|
ബുദ്ധദേബ് സര്‍ക്കാരിനെതിരേ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ |
|
കൊല്‍ക്കത്ത: മാവോയിസ്റ്റ് ആക്രമണത്തില്‍ 23 അര്‍ദ്ധ സൈനീകര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ബുദ്ധദേബ് സര്‍ക്കാരിനെതിരേ ആരോപണമുന്നയിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തു.
അക്രമത്തിനിരയായ ഇസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സ് തലവനായ സ്പെഷ്യല്‍ ഐ ജി ബിനോയ് ചക്രബര്‍ത്തിയെയാണ് മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ സസ്പെന്‍ഡ് ചെയ്തത്. മുഖംമൂടി ധരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനും പോലിസ് നേതൃത്വത്തിനുമെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്പെന്‍ഷനുണ്ടായി. ബുദ്ധദേബ് സര്‍ക്കാരും പശ്ചിമ മിഡ്നാപൂര്‍ എസ് പി മനോജ് വര്‍മ്മയുമാണ് തന്റെ കീഴിലുള്ള ഇത്രയധികം അര്‍ദ്ധസൈനികര്‍ കൊല്ലപ്പെട്ടതിന്റെ മുഖ്യ കാരണക്കാരെന്നാണ് ബിനോയ് ചക്രബര്‍ത്തി ആരോപിച്ചു. തന്റെ സൈനീകരോട് മനുഷ്യത്വ രഹിതമായാണ് ബംഗാള്‍ പോലിസ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കീഴിലുള്ള അര്‍ദ്ധ സൈനിക വിഭാഗത്തെ ബംഗാള്‍ പോലിസ് ദുരുപയോഗിക്കുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ആവശ്യമായ സജ്ജീകരണങ്ങളില്ലാതെ അസൗകര്യങ്ങളുടെ നടുവിലാണ് സില്‍ദ ക്യാമ്പ് സ്ഥാപിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ഏറെ ജനത്തിരക്കേറിയ സ്ഥലത്ത് ക്യാമ്പ് സ്ഥാപിക്കുന്നതിന് അധികാരികള്‍ കൈക്കൊണ്ട തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ജനത്തിരക്കേറിയ ഇടമായതിനാല്‍ തിരിച്ചടിച്ചാല്‍ സാധാരണക്കാര്‍ അധികമായി കൊല്ലപ്പെടുമെന്ന അവസ്ഥയില്‍ സൈനികര്‍ കൊലയ്ക്ക് കൊടുക്കപ്പെടുകയായിരുന്നുവെന്ന ധ്വനിയാണ് ചക്രബര്‍ത്തി വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. തികച്ചും പ്രതികൂലമായ സാഹചര്യത്തിലും അഞ്ച് മാവോയിസ്റ്റുകളെ സൈനികര്‍ വധിച്ചതായി ചക്രബര്‍ത്തി വ്യക്തമാക്കി. സില്‍ദ ക്യാംപിന് നേര്‍ക്ക് മാവോയിസ്റ്റുകളുടെ മൊബെയില്‍ സ്ക്വാഡിന്റെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ ബുദ്ധദേബ് സര്‍ക്കാരിന് രണ്ടു വട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
എന്നാല്‍ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാരും പോലിസ് സേനാ നേതൃത്വവും നടപടികളെടുത്തിരുന്നില്ലെന്ന് ചക്രബര്‍ത്തി ചൂണ്ടിക്കാട്ടി. അക്രമണത്തിനിരയായ സില്‍ദ ക്യാമ്പ് മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ താന്‍ ആവശ്യപ്പെട്ടിട്ടും മേലധികാരികള്‍ അത് ചെവിക്കൊണ്ടില്ലെന്ന് ചക്രബര്‍ത്തി വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ പോലിസിന് കീഴിലുള്ള ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സിലെ അര്‍ദ്ധസൈനികര്‍ കടുത്ത അവഗണന നേരിടുന്നതായും തീര്‍ത്തും ദുശ്ക്കരമായ സാഹചര്യങ്ങളിലാണ് കഴിയുന്നതെന്നും ചക്രബര്‍ത്തി വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് ബുദ്ധദേബ് സര്‍ക്കാര്‍ വക സസ്പെന്‍ഷനുണ്ടായത്.
|