|
ധനമന്ത്രി തോമസ് ഐസക്ക് നാലുകൊല്ലം കൊണ്ട് കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് കുളംതോണ്ടിയതെങ്ങനെ എന്ന് ലേഖകന്‍ പരിശോധിക്കുന്നു.
എം.എം ഹസ്സന് ആസൂത്രണവും സാമ്പത്തികവുമൊക്കെ കണ്ടുപിടിച്ചൊരു ഡോക്ടറുടെ ധനകാര്യ മാനേജ്മെന്റാണ് നമ്മുടെ നാട്ടില്‍. പ്രസംഗമൊക്കെ കേട്ടാല്‍ എന്താ കഥ! പഠിപ്പിച്ച് പഠിപ്പിച്ച് നമ്മളെ ഒരു വഴിക്കാക്കും. നാലു വര്‍ഷമായി അദ്ദേഹം മാനേജ്മെന്റ് തുടങ്ങിയിട്ട്. നാട്ടുകാര്‍ നല്ല പാഠം പഠിച്ച സ്ഥിതിയാണ്. കാര്യങ്ങള്‍ ഇതിനേക്കാള്‍ കുളമാക്കാന്‍ മറ്റ് ഡോക്ടര്‍മാര്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു. നാലു വര്‍ഷമെന്ന് പറയുമ്പോള്‍ സര്‍ക്കാരിന്റെ കഥ കഴിയാറായി എന്നാണ് അര്‍ഥം. ആദ്യ വര്‍ഷങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് വലിയ അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കാറില്ല. വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ട് പോവുകയാണെങ്കില്‍ അവസാന വര്‍ഷങ്ങളില്‍ വേണം സര്‍ക്കാരിന്റെ ഗുണം ജനങ്ങള്‍ അറിയാന്‍. എന്നാലിവിടെ കഥ മറിച്ചാണ്. തുടങ്ങിയിടത്ത് നിന്ന് തിരിഞ്ഞോടിയ സ്ഥിതി. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക രംഗം കുട്ടിച്ചോറാക്കിയ മേനോനെ, ഡോക്ടര്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരിക്കുകയാണ്. ഈ വര്‍ഷത്തെ കാര്യമെടുത്താല്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത തരത്തിലാണ് പദ്ധതി പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷം തീരാന്‍ ഒന്നര മാസം ബാക്കിയുള്ളപ്പോള്‍ പദ്ധതി പ്രവര്‍ത്തനം 40 ശതമാനത്തില്‍ താഴെയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതിയാണെങ്കില്‍ 20 കഴിഞ്ഞവ അധികമില്ല എന്നാണ് കണക്കുകള്‍. ഇത് ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണമല്ല. ഡോക്ടറുടെ വകുപ്പ് തന്നെ വിളിച്ച് ചേര്‍ത്ത അവലോകന യോഗങ്ങളില്‍ വെളിപ്പെട്ട കാര്യമാണ്. ഇനിയുള്ള ഒന്നര മാസം തകര്ത്തൊരടിയാണ്. ചെലവ് വര്‍ധിപ്പിക്കാന്‍ കണ്ണും പൂട്ടിയൊരു പ്രയോഗം. ഒടുവില്‍ ഡോക്ടര്‍ക്ക് നിയമസഭയില്‍ നിരത്താന്‍ ഒരു കണക്ക് ലഭിക്കും. അതാണിപ്പോഴത്തെ പദ്ധതി പ്രവര്‍ത്തനം. നല്ല പദ്ധതി.
മേനോന് തകര്‍ത്ത സാമ്പത്തിക രംഗത്തെ അച്ചടക്കത്തോടെയുള്ള സാമ്പത്തിക മാനേജ്മെന്റിലൂടെ യു.ഡി.എഫ്. സര്‍ക്കാര്‍ കരകയറ്റിയതാണ്. അന്ന് പ്രതിപക്ഷത്തിരുന്ന് അതിനെ ചോദ്യം ചെയ്ത് തളര്‍ന്നതാണ് ഈ ഡോക്ടര്‍. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഒന്നിലും വിവരമില്ല എന്ന ഭാവത്തോടെ. ഇപ്പോഴിതാ അദ്ദേഹം നാലു വര്‍ഷം തികച്ചിരിക്കുന്നു. ഇപ്പോള്‍ വാ തുറന്നാല്‍ ഒരു 'വാളയാര്‍' മാത്രമാണ് അദ്ദേഹം പറയുന്നത്. ഇതു പോലുള്ള പരീക്ഷണങ്ങള്‍ താങ്ങാന്‍ കേരളത്തിന് ആവതില്ലെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ. മേനോന് മന്ത്രിയായി ഭരിക്കുമ്പോള്‍ ഡോക്ടര്‍ പട്ടത്ത് ആസൂത്രണ ബോര്ഡിലിരിക്കുകയായിരുന്നു. അവിടെയിരുന്ന് കാര്യങ്ങള്‍ കുളമാക്കുന്നത് ഡോക്ടറുടെയും സംഘത്തിന്റെയും അതി ബുദ്ധിയാണെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്.
ആരും കണ്ടിട്ടില്ലാത്ത ആസൂത്രണം കൊണ്ട് കേരളത്തെ എടുത്ത് തല തിരിച്ച് വയ്ക്കുമെന്നായിരുന്നു അന്നത്തെ ഭാവം. ഒടുവില്‍ നൂറു സീറ്റിന് ജനങ്ങള്‍ ഇടതു പക്ഷത്തെ ശിക്ഷിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞു സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റാണ് ശിക്ഷയുടെ പ്രധാന കാരണമെന്ന്. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും ഡോക്ടര്‍ ഇത്തവണ ഭരിക്കുക എന്ന് കരുതിയവരാണ് മണ്ടന്മാരായത്. ഞങ്ങള്‍ ഇതു പ്രതീക്ഷിച്ചതുതന്നെയാണ്. പല തവണ പറയുകയും ചെയ്തു. അപ്പോഴൊക്കെ പുഛത്തോടെയൊരു ചിരി ചിരിച്ചായിരുന്നു ഡോക്ടറുടെ ക്ലാസ്. കാത്തിരുന്ന് കണ്ടോ എന്ന മട്ടില്‍. ഇനിയും കാത്തിരക്കണോ ആവോ? ഡോക്ടര്‍ ആസുത്രണം നടത്തി ചെയ്യുന്ന കാര്യങ്ങള്‍ അവിടെ നില്ക്കട്ടെ. കേന്ദ്രം കൃത്യമായി പദ്ധതി ആസുത്രണം ചെയ്ത് നടപ്പാക്കാന്‍ മാത്രമായി ഡോക്ടറെ ഏല്പിച്ച കാര്യങ്ങളുടെ സ്ഥിതി ഒന്നുനോക്കാം: 1) ഇന്ത്യയില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി. സര്‍വ സംസ്ഥാനത്തും അത് വന്‍വിജയമാണ്. സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ നേട്ടം തങ്ങളുടേതാക്കി മാറ്റുന്നുവെന്ന പരാതി പോലുമുണ്ട് കേന്ദ്രസര്‍ക്കാരിന്. പക്ഷേ, കേരളത്തിലെ സ്ഥിതിയെന്താണ്? 2007-09 കാലത്ത് ഈ പദ്ധതിക്കായി കേന്ദ്രം നല്കിയ 538.68 കോടിയില്‍ 238.62 കോടി രൂപയാണ് കേരളം ചെലവാക്കാതെ പാഴാക്കിയത്.
2) സുനാമി പുനരധിവാസ പദ്ധതിക്കായി 2005-09 കാലത്ത് കേന്ദ്രത്തില്‍ നിന്ന് 824 .85 കോടിയും എ.ഡി.ബിയില്‍ നിന്ന് 250.41 കോടിയും ലഭിച്ചിട്ട് 138 കോടിയാണ് കേരളം ചെലവാക്കാതെ കളഞ്ഞത്.
3) കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനത്തെ 15 ടൂറിസം പദ്ധതികള്‍ക്കായി 35.15 കോടി അനുവദിച്ചപ്പോള്‍ വെറും 2.62 കോടി മാത്രമാണ് കേരളത്തിന് ചെലവാക്കനായത്.
4) നാഷനല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രാലയം 2005- 2009 കാലത്ത് അനുവദിച്ച തുകയില്‍ 69 കോടിയാണ് കേരളം തുലച്ചത്.
5) നമ്മുടെ ജയിലുകള്‍ അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലായത് പരിഗണിച്ച് കേന്ദ്രം അനുവദിച്ച 20 കോടിയില്‍ കേരള സര്‍ക്കാര്‍ 17 കോടിയും പാഴാക്കി.
6) പാഴ്ഭൂമി വികസനത്തിനും ജലവിഭവ ഉപയോഗത്തിനുമായി 2006-09 കാലത്ത് കേന്ദ്രം നല്കിയ 21.75 കോടി രൂപ കേരളം ചെലവാക്കിയില്ല.
7) 2008-09 കാലത്ത് ഇന്ദിരാ ആവാസ് യോജനപദ്ധതിയുടെ ഭാഗമായി ഭവന നിര്‍മാണ പദ്ധതികള്‍ക്കായി ലഭിച്ച 150 കോടിയില്‍ 50 കോടിയും പാഴായി.
8) സംയോജിത എണ്ണുക്കുരു, പയര്‍ വര്‍ഗ പദ്ധതിയില്‍ 2009-10 വര്‍ഷം ലഭിച്ച 91 കോടിയില്‍ 40 കോടിയോളം രൂപ ഇതുവരെ ചെലവാക്കിയിട്ടില്ല. ഇപ്പറഞ്ഞ കാര്യങ്ങള്‍ സൂചന മാത്രമാണ്.
സാമ്പത്തിക വര്‍ഷാന്ത്യത്തെ മുഴുവന്കണക്കുകളും ലഭ്യമായിട്ടില്ല. നൂറു വര്‍ഷം കണ്ണും പൂട്ടി ജയില്‍ ശിക്ഷ വിധിക്കാവുന്ന ക്രിമിനല്‍ കുറ്റം നാടിനോട് ഓരോ നിമിഷവും ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ കാട്ടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. പറയാന്‍ വിട്ടുപോയതല്ല. പ്രത്യേകം പറയാന്‍ മാറ്റിവച്ച മറ്റൊരു കണക്കുണ്ട്. ഗതാഗത രംഗത്ത് വീര്‍പ്പുമുട്ടുന്ന കേരളത്തെ രക്ഷിക്കാന്‍ കേന്ദ്രം നല്കിയ 1500 കോടിയാണ് കേരളം പാഴാക്കാന്‍ പോകുന്നത്. നമ്മുടെ ദേശീയ പാതകളെ രാജ്യാന്തര നിലവാരത്തിലാക്കാന്‍ കേന്ദ്രം നല്കിയ ഈ തുക നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. എത്ര തലമുറകളാണ് ഇതിന്റെ ദുരന്ത ഫലം അനുഭവിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കുക. ഇതൊക്കെ കേന്ദ്രം വിവിധ പദ്ധതികളില്‍പെടുത്തി നല്കിയ തുകകളില്‍ ചിലത് മാത്രം. നേരിട്ട് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിച്ച മേറ്റ്ത്രയോ പദ്ധതികളാണ് വിവിധ കാരണങ്ങളാല്‍ നഷ്ടപ്പെടുന്നത്. വല്ലാര്‍പാടം ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ ആവത് ശ്രമിച്ചു. കേന്ദ്രത്തിന്റെ നിശ്ചയദാര്‍ഢ്യം ഒന്നു മാത്രമാണ് രക്ഷയായത്. വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, പാലക്കാട് റയില്‍ കോച്ച് ഫാക്ടറി തുടങ്ങിയ കേന്ദ്ര പദ്ധതികളെയൊക്കെ പ്രതികാര ബുദ്ധിയോടെയാണ് ഇടതു സര്‍ക്കാര്‍ സമീപിക്കുന്നത്. സ്മാര്‍ട് സിറ്റി പോലെ സ്വയം ചെയ്യാന്‍ ശ്രമിച്ച പദ്ധതികളുടെ കാര്യം പറയേണ്ടതുമില്ല. എവിടേക്കാണിവര്‍ കേരളത്തെ നയിക്കുന്നത്?
ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രകനെന്ന് സ്വയം ചമയുന്ന ഐസക്കും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് മല്‍സരിക്കാന്‍ വി.എസ്. കൊണ്ടുവന്ന പട്നായിക്കുമൊക്കെ കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണിത്. ഇതൊക്കെ ചെയ്തു വച്ച ശേഷമാണ് വി.എസും സംഘവും ഡല്‍ഹിയില്‍ പോയി കേന്ദ്രഅവഗണന പറഞ്ഞ് കുത്തിയിരുന്നത്. കേന്ദ്രമന്ത്രിമാര്‍ ഊറിച്ചിരിച്ചിട്ടുണ്ടാകും. നാണംകെട്ടത് കേരളമാണ്. ഇതൊന്നും പോരാഞ്ഞിട്ടാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം നല്കിയ അരിയും കടലയും മറിച്ച് വിറ്റ് ഐസക്കും ദിവാകരനും കാശ് പോക്കറ്റിലിട്ടത്.
കേരളത്തിലെ പദ്ധതിയുടെ കാര്യം തുടക്കത്തില്‍ പറഞ്ഞു. വ്യക്തമായ ദിശാ ബോധത്തോടെയാണ് ഇക്കാര്യത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പദ്ധതി ആസൂത്രണം ചെയ്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ കേരളത്തില്‍ വര്‍ഷങ്ങളായി ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പദ്ധതികള്‍ അനുമതി നേടി നടപ്പാക്കല്‍ ഘട്ടമെത്തുമ്പോഴേക്കും സാമ്പത്തിക വര്ഷാന്ത്യമാകുമെന്ന പ്രശ്നം എല്ലാവരും അംഗീകരിച്ചതാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അതിനൊരു പരിഹാര മാര്‍ഗം കൊണ്ടു വന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസം 10 ശതമാനം വിനിയോഗം ഉറപ്പാക്കുക, തുടര്‍ന്നുള്ള മൂന്ന് മാസം 20, അടുത്ത മൂന്ന് മാസം 30, അതിനടുത്ത മൂന്ന് മാസം 40 എന്ന കണക്കില്‍ പദ്ധതി പൂര്‍ത്തിയാക്കുക എന്നതായിരുന്നു അത്. അങ്ങേയറ്റം വിജയകരമായ രീതിയില്‍ അത് ചെയ്യാനും യു.ഡി.എഫ്. സര്‍ക്കാരിന് സാധിച്ചു.
അന്ന് അതിനെ ആക്ഷേപിച്ച ഐസക്കാണ് ഇപ്പോള്‍ വര്‍ഷാന്ത്യത്തില്‍ 40 ശതമാനത്തിന്റെ കണക്കുമായി കോവളത്ത് പോയിരുന്ന് ബജേറ്റ്ഴുതുന്നത്. എഴുതട്ടെ. ഒരു വര്‍ഷം കൂടി ഈ ദുരന്തം സഹിച്ചല്ലേ മതിയാകൂ. എന്താണ് വി.എസ്. സര്‍ക്കാരിന്റെ ബാക്കി പത്രം? അന്വേഷിച്ച് തുടങ്ങാന്‍ സമയമായി. ഞങ്ങള്‍ ഓരോ ദിവസവും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതാണ്. അനുഭവിച്ച് തീര്‍ക്കാനും തിരുത്താനും അനേകം വര്‍ഷങ്ങള്‍ വേണ്ടി വരുന്ന തരത്തിലെ ദുരിതത്തിലേക്കാണ് ഇവര്‍ കേരളത്തെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്. സത്യം പറയാം. മലയാളി കേരളത്തെ ഉപേക്ഷിച്ച് പോവുകയാണ്. അവര്‍ക്കിന്ന് ലോകം എന്താണെന്ന് അറിയാം. എന്താണ് കേരളം എന്നതിനപ്പുറം, എന്തല്ല കേരളം എന്നാണ് അവര്‍ മനസിലാക്കിയിരിക്കുന്നത്. പ്രതീക്ഷയുടെ ഒരു ചെറിയ തുണ്ട് പോലും അവര്‍ക്ക് നേരെ നീട്ടാന്‍ കഴിയാതെ ഒരു സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നത് അദ്ഭുതം തന്നെയാണ്. ഭരണഘടനയെ അംഗീകരിക്കുന്ന ഒരു പ്രതിപക്ഷം ഇവിടെയുണ്ടായത് കൊണ്ടു മാത്രമാണ് കലാപമില്ലാതെ കേരളം കഴിഞ്ഞ് പോവുന്നത്. അതൊരു പരാജയമായി ചിത്രീകരിക്കാന്‍ തുനിയുന്നവരും ഉണ്ടാകാം. അവരെ കുറ്റം പറയുന്നില്ല. അമേരിക്കയെ പിന്നിലാക്കി മുന്നേറാന്‍ ഇന്ത്യ കുതിക്കുന്നുവെന്നാണ് ഒബാമ പറയുന്നത്. കേള്‍ക്കുമ്പോള്‍ ഭാരതീയന് എന്ന നിലയില്‍ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തും. പക്ഷേ, കേരളീയനെന്ന നിലയിലോ? ഈ രാജ്യത്തിന്റെ ഭാഗമല്ലാത്ത നിലയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് നടത്തിയ നാലുവര്‍ഷങ്ങളാണ് കടന്ന് പോയത്. ഇതിനുള്ള ശിക്ഷ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മാത്രം ഒതുക്കിയാല്‍ പോര. കേസെടുത്ത് വിചാരണ ചെയ്യുക തന്നെ വേണം. അതിനുള്ള ശ്രമങ്ങളാകാം ഇനി. |