വിട പറഞ്ഞു, ആസൂത്രണ ലോകത്തെ വിഖ്യാത ഗുരു

Imageജനഹിത വികസനത്തിന്റെ രാജസൂക്തം

ക്ലീറ്റസ്‌ കാക്കനാട്‌

ആയിരത്തിതൊള്ളായിരത്തി അമ്പത്‌ ഏപ്രില്‍. ആദ്യ പഞ്ചവത്സര പദ്ധതിയുടെ കരടുരേഖയില്‍ വളര്‍ച്ചാനിരക്ക്‌ മന്ദഗതിയിലാക്കിയത്‌ എന്തുകൊണ്ട്‌ എന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചോദ്യത്തിന്‌ ഉത്തരമേകാന്‍ നിയുക്തനായത്‌ ഒരു യുവ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയിരുന്നു.

നെഹ്‌റുവിന്റെ മുമ്പില്‍ ആ യുവാവ്‌ വിനയാന്വിതനായി ഇരുന്നു. പ്രധാനമന്ത്രി ചോദ്യം ആവര്‍ത്തിച്ചു. അനുബന്ധമായി ചൈനയുടെ മഹത്തായ കുതിപ്പിനെക്കുറിച്ച്‌ (Great Leap Forward) ചൂണ്ടിക്കാട്ടുകയും ചെയ്തു. 'ഇങ്ങനെയെങ്കില്‍ സ്വതന്ത്രേന്ത്യയ്ക്ക്‌ എന്നാണ്‌ മഹാലക്ഷ്യങ്ങള്‍ സഫലീകരിക്കാനാകുക?' - നെഹ്‌റു ചോദിച്ചു. യുവാവ്‌ എഴുന്നേറ്റു-'സര്‍, ജനാധിപത്യം, അതിവേഗത്തിലുള്ള വികസനം എന്നിവ താങ്കളുടെ മുന്നില്‍ ഞാന്‍ വെയ്ക്കുകയാണെന്നിരിക്കട്ടെ. ഇതിലൊന്ന്‌ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ ഏതായിരിക്കും അങ്ങ്‌ തെരഞ്ഞെടുക്കുക?'
വലിയൊരു പ്രഹേളികയ്ക്ക്‌ ഉത്തരം തേടിയ നെഹ്രുവിന്‌ മുന്നിലേക്ക്‌ വച്ച ആ ചോദ്യം വാസ്തവത്തില്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തമായിരുന്നു.

 

രാജ്യത്തിന്റെ രാഷ്ട്രിയ, സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രധാന്യം നല്‍കേണ്ടത്‌ ഏതിനെന്ന ചോദ്യത്തിന്‌ അതോടെ ഉത്തരം കണ്ടെത്താന്‍ നെഹ്രുവിന്‌ കഴിഞ്ഞു. ചരിത്രംകുറിച്ച ഒരു നിര്‍ണായക തീരുമാനത്തിന്‌ നെഹ്‌റു പച്ചക്കൊടി കാട്ടുമ്പോള്‍ കക്കാടന്‍ നന്ദാനത്ത്‌ രാജ്‌ എന്ന ആ യുവാവ്‌ അവിടെ ഉണ്ടായിരുന്നു, എന്നത്തേയും പോലെ, നിശബ്ദനായി, പിന്നെ വിനയാന്വിതനായി.ഇവിടെനിന്നാണ്‌ കെ.എന്‍ രാജ്‌ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ വീക്ഷണഗതികളും സിദ്ധാന്തങ്ങളും രാഷ്ട്രത്തിന്റെ നയപരിപാടികളെ സ്വാധീനിച്ചത്‌. രാജ്‌ വെറുമൊരു സാമ്പത്തിക വിദഗ്ധന്‍ മാത്രമായിരുന്നില്ല. നിരവധി ശിഷ്യന്‍മാരെ സാമ്പത്തിക പാഠങ്ങളുടെ ഇടുങ്ങിയ കാണാപ്പുറങ്ങളിലൂടെ കൈപിടിച്ച്‌ നടത്തിയ മികച്ച അധ്യാപകന്‍ കൂടിയായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം നാളുകളിലും രണ്ട്‌ കര്‍മ്മങ്ങളും ഒരുപോലെ അദ്ദേഹം നിര്‍വ്വഹിച്ചു. മികവുറ്റവരെ കണ്ടെത്തി പരിപോഷിപ്പിച്ചു. നയങ്ങള്‍ രൂപീകരിച്ചു. സ്ഥാപനങ്ങള്‍ക്ക്‌ തുടക്കമിട്ടു.

 

രാഷ്ട്രത്തിന്റെ സാമ്പത്തിക മനസ്സാക്ഷിക്ക്‌ വീറും ഉണര്‍വും നല്‍കി.
രാജ്യത്ത്‌ ആദ്യമായി അടവുശിഷ്ടനില (Balance of payments) കണക്കാക്കിയതിന്റെ ഖ്യാതി മറ്റാര്‍ക്കുമല്ലായിരുന്നു. റിസര്‍വ്‌ ബാങ്കിനുവേണ്ടി അദ്ദേഹം ഈ കണക്ക്‌ തയ്യാറാക്കുമ്പോള്‍ വിദേശത്ത്‌ പലരും അമ്പരപ്പോടെയാണ്‌ വീക്ഷിച്ചത്‌. പ്രശസ്തര്‍ക്ക്‌ പോലും കഴിയാത്ത ഉദ്യമമാണ്‌ രാജ്‌ നടത്തിയത്‌. ആദ്യ പഞ്ചവത്സര പദ്ധതിരേഖയില്‍ ആമുഖമെഴുതിയും രാജ്‌ തന്നെ. അതിന്റെ സഹരചയിതാവും അദ്ദേഹമായിരുന്നു.ഇന്ത്യയ്ക്ക്‌ അന്ന്‌ പ്രത്യേകമായൊരു സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗമില്ലായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ്‌ സംബന്ധമായ ആശയങ്ങള്‍ പോലും കേട്ടറിവുപോലുമില്ലാത്ത കാലം. ഈ പശ്ചാത്തലമാണ്‌ രാജിന്റെ രേഖകള്‍ പ്രധാന്യമേകിയത്‌.


രണ്ടാം ലോകമഹായുദ്ധാനന്തരകാലത്ത്‌ ഇന്ത്യയ്ക്ക്‌ ഒരു വിദേശസഹായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സമ്പാദ്യനിരക്ക്‌ വര്‍ധിപ്പിക്കേണ്ടത്‌ അത്യാവശ്യമായിരുന്നു. ഇതില്‍ മുഖ്യപങ്ക്‌ വഹിക്കാനെത്തിയതും രാജായിരുന്നു. അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ സമ്പാദ്യനിരക്ക്‌ 1950-51 കാലയളവിലെ അഞ്ച്‌ ശതമാനത്തില്‍ നിന്ന്‌ ഉയര്‍ത്താനുള്ള 20 വര്‍ഷത്തെ പദ്ധതി തയ്യാറാക്കി. മുമ്പ്‌ നിശ്ചയിച്ചതുപോലെ 70-71 കാലയളവില്‍ 20 ശതമാനമായി അത്‌ ഉയരുകതന്നെയാണ്‌ ചെയ്തത്‌. രാജ്‌ മുന്നില്‍ കണ്ടത്‌ പ്രവര്‍ത്തികമായി എന്നര്‍ത്ഥം.

 

രാജിന്റേത്‌ ക്ഷേമ സാമ്പത്തികശാസ്ത്രം (Welfare Economics) ആണെന്നാണ്‌ അമര്‍ത്യ സെന്നിനെപ്പോലുള്ള പഴയ സഹപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. വാസ്തവത്തില്‍ അത്‌ അറിയാതെയായിരുന്നു അദ്ദേഹം അത്തരം നടപടികള്‍ പ്രാവര്‍ത്തികമാക്കിയത്‌. സാധാരണക്കാരന്‌ വേണ്ട സാമ്പത്തിക പരിപാടികളായിരുന്നു അദ്ദേഹത്തിന്റെ മനസില്‍ ഉരുത്തിരിഞ്ഞിരുന്നത്‌ .പലപ്പോഴും അദ്ദേഹം പറഞ്ഞു: 'നമ്മുടെ സാമ്പത്തിക നിലപാടുകള്‍ പാവങ്ങളെ സഹായിക്കുന്നതായിരിക്കണം'. ഒരു പക്ഷെ അറിയാതെയാണെങ്കിലും ഇതായിരുന്നു അദ്ദേഹത്തെ ക്ഷേമസാമ്പത്തിക ശാസ്ത്രത്തിന്റെ വക്താവാക്കിമാറ്റിയത്‌.


സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഉത്പാദനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നായിരുന്നു വിഖ്യാത സാമ്പത്തിക വിദഗ്ദര്‍ വിശകലനം ചെയ്തിരുന്നത്‌. എന്നാല്‍ സമൂഹത്തിന്റെ ക്ഷേമത്തെ ഉല്‍പാദനം എത്രമാത്രം സ്വാധീനിക്കുന്നു എന്നാണ്‌ രാജ്‌ നോക്കിയിരുന്നത്‌. സിദ്ധാന്തങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നത്‌. എഴുതിവെയ്ക്കാന്‍ മാത്രമുള്ളതല്ല സിദ്ധാന്തങ്ങള്‍ എന്നത്‌ രാജിന്റെ ക്ലാസിലെ പതിവു ഉപദേശമായിരുന്നു. സാധാരണക്കാരെക്കുറിച്ചുള്ള ആശങ്കയ്ക്കുപുറമേ കൃഷി, വിദ്യാഭ്യാസം, ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ എന്നുവേണ്ട ചെറുകിട വ്യവസായങ്ങളെപ്പോലും അദ്ദേഹം മനഃപാഠമാക്കി. അവയുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.


നെഹ്‌റു മുതല്‍ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച രാജ്‌ പലപ്പൊഴും അവരുടെ നയപരിപാടികള്‍ അപ്പടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്നില്ല. പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവയുടെ ന്യൂനതകളെക്കുറിച്ച്‌ വാദിക്കുന്ന രാജിനെയാണ്‌ പലപ്പോഴും കണ്ടിരുന്നത്‌. ഇക്കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ നടത്താന്‍പോലും രാജ്‌ തുനിഞ്ഞു. തെറ്റാണെന്ന്‌ തെളിയിക്കേണ്ടവയ്ക്ക്‌ ഉദാഹരണങ്ങള്‍ നിരത്തി. ലോകമെമ്പാടും രാജിന്‌ വിദ്യാര്‍ത്ഥികളുണ്ട്‌. ആസൂത്രണ കമ്മീഷനിലെ ജോലി രാജിവെച്ച്‌ പിന്‍വാങ്ങിയ അദ്ദേഹത്തിന്‌ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ സ്ഥാനം ലഭിച്ചപ്പോള്‍ പ്രതിഫലം കുറവായിരുന്നെങ്കിലും വിദ്യാര്‍ത്ഥികളെ ചൂണ്ടിക്കാട്ടി ഇവരല്ലേ പ്രതിഫലം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡല്‍ഹി സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സിലും അദ്ദേഹം അധ്യാപകവൃത്തിയിലേര്‍പ്പെട്ടു.

 

ആ സാന്നിധ്യം മൂലം ഈ സ്ഥാപനത്തിലേക്ക്‌ നിരവധി പണ്ഡിതര്‍ എത്തി. സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട്‌ അതിനാല്‍ സ്ഥാപനം സജീവമായി നിലകൊണ്ടു. രാജ്‌, അമര്‍ത്യാ സെന്‍, ജഗദീഷ്‌ ഭഗവതി, സുഖമോയ്‌ ചക്രവര്‍ത്തി എന്നിവര്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്താണ്‌ ഡല്‍ഹി സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സ്‌ ലോകപ്രശസ്തി നേടിയത്‌. സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല അവയ്ക്ക്‌ യഥാര്‍ത്ഥലോകത്തുള്ള പ്രസക്തി കൂടി വിശദീകരിച്ചാണ്‌ രാജ്‌ ക്ലാസ്‌ എടുത്തിരുന്നതെന്ന്‌ അന്നത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആസൂത്രണം, നാണ്യപ്പെരുപ്പം, വ്യാവസായിക മുരടിപ്പ്‌ എന്നിവയെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ മൂന്നാംലോക രാജ്യങ്ങളിലേക്ക്‌ വിരല്‍ചൂണ്ടുക രാജിന്റെ പതിവ്‌ മാതൃകയായിരുന്നുവെന്ന്‌ ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചും അവിടുത്തെ കാര്‍ഷിക വൃത്തിയെക്കുറിച്ചും അനേകം പഠനങ്ങള്‍ നടത്തിയിരുന്നു രാജ്‌. മദ്രാസ്‌ ക്രിസ്ത്യന്‍ കോളജില്‍ പഠനം നടത്തവേ ഏറ്റവും ഇഷ്ടപ്പെട്ട ഗുരുനാഥന്‍ മാല്‍ക്കം ആദിശേഷയ്യ പകര്‍ന്നുനല്‍കിയ പൈതൃകമാണ്‌ ഈ വഴിയിലൂടെ നീങ്ങാന്‍ അദ്ദേഹത്തിന്‌ പ്രേരണയേകിയത്‌.


1969ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലറായിരുന്നപ്പോഴാണ്‌ രാജിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവുമധികം വേദനയുണ്ടാക്കിയ നിമിഷങ്ങള്‍ നല്‍കിയത്‌. മത, വര്‍ഗീയ വാദികള്‍ കാമ്പസില്‍ കയറി അക്രമം അഴിച്ചുവിട്ടപ്പോള്‍ രാജിന്‌ സഹിക്കാവുന്നതിന്‌ അപ്പുറമായിരുന്നു. അക്കാദമിക്‌ നിലവാരങ്ങള്‍ താന്‍ ആഗ്രഹിച്ച വിധത്തില്‍ കൊണ്ടുവരാനായില്ലെന്ന ഖേദം എക്കാലവും അദ്ദേഹത്തെ മഥിച്ചിരുന്നു. കാമ്പസിലെ ക്രമസമാധാനം നിലനിര്‍ത്തുകയല്ല വൈസ്‌ ചാന്‍സലറുടെ കര്‍ത്തവ്യമെന്ന്‌ അദ്ദേഹം ശഠിച്ചു. പിന്നീട്‌ കേരളാ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ക്ഷണപ്രകാരം അദ്ദേഹം തിരുവനന്തപുരത്തെത്തി തന്റെ പ്രതിഭ ജന്മനാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ആയിടെയാണ്‌ ഒരു അക്കാദമിക്‌ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആശയം ഉദിച്ചത്‌. പക്ഷേ അതൊരു വെല്ലുവിളിയായി രാജ്‌ നെഞ്ചിലേറ്റുകയായിരുന്നു.

 

അതിന്റെ പരിണിതിയാണ്‌ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ്‌ സ്റ്റഡീസ്‌ (സി.ഡി.എസ്‌). അച്യുതമേനോന്‍ നല്‍കിയ 30 ലക്ഷം രൂപകൊണ്ടാണ്‌ എല്ലാം തുടങ്ങിയത്‌. അതുകൊണ്ട്‌ സ്ഥലം വാങ്ങി. പക്ഷേ കെട്ടിടം നിര്‍മിക്കാനും ലൈബ്രറി തയ്യാറാക്കാനും ജീവനക്കാരെ നിയമിക്കാനും തികയില്ലായിരുന്നു. അപ്പോഴാണ്‌ ഭാഗ്യവശാല്‍ ലാറിബേക്കറെ കണ്ടുമുട്ടിയത്‌. അതോടെ ആ സ്വപ്നം പൂവണിഞ്ഞു. രാജിന്റെ നേതൃത്വം സി.ഡി.എസിലേക്ക്‌ ഒട്ടനവധി പണ്ഡിതരെ എത്തിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്ന പ്രൊഫ. ഐ.എസ്‌ ഗുലാത്തി, പി.എച്ച്‌.ഡി ഇല്ലാത്തതിനാല്‍ ഡല്‍ഹി സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. ജഗദീഷ്‌ ഭഗവതി, പില്‍ക്കാലത്ത്‌ ഇക്കണോമിക്‌ വീക്ക്ലി എന്ന പ്രസിദ്ധീകരണം നടത്താന്‍ സഹായിച്ച കെ.എന്‍ കൃഷ്ണരാജ്‌ തുടങ്ങിയവരൊക്കെ സി.ഡി.എസിന്റെ പടികളിലൂടെയാണ്‌ മുകളിലേക്ക്‌ ചുവടുവെച്ചത്‌.


വര്‍ഗീയ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനായിരുന്നു രാജ്‌. പുരാതന ഹൈന്ദവ സംസ്കാരത്തിന്റെ മഹത്വം ഉദ്ഘോഷിച്ച്‌ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനിറങ്ങിയവരാണ്‌ വര്‍ഗീയ രാഷ്ട്രീയ വാദികളെന്ന്‌ അദ്ദേഹം പലവേദികളിലും വിമര്‍ശിച്ചു. മദ്രാസ്‌ ക്രിസ്ത്യന്‍ കോളജില്‍ ആയിരിക്കെ കമ്യൂണിസത്തെയും സോവിയറ്റ്‌ യൂണിയനെയും വിമര്‍ശിക്കാനും രാജ്‌ മടിച്ചില്ല. 1998ല്‍ രാജ്‌ തയ്യാറാക്കിയ പ്രബന്ധത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു 'കമ്യൂണിസത്തിനൊരു ഭാവിയുണ്ടോ?'
എന്നെന്നും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ പിശുക്ക്‌ കാണിച്ചില്ല അദ്ദേഹം. വി.കെ കൃഷ്ണമേനോനുമായി മികച്ച സൗഹൃദം പുലര്‍ത്തിയതുതന്നെ ചരിത്രം.

 

ഇന്ത്യാ ലീഗ്‌, ലേബര്‍ പാര്‍ട്ടി, സ്വാതന്ത്ര്യ പ്രസ്ഥാനം എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കൃഷ്ണമേനോനെ രാജ്‌ അനുഗമിച്ചിരുന്നു. ഇക്കഥകളെല്ലാം രാജിന്റെ മലയാള ആത്മകഥാ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അന്തരിച്ച രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ അടുത്ത സുഹൃത്തായിരുന്നു. പല നേതാക്കളെയും വിമര്‍ശിച്ചിരുന്നെങ്കിലും അവരോടൊക്കെ ആദരവ്‌ നിലനിര്‍ത്തിയിരുന്നുവെന്ന്‌ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. നെഹ്‌റു, കൃഷ്ണമേനോന്‍, ഇന്ദിരാഗാന്ധി, ഇ.എം.എസ്‌ എന്നിവരൊക്കെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന്‌ പറഞ്ഞാല്‍ ഈ സാമ്പത്തിക അതിമാനുഷന്റെ സൗഹൃദവൈഭവവും അത്ഭുതകരമാകും. ഡല്‍ഹിയില്‍ വൈസ്‌ ചാന്‍സലറായിരിക്കെ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ക്ക്‌ ഒരിക്കല്‍ ക്ഷമ പറയാന്‍ മുന്‍ പ്രധാനമന്ത്രി വാജ്പേയിയും അദ്ദേഹത്തിനുമുന്നിലെത്തി. നിറഞ്ഞ ചിരിയായിരുന്നു രാജിന്റെ മറുപടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls