| ആരോഗ്യവകുപ്പിലെ അനാരോഗ്യ പ്രവണതകള്‍ |
|
രോഗികളെ ഡോക്ടര്‍ സ്വന്തം ഭവനങ്ങളില്‍ കാണുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ വിലക്കി. അതില്‍നിന്ന് ലഭിക്കുന്ന അധികവരുമാനത്തിന്റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ആ ഡോക്ടര്‍മാര്‍ക്ക് പ്രതിമാസ ശമ്പളത്തിനുപുറമേ പ്രത്യേക അലവന്‍സും അനുവദിച്ചു. ഇപ്പോള്‍ ഡോക്ടര്‍മാരുടെ സംഘടന യോഗം ചേര്‍ന്ന് സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും അലവന്‍സ് തിരിച്ചെടുത്തോളാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത് വലിയ ലക്ഷ്യങ്ങളോടെയായിരുന്നു എന്ന് ആരോഗ്യവകുപ്പുമന്ത്രി പി.കെ. ശ്രീമതി ആറുമാസം മുമ്പ് പ്രസ്താവിച്ചത് ഓര്‍ക്കുന്നു. ഗവേഷണത്തിലും പഠനത്തിലും മെഡിക്കല്‍ കോളജ് അധ്യാപകരായ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം മുഴുകാന്‍വേണ്ടിയാണത്രേ സര്‍ക്കാര്‍ അങ്ങനെ ചെയ്തത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അതുകൊണ്ട് എന്തുഫലമുണ്ടായി എന്ന് ആരോഗ്യവകുപ്പിനും ഡോക്ടര്‍മാര്‍ക്കും അറിയില്ല. രോഗ്യവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന നല്ലൊരുപരിഷ്കാരമാണ് സ്വകാര്യ പ്രാക്ടീസ് നിരോധനമെങ്കില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി ഗവണ്‍മെന്റ് അത് കര്‍ശനമായി നടപ്പാക്കിയിരിക്കണം. പക്ഷേ അനുഭവത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയും വരുമാനം കൂടുകയുമാണ് ഇതുകൊണ്ട് ഉണ്ടായിരിക്കുന്ന ഫലം. ഈ പരിഷ്കാരം ആരോഗ്യവകുപ്പ് മഹാകാര്യമായി അവതരിപ്പിച്ചപ്പോള്‍തന്നെ കേരളത്തിലെ സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളെ സഹായിക്കാന്‍വേണ്ടിയാണെന്ന് ഞങ്ങള്‍ ഈ പംക്തിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ അത് ശരിവെക്കുന്നു.
ഈ സത്യം മറച്ചുവെച്ച് ആരോഗ്യ വിദ്യാഭ്യാസ ഗവേഷണപ്രവര്‍ത്തനം വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞത് കള്ളമാണ്. കുന്നായ്മയെ പട്ടുടുപ്പിക്കലാണ്. ആരോഗ്യവകുപ്പില്‍ കഴിഞ്ഞ മൂന്നാലുവര്‍ഷമായി നടക്കുന്ന പല ഹിതകരമല്ലാത്ത നടപടികളില്‍ ഒന്നുമാത്രം പൊതുജനാരോഗ്യ പരിപാലന രംഗത്ത് കേരളത്തിന് അഭിമാനകരമായ ഒരു പാരമ്പര്യമുണ്ട്. 'കേരളാ മാതൃക'യെന്ന് വികസനവിദഗ്ധര്‍ പ്രചരിപ്പിച്ച വസ്തുതകളില്‍ പ്രധാനം കേരളം ആരോഗ്യമേഖലയില്‍ കൈവരിച്ച മഹനീയ മാതൃകകളാണ്. ജനന നിയന്ത്രണം, ശിശുമരണ നിരക്കിലെ കുറവ്, ആയുര്‍ദൈര്‍ഘ്യം, രോഗപ്രതിരോധം-ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ കഴിഞ്ഞകാല നേട്ടങ്ങള്‍ ലോകോത്തരമാണെന്ന് ഡബ്ല്യൂ.എച്ച്.ഒ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ 1920ല്‍ കേരളത്തിലാണ് ആരംഭിച്ചത്. രാജഭരണകാലത്തും പിന്നീടും കേരളം പടിപടിയായി ആരോഗ്യസേവന മേഖലയില്‍ ആവിഷ്കരിച്ച ബഹുമുഖ ചികിത്സാ സമ്പ്രദായം നമ്മുടെ ജനങ്ങളുടെ ഭൗതികജീവിതമേന്‍മ വര്‍ധിപ്പിക്കുകയുണ്ടായി. ഈ വലിയ മാതൃകയാണ് പിഞ്ഞാണപ്പാത്രക്കടയില്‍ കയറിയ എരുമക്കുട്ടിയെപ്പോലെ മന്ത്രി പി.കെ ശ്രീമതി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്. വിവരമോ വിദ്യാഭ്യാസമോ ഭാവനയോ നിഴലിക്കാത്ത പ്രവൃത്തികളാണ് ആരോഗ്യവകുപ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. തികച്ചും അനുകമ്പാകുലമാണ് ഈ മന്ത്രിയുടെ ദയനീയാവസ്ഥ. അവരെ ആ സ്ഥാനത്ത് നിയോഗിച്ച സി.പി.എം നേതൃത്വത്തെയല്ലാതെ ആരെയാണ് ജനങ്ങള്‍ ഇതിന് പഴിപറയേണ്ടത്?
|
| < മുന്‍ പേജ് | അടുത്തത് > |
|---|

സംസ്ഥാന ആരോഗ്യവകുപ്പ് വലിയ ആവേശത്തോടെ എഴുന്നള്ളിച്ച് കൊണ്ടുവന്നതാണ് മെഡിക്കല്‍ കോളജ് അധ്യാപകരായ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം. 
-°C 