മൂന്നാറിലേറ്റ മുറിവിന്‌ സി പി എം തേടുന്നത്‌ വയനാടന്‍ ചികിത്സ

Imageപി മുഹമ്മദലി
കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മൂന്നാറിലേറ്റ പ്രഹരത്തിന്‌ വയനാട്ടില്‍ വന്നു ചികിത്സ തേടുന്ന സി പി എമ്മിന്റെ പുതിയ കയ്യേറ്റങ്ങള്‍ വെറും രാഷ്ട്രീയ പ്രഹസനങ്ങള്‍.

കേരളത്തില്‍ അടുത്ത കാലത്ത്‌ ആദിവാസികള്‍ നടത്തിയ എല്ലാ ഭൂസമരങ്ങളെയും വഞ്ചിക്കുകയും എതിര്‍ക്കുകയും ചെയ്ത സി പി എം പുതിയ 'ഏഴൈതോഴ'നായി പ്രത്യക്ഷപ്പെട്ടത്‌ ആദിവാസി സംരക്ഷണാര്‍ത്ഥമല്ല. പാര്‍ട്ടിയുടെ അതിജീവനാര്‍ത്ഥമെന്ന്‌ വ്യക്തമാണ്‌. മുത്തങ്ങയിലും ചെങ്ങറയിലും പ്രകടമാക്കാത്ത ആദിവാസി താല്‍പര്യം വയനാട്ടില്‍ മാത്രം പ്രത്യക്ഷപ്പെടുന്നതില്‍ ആദിവാസികള്‍ക്ക്‌ തന്നെ സംശയം പെരുകുകയാണ്‌. ആദ്യ ദിനം ആദിവാസി ക്ഷേമസമിതിയെ രംഗത്തിറക്കി സമരം ചെയ്ത പാര്‍ട്ടി കയ്യേറ്റനേതൃത്വം സി പി എം കര്‍ഷക തൊഴിലാളി യൂണിയനെ ഏല്‍പ്പിച്ചതോടെ ഭൂസമരത്തിന്‌ പിന്നിലുള്ള ലക്ഷ്യം മറ്റൊന്നാണെന്ന്‌ വ്യക്തമായി കഴിഞ്ഞു.


മൂന്ന്‌ പൂച്ചകളെയിറക്കി മുഖ്യമന്ത്രി മൂന്നാറിലാരംഭിച്ച ഒന്നാം ദൗത്യത്തിന്‌ പാര്‍ട്ടി നേതൃത്വം തന്നെ തടയണയിട്ടപ്പോള്‍ മുഖ്യമന്ത്രിയും പൂച്ചകളും ആട്ടിയോടിക്കപ്പെടുകയായിരുന്നു. കയ്യേറ്റക്കാര്‍ക്ക്‌ കൂട്ട്‌ നിന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ സ്വന്തം പ്രതിച്ഛായ രക്ഷിക്കാന്‍ മുഖ്യമന്ത്രി ആരംഭിച്ച യുദ്ധങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറി. അടുത്തിടെ ഹൈക്കോടതി വിധി വന്നപ്പോഴാണ്‌ ശീതീകരിച്ചു നിര്‍ത്തിയ അച്യുതാനന്ദന്റെ ധാര്‍മികബോധത്തിന്‌ വീണ്ടും തീ പിടിച്ചത്‌. മൂന്നാറിനെ പിടിച്ചു ആളാകാനുള്ള വി എസിന്റെ രണ്ടാം ശ്രമവും മന്ത്രിസഭാ ഉപസമിതിയെന്ന കരിവേഷങ്ങളെയിറക്കി പിണറായി പക്ഷം പൊളിച്ചു. ടാറ്റാ കമ്പനിയുടെ ചെല്ലും ചെലവും പറ്റി ജീവിക്കുന്നവരെന്ന നിലയില്‍ സി പി എമ്മിന്റെ ജില്ലാ നേതൃത്വം ചോറ്റുപട്ടാളമായി രംഗത്തിറങ്ങി.


കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്നാല്‍ കൈവെട്ടുമെന്ന്‌ ഘടകകക്ഷിയായ സി പി ഐയും പ്രഖ്യാപിച്ചു. പതിനായിരക്കണക്കിന്‌ ഏക്കര്‍ ഭൂമി കയ്യേറ്റം വിസ്മരിച്ച്‌ ടാറ്റയുടെ രണ്ടു തടയണക്കാര്യമെടുത്തിട്ട്‌ വിവാദം വഴി തിരിച്ചുവിടാനുള്ള സൂത്രവിദ്യയും ഇതിനിടയില്‍ പ്രയോഗിക്കപ്പെട്ടു. ഒടുവില്‍ തടയണയില്‍ തട്ടി രണ്ടാം ദൗത്യവും പരാജയപ്പെട്ടു. തടയണ പൊളിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്ത ഭരണ നേതൃത്വം കോടതിയില്‍ പോയിപറഞ്ഞത്‌ നേരെ വിപരീതമായിരുന്നു. തടയണ പൊളിച്ചില്ലെന്ന്‌ മാത്രമല്ല; പൊളിക്കാനെടുത്ത തീരുമാനം പോലും തള്ളിപ്പറയേണ്ടി വന്നത്‌ മന്ത്രിസഭയുടെ 'പിതൃശൂന്യ' നടപടിയായിരുന്നു. ഒന്നാം ദൗത്യം പൊളിഞ്ഞു പാളീസാവുകയും രണ്ടാം ദൗത്യം കുളമാക്കുകയും ചെയ്തതോടെ സി പി എമ്മും ഭരണകൂടവും വന്‍കിട കയ്യേറ്റക്കാരുടെ ഒത്താശക്കാരാണെന്ന വിശ്വാസം പൊതുസമൂഹത്തില്‍ പ്രബലമായി.

ചെറുകിട കര്‍ഷകരെ മറയാക്കി വന്‍കിട കയ്യേറ്റത്തിനെതിരെ പ്രതിരോധം ചമച്ച മൂന്നാറിലെ കയ്യേറ്റ മാഫിയകളുടെ തലവന്‍മാര്‍ക്ക്‌ ഭരണകൂടം കീഴടങ്ങി. ടാറ്റയുടെ സാമ്രാജ്യത്തെ ഒരു പിടി മണ്ണുപോലും നഷ്ടപ്പെടാതെ കാക്കുന്നതില്‍ സി പി എം വിജയിച്ചുവെങ്കിലും അവരുടെ പൊതുപ്രതിച്ഛായക്ക്‌ മങ്ങലേറ്റെന്ന്‌ മാത്രമല്ല; അത്‌ കറുത്തിരുളുകയും ചെയ്തു. ഇത്‌ വെളുപ്പിച്ചെടുക്കാനുള്ള ചികിത്സയാണ്‌ വയനാട്ടില്‍ പുതുതായി ആരംഭിച്ച ഭൂമി കയ്യേറ്റം.കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അവകാശ സമരത്തെ എന്നും എതിര്‍ത്ത്‌ പോന്ന സി പി എം ഇപ്പോള്‍ കാണിക്കുന്ന ആദിവാസി ഭൂതാത്പര്യം, അവരെ ഇരയാക്കിയുള്ള പുതിയ ചൂണ്ടകളാണ്‌. മുത്തങ്ങയിലെ ഭൂസമരത്തില്‍ എ കെ ആന്റണി സര്‍ക്കാരും ആദിവാസി ഗോത്രസഭയും തമ്മിലുണ്ടാക്കിയ കരാറിനെതിരെ ആദ്യമായി രംഗത്തിറങ്ങിയ പാര്‍ട്ടി സി പി എം ആയിരുന്നു.

 

ആദിവാസികള്‍ സെക്രട്ടറിയേറ്റും പരിസരവും കക്കൂസാക്കി മാറ്റിയെന്നാക്ഷേപിച്ചതും അവര്‍ തന്നെ. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ആദിവാസികള്‍ ഭൂമി കയ്യേറിയപ്പോള്‍ അവരെ ഇറക്കിവിടാനാവശ്യപ്പെട്ടതും സി പി എം തന്നെ. പക്ഷെ; വെടിവെയ്പ്പുണ്ടായപ്പോള്‍ സി പി എം സ്വരം മാറ്റി മുത്തങ്ങ കയ്യേറ്റക്കാരുടെ സംരക്ഷകരായി മാറി. ആദിവാസികളുടെ നേതൃത്വം ഗോത്രമഹാസഭയില്‍ നിന്നും തട്ടിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ നിറമാറ്റത്തിന്‌ പിന്നിലുണ്ടായിരുന്നു.ഒന്നരവര്‍ഷം നീണ്ടു നിന്ന ചെങ്ങറ ഭൂസമരത്തോടും സി പി എം കൈക്കൊണ്ട നിലപാട്‌ ഇത്‌ തന്നെയായിരുന്നു. ആദിവാസികള്‍ കയ്യേറി താമസിക്കുന്ന പ്രദേശത്തിന്‌ ചുറ്റും മാസങ്ങളോളം ഉപരോധമേര്‍പ്പെടുത്തി.

 

ഭക്ഷണം തേടിപ്പോയ ആദിവാസി സ്ത്രീകളടക്കമുള്ളവരെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. കയ്യേറ്റഭൂമിയില്‍ വന്നു സി പി എം ഗുണ്ടകള്‍ അക്രമം തുടര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പട്ടിണിയും രോഗവും ചെങ്ങറയില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ മരുന്നും ഭക്ഷ്യവസ്തുക്കളുമായെത്തിയ ജീവകാരുണ്യപ്രവര്‍ത്തകരെ പോലും സി പി എം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. ചെങ്ങറയിലേക്ക്‌ പുറപ്പെട്ട നിരവധി മാധ്യമസംഘങ്ങളെ അവര്‍ അക്രമിച്ചു. ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനത്തിന്റെ ദാരുണ കഥയറിഞ്ഞു കേരളത്തിലെത്തിയ അരുന്ധതിറോയിയെയും മഹാശ്വേതദേവിയെയും മേധാപട്ക്കറെയും സി പിഎം അണികള്‍ തെരുവില്‍ തടഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഒത്തുതീര്‍പ്പിന്‌ തയ്യാറായ സാധുജന വിമോചന സംയുക്തവേദിയെ സര്‍ക്കാര്‍ വഞ്ചിച്ചു. ഒമ്പതോളം കള്ളക്കേസുകളില്‍ അകപ്പെടുത്തി ചെങ്ങര സമര നേതാവ്‌ ളാഹ ഗോപാലനെ സര്‍ക്കാര്‍ ജയിലില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി.

 

വയനാട്ടിലെ സി പി എം ഭൂമി കയ്യേറ്റങ്ങള്‍ക്ക്‌ മൂന്നാറിലെ പരാജയത്തിന്റെ നാണക്കേട്‌ മാറ്റുക എന്ന ലക്ഷ്യം മാത്രമല്ല; വീരേന്ദ്രകുമാറിനെതിരെ രാഷ്ട്രീയ പക തീര്‍ക്കുക എന്ന ഉദ്ദേശ്യവുമുണ്ട്‌. തലമുറകളായി വീരേന്ദ്രകുമാറിന്റെ കുടുംബം കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി 40 വര്‍ഷമായി സി പി എമ്മുമായി രാഷ്ട്രീയ സൗഹാര്‍ദ്ദത്തിലായിരുന്നപ്പോള്‍ കയ്യേറ്റമായി കണ്ടിരുന്നില്ല. വീരേന്ദ്രകുമാര്‍ എല്‍ ഡി എഫ്‌ വിടാനൊരുങ്ങിയപ്പോള്‍ സി പി എം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുടുംബപുരാണങ്ങളില്‍ നിന്നു തുടങ്ങിയ വീരന്‍വേട്ടയാണ്‌ ഇപ്പോള്‍ കയ്യേറ്റ രൂപത്തില്‍ മാറിയിരിക്കുന്നത്‌.
സി പി എം മുന്‍ എം എല്‍ എ വര്‍ഗീസ്‌ വൈദ്യന്റെയും ഇപ്പോഴത്തെ എം എല്‍ എ കൃഷ്ണപ്രസാദിന്റെയും കയ്യേറ്റഭൂമിയില്‍ നാട്ടിയാല്‍ നിലനില്‍ക്കാത്ത ചെങ്കൊടി ശ്രേയാംസ്കുമാറിന്റെയും അഡ്വ. ജോര്‍ജ്‌ പോത്തന്റേയും ഭൂമിയില്‍ പാറിക്കളിക്കുന്നത്‌ ഭരണത്തിന്റെ ഹുങ്കിലാണ്‌.

 

കയ്യേറ്റക്കാര്‍ക്ക്‌ കൊടികെട്ടിക്കൊടുക്കുന്ന നേതാവ്‌ തന്നെ വന്‍ കയ്യേറ്റത്തിന്റെ തലവനാകുന്നത്‌ ആള്‍കൂട്ടത്തില്‍ കള്ളനെ തിരയുന്ന യഥാര്‍ത്ഥ കള്ളന്റെ തന്ത്രം പോലെയാണ്‌. സ്വന്തം ഭൂമിയിലെ നിയമസാധുതയില്ലായ്മ മറച്ചുവെച്ചാണ്‌ എം എല്‍ എ സമരം നയിക്കുന്നതെങ്കില്‍ കയ്യേറ്റ ഭൂമിയില്‍ ടാറ്റയുടെ ബംഗ്ലാവിലെ സുഖവാസം ആസ്വദിച്ചുകൊണ്ടാണ്‌ മറ്റൊരു സി പി എം എം എല്‍ എ ഭൂസമരങ്ങള്‍ക്ക്‌ പുതിയ പ്രത്യയശാസ്ത്രങ്ങള്‍ രചിക്കുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls