| മൂന്നാറിലേറ്റ മുറിവിന് സി പി എം തേടുന്നത് വയനാടന്‍ ചികിത്സ |
|
കേരളത്തില്‍ അടുത്ത കാലത്ത് ആദിവാസികള്‍ നടത്തിയ എല്ലാ ഭൂസമരങ്ങളെയും വഞ്ചിക്കുകയും എതിര്‍ക്കുകയും ചെയ്ത സി പി എം പുതിയ 'ഏഴൈതോഴ'നായി പ്രത്യക്ഷപ്പെട്ടത് ആദിവാസി സംരക്ഷണാര്‍ത്ഥമല്ല. പാര്‍ട്ടിയുടെ അതിജീവനാര്‍ത്ഥമെന്ന് വ്യക്തമാണ്. മുത്തങ്ങയിലും ചെങ്ങറയിലും പ്രകടമാക്കാത്ത ആദിവാസി താല്‍പര്യം വയനാട്ടില്‍ മാത്രം പ്രത്യക്ഷപ്പെടുന്നതില്‍ ആദിവാസികള്‍ക്ക് തന്നെ സംശയം പെരുകുകയാണ്. ആദ്യ ദിനം ആദിവാസി ക്ഷേമസമിതിയെ രംഗത്തിറക്കി സമരം ചെയ്ത പാര്‍ട്ടി കയ്യേറ്റനേതൃത്വം സി പി എം കര്‍ഷക തൊഴിലാളി യൂണിയനെ ഏല്‍പ്പിച്ചതോടെ ഭൂസമരത്തിന് പിന്നിലുള്ള ലക്ഷ്യം മറ്റൊന്നാണെന്ന് വ്യക്തമായി കഴിഞ്ഞു.
ആദിവാസികള്‍ സെക്രട്ടറിയേറ്റും പരിസരവും കക്കൂസാക്കി മാറ്റിയെന്നാക്ഷേപിച്ചതും അവര്‍ തന്നെ. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ആദിവാസികള്‍ ഭൂമി കയ്യേറിയപ്പോള്‍ അവരെ ഇറക്കിവിടാനാവശ്യപ്പെട്ടതും സി പി എം തന്നെ. പക്ഷെ; വെടിവെയ്പ്പുണ്ടായപ്പോള്‍ സി പി എം സ്വരം മാറ്റി മുത്തങ്ങ കയ്യേറ്റക്കാരുടെ സംരക്ഷകരായി മാറി. ആദിവാസികളുടെ നേതൃത്വം ഗോത്രമഹാസഭയില്‍ നിന്നും തട്ടിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ നിറമാറ്റത്തിന് പിന്നിലുണ്ടായിരുന്നു.ഒന്നരവര്‍ഷം നീണ്ടു നിന്ന ചെങ്ങറ ഭൂസമരത്തോടും സി പി എം കൈക്കൊണ്ട നിലപാട് ഇത് തന്നെയായിരുന്നു. ആദിവാസികള്‍ കയ്യേറി താമസിക്കുന്ന പ്രദേശത്തിന് ചുറ്റും മാസങ്ങളോളം ഉപരോധമേര്‍പ്പെടുത്തി.
ഭക്ഷണം തേടിപ്പോയ ആദിവാസി സ്ത്രീകളടക്കമുള്ളവരെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. കയ്യേറ്റഭൂമിയില്‍ വന്നു സി പി എം ഗുണ്ടകള്‍ അക്രമം തുടര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പട്ടിണിയും രോഗവും ചെങ്ങറയില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ മരുന്നും ഭക്ഷ്യവസ്തുക്കളുമായെത്തിയ ജീവകാരുണ്യപ്രവര്‍ത്തകരെ പോലും സി പി എം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. ചെങ്ങറയിലേക്ക് പുറപ്പെട്ട നിരവധി മാധ്യമസംഘങ്ങളെ അവര്‍ അക്രമിച്ചു. ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനത്തിന്റെ ദാരുണ കഥയറിഞ്ഞു കേരളത്തിലെത്തിയ അരുന്ധതിറോയിയെയും മഹാശ്വേതദേവിയെയും മേധാപട്ക്കറെയും സി പിഎം അണികള്‍ തെരുവില്‍ തടഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഒത്തുതീര്‍പ്പിന് തയ്യാറായ സാധുജന വിമോചന സംയുക്തവേദിയെ സര്‍ക്കാര്‍ വഞ്ചിച്ചു. ഒമ്പതോളം കള്ളക്കേസുകളില്‍ അകപ്പെടുത്തി ചെങ്ങര സമര നേതാവ് ളാഹ ഗോപാലനെ സര്‍ക്കാര്‍ ജയിലില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി.
വയനാട്ടിലെ സി പി എം ഭൂമി കയ്യേറ്റങ്ങള്‍ക്ക് മൂന്നാറിലെ പരാജയത്തിന്റെ നാണക്കേട് മാറ്റുക എന്ന ലക്ഷ്യം മാത്രമല്ല; വീരേന്ദ്രകുമാറിനെതിരെ രാഷ്ട്രീയ പക തീര്‍ക്കുക എന്ന ഉദ്ദേശ്യവുമുണ്ട്. തലമുറകളായി വീരേന്ദ്രകുമാറിന്റെ കുടുംബം കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി 40 വര്‍ഷമായി സി പി എമ്മുമായി രാഷ്ട്രീയ സൗഹാര്‍ദ്ദത്തിലായിരുന്നപ്പോള്‍ കയ്യേറ്റമായി കണ്ടിരുന്നില്ല. വീരേന്ദ്രകുമാര്‍ എല്‍ ഡി എഫ് വിടാനൊരുങ്ങിയപ്പോള്‍ സി പി എം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുടുംബപുരാണങ്ങളില്‍ നിന്നു തുടങ്ങിയ വീരന്‍വേട്ടയാണ് ഇപ്പോള്‍ കയ്യേറ്റ രൂപത്തില്‍ മാറിയിരിക്കുന്നത്.
കയ്യേറ്റക്കാര്‍ക്ക് കൊടികെട്ടിക്കൊടുക്കുന്ന നേതാവ് തന്നെ വന്‍ കയ്യേറ്റത്തിന്റെ തലവനാകുന്നത് ആള്‍കൂട്ടത്തില്‍ കള്ളനെ തിരയുന്ന യഥാര്‍ത്ഥ കള്ളന്റെ തന്ത്രം പോലെയാണ്. സ്വന്തം ഭൂമിയിലെ നിയമസാധുതയില്ലായ്മ മറച്ചുവെച്ചാണ് എം എല്‍ എ സമരം നയിക്കുന്നതെങ്കില്‍ കയ്യേറ്റ ഭൂമിയില്‍ ടാറ്റയുടെ ബംഗ്ലാവിലെ സുഖവാസം ആസ്വദിച്ചുകൊണ്ടാണ് മറ്റൊരു സി പി എം എം എല്‍ എ ഭൂസമരങ്ങള്‍ക്ക് പുതിയ പ്രത്യയശാസ്ത്രങ്ങള്‍ രചിക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി മുഹമ്മദലി
-°C 