| ആനന്ദ് സമിതിക്ക് മുന്നിലെത്തിയ മുല്ലപ്പെരിയാര്‍ പ്രശ്നം |
|
സമിതിയിലെ രണ്ട് സാങ്കേതിക അംഗങ്ങളെ കേന്ദ്രസര്‍ക്കാരും സാങ്കേതിക വിദഗ്ധരോ നിയമജ്ഞരോ ആയ ഓരോ അംഗത്തെ വീതം കേരളവും തമിഴ്‌നാടും നിശ്ചയിക്കുന്നതാണ്. ആറുമാസത്തിനകം മുല്ലപ്പെരിയാര്‍ തര്‍ക്കപ്രശ്നത്തിന്റെ നാനാവശങ്ങള്‍ പഠിച്ച് ഈ വിദഗ്ധസമിതി കേന്ദ്രസര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് നല്‍കണം. കേന്ദ്രസര്‍ക്കാര്‍ അത് സുപ്രീംകോടതിക്ക് കൈമാറുമ്പോള്‍ വരുന്ന സെപ്തംബര്‍ ഇരുപതിന് കേസ് പരമോന്നത നീതിപീഠം വീണ്ടും പരിഗണിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടായ ശ്രമംകൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചില്‍നിന്ന് ഇങ്ങനെയൊരു നിര്‍ദ്ദേശമുണ്ടായതെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറയുന്നു.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കാന്‍ ഈ സാഹചര്യം ഉപകരിക്കുമെന്ന് പ്രത്യാശിക്കാം. എന്തെന്നാല്‍ പുതുതായി രൂപംകൊള്ളുന്ന വിദഗ്ധസമിതി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ പരിശോധിക്കും. 1. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയില്ലെങ്കില്‍ തമിഴ്‌നാടിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ? 2. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണോ? 3. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കേണ്ടതുണ്ടോ? സമിതിയുടെ പരിഗണനയ്ക്കുവരുന്ന ഈ വിഷയങ്ങള്‍ക്ക് അനുബന്ധമായ തെളിവുകള്‍ നിരത്താന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും അവസരം ലഭിക്കുന്നു.
ഭാഷാ സംസ്ഥാനം രൂപംകൊണ്ടശേഷം നിയമപരമായി ഒരുതരത്തിലും നിലനില്‍പ്പില്ലാത്ത ഒരു കരാറാണിത്. 1957ല്‍ കേരളവും തമിഴ്‌നാടും തമ്മില്‍ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയിരുന്നെങ്കില്‍ ഈ പാട്ടക്കരാറിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. എന്നാല്‍ 1970 മേയ് 29ന് രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ പാട്ടക്കരാര്‍ പുതുക്കിക്കൊണ്ട് അനുബന്ധ രേഖയുണ്ടാക്കുകയും അതിന് 1955 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തു. 1956ലെ കേന്ദ്ര നിയമത്തെ മറികടക്കാനുള്ള ഒരു ശ്രമമായി നിയമവൃത്തങ്ങള്‍ പിന്നീട് ചൂണ്ടിക്കാട്ടിയ ഈ ശ്രമം വിഫലമാണെന്നും നിയമപരമായി അതിന് നിലനില്‍പ്പില്ലെന്നും പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
മുന്‍ ജലസേനചവകുപ്പുമന്ത്രി ടി.എം. ജേക്കബ് അധ്യക്ഷനായി രൂപീകരിച്ച നിയമസഭാ അഢോക്ക് കമ്മിറ്റി മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നിയമസാധുതയില്ലെന്ന് സുനിശ്ചിതമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് നിയമവകുപ്പ് പില്‍ക്കാലത്ത് ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച അലംഭാവവും വീഴ്ചയും സുപ്രീംകോടതിയില്‍ കേരളത്തിന്റെ താല്‍പര്യത്തിന് പലപ്പോഴും തിരിച്ചടിയുണ്ടാക്കി. രാജഭരണകാലത്ത് കോളനി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്താല്‍ മദ്രാസ് പ്രസിഡന്‍സിക്കുവേണ്ടി തിരുവിതാംകൂര്‍ ഭരണകൂടം ഒപ്പിട്ട ജലക്കരാറിന് ജനകീയഭരണകാലത്ത് യാതൊരു പ്രസക്തിയുമില്ല. എന്നാല്‍ പ്രകൃതിവിഭവമായ ജലം അയല്‍സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുടിക്കാനും കൃഷിചെയ്യാനും പങ്കുവെയ്ക്കുന്നത് ജീവകാരുണ്യപരമായ ഒരു ഔദാര്യമാണ്.
കേരളം പുഴകളും നദികളും ജലാശയങ്ങളും കൊണ്ട് പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട സമൃദ്ധിയുടെ നാടായിട്ടാണ് കരുതപ്പെട്ടുപോന്നത്. മുല്ലയാറും പെരിയാറും ചേര്‍ന്ന് ഒഴുകുന്ന മുല്ലപ്പെരിയാര്‍ കേരളാ അതിര്‍ത്തിയിലാണ്. അവിടുത്തെ ജലം അയല്‍ സംസ്ഥാനത്തിന് ഉദാരപൂര്‍വ്വം നല്‍കുമ്പോള്‍ അതിന് കണക്കും വ്യവസ്ഥയും വേണം. ആറ്റില്‍ കളഞ്ഞാലും അളന്നുകളയണമെന്ന് മലയാളികള്‍ക്കിടയില്‍ ഒരു നാടന്‍ മൊഴിയുണ്ട്. അത് വെറുതെ പറയുന്നതല്ല. അയല്‍സംസ്ഥാനമായ കര്‍ണാടകം കാവേരി നദിയിലെ ജലം തമിഴ്‌നാടിന് പങ്കുവെയ്ക്കുന്നുണ്ട്. കൃത്യമായി അളന്ന് പണം വാങ്ങിയാണ് വെള്ളം വില്‍ക്കുന്നത്. ആ വ്യവസ്ഥ മുല്ലപ്പെരിയാര്‍ ജലം പങ്കുവെയ്ക്കുന്നതിലും വേണമെന്ന് കേരളത്തിലെ ഭരണാധികാരികള്‍ തീരുമാനിക്കേണ്ടിയിരുന്നു.
സംസ്ഥാനത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം ചെയ്ത അക്ഷന്തവ്യമായ അപരാധം മൂലമാണ് മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്തരത്തില്‍ കുഴഞ്ഞുമറിഞ്ഞത്. അന്നത്തെ മന്ത്രിസഭയില്‍ നിയമകാര്യങ്ങളുടെയും ജലസേചനത്തിന്റെയും മന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യരും മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസും പഴയ മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാര്‍ പ്രദേശത്തുനിന്നുള്ള നിയമസഭാംഗങ്ങളായിരുന്നു. 999 വര്‍ഷം നീളുന്ന തികച്ചും യുക്തിരഹിതമായ ഒരു കരാറിന്റെ അടിയില്‍ അംഗീകാരമുദ്ര ചാര്‍ത്താന്‍ അന്നത്തെ ഈ ഭരണാധികാരികളെ നയിച്ച ചേതോവികാരം എന്തായിരുന്നു എന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല. ഏതായാലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ തര്‍ക്കപ്രശ്നത്തില്‍ ജസ്റ്റിസ് ആനന്ദ് അധ്യക്ഷനായ വിദഗ്ധസമിതി ആറുമാസത്തിനുള്ളില്‍ തയ്യാറാക്കുന്ന പഠനറിപ്പോര്‍ട്ട് ശാസ്ത്രീയവും മാനുഷികവും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭാവി തലമുറയ്ക്ക് അനുഗുണവുമാകുമെന്ന് പ്രത്യാശിക്കാം.
ജലതര്‍ക്ക പരിഹാര ട്രൈബൂണലിന് വിടാതെ ഇത്തരമൊരു വിദഗ്ധ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിഷയം പഠനവിധേയമാക്കിയത് കേരളത്തിന്റെ നേട്ടമാണ്. അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന സംസ്ഥാനത്തിന് വിദഗ്ധസമിതിയില്‍ നിന്ന് മാനുഷികപരിഗണന ലഭിച്ചേക്കാം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കേരളവും തമിഴ്‌നാടും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ തര്‍ക്കപ്രശ്നം മുന്‍ ചീഫ് ജസ്റ്റിസ് എ.എസ് ആനന്ദിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗസമിതിയുടെ പഠനത്തിന് വിട്ടു. 
-°C 