ദേശീയ തലത്തില്‍ ഒറ്റ പ്രവേശന പരീക്ഷ

Imageഉന്നത വിദ്യാഭ്യാസരംഗത്ത്‌ ദേശീയ അടിസ്ഥാനത്തില്‍ പൊതുവായ നയസമീപനങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം മുതല്‍ 11, 12 ക്ലാസുകളിലെ ശാസ്ത്ര-ഗണിത വിഷയങ്ങള്‍ക്ക്‌ ദേശീയതലത്തില്‍ ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുന്നതാണ്‌. 2013 മുതല്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്‌ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന്‌ ദേശീയതലത്തില്‍ ഒരു പൊതുപരീക്ഷ നടത്താനും ആലോചിക്കുന്നുണ്ട്‌. തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണിത്‌. സയന്‍സ്‌, ആര്‍ട്സ്‌, കൊമേഴ്സ്‌ ബിരുദകോഴ്സുകള്‍ക്കുള്ള പ്രവേശനം ദേശീയതലത്തില്‍ പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ്‌ മാനവശേഷി വിഭവ വികസന വകുപ്പിന്റെ മറ്റൊരു ഉദ്ദേശ്യമെന്ന്‌ മന്ത്രി കപില്‍ സിബല്‍ വെളിപ്പെടുത്തി.


ഇന്ത്യയെ ഒരു നോളഡ്ജ്‌ സൊസൈറ്റി ആക്കി വളര്‍ത്തിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ ബൃഹത്തായ പല പദ്ധതികള്‍ക്കും തുടക്കംകുറിച്ചു. പ്രീ സ്കൂള്‍ മുതല്‍ ഗവേഷണ പഠനരംഗം വരെ അടിമുടി ഉടച്ചുവാര്‍ക്കുന്നതിന്‌ ശ്രമം നടന്നുവരികയാണ്‌. ഇക്കാര്യത്തില്‍ യശ്പാല്‍ കമ്മിറ്റിയും നോളഡ്ജ്‌ കമ്മീഷന്‍ അധ്യക്ഷന്‍ സാം പിത്രോടയും സര്‍ക്കാരിന്‌ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരമാണ്‌ കേന്ദ്ര മാനവശേഷി വിഭവ വികസനവകുപ്പ്‌ ചുവടുവെയ്ക്കുന്നത്‌. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക്‌ ദേശീയതലത്തില്‍ പൊതുപരീക്ഷ കൊണ്ടുവരുന്നത്‌ വിദ്യാര്‍ത്ഥി സമൂഹത്തിന്‌ വലിയ അനുഗ്രഹമായിത്തീരും. ഇപ്പോള്‍ പ്ലസ്‌ ടു കോഴ്സിനൊപ്പം പലതരം പ്രവേശന പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ ഒട്ടേറെ ക്ലേശങ്ങള്‍ നിറഞ്ഞതും രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും നട്ടംതിരിക്കുന്നതുമാണ്‌.

 

സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതും സ്വാശ്രയവിദ്യാഭ്യാസ മാനേജ്മെന്റുകള്‍ നടത്തുന്നതും ദേശീയതലത്തില്‍ നടത്തുന്നതുമായ വ്യത്യസ്ത പ്രവേശനപരീക്ഷകള്‍ ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരേ വിദ്യാര്‍ത്ഥിതന്നെ എഴുതാന്‍ നിര്‍ബന്ധിതമാകുന്നു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പ്‌ അവരുടെ യോഗ്യതാപരീക്ഷകള്‍ക്കുള്ള പഠനത്തിനൊപ്പമാണ്‌ നിര്‍വഹിക്കേണ്ടിവരുന്നത്‌. കൂടാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാന പ്രവേശനപരീക്ഷകളും എഴുതേണ്ടിവരുന്നു. മെഡിക്കല്‍ കോഴ്സിന്‌ പ്രവേശനം അഭിലഷിക്കുന്നവര്‍ വിവിധ മാനേജ്മെന്റുകള്‍ പ്രത്യേകം പ്രത്യേകം നടത്തുന്ന പരീക്ഷകളും അഭിമുഖീകരിക്കണം.

 

'ജിപ്മാര്‍', സി.എം.സി വെല്ലൂര്‍ എന്നീ മെഡിക്കല്‍ കോളജുകളുടെ പ്രവേശന പരീക്ഷയെഴുതാന്‍ വര്‍ഷംതോറും പതിനായിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളാണ്‌ കേരളത്തില്‍ തയ്യാറെടുക്കുന്നത്‌. ഇതിനെല്ലാമുള്ള പ്രത്യേക കോച്ചിങ്ങ്‌ സെന്ററുകളും സംസ്ഥാനമൊട്ടുക്ക്‌ ഉയര്‍ന്നുവന്നിട്ടുണ്ട്‌. ദേശീയതലത്തില്‍ ഒറ്റപ്രവേശന പരീക്ഷകൊണ്ട്‌ രാജ്യത്തെ മുഴുവന്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും പരിഗണിക്കാവുന്ന റാങ്ക്‌ ലിസ്റ്റ്‌ ഉണ്ടാകുമെങ്കില്‍ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലിയൊരു അനുഗ്രഹം ഉണ്ടാകാനില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്തര്‍ഭവിപ്പിക്കുന്ന ചില പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം കൂടിയാലോചിച്ച്‌ പരിഹരിക്കേണ്ടതുണ്ട്‌.

 

നഗരപ്രദേശങ്ങളിലെയും ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഒരുപോലെ ഈ മത്സരത്തില്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ കഴിവ്‌ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം നീതിപൂര്‍വം പരിഗണിക്കേണ്ടിയിരിക്കുന്നു. മുംബൈ, ഡല്‍ഹി മെട്രോയിലെയും ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെയും പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ ഒരേ പരീക്ഷയ്ക്ക്‌ മത്സരിക്കുമ്പോള്‍ അവരുടെ യോഗ്യത കൃത്യമായി നിര്‍ണയിക്കാന്‍ നീതിപൂര്‍വകമായ വ്യവസ്ഥ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന്‌ കരുതുന്നു.
നാലുവയസ്സിന്‌ താഴെയുള്ള കുട്ടികളെ നഴ്സറി ക്ലാസുകളില്‍ ചേര്‍ത്ത്‌ പഠിപ്പിക്കുന്നതിനെ കേന്ദ്ര മാനവശേഷി വിഭവ വികസനവകുപ്പ്‌ അനുകൂലിക്കുന്നില്ല. രക്ഷാകര്‍ത്താക്കള്‍ കുട്ടികളുടെ കുഞ്ഞുബുദ്ധിയില്‍ അറിവ്‌ കുത്തിനിറച്ച്‌ അത്ഭുതശിശുവാക്കി മകനെയും മകളെയും വളര്‍ത്താനുള്ള അത്യാഗ്രഹം പൂണ്ട പരക്കംപാച്ചിലില്‍ രണ്ടും മൂന്നും വയസ്സ്‌ എത്തുമ്പോഴേ കുഞ്ഞുങ്ങളെയുമായി സ്കൂളുകളില്‍ എത്തുന്നു.

 

ഇത്‌ ജീവശാസ്ത്രപരമായും മനഃശാസ്ത്രപരമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തെയും വ്യക്തിത്വത്തെയും സാരമായി ബാധിക്കും. തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്ന ഈ ഏര്‍പ്പാട്‌ നിര്‍ത്തുന്നതിന്റെ ഭാഗമായി നാലുവയസ്സിന്‌ മുമ്പ്‌ ഒരുതരത്തിലുമുള്ള ഔപചാരിക വിദ്യാഭ്യാസവും പാടില്ലെന്ന്‌ വ്യവസ്ഥ ചെയ്യുകയാണ്‌ ഉദ്ദേശ്യം. ഉപരിവിദ്യാഭ്യാസ മണ്ഡലത്തിലെ പരിഷ്കാര നിര്‍ദ്ദേശങ്ങള്‍ പോലെ ഇതും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. ഹയര്‍ മെട്രിക്കുലേഷന്‍ ക്ലാസുകളിലെ സിലബസ്‌ ഏകീകരണം അത്യന്താപേക്ഷിതമാണ്‌. ഇപ്പോള്‍ സി.ബി.എസ്‌.ഇ, സ്റ്റേറ്റ്‌, എന്‍.സി.ഇ.ആര്‍.ടി ഇങ്ങനെ പലതരം പാഠ്യപദ്ധതികള്‍ പ്ലസ്‌ ടു തലത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നു. ഇവരെല്ലാം പ്രവേശന പരീക്ഷകള്‍ക്ക്‌ പൊതുവായി പങ്കെടുക്കേണ്ടിവരുമ്പോള്‍ ചില പാഠ്യപദ്ധതി പ്രകാരം പഠിച്ചവര്‍ പിന്തള്ളപ്പെടുന്ന അനുഭവമുണ്ട്‌.


കേരളത്തില്‍ സ്റ്റേറ്റ്‌ സിലബസിനേക്കാള്‍ മെച്ചമാണ്‌ സി.ബി.എസ്‌.ഇ പഠനരീതിയെന്ന്‌ അനുഭവമുള്ളവര്‍ പറയുന്നു. ബോധനരീതിയിലും വ്യത്യസ്തമായ സമീപനങ്ങളുണ്ട്‌. അവയെല്ലാം വെടിഞ്ഞ്‌ പഠനത്തിനും പൊതുപ്രവേശന പരീക്ഷയ്ക്കും ദേശീയതലത്തില്‍ ഏകീകൃതഭാവം കൈവരുന്നത്‌ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വലിയ മാറ്റത്തിന്‌ വഴിയൊരുക്കുമെന്ന്‌ പ്രത്യാശിക്കാം. ഒപ്പം പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികളുടെ റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുമ്പോള്‍ യോഗ്യതാപരീക്ഷയ്ക്ക്‌ നേടിയ മാര്‍ക്കുകൂടി പരിഗണിക്കണമെന്ന നിര്‍ദ്ദേശം പല കേന്ദ്രങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. അതും ന്യായം തന്നെ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls