|
മര്‍ജയില്‍ പോരാട്ടം തുടരുന്നു; സൈന്യം നാദ് അലിയിലേക്കും |
|
കാബൂള്‍: അഫ്ഗാനിലെ മര്‍ജയില്‍ പോരാളികള്‍ക്കെതിരേ നാറ്റോ സേന നടത്തുന്ന സൈനിക നടപടി നാലാം ദിവസത്തിലേക്ക് കടന്നു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 12 താലിബാന്‍കാരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു.
യു.എസ്-ബ്രിട്ടീഷ് സൈനികരും അഫ്ഗാന്‍ സേനയുമടക്കം 15,000 സൈനികരാണ് മര്‍ജയില്‍ സൈനിക നടപടിയില്‍ പങ്കാളികളാവുന്നത്. മര്‍ജയില്‍ കനത്ത ചെറുത്തുനില്‍പ്പാണ് സൈന്യത്തിന് നേരിടേണ്ടിവന്നത്. ആക്രമണം തുടങ്ങി ഇതുവരെ ഏഴ് അധിനിവേശ സൈനികര്‍ കൊല്ലപ്പെട്ടതായി നാറ്റോ സമ്മതിച്ചു. ആക്രമണത്തിന് നല്ല പ്രതികരണമാണുള്ളതെന്നും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നും യു.എസ് സൈനിക മേധാവി മൈക് മുള്ളന്‍ പറഞ്ഞു. അതേസമയം, മിസെയില്‍ ലക്ഷ്യം തെറ്റി 14 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവം നാറ്റോക്ക് കനത്ത തിരിച്ചടിയായി. പ്രാദേശിക ഭരണകൂടവും ജനങ്ങളും പ്രതിഷേധം അറിയിച്ചതോടൊപ്പം അന്വേഷണത്തിന് പ്രസിഡന്റ് കര്‍സായിയും നിര്‍ദേശം നല്‍കി. താലിബാന്‍ ശക്തികേന്ദ്രമായ മര്‍ജ നിയന്ത്രണവിധേയമായതായും സൈന്യം തൊട്ടടുത്ത പ്രദേശമായ നാദ് അലിയിലേക്ക് നീങ്ങിയതായും സൈനിക നടപടിയുടെ ചുമതലയുള്ള അഫ്ഗാന്‍ സൈനിക മേധാവി അമീനുല്ലാ പട്‌യാനി പറഞ്ഞു.അതിനിടെ, ഹെല്‍മന്തിലെ മുസാഖല ജില്ലയിലുണ്ടായ ബോംബാക്രമണത്തില്‍ ബ്രിട്ടീഷ് സൈനികന്‍ കൊല്ലപ്പെട്ടു. ഡ്യൂക്ക് റെജിമെന്റിലെ അംഗമായ ഇയാള്‍ പട്രോളിങ്ങിനിടെയാണ് ആക്രമണത്തിനിരയായത്. ഇത് സൈനിക നടപടിയുടെ ഭാഗമായുള്ള ആക്രമണമല്ലെന്നുനാറ്റോ വക്താവ് അറിയിച്ചു.ഞായറാഴ്ച ഒരു ബ്രിട്ടീഷ് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനില്‍ കൊല്ലപ്പെടുന്ന 260ാമത്തെ ബ്രിട്ടീഷ് സൈനികനാണ് ഇയാള്‍. 4000 ബ്രിട്ടീഷ് സൈനികരാണ് മര്‍ജയിലെ ഓപറേഷന്‍ മുഷ്ഠറകില്‍ പങ്കെടുക്കുന്നത്. |