം മരുന്നുകളുപയോഗിച്ച്‌ ചികില്‍സിച്ചാല്‍ രോഗബാധയുള്ള വ്യക്തിയില്‍ നിന്ന്‌ രോഗം പടരുന്നതിനുള്ള സാധ്യത 10 വട്ടം കുറവായിരിക്കുമെന്ന്‌ ഡോ. വില്ല്യംസ്‌ പറഞ്ഞു. എയ്ഡ്സ്‌ ബാധയുള്ള പ്രദേശങ്ങളില്‍ മുഴുവനാളുകളിലും പരിശോധന നടത്തി എച്‌ ഐ വി ബാധയുള്ളവര്‍ക്ക്‌ അടിയന്തര ചികില്‍സ ലഭ്യമാക്കുന്നതിലൂടെ എയ്ഡ്സ്‌ നിയന്ത്രിക്കാനാകും. എച്ച്‌ ഐ വി ബാധിതര്‍ക്കായി നടത്താവുന്ന അടിയന്തര ചികില്‍സാ പദ്ധതിയിലൂടെ ദശലക്ഷക്കണക്കിന്‌ രോഗബാധിതരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നത്‌ കൂടാതെ എച്‌ ഐ വി ബാധ പടരുന്നതിനെ ഫലപ്രദമായി തടയാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ പകര്‍ച്ചവ്യാധി വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. വില്ല്യംസ്‌ നിലവില്‍ സംഘടനയുടെ ഉപദേശക വിഭാഗത്തിലുണ്ട്‌. ലോകത്ത്‌ പ്രതിവര്‍ഷം 330 ലക്ഷം പേരാണ്‌ എച്‌ ഐ വി ബാധിതരാകുന്നതെന്നാണ്‌ കണക്ക്‌.

 

എയ്ഡ്സ്‌ പ്രതിരോധ ക്രീമുകള്‍ നിര്‍മ്മിക്കാനാകും

വാഷിംഗ്ടണ്‍: എയ്ഡ്സ്‌ നിയന്ത്രിക്കുന്നതിന്‌ നിലനിലുള്ള ശക്തിയേറിയ മരുന്നുകളില്‍ നിന്ന്‌ എയ്ഡ്സ്‌ പ്രതിരോധ ക്രീമുകള്‍ ഉണ്ടാക്കാനാകുമെന്ന്‌ ശാസ്ത്രജ്ഞര്‍. ലൈംഗീക ബന്ധത്തിലൂടെയുള്ള പകര്‍ച്ചയെ തടയുന്നതിനുള്ള ക്രീമുകളോ ജെല്ലുകളോ അതുപോലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളോ ഉരുത്തിരിച്ചെടുക്കുന്ന കാലം വിദൂരത്തല്ലെന്നാണ്‌ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്‌. എയ്ഡ്സ്‌ രോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. നിലവിലുള്ള മരുന്നുകളില്‍ നിന്ന്‌ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഇത്തരം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍മ്മിക്കാനുകുമെന്നു തന്നെയാണ്‌ അവരുടെ അഭിപ്രായം.


ലൈംഗീക ബന്ധത്തിലൂടെ എയ്ഡ്സ്‌ ബാധിക്കാതിരിക്കാനായി ഉപയോഗിക്കാവുന്ന ക്രീമുകള്‍, ജെല്ലുകള്‍, വജിനല്‍ റിംഗുകള്‍ തുടങ്ങിയവ നിലവിലുള്ള എയ്ഡ്സ്‌ മരുന്നുകളില്‍ നിന്ന്‌ ഉല്‍പ്പാദിപ്പിച്ച്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്നാണ്‌ അടുത്തിടെ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞതെന്ന്‌ സമ്മേളനത്തില്‍ പങ്കെടുത്ത ഡോ. ജോണ്‍ മൂര്‍ പറഞ്ഞു. ന്യുയോര്‍ക്ക്‌ വെയില്‍ കോണല്‍ മെഡിക്കല്‍ കോളേജിലെ പ്രഫസറാണ്‌ ജോണ്‍ മൂര്‍. ക്രീമുകള്‍ പ്രയോഗിച്ച്‌ നിശ്ചിത സമയപരിധിക്കുള്ളില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ എച്‌ ഐ വി പകരുന്നത്‌ തടയാനാകുമെന്നും സ്ത്രീകള്‍ക്ക്‌ ഇത്‌ ഏറെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രീമുകളെ കൂടാതെ ചെറു ഉപകരണങ്ങളും ഇത്തരത്തില്‍ നിര്‍മ്മിക്കാനാകുമെന്നാണ്‌ ശാസ്ത്രജ്ഞര്‍ ശുഭാപ്തി പ്രകടിപ്പിച്ചത്‌.


 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls