പ്രകാശം കെടുന്ന സി.പി.എം

Imageഇ.വി ശ്രീധരന്‍

പലതരം കമ്യൂണിസ്റ്റ്‌ കൊടികളും പാര്‍ട്ടികളും ഇന്ത്യയിലുണ്ടെങ്കിലും ഇന്ന്‌ ഇന്ത്യന്‍ കമ്യൂണിസത്തെ പ്രതിനിധീകരിക്കുന്നത്‌ സി.പി.എമ്മാണ്‌. സി.പി.എമ്മിന്റെ കമ്യൂണിസ്റ്റ്‌ രഥമോടുന്നതാകട്ടെ മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാറുള്ള ഭരണത്തിന്റെ ചെലവിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നന്മകൊണ്ടുമാണ്‌.

ഈ മൂന്ന്‌ സംസ്ഥാനങ്ങളിലും ഇന്ത്യയിലാകെയും സി.പി.എം ഒരുപാട്‌ ചോദ്യങ്ങളെ നേരിടുന്നുണ്ട്‌. സി.പി.എം എത്രത്തോളം ഇടതുപക്ഷം, സി.പി.എം എത്രത്തോളം സ്വദേശി രാഷ്ട്രീയകക്ഷി, ഒരു കമ്യൂണിസ്റ്റ്‌ കക്ഷിയെന്ന നിലയില്‍ ഇന്ത്യയില്‍ സി.പി.എമ്മിന്റെ സാംഗത്യമെന്ത്‌, സി.പി.എം അതിന്റെ തൊഴിലാളി പ്രസ്ഥാനത്തെ എവിടെവരെ എത്തിച്ചു, സി.പി.എം ചൈനയിലേക്കു നോക്കുന്നതെന്തിനുവേണ്ടി എന്നിങ്ങനെയുള്ള ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ സി.പി.എം ഉത്തരം പറയേണ്ടതുണ്ട്‌. ഉത്തരം പറഞ്ഞ്‌ ഓരോ ദിവസവും തോറ്റുകൊണ്ടിരിക്കുകയാണ്‌. സി.പി.എമ്മിന്റെ രഥം ഓടാനുള്ള വഴിയറിയാതെ ഇന്ത്യയുടെ രാഷ്ട്രീയ മനസ്സില്‍ ഉഴലുകയാണ്‌. സി.പി.എമ്മിനും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനും ഇന്ത്യന്‍ വഴി നഷ്ടപ്പെട്ടതിന്റെ മുഖ്യകാരണങ്ങള്‍ അന്ധമായ കോണ്‍ഗ്രസ്‌ വിരോധവും ഇറക്കുമതി ചെയ്ത കമ്യൂണിസ്റ്റാശയങ്ങളോടുള്ള കെട്ടുപാടുകളുമാണ്‌.

 

ദേശീയകാര്യങ്ങളില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട്‌ ഒരിക്കലും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുണ്ടായിട്ടില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടം മുതലേ ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും തള്ളിപ്പറഞ്ഞതിന്റെ പിറകിലെ അജ്ഞത പല രൂപങ്ങളിലും ഭാവങ്ങളിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്‌. ഈ അജ്ഞതയുമായി പശ്ചിമ ബംഗാളിലെ സി.പി.എം ഒരു വഴിത്തിരിവിലെത്തി നില്‍ക്കുന്നു.
ദേശീയ ആദരവ്‌ ആര്‍ജ്ജിച്ച ഒരു കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ജ്യോതിബസു. യുഗപ്രഭാവനായ ജ്യോതിബസുവിന്റെ മരണത്തിലൂടെ അരങ്ങൊഴിഞ്ഞത്‌ ഇന്ത്യയിലെ അവസാനത്തെ വലിയ കമ്യൂണിസ്റ്റും ജനനായകനുമാണെന്ന്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനു പുറത്തുള്ളവര്‍ വിശ്വസിക്കുന്നു. ജ്യോതിബസു എന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റിന്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ചരിത്രപരമായ ഒരവസരമുണ്ടായിരുന്നു.

 

ആ അവസരം നിഷേധിച്ചത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയാണ്‌. പാര്‍ട്ടിയുടെ നിഷേധം സഖാവിന്റെ അച്ചടക്കത്തിനുവേണ്ടി അംഗീകരിച്ചുകൊണ്ട്‌, ആ നിഷേധത്തെ 'ചരിത്രപരമായ മണ്ടത്തരം' എന്നാണ്‌ ജ്യോതി ബസു വിശേഷിപ്പിച്ചത്‌. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രകാരന്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ഒരു വാചകമാണിത്‌. ഈ സന്ദര്‍ഭത്തെ ജ്യോതിബസു ഇങ്ങനെ വിശേഷിപ്പിച്ചത്‌ തനിക്ക്‌ ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയാതായിപ്പോയതുകൊണ്ടല്ല, സി.പി.എമ്മിന്‌ അല്ലെങ്കില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഇന്ത്യയില്‍ മേല്‍വിലാസം മാറ്റാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഃഖത്തില്‍ നിന്നാവാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ കമ്യൂണിസത്തിന്‌ പുതിയൊരു മേല്‍വിലാസം വേണമെന്ന താല്‍പര്യമില്ലാതെ, പഴകിയതും തെറ്റായതുമായ മേല്‍വിലാസത്തില്‍ തന്നെയാണ്‌ സി.പി.എം പിടിച്ചുനില്‍ക്കുന്നത്‌. തെറ്റായ മേല്‍വിലാസത്തില്‍ അറിയപ്പെടുകയെന്നത്‌ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ വിധിയാണ്‌.


1996-ല്‍ കേന്ദ്രത്തില്‍ തനിച്ച്‌ മന്ത്രിസഭയുണ്ടാക്കാന്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ ജ്യോതിബസു പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ടു. അന്നത്തെ സി.പി.എമ്മിന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്താണ്‌ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുക എന്ന ആശയവുമായി മുന്നോട്ടുവന്നത്‌. ഇങ്ങനെ ആലോചിക്കുമ്പോള്‍ സുര്‍ജിത്തിന്റെ മുമ്പില്‍ മൂന്നു കാര്യങ്ങളുണ്ടായിരുന്നു. സി.പി.എമ്മിന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ഐഡന്റിറ്റി ഉണ്ടാവണം. കഴിയാവുന്നേടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിച്ചുപോകണം. സി.പി.എം എന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിക്കണം.


സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയും ഈ ആലോചനയിലേക്ക്‌ സി.പി.എം നേതൃത്വം വന്നില്ല. പ്രകാശ്‌ കാരാട്ടിന്റെ നേതൃത്വത്തില്‍ പോളിറ്റ്‌ ബ്യൂറോ കേന്ദ്രമാക്കി ശക്തമായ ഒരു സംഘം ഈ നീക്കത്തെ എതിര്‍ത്തു തോല്‍പിച്ചുകളഞ്ഞു. ഒരു കമ്യൂണിസ്റ്റുകാരന്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിയാകണ്ട എന്നൊരാള്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആവശ്യം എന്തായിരുന്നുവെന്ന്‌ സി.പി.എമ്മിന്‌ ഇതുവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പശ്ചിമബംഗാളിലെ സി.പി.എമ്മിലൊരു വിഭാഗത്തിന്‌ മനസ്സിലായത്‌ അവര്‍ ഒളിപ്പിച്ചുവച്ചു.അന്ന്‌ ജ്യോതിബസുവിനെ തേടിവന്ന പ്രധാനമന്ത്രിപദത്തെ വാശിയോടെ എതിര്‍ത്തു വലിച്ചെറിഞ്ഞുകളഞ്ഞത്‌ പ്രകാശ്‌ കാരാട്ടാണെന്ന്‌ ബംഗാളിലെ സി.പി.എമ്മുകാര്‍ നെഞ്ചിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌.

 

ഇക്കാരണത്താല്‍ സി.പി.എമ്മില്‍ വലിയൊരു വിഭാഗവും സി.പി.എമ്മിനു പുറത്തുള്ള ബംഗാളികളും വെറുക്കുന്ന ഒരാളാണ്‌ സി.പി.എമ്മിന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ഒരു ബംഗാളിക്ക്‌ ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം കൊടുക്കാത്ത ഒരാളായിട്ടാണ്‌ ബംഗാളികള്‍ പ്രകാശ്‌ കാരാട്ടിനെ കരുതുന്നത്‌. അദ്ദേഹത്തിന്റെ മലയാളി മേല്‍വിലാസം ബംഗാളികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ആ മേല്‍വിലാസവും സ്വത്വവും നാമമാത്രമാണെന്ന്‌ ബംഗാളികള്‍ക്കറിഞ്ഞുംകൂടാ. ഭാര്യ ഒരു ബംഗാളിയായിരുന്നിട്ടും പ്രകാശ്‌ കാരാട്ടിന്‌ ബംഗാളികളുടെ മനസ്സില്‍ ഇടം കിട്ടിയില്ല.


ജ്യോതിബസുവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പ്രകാശ്‌ കാരാട്ടിനെ ബംഗാളിലെ സി.പി.എമ്മുകാര്‍ പകതീര്‍ക്കുന്നതുപോലെ മാറ്റിനിര്‍ത്തുകയാണുണ്ടായത്‌. ജ്യോതിബസുവിന്റെ മൃതദേഹത്തിനു മുമ്പില്‍ പ്രകാശ്‌ കാരാട്ടിനെ ബംഗാളി സി.പി.എമ്മുകാര്‍ തമസ്ക്കരിക്കുകയായിരുന്നുവെന്നു തന്നെ പറയാം. ജ്യോതിബസുവിന്റെ വേര്‍പാടുമായി ബന്ധപ്പെട്ട്‌ പ്രകാശ്‌ കാരാട്ട്‌ സന്നിഹിതനാവുന്ന ദൃശ്യങ്ങളൊന്നും കല്‍ക്കത്തയിലെ ചാനലുകളും പത്രങ്ങളും വെളിപ്പെടുത്തിയില്ല. കല്‍ക്കത്തയിലെ സി.പി.എം മാധ്യമങ്ങളും ഈ സന്ദര്‍ഭത്തില്‍നിന്ന്‌ പ്രകാശ്‌ കാരാട്ടിനെ തികച്ചും ഒഴിവാക്കുകയാണുണ്ടായത്‌. പ്രകാശ്‌ കാരാട്ടിനെ മനസ്സിലെടുക്കാന്‍ ജ്യോതിബസുവിന്റെ മരണത്തെ ബംഗാളികള്‍ അനുവദിച്ചതേയില്ല.


പോളിറ്റ്‌ ബ്യൂറോയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും തീരുമാനങ്ങളും എടുത്തുചാട്ടങ്ങളും ബംഗാളിലെ പാര്‍ട്ടി കുറച്ചുകാലമായി അത്രയൊന്നും സ്വാഗതം ചെയ്യുന്നില്ല. മൂന്നാം മുന്നണിയെന്ന പ്രകാശ്‌ കാരാട്ടിന്റെ മുറവിളി ബംഗാളിലെ സി.പി.എമ്മിന്‌ അല്‍പംപോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കേരളവും പിണറായി വിജയനും അത്‌ കേട്ടതായി നടിച്ചിട്ടുപോലുമില്ല. പ്രകാശ്‌ കാരാട്ടിന്റെയും ബര്‍ദന്റെയും മായാവതിയെയും ജയലളിതയെയും ദേവഗൗഡയെയും ബംഗാളികള്‍ ചിരിച്ചാണെടുത്തത്‌. പ്രകാശ്‌ കാരാട്ടിന്റെയും ബര്‍ദന്റെയും ഗൗഡയുടെയും ചന്ദ്രചൂഡന്റെയും മൂന്നാം മുന്നണി എന്ന സങ്കല്‍പം സി.പി.എമ്മിനും ഇന്ത്യയിലെ ഇടതുപക്ഷത്തിനും അപമാനമാണുണ്ടാക്കിയതെന്ന്‌ ബംഗാളികള്‍ വിശ്വസിക്കുന്നു. കാരാട്ടിന്റെയും ബര്‍ദന്റെയും മൂന്നാം മുന്നണി സുര്‍ജിത്തിന്റെയും ജ്യോതി ബസുവിന്റെയും സങ്കല്‍പത്തില്‍പെട്ട ഒന്നല്ല. ബസുവിന്റെയും സുര്‍ജിത്തിന്റെയും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ മുന്നണി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതാണ്‌.


മൂന്നാം മുന്നണി എന്ന ആശയം പ്രകാശ്‌ കാരാട്ട്‌ കടമെടുക്കുന്നത്‌ വി.പി. സിങ്ങില്‍ നിന്നാണ്‌. വലിയൊരു മനുഷ്യസ്നേഹിയായിരുന്ന വി.പി. സിങ്‌ എന്ന രാജാവിന്റെ രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണിയുടെ ആശയം പാളിപ്പോവുകയാണുണ്ടായത്‌. ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളുടെ തണലില്‍ ഇടതുപക്ഷത്തെ കൊണ്ടുപോയി നിര്‍ത്താന്‍ ശ്രമിച്ചത്‌ പ്രകാശ്‌ കാരാട്ട്‌ കാണിച്ച മറ്റൊരു ചരിത്രപരമായ മണ്ടത്തരമാണ്‌. ബംഗാളികളായ അശോക്‌ മിത്രയും സോമനാഥ്‌ ചാറ്റര്‍ജിയുമൊക്കെ പ്രകാശ്‌ കാരാട്ടിന്റെ മൂന്നാം മുന്നണി നീക്കത്തെ കഠിനമായിത്തന്നെ എതിര്‍ത്തിട്ടുണ്ട്‌. പ്രകാശ്‌ കാരാട്ടിന്റേത്‌ പ്രാദേശികതയില്‍ വിശ്വാസമര്‍പ്പിക്കുന്ന കമ്യൂണിസ്റ്റ്‌ രാഷ്ട്രീയമാണെന്നും വിലയിരുത്തപ്പെടുന്നു.

 

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പക്വതയില്ലായ്മയും ജനബന്ധമില്ലായ്മയും ബംഗാളികളെ അമര്‍ഷം കൊള്ളിക്കുന്നുണ്ട്‌. പ്രകാശ്‌ കാരാട്ട്‌ പിബിയിലും സിസിയിലും വച്ചു പുലര്‍ത്തുന്ന മേല്‍ക്കൈ ബംഗാളികള്‍ ഇഷ്ടപ്പെടുന്നില്ല. പ്രകാശ്‌ കാരാട്ടിന്റെ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രി ഭട്ടാചാര്യയുടെ മുമ്പില്‍ ചെലവായിട്ടില്ല. അതേ സമയത്ത്‌ കേരളത്തിലെ മുഖ്യമന്ത്രിയെ സംസ്ഥാന പാര്‍ട്ടി സെക്രട്ടറിക്കുവേണ്ടി പി.ബി. ചവട്ടിക്കൊരട്ടുകയാണ്‌. ഇതിന്‌ പി.ബിയില്‍ ചരടുവലിക്കുന്നത്‌ കാരാട്ടിന്റെ അനുസരണയുള്ള ശിഷ്യനായി വര്‍ത്തിക്കുന്ന എസ്‌. രാമചന്ദ്രന്‍ പിള്ളയാണ്‌. പതിനെട്ട്‌ കൊല്ലമായി പോളിറ്റ്‌ ബ്യൂറോ അംഗവും അഞ്ച്‌ കൊല്ലമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ കാരാട്ട്‌ പാര്‍ട്ടിക്കകത്ത്‌ തന്റെ ശക്തമായ ഒരു സ്വന്തം പാളയം ഉണ്ടാക്കി വച്ചിട്ടുണ്ട്‌.

 

കാരാട്ടിന്റെ കൈകളില്‍ നിന്ന്‌ പാര്‍ട്ടിയെ മോചിപ്പിച്ച്‌ സീതാറാം യച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വാഴിക്കാനാണ്‌ ബംഗാളിലെ സി.പി.എം ആഗ്രഹിക്കുന്നത്‌. സീതാറാം യച്ചൂരി ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമാണ്‌. ആന്ധ്രയില്‍ മേല്‍വിലാസമൊന്നുമില്ലാത്തതുകൊണ്ട്‌ യച്ചൂരി ബംഗാളിനെയാണ്‌ തന്റെ സംസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്‌. കേരളത്തിലെ സി.പി.എം കാരാട്ടിനെയും ബംഗാളിലെ സി.പി.എം സീതാറാം യച്ചൂരിയെയും തലയിലേറ്റുന്നു. ഇരുവരുടെയും രാഷ്ട്രീയവഴികള്‍ തികച്ചും വ്യത്യസ്തവുമാണ്‌.
കോണ്‍ഗ്രസുമായി സഹകരിച്ച്‌ കേന്ദ്രഭരണത്തിലും സംസ്ഥാന ഭരണങ്ങളിലും പങ്കാളികളാവുകയെന്ന സി.പി.എമ്മിലൊരു വിഭാഗത്തിന്റെ പഴയ യൂറോ കമ്യൂണിസത്തോട്‌ സമാനമായ ചിന്താഗതിയെ പ്രകാശ്‌ കാരാട്ട്‌ അവഗണിച്ചു. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ഇങ്ങനെയൊരാശയത്തിന്റെ വക്താവാണ്‌ സീതാറാം യച്ചൂരി.

 

നേപ്പാളിലെ മാവോയിസ്റ്റ്‌ പാര്‍ട്ടിയെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്കു കൊണ്ടുവരാന്‍ സീതാറാം യച്ചൂരി ശ്രമിച്ചിട്ടുണ്ട്‌. ചൈനീസ്‌ പക്ഷപാതിയായ യച്ചൂരി തന്നെയാണ്‌ പ്രചണ്ഡയുടെ മുഖ്യ ഉപദേഷ്ടാവ്‌. അമേരിക്കന്‍ സാമ്രാജ്യത്വ സങ്കല്‍പങ്ങളെ ചൈന മറികടക്കുന്നത്‌ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നോക്കിക്കാണുന്നത്‌ സീതാറാം യച്ചൂരിയാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തിനകത്ത്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കാസ്ട്രോയ്ക്കും ഷാവേസിനും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തത്‌ സീതാറാം യച്ചൂരിയാണ്‌. ലോകത്ത്‌ പലേടത്തും നടക്കുന്ന കമ്യൂണിസത്തിന്റെ ഇന്റര്‍ നാഷണല്‍ ഫോറങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ സീതാറാം യച്ചൂരിയാണ്‌. അദ്ദേഹം അവിടെയൊക്കെ പറയുന്നത്‌ പാര്‍ലമെന്ററി ജനാധിപത്യത്തിനകത്ത്‌ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏഷ്യയിലെ ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെക്കുറിച്ചാണ്‌.


ആന്ധ്രയിലെ കാക്കിനാഡയില്‍നിന്നു വരുന്ന യച്ചൂരി സി.പി.എമ്മിലെ ബ്രാഹ്മണലോബിയുടെ ഇന്നത്തെ നേതാവാണ്‌. ചുവന്ന ബ്രാഹ്മണലോബിയും പശ്ചിമ ബംഗാളിലെ പാര്‍ട്ടിയും യച്ചൂരിയിലാണ്‌ അടുത്ത പാര്‍ട്ടി സെക്രട്ടറിയെ കാണുന്നത്‌. 57കാരനായ സീതാറാം യച്ചൂരി ലോക കമ്യൂണിസ്റ്റ്‌ നേതാക്കളുമായി നിരന്തരബന്ധം വച്ചുപുലര്‍ത്തുന്ന നേതാവുമാണ്‌. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെയും ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസിനെയും വിലയിരുത്തുന്ന കാര്യത്തില്‍ പ്രകാശ്‌ കാരാട്ടും സീതാറാം യച്ചൂരിയും രണ്ട്‌ തട്ടിലാണെന്നു തന്നെയാണ്‌ ഇവിടെ പറയുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls