| വെളിച്ചത്തിന് വേലികെട്ടാന്‍ ശ്രമിച്ചവര്‍ |
|
കേരളത്തില്‍പ്പോലും വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട്. മറ്റ് പല രംഗങ്ങളിലും പിന്നോക്കമാണ് പാലക്കാടെങ്കിലും ഊര്‍ജ്ജോപയോഗത്തില്‍ ആ പ്രദേശം ദേശീയ പ്രധാന്യം കൈവരിച്ചത് അഭിമാനകരമായ ഒരു നേട്ടമാണ്. കഴിഞ്ഞവര്‍ഷം പാലക്കാടിന് ഇതുപോലെ മറ്റൊരു നേട്ടമുണ്ടായതും ഇത്തരുണത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. അതായത് ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ പ്രയോജനം ജില്ലയിലെ എല്ലാ ഭവനങ്ങളിലും എത്തിയെന്നതായിരുന്നു ആ സവിശേഷത. വൈദ്യുതിയെ മഹാനായ ലെനിന്‍ സോഷ്യലിസത്തിന് പര്യായമായിട്ടാണ് കണ്ടത്. എല്ലാ ജനങ്ങള്‍ക്കും വെളിച്ചം പങ്കുവെയ്ക്കാനാകുമ്പോഴാണ് ലെനിന്റെ പ്രയോഗമായ 'വൈദ്യുതി സമം സമത്വവാദം' എന്നത് അര്‍ത്ഥവത്താകുന്നത്. നമ്മുടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഇപ്പോള്‍ പാലക്കാട് കൈവരിച്ച സമ്പൂര്‍ണ വൈദ്യുതീകരണം എത്താന്‍ ഇനിയും കാലമേറെയെടുക്കും.
വരുന്ന ദശകം ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളില്‍ ഒന്ന് ഊര്‍ജക്ഷാമമാണെന്ന് ആസൂത്രണ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഊര്‍ജക്ഷാമം നേരിടാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ചെറുതും വലുതുമായ അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും ചെലവുകുറഞ്ഞ ഊര്‍ജം ആണവോര്‍ജമാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറഞ്ഞതും ദീര്‍ഘകാലം നിലനില്‍ക്കുന്നതും ആണവനിലയങ്ങളാണെന്ന് ആധുനിക ശാസ്ത്രസാങ്കേതിക വിദഗ്ധര്‍ പറയുന്നു. സമ്പുഷ്ട യുറേനിയത്തില്‍ നിന്ന് അണുവിസ്ഫോടനം വഴി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാങ്കേതിക സഹകരണം തേടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അമേരിക്കയെ സമീപിച്ചത് 2005ലായിരുന്നു. ബുഷ് ഭരണകൂടവുമായി ദീര്‍ഘകാലം നടത്തിയ ചര്‍ച്ചകളുടെ ഫലമായി അമേരിക്കയില്‍ നിന്ന് ആണവസാങ്കേതിക വിദ്യ ലഭിക്കാന്‍ സാഹചര്യമൊരുങ്ങി.
1975ലെ പൊഖ്‌റാന്‍ അണുപരീക്ഷണത്തെ തുടര്‍ന്ന് അണുരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ആണവോര്‍ജ്ജ ഉല്‍പാദനരംഗത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നേറാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടു. ഇത്തരം തടസങ്ങള്‍ മറികടക്കാന്‍ കൂടിയാണ് അമേരിക്കയുമായി ഇന്ത്യ 123 കരാറില്‍ ഏര്‍പ്പെട്ടത്. നമ്മുടെ രാജ്യം ഭാവിയില്‍ വികസനരംഗത്ത് നേരിടാന്‍ പോകുന്ന വലിയ വിപത്തില്‍ നിന്ന് കരകയറാനുള്ള ധീരമായ ഈ ചുവടുവെയ്പ്പുകളെ രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ അന്ധമായ അമേരിക്കന്‍ വിരോധത്തിന്റെ പേരില്‍ എതിര്‍ത്തു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കിവന്ന സി.പി.എമ്മും മറ്റ് ഇടതുകക്ഷികളും ഇന്തോ-യു.എസ് ആണവകരാര്‍ ഒപ്പിട്ടതിന്റെ പേരില്‍ സഖ്യം ഉപേക്ഷിച്ചു. പ്രതിപക്ഷകക്ഷിയായ ബി.ജെ.പിയുമായി ചേര്‍ന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ വിശ്വാസപ്രമേയ ചര്‍ച്ചയില്‍ വോട്ടുചെയ്ത് രാജ്യത്ത് ഭരണപ്രതിസന്ധി സൃഷ്ടിക്കാന്‍ വിഫലശ്രമം പോലും നടത്തി.
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്നു എന്നായിരുന്നു പ്രകാശ് കാരാട്ടിന്റെയും എ.ബി ബര്‍ധന്റെയും കുറ്റപ്പെടുത്തല്‍. ഊര്‍ജപ്രതിസന്ധി മാറ്റാനുള്ള ബദല്‍ മാര്‍ഗമെന്തെന്നുപോലും വ്യക്തമാക്കാതെ 123 കരാറിനെ രാഷ്ട്രീയമായി ഉപയോഗിച്ച് ജനങ്ങളുടെ വോട്ടുനേടാമെന്ന് ഇടതുകക്ഷികള്‍ വ്യാമോഹിച്ചു. അമേരിക്കയോട് ഇന്ത്യയിലെ ചില ജനവിഭാഗങ്ങള്‍ക്ക് ഇറാഖ് യുദ്ധത്തിന്റെ പേരില്‍ നിലനിന്ന വിരോധം മുതലെടുക്കാമെന്ന് കരുതിയവര്‍ ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചോ ആലോചിച്ചില്ല. രാജ്യത്തിന്റെ പൊതുവികസന പ്രശ്നങ്ങളില്‍ ഇടതുപക്ഷം എത്രമാത്രം സങ്കുചിതമാണ് എന്ന് വ്യക്തമാക്കിയ ഒരു സംഭവമാണിത്.
റഷ്യയുമായുണ്ടാക്കിയ മുന്‍ കരാര്‍ പ്രകാരമുള്ള രണ്ട് അണുനിലയങ്ങളുടെയും വികസനപ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു. രാഷ്ട്രീയ ഭീഷണി ഉയര്‍ത്തി ഇടതുപക്ഷം ഭയപ്പെടുത്തിയപ്പോള്‍ അണുവിട കുലുങ്ങാതെ, തന്റെ ഗവണ്‍മെന്റിന്റെ ഭാവിപോലും മറന്ന് ആണവകരാറുമായി മുന്നോട്ടുപോയ ഡോ. മന്‍മോഹന്‍സിംഗിന്റെ നിലപാടാണ് ശരിയെന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ചു. കേന്ദ്ര ഊര്‍ജവകുപ്പുമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ പാലക്കാടിനെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുമ്പോള്‍ സി.പി.എം മന്ത്രി എ.കെ ബാലന്‍ അഭിമാനപൂര്‍വം അധ്യക്ഷസ്ഥാനത്തിരുന്ന് സാക്ഷ്യംവഹിച്ച രംഗം കൗതുകകരമായിരുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പാലക്കാട് ആദ്യത്തെ പൂര്‍ണ വൈദ്യുതീകൃത ജില്ലയെന്ന ബഹുമതിക്ക് അര്‍ഹമായിരിക്കുന്നു. ഈ ജില്ലയില്‍ വൈദ്യുതിവെളിച്ചം എത്താത്ത ഒരു വീടുപോലും ഇല്ല. ഊര്‍ജ്ജോപയോഗത്തിന്റെ ദേശീയ കണക്കെടുക്കുമ്പോള്‍ പാലക്കാടിന്റേത് ഒരു ചെറിയ നേട്ടമല്ല. 
-°C 