ഇന്തോ-പാക്‌ ബന്ധം പുനരാരംഭിക്കാന്‍

Imageമുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വഷളായിത്തീര്‍ന്ന ഇന്ത്യാ-പാക്‌ നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ മഹാമനസ്കതയ്ക്ക്‌ ഇടങ്കോലിടുന്ന ചില പ്രവണതകള്‍ പാകിസ്ഥാനില്‍ നിന്ന്‌ ഉയര്‍ന്നുവരുന്നു.

പാക്‌ വിദേശകാര്യമന്ത്രി ഖുറേഷി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന അറ്റുപോയ ബന്ധം വിളക്കിച്ചേര്‍ക്കാനല്ല സഹായിക്കുന്നത്‌. മറിച്ച്‌ രണ്ട്‌ അയല്‍രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അകന്നുപോകാന്‍ ആഗ്രഹിക്കുന്നവരുടെ വക്താവിന്റെ സ്വരമാണ്‌ പാക്‌ വിദേശകാര്യമന്ത്രിയുടേത്‌. ഇന്ത്യയിലെ പാക്‌ ഹൈക്കമ്മീഷണര്‍ ഷാഹിദ്‌ മാലിക്‌ ഇസ്ലാമാബാദില്‍ എത്തിയ ദിവസമാണ്‌ ഖുറേഷിയുടെ പ്രസ്താവന വന്നതെന്നകാര്യം ശ്രദ്ധേയമാണ്‌.

 

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിക്കാനാണ്‌ മാലിക്‌ ഇസ്ലാമാബാദിലെത്തിയത്‌. ആ സന്ദര്‍ഭം നോക്കി പാക്‌ വിദേശകാര്യമന്ത്രി ഖുറേഷി ഇങ്ങനെ പറഞ്ഞു: 'ഇന്ത്യയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കൊന്നും പാകിസ്ഥാന്‍ വഴങ്ങില്ല. ബന്ധം വിച്ഛേദിച്ചു എന്നുപറഞ്ഞ്‌ ഉഭയകക്ഷി ചര്‍ച്ച ഉപേക്ഷിച്ച്‌ പോയതാണ്‌ ഇന്ത്യ. ഇപ്പോള്‍ തിരിച്ചുവന്ന്‌ ചര്‍ച്ച വേണമെന്ന്‌ പറയുന്നു. സെക്രട്ടറി തല കൂടിക്കാഴ്ചയില്‍ കാശ്മീര്‍ പ്രശ്നവും നദീജലം പങ്കുവെയ്ക്കല്‍ പ്രശ്നവും ചര്‍ച്ച ചെയ്യേണ്ടിവരും'.


അനുരഞ്ജനത്തിന്റെ സ്വരമല്ല പാകിസ്ഥാന്റേത്‌. ഇന്ത്യയെ ശത്രുരാജ്യത്തെപ്പോലെ അവര്‍ കരുതുന്നു. ഇന്ത്യയ്ക്ക്‌ ആ ശത്രുതാമനോഭാവം ഉണ്ടായിരുന്നെങ്കില്‍ പതിനാല്‌ മാസം മുമ്പ്‌ ഉപേക്ഷിക്കപ്പെട്ട നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കില്ലായിരുന്നു. ഈ മഹാമനസ്കതയെ കാശ്മീര്‍ തര്‍ക്ക പ്രശ്നം എടുത്തിട്ട്‌ തകിടംമറിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഒരുവിഭാഗത്തിന്റെ ഇന്ത്യാ വിരുദ്ധ മനോഭാവത്തിന്‌ ചൂട്ടുപിടിക്കുകയാണ്‌ പാക്‌ വിദേശകാര്യമന്ത്രി. ആ രാജ്യത്തെ ഭരണത്തലവന്‍മാരായ പ്രധാനമന്ത്രിയും പ്രസിഡന്റും അവധാനപൂര്‍വം കാര്യങ്ങള്‍ നീക്കുമ്പോള്‍ വിദേശകാര്യമന്ത്രി തടസ്സവാദങ്ങള്‍ കൊണ്ടുവരുന്നത്‌ ഉഭയകക്ഷി ചര്‍ച്ചയ്ക്ക്‌ ദോഷം വരുത്തും. ഈ മാസം ഒടുവില്‍ സാര്‍ക്ക്‌ രാജ്യങ്ങളുടെ ഉച്ചകോടി പാകിസ്ഥാനില്‍ നടക്കും. ആ സന്ദര്‍ഭം അറ്റുപോയ അയല്‍ബന്ധം തുന്നിച്ചേര്‍ക്കാന്‍ പറ്റിയ അവസരമായി ഇന്ത്യ കാണുന്നു.


2008 നവംബര്‍ 26-ാ‍ം തീയതി കടല്‍മാര്‍ഗ്ഗം എത്തിയ പത്ത്‌ ഭീകരന്‍മാര്‍ മുംബൈ നഗരത്തില്‍ നടത്തിയ നരനായാട്ട്‌ ലോകത്തെയാകെ ഞെട്ടിച്ചതാണ്‌. ആ ഭീകരപ്രവര്‍ത്തകര്‍ക്ക്‌ പാകിസ്ഥാന്‍ ഒളിത്താവളവും പരിശീലനവും നല്‍കിയെന്ന്‌ പിടിയിലായ അജ്മല്‍ കസബ്‌ എന്ന ഭീകരനില്‍ നിന്ന്‌ തെളിവുകള്‍ സഹിതം ഇന്ത്യ മനസ്സിലാക്കി. എന്നാല്‍ അജ്മല്‍ കസബ്‌ പാക്‌ പൗരനേ അല്ലെന്ന്‌ ആവര്‍ത്തിച്ചുപറഞ്ഞ്‌ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറുകയായിരുന്നു പാക്‌ ഭരണകൂടം. പക്ഷേ വസ്തുതകളും തെളിവുകളും പാകിസ്ഥാന്‌ എതിരാണെന്ന്‌ വന്നപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന്‌ മുന്നില്‍ അവര്‍ക്ക്‌ എല്ലാം സമ്മതിക്കേണ്ടിവന്നു. മാത്രമല്ല ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ പാകിസ്ഥാനുതന്നെ അടിക്കടി ഭീഷണിയായി തീര്‍ന്നു.

 

ഇപ്പോള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഭരണകൂടം ഇന്ത്യയ്ക്കെതിരെ വളര്‍ത്തിയെടുത്ത ഭീകരന്‍മാര്‍ തങ്ങള്‍ക്കുതന്നെ വിനാശം തീര്‍ത്തുകൊണ്ടിരിക്കെ ജനവികാരം ഭയന്ന പാക്‌ ഭരണാധികാരികള്‍ ഇന്ത്യയുമായി സൗഹൃദത്തിന്‌ അവസരം തേടുകയായിരുന്നു. മുംബൈ ആക്രമണം പോലൊന്ന്‌ ഇനി ആവര്‍ത്തിച്ചാല്‍ സ്ഥിതി ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പോടെയാണ്‌ ഇന്ത്യ നയതന്ത്രബന്ധം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്‌. അതിന്റെയര്‍ത്ഥം പാക്‌ ഒത്താശയോടെ ഇനി ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടന്നാല്‍ സൈനിക നടപടിക്ക്‌ പോലും ഇന്ത്യ മടിക്കില്ലെന്നാണ്‌. മൂന്നുതവണ ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ട്‌ തിരിച്ചടി വാങ്ങിയ പാകിസ്ഥാന്‍ മറ്റൊരു പ്രഹരം കൂടി ഏറ്റുവാങ്ങാന്‍ സന്നദ്ധമാകുമോ എന്ന്‌ കണ്ടറിയണം.

 

രണ്ടുതവണ കാശ്മീരിന്റെ പേരിലും ഒരിക്കല്‍ ബംഗ്ലാദേശ്‌ വിമോചനവേളയിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ നല്ല പാഠം പഠിച്ചിട്ടുണ്ട്‌. സൈനികമായോ ധാര്‍മ്മികമായോ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്‌ പാക്‌ ഭരണകൂടം മനസ്സിലാക്കണം. ഒരുപക്ഷേ അക്കാര്യം അവര്‍ക്ക്‌ അറിവുള്ളതുകൊണ്ടാണ്‌ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധ്വംസക ശക്തികളെ പ്രേരിപ്പിച്ചയക്കാന്‍ ശ്രമിക്കുന്നത്‌. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തില്‍ അസൂയ പൂണ്ട പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തിലൂടെയും വ്യാജ കറന്‍സികളുടെ വിതരണത്തിലൂടെയും ഇന്ത്യയില്‍ ദേശദ്രോഹികളെ സൃഷ്ടിച്ച്‌ നിഴല്‍യുദ്ധം നടത്താന്‍ ശ്രമിക്കുന്നുണ്ട്‌.

 

ഈയിടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ആഭ്യന്തര സുരക്ഷിതത്വത്തിന്‌ സംസ്ഥാനങ്ങളുടെ പൂര്‍ണ സഹകരണം തേടിയ പ്രധാനമന്ത്രി ഭീകരപ്രവര്‍ത്തനം ശക്തമായി നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ജാഗ്രതയോടെ കാവല്‍ ഏര്‍പ്പെടുത്താന്‍ അവിടെനിന്നുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക്‌ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. പതിനാല്‌ മാസങ്ങളായി നിലച്ചിരിക്കുന്ന അയല്‍ബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യ സന്നദ്ധമാകുന്നത്‌ മഹാമനസ്കതയായി അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. ഈ മാസം പതിനെട്ടിനോ ഇരുപത്തിയഞ്ചിനോ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നേക്കാം. പാക്‌ ഹൈക്കമ്മീഷണര്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവുമായി തീയതിയെക്കുറിച്ചുള്ള കൂടിയാലോചനകള്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു.

 

സെക്രട്ടറിതല ചര്‍ച്ചകളുടെ തുടര്‍ച്ചയായി രണ്ടുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും. ഇന്ത്യയ്ക്ക്‌ എന്നതുപോലെ പാകിസ്ഥാന്റെ ഭാവിക്ക്‌ അനുഗുണമാണ്‌ ഈ അനുരഞ്ജന നീക്കം. രണ്ടുരാജ്യങ്ങളിലെയും ജനങ്ങള്‍ അഭിലഷിക്കുന്നത്‌ അതാണ്‌. ഇന്ത്യാ വിരോധികള്‍ അതിന്‌ തടസ്സമുണ്ടാക്കാതിരിക്കട്ടെ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls