ഒരു ഹ്യൂമന്‍ മാനിഫെസ്റ്റോ-2

Imageഎന്തുകൊണ്ട്‌ 'മൈ നെയിം ഈസ്‌ ഖാന്‍'?

ഇ.വി ശ്രീധരന്‍

ലോകത്തിന്റെ പൊലീസുകാരന്‍ ചമഞ്ഞുനടക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം മുസ്ലീങ്ങളെയെല്ലാം ടെററിസ്റ്റുകളായി മുദ്രകുത്തുന്ന രാക്ഷസീയത മൈ നെയിം ഈസ്‌ ഖാന്‍ എന്ന സത്യം കൊണ്ട്‌, നല്ല മുസ്ലീമിന്റെ മനസ്സുകൊണ്ട്‌ നേരിടുകയാണ്‌ അമേരിക്കയുടെ മണ്ണില്‍വച്ചു തന്നെ റിസ്വാന്‍ ഖാന്‍.

ഓട്ടിസം എന്ന മനോവൈകല്യത്തെ ദൈവത്തിലും സത്യത്തിലുമുള്ള അഗാധമായ വിശ്വാസത്തിലൂടെ റിസ്വാന്‍ ഖാന്‍. റിസ്വാന്റെ സ്വത്വത്തിലെ സത്യമാണ്‌ മൈ നെയിം ഈസ്‌ ഖാന്‍ എന്ന്‌ വിളിച്ചു പറയുന്നത്‌.
മുസ്ലീങ്ങളെ വിലയിരുത്തുന്ന ഇന്നത്തെ അമേരിക്കന്‍ മനസ്സ്‌ രോഗബാധിതമാണ്‌. അമേരിക്കയുടെ അതേ രോഗം ബാധിച്ച മനസ്സുകൊണ്ടാണ്‌ ഷാരൂഖ്‌ ഖാനെ ബാല്‍താക്കറെയും ശിവസേനയും വിലയിരുത്തിയത്‌. ശിവസേനയ്ക്കും ബാല്‍താക്കറെയ്ക്കുമുള്ള മറുപടി ഷാരൂഖ്‌ ഖാന്റെ 'മൈ നെയിം ഈസ്‌ ഖാന്‍' എന്ന സിനിമ തന്നെയാണ്‌. വാസ്തവത്തില്‍ ഈ സിനിമ ബാല്‍താക്കറെയ്ക്കും അദ്ദേഹം മനുഷ്യരല്ലാതാക്കി തീര്‍ത്ത മറാത്തിമണ്ണിന്റെ മക്കള്‍ക്കും മനസ്സിനു വെളിച്ചമായി ഉപയോഗിക്കാവുന്നതാണ്‌.


മുസ്ലീങ്ങളെ ആകമാനം ഭീകരവാദികളായി ചിത്രീകരിക്കുന്നതിനെതിരെയുള്ള ഒരു ഇന്ത്യന്‍ മനുഷ്യസ്വരമാണ്‌ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ്‌ ഖാന്‍. ഇത്‌ കണ്ട്‌ കളയാവുന്ന ഒരു ബോളിവുഡ്‌ മസാലയൊന്നുമല്ല. അങ്ങനെ പറയുമ്പോള്‍ ബാല്‍താക്കറെയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഭാഷയാണ്‌. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ഹോളിവുഡ്‌ ശൈലിയില്‍ത്തന്നെയാണ്‌. സിനിമ എന്ന കല ഇലക്ട്രോണിക്സ്‌ യുഗത്തില്‍ നേടിയെടുത്ത സാങ്കേതിക നേട്ടത്തിന്റെ വലിയൊരു പ്രകടനം ഈ ചിത്രത്തിലുണ്ട്‌. അമേരിക്കയുടെ സാമ്രാജ്യത്വ വിവരക്കേടുകളില്‍ നിന്നുണ്ടായ ലോകത്തെ വലിയൊരു പ്രശ്നമാണ്‌ ഈ സിനിമ പറയുന്നത്‌.


മുസ്ലീങ്ങളെയാകമാനം സെപ്റ്റംബര്‍ 11 ന്റെ ആക്രമണശേഷം അമേരിക്കന്‍ ഭരണകൂടവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂട്ടാളികളും ടെററിസ്റ്റുകളായി ചിത്രീകരിക്കുന്നു. തങ്ങള്‍ മെനഞ്ഞുണ്ടാക്കിയ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക സിദ്ധാന്തത്തിനും ആധിപത്യത്തിനും ഇസ്ലാമിസവും അതിന്റെ ബഹുമുഖത്വവും വിഘാതമാവുമെന്ന്‌ അമേരിക്ക കരുതുന്നു. അതുകൊണ്ട്‌ അമേരിക്ക ഇസ്ലാമിസത്തെ ഭീകരവാദത്തിന്റെ പര്യായമാക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള നീക്കം സൂത്രത്തില്‍ ഇസ്ലാമിനെതിരെയുള്ള നീക്കമാക്കി മാറ്റിയെടുക്കുന്നു. മുസ്ലീം ഭീകരവാദത്തില്‍നിന്ന്‌ ലോകത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം അമേരിക്ക സ്വയം ഏറ്റെടുത്തിരിക്കുന്നു.

 

ലോകത്തുണ്ടാവുന്ന എല്ലാ ടെററിസങ്ങളെയും അമേരിക്ക ലോകമനഃസാക്ഷിയെ കബളിപ്പിച്ച്‌ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ ടെററിസത്തിന്റെ ആഹാരങ്ങളാണ്‌ മേറ്റ്ല്ലാ ടെററിസങ്ങളും. ടെററിസത്തിനെതിരെ മുറവിളിയുയര്‍ത്തുന്ന അമേരിക്കയുടെ യഥാര്‍ത്ഥ ആവശ്യം ടെററിസത്തിന്റെ നൂറു പൂക്കളാണ്‌. എന്നിട്ട്‌ ടെററിസത്തിന്റെ നാമത്തില്‍ എല്ലാ രാജ്യങ്ങളിലും ഇടപെടണം. നമ്മുടെ ലോകത്ത്‌ ഇന്ന്‌ പലതരം ടെററിസങ്ങളുണ്ട്‌. ഇസ്ലാമിക ടെററിസങ്ങള്‍ ലോകത്തെ വിറപ്പിക്കുകയുമാണ്‌. എന്നാല്‍ ഇസ്ലാമിക ടെററിസം ഇസ്ലാം വാദത്തിന്റെ സൃഷ്ടിയല്ല. ഇസ്ലാമിക ടെററിസങ്ങളെ നേരിടാനും സംഹരിക്കാനും അമേരിക്കയെ ആരും ഏല്‍പ്പിച്ചിട്ടില്ല.

 

ഇസ്ലാമിക ടെററിസത്തെ നേരിടേണ്ടത്‌ ഇസ്ലാമിസവും ഇസ്ലാം ലോകവുമാണ്‌. അല്ലെങ്കില്‍ ടെററിസത്തിന്റെ പ്രശ്നം ലോകത്തെ ഇരുന്നൂറിലധികം രാജ്യങ്ങളുടെ പ്രശ്നമാണ്‌. ഈ ഇരുന്നൂറ്‌ ലോകരാഷ്ട്രങ്ങളുടെ അധിപനോ രക്ഷകനോ അല്ല അമേരിക്ക. ടെററിസത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കു മാത്രമായി ലോകത്ത്‌ ഒന്നും നിറവേറ്റാനില്ല. അമേരിക്കയുടെ ലോകരക്ഷകന്റെ വേഷം ടെററിസത്തിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ ഭീകരവല്‍ക്കരിക്കുകയാണ്‌. എല്ലാ മുസ്ലീങ്ങളെയും അമേരിക്കന്‍ പൗരന്മാരുടെ മുമ്പില്‍ ഭീകരന്മാരാക്കി മാറ്റുന്നു. വ്യക്തികളില്‍ സാമ്രാജ്യത്വ മനോഭാവം കുത്തിവെക്കുന്നു.
ടെററിസം അടിസ്ഥാനപരമായി വ്യക്തികളുടെ സാമ്രാജ്യത്വ മനോഭാവത്തിന്റെ പ്രകടനങ്ങളാണ്‌. അമേരിക്കയുടെ മണ്ണില്‍ വച്ചുതന്നെ റിസ്വാന്‍ഖാന്‍ എന്ന പാവപ്പെട്ട ഇന്ത്യന്‍ മുസ്ലീം യുവാവ്‌ ഈ പ്രകടനങ്ങളുടെ ഇരയായി ടെററിസ്റ്റായി ചിത്രീകരിക്കപ്പെടുന്നതിന്റെ ദയനീയതയാണ്‌ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ്‌ ഖാന്‍ പറയുന്നത്‌.

 

ബിസിനസ്സില്‍ സഹോദരന്‌ സഹായത്തിനായി മുംബൈയില്‍ നിന്ന്‌ അമേരിക്കയിലെത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെ അമേരിക്കന്‍ ഭീകരവേട്ടയുടെ മറുകഥ പറയുകയാണ്‌ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ്‌ ഖാന്‍.ഓട്ടിസം എന്ന രോഗം ബാധിച്ച്‌ അല്‍പ്പം മനോവൈകല്യമുള്ള ഒരാളാണ്‌ റിസ്വാന്‍ ഖാന്‍. ഈ രോഗം ഒരു മനുഷ്യജീവിക്ക്‌ ഉണ്ടാകുന്ന കടുത്ത നിസ്സഹായതയും നിര്‍ഭാഗ്യവുമാണ്‌. റിസ്വാന്റെ രോഗത്തെക്കുറിച്ച്‌ ഇവിടെ അല്‍പ്പം വിശദീകരിക്കേണ്ടതുണ്ട്‌. റിസ്വാന്റെ രോഗം ഈ സിനിമയുടെ കലാപരമായ ഉജ്ജ്വലതയാണ്‌. ഷാരൂഖ്‌ ഖാനും കജോളിനും അഭിനയത്തിന്റെ അപാരസാധ്യതകള്‍ ഒരുക്കിക്കൊടുക്കുന്നത്‌ റിസ്വാന്‍ ഖാന്റെ ഓട്ടിസം ആണ്‌. സിനിമയില്‍ സജീവമായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു റിസ്വാന്‍ ഖാന്റെ ഓട്ടിസം എന്ന മാറാത്ത രോഗം. ഷാരൂഖ്‌ ഖാന്റെ അഭിനയത്തിന്‌ മാറ്റുകൂട്ടുന്നത്‌ ഈ രോഗമാണ്‌.


ജന്മനാതന്നെ ഉണ്ടാകുന്ന ഒരു മാനസിക വൈകല്യമാണ്‌ ഓട്ടിസം എന്ന രോഗം. മസ്തിഷ്കത്തിന്റെ ഒരു പ്രധാനതലമാണ്‌ ഈ രോഗത്തിന്റെ ഉറവിടം. ഒരു കുട്ടി ജനിക്കുമ്പോള്‍ ഈ വൈകല്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണുകയില്ല. രണ്ട്‌ വയസ്സിനു ശേഷമാണ്‌ രോഗം പ്രത്യക്ഷപ്പെടുന്നത്‌. മാറുകയില്ല എന്ന്‌ വൈദ്യശാസ്ത്രം തീരുമാനിച്ച രോഗമാണിത്‌. ഓട്ടിസത്തെ വൈദ്യശാസ്ത്രം ജനിതക രഹസ്യങ്ങള്‍ക്ക്‌ വിട്ടുകൊടുത്തിരിക്കുകയാണ്‌. രോഗിക്ക്‌ സാമൂഹ്യബന്ധം തീരെയുണ്ടാവുകയില്ല എന്നതാണ്‌ ഈ രോഗം. ഒരാളായിമാത്രം സ്വയം ജീവിക്കുക എന്ന വിധിപോലെയാണ്‌ ഓട്ടിസം എന്നരോഗം. എന്നാല്‍ മനോരോഗത്തിന്റെ വര്‍ഗത്തില്‍പ്പെട്ട ഭ്രാന്തുമല്ല.
ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ സംഭ്രമിപ്പിക്കുന്ന വേഗതയായിരിക്കും. ചിലര്‍ക്ക്‌ പ്രത്യേക കാര്യങ്ങളില്‍ കൈമിടുക്കും ശേഷിയുമൊക്കെ ഉണ്ടായിരിക്കും.

 

മോട്ടോര്‍ മെക്കാനിസം, വാച്ച്‌ റിപ്പയറിംഗ്‌, കളിപ്പാട്ടങ്ങളുണ്ടാക്കല്‍ എന്നീ കാര്യങ്ങളില്‍ ഓട്ടിസ്റ്റുകള്‍ താല്‍പ്പര്യമെടുക്കുന്നതു കാണാം. ചെറിയ ശതമാനം രോഗികള്‍ മികച്ച ബുദ്ധിവൈഭവമുള്ളവരായിരിക്കും. എന്നാല്‍ ഇവരില്‍ നിന്ന്‌ എഴുത്തുകാരും കലാകാരന്മാരുമൊന്നുമുണ്ടാകില്ല. സ്വന്തം നിര്‍ബന്ധങ്ങളിലൂടെ നീങ്ങുന്ന നിസ്സഹായരായ മനുഷ്യജീവികള്‍. ഈ നിസ്സഹായ മനുഷ്യജീവികളില്‍ നിന്നൊരാള്‍ അമേരിക്കന്‍ സാമ്രാജ്യത്വ ടെററിസത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നു. റിസ്വാന്‍ ഖാന്‍ എന്ന ഒരു നല്ല മുസ്ലിം. മുസ്ലീങ്ങളെയെല്ലാം ടെററിസ്റ്റുകളായി ചിത്രീകരിക്കുന്ന അമേരിക്കന്‍ മനസ്സിനോടാണ്‌ റിസ്വാന്‍ പൊരുതുന്നത്‌ - ഞാന്‍ ഒരു ഖാനാണ്‌, ടെററിസ്റ്റല്ല എന്നു പ്രഖ്യാപിച്ചുകൊണ്ട്‌.

 

സാമ്രാജ്യത്വ ടെററിസത്തിന്റെ ലോകതലവനായ അമേരിക്കയുടെ ഭീമന്‍ മസ്തിഷ്കത്തോടാണ്‌ ഓട്ടിസം ബാധിച്ച്‌ ദുര്‍ബലമായിത്തീര്‍ന്ന എന്നാല്‍ സര്‍വശക്തനായ ദൈവം കുടിയിരിക്കുന്ന മസ്തിഷ്കം കൊണ്ട്‌ റിസ്വാന്‍ ഖാന്‍ പൊരുതുന്നത്‌. ഈ പൊരുതല്‍ അമേരിക്കയില്‍ വിമാനമിറങ്ങുമ്പോള്‍ത്തന്നെ തുടങ്ങുന്നു.ഒരു കുട്ടിയുള്ള മന്ദിര എന്ന ഹിന്ദുയുവതിയെ വിവാഹം ചെയ്ത്‌ സന്തോഷകരമായി നീങ്ങുന്ന റിസ്വാന്റെ ജീവിതം വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ഭീകരാക്രമണത്തില്‍ തകരുന്നതോടെ തകിടം മറിയുന്നു. പോകുന്നേടത്തെല്ലാം റിസ്വാന്‍ മുസ്ലീമായി അകറ്റപ്പെടുന്നു. എന്തിന്‌ മന്ദിരയുടെ കുട്ടിപോലും അവര്‍ക്ക്‌ മുസ്ലീമാണ്‌. അവന്റെ ഉറ്റ അമേരിക്കന്‍ ചങ്ങാതിയും മുസ്ലിമായതുകൊണ്ട്‌ അവനെ കൈവിടുന്നു.

 

വെള്ളക്കാരന്‍ ചങ്ങാതിയുടെ മുമ്പില്‍വച്ചുതന്നെ അവന്‍ ഒരുകൂട്ടം വെള്ളക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. മകന്‍ നഷ്ടപ്പെട്ട വിഭ്രാന്തിയില്‍ മന്ദിര റിസ്വാനോട്‌ പോയ്ക്കൊള്ളാന്‍ പറയുകയാണ്‌ - പരാതിയുണ്ടെങ്കില്‍ പോയി പ്രസിഡന്റിനോടു പറയാനും.പ്രസിഡന്റിനോട്‌ റിസ്വാന്‌ ഒന്നേ പറയാനുള്ളൂ- "എന്റെ പേര്‌ ഖാന്‍, ഞാനൊരു ഭീകരനല്ല."പ്രസിഡന്റ്‌ പങ്കെടുക്കുന്ന യോഗങ്ങള്‍ തേടിയുള്ള യാത്രക്കിടയില്‍ റിസ്വാന്‍ ഭീകരനായി സംശയിക്കപ്പെടുന്നു. 'എനിക്ക്‌ പ്രസിഡന്റിനെ കാണണം' എന്നു വിളിച്ചു പറയുന്ന റിസ്വാന്റെ ഉദ്ദേശ്യമെന്തെന്ന്‌ പൊലീസിനറിയണം. കഠിന പീഡനങ്ങള്‍ക്കൊടുവില്‍ മന്ദിരയുടെ കൂടി സാക്ഷിമൊഴിയോടെ റിസ്വാന്‍ മോചിതനാവുന്നു.


മനുഷ്യന്റെ ഭീകരതയെന്നതുപോലെ പ്രകൃതിയുടെ ഭീകരതയും പിന്നീട്‌ റിസ്വാന്‍ കാണുന്നു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഭേദങ്ങളില്ലാതെ അവിടെ എല്ലാവരെയും വേട്ടയാടുന്നു. ഒരു രക്ഷകനെപ്പോലെ തനിക്കാവുന്ന എല്ലാ സഹായങ്ങളും റിസ്വാന്‍ ചെയ്യുന്നു. ഒടുവില്‍ റിസ്വാനെ കാണാന്‍ പ്രസിഡന്റും തയ്യാറാവുന്നു. റിസ്വാനെയും മന്ദിരയെയും അരികില്‍ വിളിക്കുന്ന പ്രസിഡന്റ്‌ മന്ദിരയുടെ മകന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. സംവിധായകന്‍ കരണ്‍ ജോഹറിന്റെ മൂന്നുകൊല്ലത്തെ പരിശ്രമഫലമാണ്‌ ഈ സിനിമ. ചിത്രീകരണവും സംഗീതവും ഛായാഗ്രഹണവുമൊക്കെ അത്ഭുതകരമായി ചടുലവും മനോഞ്ജവുമാണ്‌. സംഗീതം വികാരത്തിന്റെ വലിയൊരു തലത്തിലേക്കുയരുന്നുണ്ട്‌. കരണ്‍ ജോഹര്‍ കഴിവുറ്റ സംവിധായകനാണ്‌. ജോഹര്‍, ഷാരൂഖ്‌ ഖാന്‍, കജോള്‍ എന്നിവരുടെ പേരിലാണ്‌ ഈ സിനിമ പ്രചരിക്കുന്നതെങ്കിലും മറ്റൊരുപാട്‌ വലിയ കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരുമൊക്കെ ഈ സിനിമയുടെ വിജയത്തിനു പിറകിലുണ്ട്‌.

 

എല്ലാവര്‍ക്കും അപ്പുറത്ത്‌ ഷാറൂഖിന്റെയും കജോളിന്റെയും അഭിനയ വിശേഷം ഈ ഫിലിമിന്റെ ധന്യത.ഖാന്‍ ഉണ്ടായത്‌ ഷാരൂഖ്‌ ഖാന്റെ പീഡിപ്പിക്കപ്പെട്ട ഒരനുഭവത്തില്‍ നിന്നുതന്നെയാണ്‌. അമേരിക്കയിലെ നെവാര്‍ക്‌ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖ്‌ ഖാനെ, ഒരു ഖാനായതുകൊണ്ട്‌ പരിശോധിച്ച്‌ പീഡിപ്പിച്ച സ്വാനുഭവത്തില്‍ നിന്ന്‌. സാമ്രാജ്യത്വത്തിന്റെ ഈ മൃഗീയതയോടാണ്‌ ഷാരൂഖ്‌ ഖാന്‍, സിനിമയില്‍ റിസ്വാന്‍ ഖാന്റെ വേഷമിട്ടുകൊണ്ട്‌ പറയുന്നത്‌: "എന്റെ പേര്‌ ഖാന്‍, ഞാനൊരു ഭീകരനല്ല." ഇതൊരു സിനിമ മാത്രമല്ല, ഇതൊരു ഹ്യൂമന്‍ മാനിഫെസ്റ്റോയാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls