|
വഴിയില്‍ മഴയും ഏഴു വിക്കറ്റും |
|
നാലാം ദിനത്തില്‍ മഴ വില്ലനായി; ദക്ഷിണാഫ്രിക്ക മൂന്നിന് 115 കൊല്‍ക്കത്ത: ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രകൃതിയുടെ കനിവു തേടി ഇന്ത്യ.
കൊല്‍ക്കത്ത ടെസ്റ്റ് ഇന്ന് സമാപിക്കെ വിജയിക്കണമെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ ഏഴു വിക്കറ്റുകള്‍ കൂടി ഇന്ത്യ സ്വന്തമാക്കണം. ഇപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 232 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ വിക്കറ്റുകള്‍ കൊയ്യുന്നതിനേക്കാളുപരി മല്‍സരത്തില്‍ മഴ തടസമാകരുത് എന്ന പ്രാര്‍ത്ഥനയിലാണ് ടീമംഗങ്ങള്‍. നാലാം ദിനം മഴ മൂലം 34 ഓവര്‍ മാത്രമാണ് ആകെ എറിഞ്ഞത്. കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 115 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. മൂന്നു വിക്കറ്റുകളില്‍ രണ്ടെണ്ണം അമിത് മിശ്ര നേടിയപ്പോള്‍ ഒന്ന് ഹര്‍ഭജന്‍ സിംഗിനാണ്. 49 റണ്‍സോടെ ഹഷീം അംലയും അക്കൗണ്ട് തുറക്കാതെ ആഷ്‌വെല്‍ പ്രിന്‍സുമാണ് ക്രീസില്‍. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ആറ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറങ്ങിയത്. സ്കോര്‍ 36 ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഗ്രേയിം സ്മിത്തിനെ അവര്‍ക്ക് നഷ്ടമായി. 33 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയുടെ അകമ്പടിയാല്‍ 20 റണ്‍സെടുത്ത സ്മിത്തിനെ അമിത് മിശ്ര വിക്കറ്റിനു മുന്നില്‍ കുടുക്കി. പരമ്പരയില്‍ ഇതുവരെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായിട്ടില്ല. നാഗ്പൂരില്‍ രണ്ടിന്നിംഗ്സിലുമായി ആകെ പത്ത് റണ്‍സാണ് അദ്ദേഹം നേടിയത്. ജാക്ക് കാലിസ്, ആല്‍വീറോ പീറ്റേഴ്സണ്‍ എന്നിവരെയും ഇന്നലെ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. പക്ഷെ ചായയ്ക്കു ശേഷം മഴ മൂലം ഒരു പന്തു പോലും എറിയാനായില്ല.
കാലിസിന്റെ പുറത്താകല്‍ ദക്ഷിണാഫ്രിക്ക ഏറെ ആഘാതമായി. നാഗ്പൂരിലെ 173 റണ്‍സടിച്ച കാലിസ് ടീം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ 20 റണ്‍സിന് കാലിസിന്റെ പോരാട്ടം അവസാനിച്ചു. മിശ്രയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കന്‍ വിശ്വസ്തന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിടികൊടുത്തു. ഇന്ത്യയെ സംബന്ധിച്ച് അവസാന ദിനം ഏറെ നിര്‍ണായകമാണ്. ഇവിടെ ജയിക്കാനായില്ലെങ്കില്‍ ലോക ഒന്നാം നമ്പര്‍ ഇന്ത്യയ്ക്ക് നഷ്ടമാകും. അവസാന ദിനം മഴ പോലെ തന്നെ വെളിച്ചക്കുറവിനെയും ഇന്ത്യ ഭയക്കേണ്ടിവരും. വെളിച്ചത്തെ ആശ്രയിച്ചാകും അവസാന സെഷനിലെ കളി.
ഇന്നലെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ സമര്‍ദത്തിലാഴ്ത്താന്‍ ഇന്ത്യയ്ക്കായി. ക്യാപ്റ്റന്‍ സ്മിത്ത് പുറത്തായതിന് പിന്നാലെ പീറ്റേഴ്സണെയും അവര്‍ക്ക് നഷ്ടമായി. സഹീര്‍ ഖാന്റെ ഓവറില്‍ ജീവന്‍ ലഭിച്ച പീറ്റേഴ്സണ് പക്ഷെ ഹര്‍ഭജന്റെ ഓഫ് സ്പിന്നു മുന്നില്‍ തലകുനിക്കാനേ നിവൃത്തിയുണ്ടായുള്ളൂ. 51 പന്തില്‍ നിന്ന് അദ്ദേഹം 21 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ കാലിസും അംലയും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കാലിസ് മടങ്ങിയതോടെ ഈ കൂട്ടുകെട്ടിനും അന്ത്യമായി. |