|
മര്‍ജയില്‍ താലിബാന്‍ തന്ത്രപരമായി നീങ്ങുന്നു |
|
കാബൂള്‍: നാറ്റോ-അഫ്ഗാന്‍ സൈനികര്‍ സംയുക്തമായി നടത്തുന്ന ഓപറേഷന്‍ മുഷ്ഠറക് രണ്ടാംദിവസത്തിലേക്കു കടന്നപ്പോള്‍ താലിബാന്‍ പോരാളികള്‍ തന്ത്രപരമായ നീക്കത്തില്‍.
അത്യാധുനിക ആയുധശേഷിയുള്ള ആയിരക്കണക്കിനു സൈനികരോട് നേര്‍ക്കുനേരേയുള്ള പോരാട്ടം ഒഴിവാക്കി ഒളിപ്പോര്‍ തന്ത്രമാണ് താലിബാന്‍ പ്രയോഗിക്കുന്നത്. വഴിനീളെ കുഴിബോംബുകള്‍ പാകി സൈന്യത്തിനു കനത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. മര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പിന്മാറിയ പോരാളികള്‍ നഗരമധ്യത്തില്‍ കേന്ദ്രീകരിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ചെറുസംഘങ്ങളായി തിരിഞ്ഞുള്ള താലിബാന്റെ പോരാട്ടമുറ നാറ്റോ നീക്കത്തെ മന്ദഗതിയിലാക്കിയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പ്രദേശം സുരക്ഷിതമാക്കുന്നതിന് ആഴ്ചകളെടുക്കുമെന്ന് മുതിര്‍ന്ന നാറ്റോ കമാന്‍ഡര്‍ ലാറി നികോള്‍സണ്‍ പറഞ്ഞു. കേവലം 400നും 1000നും ഇടയില്‍ പോരാളികളെ നേരിടാന്‍ 15,000നു മുകളില്‍ സൈനികരാണു രംഗത്തുള്ളത്. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ത്തിനുണ്ട്. ഇന്നലെ നാറ്റോ സൈന്യം വിക്ഷേപിച്ച റോക്കറ്റ് മര്‍ജയില്‍ വീടിനു മുകളില്‍ പതിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു. റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചതില്‍ നാറ്റോ കമാന്‍ഡര്‍ സ്റ്റാന്‍ലി മക്രിസ്റ്റല്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയോടു ക്ഷമചോദിച്ചു. ഏറ്റുമുട്ടലിന്റെ ആദ്യദിവസം തന്നെ 25 സൈനികരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍, മൂന്നു സൈനികര്‍ മാത്രമേ മരിച്ചുള്ളുവെന്ന് നാറ്റോ പറഞ്ഞു. ശനിയാഴ്ച നാദ്‌അലിയില്‍ ഒരു ബ്രിട്ടീഷ് സൈനികനും മര്‍ജയില്‍ ഒരു അമേരിക്കന്‍ െസെനികനുമാണു കൊല്ലപ്പെട്ടത്. ഇന്നലെ മറ്റൊരു നാറ്റോ സൈനികന്‍ കൂടി മരിച്ചു. 20 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും സൈന്യം അവകാശപ്പെട്ടു.
മര്‍ജയില്‍ 4,000 അമേരിക്കന്‍ സൈനികരും നാദ്‌അലിയില്‍ 4,000 ബ്രിട്ടീഷ് സൈനികരുമാണ് ഏറ്റുമുട്ടലിനു നേതൃത്വം നല്‍കുന്നത്. ഓരോ കെട്ടിടവും തെരുവും അരിച്ചുപെറുക്കിയാണ് സൈന്യം മുന്നോട്ടുനീങ്ങുന്നത്.
|