|
എം.ഡി. നാലപ്പാട്
രുചിക ഗിര്‍ഹോത്രാ എന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ ജീവിതം കുട്ടിച്ചോറാക്കിയതിന് മുന്‍ ഹരിയാന ഡിജിപി: എസ്.പി.എസ്. റാത്തോര്‍ വര്‍ഷങ്ങളോളം ജയിലഴിക്കുള്ളിലായേക്കാം.
എന്നാല്‍ അതിന് വഴിയൊരുക്കുന്നത് നിലവിലുള്ള നിയമമോ, അത് നടപ്പാക്കേണ്ട ഔദ്യോഗിക ഏജന്‍സികളോ അല്ല. രണ്ട് ദശാബ്ദങ്ങളോളം നിയമവ്യവസ്ഥ ചുറ്റിക്കളിച്ചിട്ടും വെറും ആറുമാസത്തെ ജയില്‍ ശിക്ഷയേ റാത്തോഡിന് ആദ്യം ലഭിച്ചുള്ളു. അതില്‍നിന്ന് അദ്ദേഹം ജാമ്യം മൂലം തല്‍ക്കാലത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. ഒരുപക്ഷേ കേസില്‍ അപ്പീലും അതിന്‍മേല്‍ അപ്പീലുമായി റാത്തോറിന് നൂറുവയസ്സുവരെ സുഖമായി ജീവിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അവസരമൊരുക്കിയെന്നുവരാം. നമ്മുടെ നിയമവ്യവസ്ഥയുടെ ജീര്‍ണ്ണമായ മുഖമാണിത്. മാധ്യമങ്ങളുടെ ജാഗ്രതയും പൊതുസമൂഹത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പും മൂലമാണ് അതിനുമുമ്പ് ദേശീയ മനസ്സാക്ഷിയുടെ മുന്നില്‍ ഈ പൊലീസ് ഓഫീസര്‍ ഒരു കുറ്റവാളിയായി തന്റെ വികൃതമുഖം പ്രദര്‍ശിപ്പിച്ചുനില്‍ക്കുന്നത്. പല തട്ടുകളായിട്ടാണ് നമ്മുടെ നിയമവ്യവസ്ഥ നിലനില്‍ക്കുന്നതെങ്കിലും രുചികയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതില്‍ ഈ വ്യവസ്ഥ അമ്പേ പരാജയപ്പെട്ടു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരൂടെയും അധികാര ദുര്‍വിനിയോഗത്തിനെതിരെ തുറന്ന നീക്കമാണ് ഇദംപ്രഥമമായി വേണ്ടത്. എന്നാല്‍ ഇതിനുവേണ്ടി പുതിയ നിയമങ്ങള്‍ രൂപീകരിക്കുമ്പോള്‍ റാത്തോറുമാരുടെ ഇരകളായി പുതിയ രുചികമാരും സൃഷ്ടിക്കപ്പെട്ടെന്നുവരാം. നിയമങ്ങള്‍ എത്ര ശക്തിയുള്ളതായാലും അതിനെ തങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വളച്ചൊടിയ്ക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് നമ്മുടെ രാജ്യത്ത് ഒരു പഞ്ഞവുമില്ലന്ന് ഓര്‍ക്കണം. നിയമനിര്‍മാണസഭകള്‍ ഉണ്ടാക്കുന്ന പിന്തിരിപ്പന്‍ നിയമങ്ങളല്ല ഇതിനുവേണ്ടത്. അവ നിയമപുസ്തകങ്ങളില്‍ ഉറങ്ങിക്കിടക്കുകയേയുള്ളൂ.
ഏട്ടിലെ നിയമത്തിന്റെ ശക്തിയെക്കുറിച്ച് വാദിക്കുന്നവര്‍ അമേരിക്കയിലെ എഴുപതുകളിലെ സ്ഥിതി പരിശോധിക്കേണ്ടതാണ്. അക്കാലത്ത് ലോകത്തില്‍ ഏറ്റവുമധികം തടവുകാര്‍ ഉണ്ടായിരുന്നത് അമേരിക്കയിലായിരുന്നു. എല്ലാ കുറ്റങ്ങള്‍ക്കും യാതോരു വിവേചനമില്ലാതെ ശിക്ഷയായിരുന്നു അവിടെ. ഫലമോ തടവറയിലേക്ക് കുറ്റവാളികളുടെ ഒഴുക്കായിരുന്നു. നിയമം നടപ്പാക്കുന്നതില്‍ യാതൊരു അലംഭാവവും അവര്‍ കാണിച്ചില്ല. അമേരിക്കയില്‍ മാത്രമല്ല ലോകത്തില്‍ എല്ലായിടത്തും ജയില്‍ എന്നാല്‍ കുറ്റകൃത്യങ്ങള്‍ പഠിക്കാനുള്ള സര്‍വകലാശാലകളാണ്. അവിടെ കുറച്ചുനാളെങ്കിലും ചെലവഴിക്കുന്നവര്‍ കൊടും ക്രൂരതകള്‍ക്കും കുറ്റങ്ങള്‍ക്കും മാസ്റ്റര്‍ ബിരുദവുമെടുത്താണ് പുറത്തുവരിക. 'കത്രീന' ആഞ്ഞുവീശിയ ന്യൂഓര്‍ലിയന്‍സില്‍ ദുരന്തങ്ങള്‍ക്ക് നടുവിലും കൊള്ളയും കിഡ്നാപ്പിങ്ങും അരങ്ങേറിയത് ആര്‍ക്ക് മറക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ പൊതുവില്‍ കുറഞ്ഞു എന്നത് ഒരു വസ്തുതയാണ്. കടുത്ത നിയമങ്ങളുടെ പശ്ചാത്തലത്തിലല്ല, മറിച്ച് സാമൂഹികമായ ചില മുന്നേറ്റങ്ങളുടെ ഫലം കൊണ്ടാണത് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞു. അതുപോലെതന്നെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളും വിരളമാണ്. കുടുംബവഴക്കുകളും പണിസ്ഥലത്തും വീടുകളിലും സ്ത്രീകള്‍ അനുഭവിച്ചിരുന്ന പീഡനങ്ങളും കുറവുണ്ട്. പൗരസമൂഹത്തിന്റെ ഉണര്‍വും അവബോധവും കൊണ്ടാണ് അമേരിക്ക ഇത്തരത്തില്‍ ഒരുനേട്ടമുണ്ടാക്കിയത്. അവിടുത്തെ നിയമവ്യവസ്ഥയുടെ മാത്രം വിജയമായി അതിനെ കണ്ടുകൂടാ. ജനങ്ങള്‍ മാധ്യമശക്തി ഉപയോഗിച്ച് ചെറുത്തപ്പോള്‍ നിയമത്തിന്റെ പിന്‍ബലവും സ്വാഭാവികമായും ലഭിച്ചു. ജനങ്ങള്‍ ആവേശപൂര്‍വം മുന്നോട്ടുവന്നില്ലായിരുന്നെങ്കില്‍ നിയമം തടിച്ച പുസ്തകങ്ങളുടെ താളുകളില്‍ നിശ്ശബ്ദമായി ഉറങ്ങിക്കിടക്കുമായിരുന്നു. അഫ്ഗാനിലും ഇറാഖിലും കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കിലും ആക്രമണങ്ങള്‍ക്കും ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ക്കും യാതോരു കുറവുമില്ല. വിസാ നിയന്ത്രണങ്ങളില്‍ ഉണ്ടായ മാറ്റം ഡേവിഡ് ഹെഡ്ലിയെപ്പോലെ ഒരു ഭീകരനെ പിടികൂടാന്‍ സഹായിച്ചു എന്നത് നേര്. എന്നാല്‍ മധുകോഡയെയും അതുപോലുള്ളവരെയും കൈകാര്യം ചെയ്യാന്‍ ആ നിയമം മതിയാകാതെ വരുന്നു. പതിനായിരം രൂപയ്ക്ക് മുകളില്‍ എ.ടി.എമ്മില്‍ നിന്നെടുക്കുന്നതിന് നിയന്ത്രണങ്ങങ്ങള്‍ കൊണ്ടുവരുന്നത് ഭീകര പ്രവര്‍ത്തനം തടയാന്‍ സഹായിക്കും. എന്നാല്‍ മധു കോഡയുടെ സമ്പത്ത് ശേഖരണം തടയാന്‍ എന്തുചെയ്യാന്‍ പറ്റും?
നാട്ടിലെ ജനങ്ങള്‍ക്ക് എന്താണ് അനുയോജ്യമെന്ന് സര്‍ക്കാര്‍ തിരുമാനിക്കുമെന്നത് കോളനി വാഴ്ചക്കാലത്തെ പരികല്‍പ്പനയാണ്. സനാതന ധര്‍മത്തിന്റെ മണ്ണായ ഭാരതത്തില്‍ വ്യക്തിക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്യം അളവറ്റതാണ്. അതുകൊണ്ട് തന്നെ അമേരിക്കക്കാരന്‍ ഇന്ത്യയില്‍ ചെയ്യുന്നതിനെക്കാള്‍ നല്ല കാര്യങ്ങള്‍ ഇന്ത്യക്കാരന്‍ അമേരിക്കയില്‍ ചെയ്യുന്നുണ്ട്. അത് ആ രാജ്യത്ത് നിലനില്‍ക്കുന്ന പൗരബോധത്തിന്റെയും സാമൂഹിക വ്യവസ്ഥയുടെയും ഗുണമാണ്. എവിടെയെങ്കിലും മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുന്നെങ്കില്‍ അത് നിയമവ്യവസ്ഥ ഉദാരമാകുമ്പോള്‍ മാത്രമാണ് എന്നോര്‍ക്കുക. നിയമങ്ങള്‍ കടുത്തതാകുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ല. നമുക്ക് സര്‍ക്കാരിന്റെ നിയമങ്ങളേയും ഇടപെടലുകളേയും മറികടന്ന് ജനങ്ങളുടെ ജാഗ്രതയാണ് കൂടുതല്‍ ആവശ്യം.
നിയമങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാത്ത ഇന്ത്യയ്ക്കു മാത്രമെ പരിഷ്കൃത ലോകത്തേക്ക് വളരാനാകൂ. 1947ല്‍ ലഭിച്ച സ്വാതന്ത്ര്യത്തിന് എങ്കില്‍ മാത്രമേ അര്‍ത്ഥമുണ്ടാവുകയുള്ളൂ. (ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്) |