ഒരേയൊരു കെ.എന്‍. രാജ്‌

Imageസാമൂഹിക ജീവിതരംഗത്ത്‌ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളുടെയും പ്രഭവസ്ഥാനം ഏകാന്ത വ്യക്തിത്വങ്ങളുടെ മസ്തിഷ്കമാണെന്ന്‌ ബട്രണ്ട്‌ റസ്സല്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത്‌ അന്തരിച്ച കെ.എന്‍. രാജിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ വിഖ്യാതനായ ഈ തത്വചിന്തകന്റെ നിരീക്ഷണം അക്ഷരംപ്രതി ശരിവെക്കുന്നു.കാര്‍ഷികാസൂത്രണരംഗത്ത്‌ ലോകം ആദരിക്കുന്ന മഹാപ്രതിഭയായിരുന്നു നമുക്കിടയില്‍ ഇന്നലെവരെ നിശ്ശബ്ദനായി ജീവിച്ചിരുന്ന രാജ്‌. സാമ്പത്തികാസൂത്രണ വിദഗ്ധനായിട്ടാണ്‌ പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. തികഞ്ഞ ജനാധിപത്യ വാദിയായിരുന്ന കെ.എന്‍. രാജ്‌ സ്ഥായിയായി നിലനില്‍ക്കുന്നതും ക്രമാനുഗതവുമായ സാമ്പത്തിക വളര്‍ച്ചയുടെ ഉപാസകനായിരുന്നു.

 

നമ്മുടെ രാജ്യത്തിന്റെ ഒന്നാമത്തെ പഞ്ചവത്സരപദ്ധതിക്ക്‌ ആമുഖം എഴുതുമ്പോള്‍ രാജിനോട്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സന്ദേഹരൂപത്തില്‍ ഇങ്ങനെ ചോദിച്ചു: 'അയല്‍രാജ്യമായ ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും നമ്മുടെ മന്ദഗതിയിലുള്ള വളര്‍ച്ചയും കാലാന്തരത്തില്‍ ഇന്ത്യയ്ക്ക്‌ ദോഷം വരുത്തില്ലേ?'. പണ്ഡിറ്റ്ജിയുടെ ചോദ്യത്തിന്‌ യുവാവായ രാജ്‌ സൗമ്യമായി ഇങ്ങനെ മറുപടി നല്‍കി: 'അങ്ങേയ്ക്ക്‌ ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കണോ, ദ്രുതഗതിയിലുള്ള വികസനം വേണോ?'.


ചൈനയും ഇന്ത്യയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം രാഷ്ട്രീയ വ്യവസ്ഥയുടേതാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ജനാധിപത്യ ഇന്ത്യയ്ക്ക്‌ പടിപടിയായി ഉയരാനേ കഴിയൂ എന്ന്‌ വ്യക്തമാക്കുകയാണ്‌ രാജ്‌ ചെയ്തത്‌. ദ്രുതവികസനം തകര്‍ക്കലും തച്ചുടയ്ക്കലുമാണ്‌. അതിന്‌ നല്‍കേണ്ടിവരുന്ന മനുഷ്യത്വരഹിതമായ വില ഭയാനകമാണ്‌. കമ്യൂണിസ്റ്റ്‌ ഏകാധിപത്യ സമൂഹത്തില്‍ മാത്രമേ അത്‌ സാധ്യമാകൂ. ജനാധിപത്യ വ്യവസ്ഥയില്‍ അനുരഞ്ജനവും വിട്ടുവീഴ്ചയും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കുമ്പോള്‍ പടിപടിയായി സാമ്പത്തിക വികസനം കൈവരിക്കണമെന്ന്‌ രാജ്‌ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു.


മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിന്‌ ധനം അനുപേക്ഷണീയമാണെന്ന്‌ രാജ്‌ പറഞ്ഞു. എന്നാല്‍ ധനസമ്പാദനം ശാസ്ത്രമോ കലയോ അല്ലെന്ന്‌ അദ്ദേഹം സിദ്ധാന്തിച്ചു. അതിനപ്പുറം അതൊരു തത്വശാസ്ത്രമായിരുന്നു അദ്ദേഹത്തിന്‌. നെഹ്‌റുവുമൊത്ത്‌ ഇന്ത്യയുടെ ആസൂത്രണത്തിന്‌ ആദ്യത്തെ കയ്യൊപ്പ്‌ ചാര്‍ത്തുമ്പോള്‍ ജനാധിപത്യ ഇന്ത്യയും കമ്യൂണിസ്റ്റ്‌ ചൈനയും രാഷ്ട്രീയ വ്യവസ്ഥകള്‍ മറന്ന്‌ കൈകോര്‍ത്തുനിന്നാല്‍ ലോകത്തിന്റെ ഗതിതന്നെ മാറ്റിയെടുക്കാമെന്ന്‌ രാജിന്‌ അന്നേ അറിയാമായിരുന്നു. നെഹ്‌റുവിന്റെ പഞ്ചശീല തത്വങ്ങളിലും ചൈനാ നയങ്ങളിലും രാജിന്റെ ആശയങ്ങളുടെ പരാഗം പുരണ്ടിരുന്നു. ദലൈലാമ പ്രശ്നവും 1962ലെ യുദ്ധവും ഇന്ത്യ-ചൈന ഐക്യത്തിന്റെ സാധ്യതകള്‍ തകിടം മറിച്ചുകളഞ്ഞു.


നെഹ്‌റുവിന്‌ ശേഷം ഇന്ദിരാഗാന്ധിയുടെയും തുടര്‍ന്ന്‌ നരസിംഹ റാവുവരെയുള്ള എല്ലാ കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിമാരുടെയും സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള കെ.എന്‍. രാജ്‌ തനിക്കേറ്റവും ഇഷ്ടപ്പെട്ട തൊഴിലായി അധ്യാപനത്തെ കണ്ടു. ഒന്നാം ധനകാര്യ കമ്മീഷന്‍ അംഗമായിരുന്നപ്പോഴും 18 വര്‍ഷക്കാലം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം സാമ്പത്തികശാസ്ത്രം പഠിപ്പിച്ചു. 1970ല്‍ അവിടെ വൈസ്‌ ചാന്‍സലര്‍ ആയിരിക്കെയാണ്‌ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ നിര്‍ബന്ധപ്രകാരം രാജ്‌ കേരളത്തിലെത്തിയത്‌.

 

തിരുവനന്തപുരത്തെ വികസന പഠനകേന്ദ്രം (സി.ഡി.എസ്‌) രാജിന്റെ ഭാവനയില്‍ വിടര്‍ന്ന മഹനീയമായ ഒരു ഗവേഷണ വിദ്യാഭ്യാസ കേന്ദ്രമാണ്‌. 1971 മുതല്‍ ഇന്നലെ ജീവന്‍ വെടിയുന്നതുവരെ രാജ്‌ സി.ഡി.എസിന്റെ പ്രാമാണിക സ്ഥാനത്ത്‌ തുടര്‍ന്നു. ആ ഗവേഷണ സ്ഥാപനത്തില്‍നിന്ന്‌ രാജും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ ഐക്യരാഷ്ട്ര സഭയ്ക്കുവേണ്ടി തയ്യാറാക്കിയ പ്രബന്ധങ്ങള്‍ സാമ്പത്തിക വികസന പഠിതാക്കള്‍ക്ക്‌ 'കേരള മാതൃക' എന്ന ആധികാരിക വികസനരേഖയായി തീര്‍ന്നു. ആളോഹരി വരുമാനമല്ല, ജനങ്ങളുടെ ഭൗതിക ജീവിതവളര്‍ച്ചയുടെ അടിസ്ഥാനമെന്ന്‌ സിദ്ധാന്തിക്കാന്‍ നോബല്‍ സമ്മാനജേതാവായ അമര്‍ത്യാ സെന്‍ ഉദാഹരണമായി കേരളത്തെ ലോകത്തിന്‌ ചൂണ്ടിക്കാണിച്ചത്‌ രാജിന്റെ പ്രബന്ധം ഉദ്ധരിച്ചുകൊണ്ടാണ്‌. വളരെക്കുറഞ്ഞ വരുമാനം കൊണ്ട്‌ അതിവികസിത അമേരിക്കയുടേതിന്‌ സമാനമായ ഭൗതികജീവിതനേട്ടം കൈവരിച്ച കേരളം ഒരു ലോകമാതൃകയായി ആസൂത്രണവിദഗ്ധര്‍ ലോകമെങ്ങും എടുത്തുകാട്ടി.


ഇന്ത്യന്‍ സാമ്പത്തികനയ രൂപീകരണത്തിനും സാമ്പത്തിക ശാസ്ത്രത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനയെ മാനിച്ച്‌ പത്തുവര്‍ഷം മുമ്പ്‌ രാഷ്ട്രം കെ.എന്‍ രാജിന്‌ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1924 മെയ്‌ പതിമൂന്നാംതീയതി കോഴിക്കോട്ടെ എരഞ്ഞിപ്പാലത്ത്‌ ജനിച്ച രാജ്‌ മദ്രാസ്‌ സര്‍വകലാശാലയിലെ ഉപരിപഠനത്തിനുശേഷം ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സില്‍ നിന്ന്‌ പി.എച്ച്‌.ഡി നേടിയാണ്‌ സ്വതന്ത്ര ഇന്ത്യയില്‍ തിരിച്ചെത്തിയത്‌. ഇന്ത്യന്‍ സമ്പദ്ഘടന ഇന്ന്‌ ലോകശ്രദ്ധ നേടി ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കെ അതിന്‌ അടിത്തറ പാകിയ പ്രതിഭാശാലിയെന്ന നിലയില്‍ ചരിത്രത്തില്‍ രാജിന്‌ അവിസ്മരണീയമായ സ്ഥാനമാണുള്ളത്‌. കേരളം ലോകത്തിന്‌ സംഭാവന ചെയ്ത ഉന്നതനായ ഈ വ്യക്തിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായി വ്യസനിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls