അതിരപ്പിള്ളി മറ്റൊരു സെയിലന്റ്‌ വാലി

Imageനിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നല്‍കാനാവില്ലെന്ന്‌ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുമന്ത്രി ജയറാം രമേശ്‌ അസന്നിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നു.

ബയോ ഡൈവോഴ്സിറ്റി ബോര്‍ഡിന്റെയും വനംവകുപ്പിന്റെയും പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നിലപാടെന്ന്‌ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌. പദ്ധതി വന്നാല്‍ ഉണ്ടാകുന്ന അപരിഹാര്യമായ ക്ഷതം ഭാവിതലമുറയെ ഗുരുതരമായി ബാധിക്കും. എന്നാല്‍ പദ്ധതിയില്‍ നിന്ന്‌ ലഭിക്കുന്ന വൈദ്യുതിയാകട്ടെ താരതമ്യേന വളരെ ചെറുതും. എങ്കിലും സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി അതിരുവിട്ട്‌ വാദിക്കുന്നത്‌ എന്തിനെന്ന്‌ മനസ്സിലാകുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി ഈ പ്രശ്നം കേരളത്തിലെ സാധാരണക്കാരുടെ ചിന്തയിലുണ്ട്‌. അതിരപ്പിള്ളി എന്ന വാക്ക്‌ മനോഹരമായ ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ചിത്രമാണ്‌ മലയാളിയുടെ മനസ്സില്‍ ഉണര്‍ത്തുന്നത്‌. എന്നാല്‍ കോടതി വ്യവഹാരങ്ങളും കേന്ദ്രാനുമതിയും വൈദ്യുതി ബോര്‍ഡിന്റെ അവകാശവാദങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങളുമൊക്കെ ചേര്‍ന്ന്‌ അതിരപ്പിള്ളിക്ക്‌ മറ്റൊരു പ്രതിച്ഛായ കൈവന്നിട്ടുണ്ട്‌.

 

വൈകുന്നേരം ആറുമണി മുതല്‍ രാത്രി പത്തുമണി വരെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതികമ്മി നേരിടാന്‍ കെ.എസ്‌.ഇ.ബി പല പോംവഴികളും ആരാഞ്ഞു. അങ്ങനെയാണ്‌ തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയ്ക്ക്‌ കുറുകെ അണകെട്ടി 163 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഒരു പദ്ധതി നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. 1996ല്‍ ഇതിനുവേണ്ടി ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിനെ പാരിസ്ഥിതിക ആഘാത പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു. രണ്ടുവര്‍ഷത്തിനുശേഷം അവരുടെ പഠനറിപ്പോര്‍ട്ട്‌ പ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ അനുമതി ലഭിച്ചു. എന്നാല്‍ പ്രകൃതിസ്നേഹികള്‍ എതിര്‍പ്പുകളുമായി രംഗത്തുവരികയും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഉത്ഭവിക്കുകയും ചെയ്തു.

 

പുതിയൊരു പാരിസ്ഥിതിക പഠനം നടത്താനായിരുന്നു കോടതി കെ.എസ്‌.ഇ.ബിയോട്‌ ആവശ്യപ്പെട്ടത്‌. 2004ല്‍ വാട്ടര്‍ ആന്‍ഡ്‌ പവര്‍ കണ്‍സള്‍ട്ടന്‍സി എന്ന ഏജന്‍സിയുടെ സഹായത്തോടെ രണ്ടാമതൊരു പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയാക്കുകയും കേന്ദ്രാനുമതിക്ക്‌ അപേക്ഷ നല്‍കുകയും ചെയ്തു. 2005ല്‍ വീണ്ടും അനുമതി ലഭിച്ചെങ്കിലും ഹൈക്കോടതി അത്‌ റദ്ദാക്കുകയായിരുന്നു. വീണ്ടും ഇതുപോലൊരു പഠനവും ക്ലിയറന്‍സും കോടതി ഇടപെടലും ഉണ്ടായി. 2007ല്‍ നദീതട ജലവൈദ്യുത പദ്ധതികളുടെ വിലയിരുത്തല്‍ സമിതി അതിരപ്പിള്ളി പരിഗണിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്‌ തടസ്സമൊന്നും ഉണ്ടാകില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടി. മന്ത്രി എ.കെ ബാലന്‍ കേന്ദ്രമന്ത്രി ജയറാം രമേശുമായി ഈ പദ്ധതിക്കുവേണ്ടി ഡല്‍ഹിയില്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.

 

കാര്യങ്ങള്‍ വിശദമായി പരിശോധിച്ച കേന്ദ്രമന്ത്രി കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഇങ്ങനെ പ്രസ്താവിച്ചു: 'അതിരപ്പിള്ളി പദ്ധതിയുടേത്‌ സെയിലന്റ്‌വാലിയുടേതിന്‌ സമാനമായ പ്രശ്നമാണ്‌. പാരിസ്ഥിതിക സംതുലനത്തിന്‌ വിഘാതമുണ്ടാക്കുന്ന ഒരു നിര്‍മാണപ്രവര്‍ത്തനവും അവിടെ അനുവദിക്കാനാവില്ല'. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ അഭിപ്രായം ശാസ്ത്രീയമായ പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലായിരുന്നു. 1998, 2005, 2007 വര്‍ഷങ്ങളില്‍ നടന്ന വ്യത്യസ്ത പഠനങ്ങള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വാങ്ങിയത്‌ അതിരപ്പിള്ളി പദ്ധതി തടയാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ സമ്മര്‍ദം മൂലമാണെന്ന്‌ സംസ്ഥാന വൈദ്യുതിവകുപ്പുമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ഏതാണ്‌ ആ ബാഹ്യശക്തിയെന്ന്‌ മന്ത്രി ബാലന്‍ വെളിപ്പെടുത്തുന്നില്ല.


സെയിലന്റ്‌വാലിയും അതിരപ്പിള്ളിയും പാത്രക്കടവും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സമാനസ്വഭാവം പുലര്‍ത്തുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ജീവവ്യവസ്ഥയെ കണ്ണുംപൂട്ടി ബലികൊടുക്കുന്നത്‌ പാതകമാണെന്ന്‌ പ്രകൃതിസ്നേഹികള്‍ ഏകസ്വരത്തില്‍ വാദിക്കുന്നു. ചാലക്കുടി പുഴ സംരക്ഷണസമിതി, റിവര്‍ റിസേര്‍ച്ച്‌ സെന്റര്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്ക്‌ ഈ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ എത്തിച്ചതില്‍ വലിയ പങ്കുണ്ട്‌. നിലവില്‍ ആറ്‌ അണക്കെട്ടുകള്‍ ചാലക്കുടി പുഴയിലുണ്ട്‌. ഈ പുഴയുടെ നീളം 144 കിലോമീറ്ററാണ്‌. വീണ്ടും പുതിയൊരു അണക്കെട്ട്‌ വന്നാല്‍ വെള്ളത്തിന്റെ അളവും ഒഴുക്കിന്റെ ശക്തിയും കാര്യമായി കുറയും.

 

പദ്ധതിക്ക്‌ ഏറ്റെടുക്കുന്ന വനഭൂമിയുടെ വലിപ്പത്തില്‍ വ്യക്തയില്ല. 138.6 ഹെക്ടര്‍ വനപ്രദേശം വെള്ളത്തിനടിയില്‍ ആകുമെന്നാണ്‌ പരിസ്ഥിതി സംഘടനകള്‍ പറയുന്നത്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്‌ 28.4 ഹെക്ടര്‍ മാത്രമാണെന്ന്‌ വാദിക്കുന്നു. ഈ വനമേഖലയില്‍ തലമുറകളായി ജീവിക്കുന്ന ആദിവാസികള്‍ അവിടെനിന്ന്‌ തൂത്തെറിയപ്പെടും. അവര്‍ക്കുപകരം ഒരേക്കര്‍ ഭൂമിവീതം നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത്‌ വനപ്രദേശത്താണോ തീരപ്രദേശത്താണോ എന്ന്‌ തിട്ടപ്പെടുത്തിയിട്ടില്ല.
104 വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങള്‍ ചാലക്കുടി പുഴയിലുണ്ട്‌. വെള്ളത്തില്‍ മുങ്ങിപ്പോകാവുന്ന വനപ്രദേശം നാലുതരം വേഴാമ്പലുകളുടെ ആവാസസ്ഥലമാണ്‌. ട്രാവന്‍കൂര്‍ ഫ്ലൈയിംഗ്‌ സ്ക്വിറല്‍ എന്ന വംശഭീഷണി നേരിടുന്ന അണ്ണാന്റെ ഭൂമുഖത്തെ ഏകസങ്കേതവും ഇവിടമാണ്‌.

 

സിംഹവാലന്‍ കുരങ്ങിനെപ്പോലുള്ള ജീവികള്‍ക്കുവേണ്ടി സെയിലന്റ്‌വാലി മഴ വനപ്രദേശത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച്‌ സംരക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിരപ്പിള്ളി പ്രശ്നത്തിലെടുത്ത തീരുമാനവും സ്വാഗതം ചെയ്യപ്പെടും. വൈദ്യുതോര്‍ജ്ജ ക്ഷാമം നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായണം. കന്യാവനവും സുന്ദരമായ പുഴകളും നശിപ്പിച്ച്‌ ഇനിയാര്‍ക്കും എങ്ങും ഊര്‍ജ്ജമുണ്ടാക്കാനാവില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls