കയ്യേറ്റ സമരം: സി പി എം പുലിവാല്‌ പിടിക്കുന്നു

Imageപി മുഹമ്മദലി
ആദിവാസികളെ മറയാക്കി വയനാട്ടില്‍ സി പി എം ആരംഭിച്ച ഭൂമി കയ്യേറ്റ സമരങ്ങള്‍ പാര്‍ട്ടിയെ പുലിവാല്‌ പിടിപ്പിക്കുന്നു.

കയ്യേറ്റങ്ങള്‍ക്ക്‌ രാഷ്ട്രീയ പകപോക്കലിന്റെ നിറം കലര്‍ന്നതും ഇത്‌ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുമാണ്‌ സി പി എമ്മിനെ വിഷമവൃത്തത്തിലാക്കുന്നത്‌.മുന്‍കാലങ്ങളില്‍ നടന്ന മിച്ചഭൂമി സമരങ്ങളുടെ തീവ്രതയും പ്രതിബദ്ധതയുമില്ലാത്ത പ്രഹസന സമരങ്ങളാണ്‌ ഇപ്പോള്‍ വയനാട്ടില്‍ നടന്നു വരുന്നത്‌. ആദിവാസി ഭൂപ്രശ്നം പൊള്ളുന്ന വിഷയമായിരിക്കെ ഭരണകക്ഷി എന്ന നിലയില്‍ അതില്‍ പിടിച്ചു സമരത്തിനിറങ്ങിയത്‌ വലിയ വങ്കത്തമായിപ്പോയെന്ന തിരിച്ചറിവ്‌ കയ്യേറ്റ സമരങ്ങള്‍ അവസാനിപ്പിക്കണം എന്ന തീരുമാനത്തിലേക്ക്‌ പാര്‍ട്ടിയെ നയിക്കുകയാണ്‌. വയനാട്ടിലെ കയ്യേറ്റങ്ങള്‍ക്കെതിരെ സി പി ഐയും ആര്‍ എസ്‌ പിയും നിലപാടെടുത്തതും സി പി എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്‌.

 

നിയമവിരുദ്ധമായി ഭൂമി കയ്യേറി ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നത്‌ സംസ്ഥാനത്തെ അരാജകത്വത്തിലേക്ക്‌ നയിക്കുമെന്ന്‌ ഇടത്‌ മുന്നണിയിലെ മറ്റു ഘടകകക്ഷികളും കരുതുന്നു. ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടി നിയമവിരുദ്ധ പോരാട്ടത്തിനിറങ്ങുന്നത്‌ നിയമവാഴ്ചയോടുള്ള അനാദരവായാണ്‌ പൊതുസമൂഹം കാണുന്നത്‌. ആദിവാസികളെ ഭൂമിക്ക്‌ ഉടമകളാക്കുകയല്ല; വീരേന്ദ്രകുമാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പാഠം പഠിപ്പിക്കുക എന്ന അവിശുദ്ധ ലക്ഷ്യമാണ്‌ സമരത്തിന്‌ പിന്നിലെന്ന്‌ പ്രതിപക്ഷം മാത്രമല്ല; ഇടത്‌ മുന്നണിയിലെ ഘടകക്ഷികളും വിശ്വസിക്കുന്നു.
ഭൂമി നല്‍കാമെന്ന്‌ വിശ്വസിച്ചു മുത്തങ്ങയില്‍ പോയി സമരം ചെയ്തു കേസും കോടതിയുമായി കെട്ടിമറിയുന്ന മുന്‍സമരക്കാരുടെ ദുരിതകഥ പുതിയ സമരക്കാരെയും ഭീതിപ്പെടുത്തുന്നുണ്ട്‌.

 

പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദവും പ്രലോഭനങ്ങളും സാമ്പത്തിക സഹായങ്ങളും കൊണ്ടാണ്‌ പലരും ഇന്ന്‌ സമരമുഖത്ത്‌ നില്‍ക്കുന്നത്‌. കയ്യേറ്റം നടത്തിയാല്‍ കേസുണ്ടാവില്ലെന്നും ഭരണകക്ഷിയുടെ പൊലീസ്‌ കയ്യേറ്റത്തിന്‌ കാവല്‍ നില്‍ക്കുന്നവരാണെന്നുമാണ്‌ പാര്‍ട്ടി നേതാക്കള്‍ ആദിവാസികളെ ധരിപ്പിച്ചിരിക്കുന്നത്‌. കയ്യേറ്റങ്ങള്‍ കോടതിയിലെത്തിയതോടെ കോടതി വിധിയുടെ മറവില്‍ സമരത്തില്‍ നിന്നും തലയൂരാനുള്ള ആലോചനകളും പാര്‍ട്ടിയില്‍ സജീവമാണ്‌.സമരത്തിന്‌ നേതൃത്വം നല്‍കുന്ന പല സി പി എം നേതാക്കളും കുടുംബങ്ങളും നൂറ്‌ കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ശക്തമായ ആരോപണം സി പി എമ്മിന്റെ കയ്യേറ്റ സമരത്തിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.


മൂന്നാറില്‍ മാത്രമല്ല വയനാട്ടിലും എം എല്‍ എയും മുന്‍ എം എല്‍ എയുമടക്കമുള്ള നേതാക്കള്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചവരുടെ പട്ടികയില്‍ വന്നത്‌ ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ്‌. അവിഹിതമായ ഈ ആധിപത്യത്തിന്റെ ചരിത്രം വെളിപ്പെടുത്തിയ മാധ്യമങ്ങളെ കോടതി കയറ്റി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ വയനാട്ടിലെ പാര്‍ട്ടി നേതൃത്വം. നിയമം പാലിച്ച ഉദ്യോഗസ്ഥരെ പീഡിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഒരുങ്ങിയതും അവര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ സഖ്യപ്രഖ്യാപനവും സംസ്ഥാനത്ത്‌ അരാജകത്വത്തിന്റെ കാലൊച്ചയാണ്‌ കേള്‍പ്പിക്കുന്നത്‌. 57ലെ സെല്‍ഭരണമാണിതെന്ന പ്രതിപക്ഷത്തിന്റെ പ്രതികരണം സാധാരണക്കാര്‍ക്കിടയില്‍ നന്നായി പ്രചരിപ്പിക്കപ്പെട്ടതും കയ്യേറ്റ സമരങ്ങളെക്കുറിച്ച്‌ പാര്‍ട്ടിയെ പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌.


വെള്ളിയാഴ്ച യു ഡി എഫ്‌ നേതാക്കള്‍ കയ്യേറ്റ ഭൂമി സന്ദര്‍ശിച്ചതും സമര നേതാക്കള്‍ പത്തിതാഴ്ത്തി പ്രതിപക്ഷ നേതാക്കളെ സ്വീകരിച്ചതും അണികള്‍ക്കിടയില്‍ വന്‍ പ്രത്യാഘാതങ്ങളാണ്‌ സൃഷ്ടിച്ചിട്ടുളളത്‌. സമരക്കാര്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച ഭൂമിയിലാണ്‌ യു ഡി എഫ്‌ മുന്‍നിര നേതാക്കള്‍ സധൈര്യം കടന്നു വന്നത്‌. ഇത്‌ യു ഡി എഫിന്റെ മികച്ച വിജയവും സമരത്തിനേറ്റ കനത്ത പ്രഹരവുമായാണ്‌ വിലയിരുത്തപ്പെട്ടത്‌. ആദിവാസികള്‍ക്ക്‌ നിയമാനുസൃത രീതിയില്‍ ഭൂമി ലഭിക്കണമെന്നാവശ്യപ്പെടുന്ന യു ഡി എഫ്‌ കയ്യേറ്റത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന്‌ പ്രഖ്യാപിച്ചത്‌ പൊതുസമൂഹത്തില്‍ മതിപ്പുളവാക്കുന്ന കാര്യമാണ്‌.
കയ്യേറ്റ സമരത്തെ ശക്തമായി നേരിടാനുള്ള എതിര്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ യു ഡി എഫ്‌ ഒരുങ്ങുന്നത്‌ ഏറെ ദോഷം ചെയ്യുക ഇടത്‌ മുന്നണി ഭരണത്തിനായിരിക്കും.

 

ഭരണകക്ഷിയുടെ കയ്യേറ്റത്തെ കാവലിരുന്ന്‌ സംരക്ഷിക്കുകയും പ്രതിപക്ഷത്തിന്റെ സമരത്തെ അടിച്ചമര്‍ത്തി സംഹരിക്കുകയും ചെയ്യുന്ന നിലപാടെടുക്കാന്‍ പൊലീസ്‌ സേന നിര്‍ബന്ധിതമാകും. ഇത്‌ സംസ്ഥാനത്ത്‌ വലിയ ക്രമസമാധാന തകര്‍ച്ചയ്ക്ക്‌ കാരണമാകുമെന്നും വിശ്വസിക്കുന്നവരുടെ ചിന്തയിലാണ്‌ കയ്യേറ്റ സമരം അവസാനിപ്പിക്കാനുള്ള ശ്രമം രൂപം കൊള്ളുന്നത്‌. സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുന്ന സി പി എം നേതാക്കളുടെ ഭൂമിയിലേക്ക്‌ യു ഡി എഫ്‌ സമരത്തിനെത്തുമോ എന്ന ഭീതിയും പാര്‍ട്ടി നേതൃത്വത്തിനിടയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്‌. സി പി എം ഭൂമി പിടിച്ചെടുത്ത്‌ തങ്ങള്‍ക്ക്‌ കൂരവെയ്ക്കാന്‍ ഇടം നല്‍കുമെന്ന്‌ വിശ്വസിക്കുന്നവരല്ല സമരത്തിനെത്തിയ ആദിവാസികളില്‍ ഭൂരിപക്ഷവും. ഒരു ദിവസത്തെ കയ്യേറ്റ സമരത്തിന്‌ പോയാല്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങളാണ്‌ ചെങ്കൊടി കെട്ടിയ വണ്ടിയില്‍ കയറാന്‍ ആദിവാസികളെ പ്രേരിപ്പിച്ചത്‌.


സമരം സര്‍ക്കാര്‍ സഹായത്തോടെയായതിനാല്‍ അടിയും കേസും പേടിക്കേണ്ടതില്ല. പക്ഷെ, സമരം തുടങ്ങിയ നേതാക്കള്‍ ഇപ്പോള്‍ പേടിച്ചു തുടങ്ങിയിട്ടുണ്ട്‌. കാരണം, സമരത്തിന്‌ പൊതുസമൂഹത്തില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും സ്വീകാര്യത കുറവാണ്‌. വയനാട്ടില്‍ നടക്കുന്നത്‌ ഭൂസമരമല്ല; രാഷ്ട്രീയപ്രേരിതമായ ഭൂമി കയ്യേറ്റങ്ങളാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സമരം ബൂമറാംഗ്‌ പോലെ തിരിച്ചടിക്കുമെന്ന പേടി പാര്‍ട്ടിക്കകത്ത്‌ പരക്കെ പെരുകി വരികയാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls