നേരറിയാന്‍ സി ബി ഐ

Imageആര്‍. രാജേന്ദ്രന്‍

സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടാതെ കേസുകള്‍ സി.ബി.ഐക്ക്‌ വിടാന്‍ ഹൈക്കോടതികള്‍ക്ക്‌ അധികാരമുണ്ടെന്ന സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധിയെ ചരിത്രപ്രധാനം എന്നുവേണം വിശേഷിപ്പിക്കാന്‍.

സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിടാനുളള കോടതികളുടെ ഭരണഘടനാപരമായ അവകാശമാണ്‌ സുപ്രിം കോടതി ഉയര്‍ത്തികാട്ടിയിരിക്കുന്നത്‌.കേസ്‌ ദേശീയ വ്യാപ്തിയുളളതെന്ന്‌ കാണുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിടാന്‍ സുപ്രിം കോടതിക്കും ഹൈക്കോടതികള്‍ക്കും അധികാരമുണ്ടെന്ന്‌ പരമോന്നത നീതിപീഠം സുവ്യക്തമാക്കിയിരിക്കുകയാണ്‌. എന്നാല്‍ ഈ അധികാരം ഉപയോഗപ്പെടുത്തുന്നത്‌ സസൂക്ഷ്മം ആയിരിക്കണമെന്ന്‌ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇതോടെ സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിടാനുളള ഹൈക്കോടതികളുടെ അധികാരാവകാശത്തെ പറ്റിയുളള തര്‍ക്കങ്ങള്‍ക്ക്‌ അറുതിവന്നിരിക്കുന്നു.


ഈ ചരിത്ര വിധിയില്‍ ബുധനാഴ്ചക്ക്‌ പ്രാധാന്യമുണ്ട്‌. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്‌ ഒരു ബുധനാഴ്ച. വിധി മറ്റൊരു ബുധനാഴ്ചയും. 2008 ഡിസംബര്‍ 10 ബുധനാഴ്ച വാദം പൂര്‍ത്തിയാക്കി ഭരണഘടനാബഞ്ച്‌ വിധിപറയാന്‍ മാറ്റിയത്‌ അടുത്ത ദിവസ(ഡിസംബര്‍ 11ാ‍മാണ്‌. രണ്ടുവര്‍ഷത്തിനു ശേഷമുള്ളൊരു ബുധനാഴ്ച (2010 ഫെബ്രുവരി 17) വിധിവന്നു.ഹൈക്കോടതികളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ ചില സംസ്ഥാന സര്‍ക്കാറുകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി മുമ്പാകെ വരികയുണ്ടായി. മിഡ്നാപ്പൂര്‍ ജില്ലയിലെ ഗബ്രേട്ടയില്‍ 11 തൃണമൂല്‍ പ്രവര്‍ത്തകരെ കൊലചെയ്ത കേസില്‍ 2001 ഏപ്രില്‍ ഏഴിന്‌ കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ചുളളതായിരുന്നു ബംഗാളിന്റെ ഹര്‍ജി.


പ്രാഥമികവാദം കേട്ട ജസ്റ്റിസുമാരായ ബി.എന്‍. അഗര്‍വാള്‍, പി.പി നോലേക്കര്‍, എച്ച്‌.എസ്‌. ബേദി എന്നിവരടങ്ങിയ ബഞ്ച്‌ 2007 മാര്‍ച്ച്‌ 22 ന്‌ പ്രശ്നം ഭരണഘടനാ ബഞ്ചിനുവിട്ടു. ക്രമസമാധാന വിഷയത്തില്‍ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക്‌ പൂര്‍ണ അധികാരം നല്‍കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട കേസ്‌ വിപുലമായ ബഞ്ച്‌ പരിഗണിക്കുന്നതാണ്‌ നല്ലതെന്നതിനാലാണ്‌ ഭരണഘടനാ ബഞ്ചിനു റഫര്‍ ചെയ്തത്‌. ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള അഞ്ചംഗ ഭരണഘടനാ ബഞ്ച്‌ 2008 ഡിസംബറില്‍ വാദം കേട്ടു. ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രന്‍, ഡി.കെ.ജയിന്‍, പി.സദാശിവം, ജെ.എം.പഞ്ചല്‍ എന്നാവരായിരുന്നു ബഞ്ചിലെ മറ്റ്‌ അംഗങ്ങള്‍. കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും ആദ്യം വ്യത്യസ്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. സുപ്രിം കോടതിക്കല്ലാതെ ഹൈക്കോടതികള്‍ക്ക്‌ അന്വേഷണ ഉത്തരവിടാന്‍ അധികാരമില്ലെന്ന വാദം സി.ബി.ഐ നിരത്തി.

 

സി.ബി.ഐ ഇത്തരമൊരു വാദം മുന്നോട്ടുവച്ചതിനെ കോടതിതന്നെ പരിഹസിച്ചു. പിന്നീട്‌ സി.ബി.ഐ നിലപാട്‌ മാറ്റി. സംസ്ഥാനങ്ങളുടെ വാദത്തിന്റെ ചുരുക്കം ഇതായിരുന്നു: ഭരണഘടനാപ്രകാരം ക്രമസമാധാനം സംസ്ഥാന വിഷയമാണ്‌. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ മാത്രം ചുമതലയാണ്‌. അതിനാല്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിടുന്നത്‌ സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുളള കയ്യേറ്റമായി കണക്കാക്കണം.കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗുലാം ഇ വഹന്‍വാഹി, ദേശീയ-രാഷ്ട്രാന്തര വ്യാപ്തികളുളള കേസുകളില്‍ സി.ബി.ഐ അന്വേഷണ ഉത്തരവിടുന്നതിന്‌ ഉന്നത നീതിപീഠത്തിനു നിയന്ത്രണങ്ങളൊന്നുമില്ലെന്നു വാദിച്ചു. ഒരു കേസില്‍ സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിടാന്‍ ഭരണഘടനയുടെ 226 വകുപ്പു 32 അനുഛേദ പ്രകാരം കോടതിയുടെ അധികാരത്തിനു യാതൊരു നിയന്ത്രണവുമില്ല.

 

പൗരന്റെ മൗലികാവകാശങ്ങള്‍ പരിരക്ഷിക്കുന്നതില്‍ ഭരണഘടനാപ്രകാരം ഇന്നത നീതിപാഠത്തിനു സഹജമായ അധികാരമാണുളളത്‌. പൗരന്റെ മൗലികാവകാശ സംരക്ഷണത്തിനായിഒരു പ്രത്യേക ക്രിമിനല്‍ കേസില്‍ സി.ബി.ഐ അന്വേഷണം അടക്കം എന്ത്‌ ഉത്തരവു നല്‍കാനും കോടതിക്കാവും. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു ബോധ്യമായാല്‍ ഏതുവിധത്തിലും കോടതിക്ക്‌ ഇടപെടാം. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഏതുകേസിലും സി.ബി.ഐ അന്വേഷണ ഉത്തരവിടാന്‍ ഉയര്‍ന്ന നീതിപീഠത്തിനു അധികാരമുണ്ടെങ്കിലും ഹൈക്കോടതികള്‍ക്ക്‌ അത്തരം അധികാരം ഇല്ലെന്നായിരുന്നു പശ്ചിമബംഗാള്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാല്‍ വാദിച്ചത്‌ സി.ബി.ഐ അന്വേഷണ ഉത്തരവിട്ടുകൊണ്ടുളള കല്‍ക്കട്ട ഹൈക്കോടതിയുടെ മറ്റു രണ്ടു വിധികളും സംസ്ഥാന സര്‍ക്കാറിനെ ചൊടിപ്പിച്ചിരുന്നു. റിസ്വാനൂര്‍ റഹ്മാന്‍ കേസാണ്‌ ഒന്ന്‌.

 

ദുരൂഹസാഹചര്യത്തില്‍ ദംജം സ്റ്റേഷനിലെ റയില്‍ പാളത്തില്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തി. പൊലീസ്‌ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോള്‍ മാതാവിന്റെ പരാതിയന്മേല്‍ ഹൈക്കോടതി അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ കോടതി എങ്ങനെ കേസ്‌ സി.ബി.ഐക്ക്‌ വിട്ടുവെന്ന്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പരസ്യമായി അത്ഭുതം കൂറിയതാണ്‌.മറ്റൊന്ന്‌ ജവഹര്‍ സിങ്ങിന്റെ മകന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടുളളതാണ്‌. 2004ല്‍ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ പുരോഗതി ഇല്ലെന്നു വന്നപ്പോഴാണ്‌ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്‌.


സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഹൈക്കോടതി കേസ്‌ സി.ബി.ഐയെ ഏല്‍പ്പിച്ചതിനെ ഹൈക്കോടതിയില്‍ തന്നെ അന്ന്‌ ചോദ്യം ചെയ്തിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ഭാസ്ക്കര്‍ ഭട്ടാചാര്യയും ജസ്റ്റിസ്‌ സദന്‍കുമാര്‍ ഗുപ്തയും അടങ്ങുന്ന ബഞ്ച്‌, പൊലീസിന്റെയോ, സി.ഐ.ഡിയുടെയോ അന്വേഷണം തൃപ്തികരമല്ലെന്നു തോന്നിയാല്‍ അന്വേഷണം സി.ബി.ഐക്ക്‌ കൈമാറാന്‍ ഹൈക്കോടതിക്ക്‌ അധികാരമുണ്ടെന്നു 2007 ഡിസംബര്‍ അഞ്ചിന്‌ വിധിച്ചിരുന്നു ക്രിമിനല്‍ കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിടാനുളള ഹൈക്കോടതികളുടെ അധികാരത്തെ കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളും ചോദ്യം ചെയ്തു വരികയായിരുന്നു.

 

കേരളത്തില്‍ എസ്‌.എന്‍.സി ലാവ്ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടത്‌ കോളിളക്കം സൃഷ്ടിച്ചതാണ്‌. ഏറ്റവും ഒടുവില്‍ മൂത്തുറ്റു പോള്‍ ജോര്‍ജ്‌ വധക്കേസ്‌ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ച ഹൈക്കോടതി ഉത്തരവും ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുളള ഭരണ നേതൃത്വത്തിന്റെ അതൃപ്തിക്കും കടുത്ത വിമര്‍ശനത്തിനും ഇടയാക്കി. വിമര്‍ശനങ്ങളൊക്കെ അസ്ഥാനത്തും നിയമത്തിനു പുറത്തുളളതുമായിരുന്നു എന്ന്‌ സുപ്രിം കോടതിയുടെ വിധിയിലൂടെ വ്യക്തമായിരിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls