|
വരദരാജന്റെ ആത്മഹത്യ: പാര്‍ട്ടി വിഷമവൃത്തത്തില്‍ |
|
തമിഴ്‌നാട് സി.പി.എം ശിക്ഷാനടപടിക്ക് വിധേയനാക്കിയ നേതാവിന്റെ ജഡം അഴുകിയ നിലയില്‍ തടാകക്കരയില്‍
മുത്തു കുമരന്‍ ചെന്നൈ: സി.പി.എം മുന്‍ കേന്ദ്രകമ്മിറ്റിയംഗവും തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവുമായ
ഡബ്ല്യൂ.ആര്‍. വരദരാജനെ (63) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരദരാജനെ കേന്ദ്രകമ്മിറ്റിയില്‍നിന്നും മറ്റ് പാര്‍ട്ടി പദവികളില്‍ നിന്നും സി.പി.എം നീക്കം ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന സംശയം ശക്തമായിട്ടുണ്ട്. വരദരാജന്റെ വളര്‍ത്തുപുത്രനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചെന്നൈയിലെ പോരൂര്‍ തടാകക്കരയിലാണ് അഴുകിയനിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. തമിഴ്‌നാട് പൊലീസ് ആറ് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവല്‍ക്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസമായി വരദരാജനെ കാണാനില്ലായിരുന്നു. മൂന്നുദിവസം മുമ്പാണ് ഇതുസംബന്ധിച്ച് പൊലീസിന് ഭാര്യ പരാതി നല്‍കിയത്. വരദരാജന് എതിരായ പാര്‍ട്ടി നീക്കത്തിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടിയെന്നാണ് സൂചന. വരദരാജന്‍ എഴുതിയതെന്ന് കരുതപ്പെടുന്ന രണ്ട് കത്തുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം പാര്‍ട്ടിക്കും ലാപ്ടോപ് പാര്‍ട്ടി മുഖപത്രമായ തീക്കതിരിനും നല്‍കണമെന്നായിരുന്നു ഒപ്പുവെക്കാത്ത കത്തില്‍ എഴുതിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
പാര്‍ട്ടി ജീവിതം നന്നായി കൊണ്ടുപോകാനായെങ്കിലും സ്വകാര്യജീവിതം പരാജയമായിരുന്നതായി രണ്ടാമത്തെ കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും സി.ഐ.ടി.യു കേന്ദ്രസെക്രട്ടറിയുമായിരുന്നു വരദരാജന്‍. വരദരാജന്റെ മൃതദേഹം കണ്ടെത്തിയതിന് ശേഷം സി.പി.എം നേതാക്കളില്‍ നിന്ന് പ്രത്യേകിച്ച പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്തായാലും പ്രശ്നം പാര്‍ട്ടിയെ വൈക്ലബ്യത്തിലാക്കിയിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്ന വരദരാജന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗം രാജിവെച്ചശേഷമാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. 1989ല്‍ വില്ലിവാക്കത്തുനിന്ന് എം.എല്‍.എയായിരുന്നു. ദശാബ്ദങ്ങളോളം മികച്ച ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ നയരൂപീകരണത്തിലും ഇതരപരിപാടികളിലും നായകത്വം വഹിച്ചു. |