| അധരവിപ്ലവകാരികള്‍ നിയമവേദിയില്‍ 'തത്താപിത്ത' |
|
മൂന്നാറിലെ മൂന്നാംദൗത്യവും വെറും വാചകക്കസര്‍ത്തും നാടകവുമാണെന്ന് ടാറ്റ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ അഡ്വക്കറ്റ് ജനറല്‍ എടുത്ത നിലപാടില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 27-ാം തീയതി മന്ത്രിസഭാ യോഗം ടാറ്റ കല്ലാര്‍പുഴയില്‍ നിര്‍മ്മിച്ച തടയണ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണെന്ന് വിലയിരുത്തുകയുണ്ടായി. അത് പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി ആര്‍ക്കും സംശയം തോന്നാത്തതരത്തില്‍ കൃത്യമായ വാക്കുകളില്‍ വ്യക്തമാക്കുകയും ചെയ്തു. പിറ്റേദിവസം മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് ഇടുക്കി ജില്ലാ കളക്ടറോട് ടാറ്റ നിര്‍മ്മിച്ച തടയണ നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് ജനുവരി 29-ാം തീയതി തടയണ പൊളിച്ചുനീക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടര്‍ ടാറ്റയ്ക്ക് നോട്ടീസ് നല്‍കി.
മുപ്പതാം തീയതി മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങള്‍ മൂന്നാര്‍ പ്രദേശം സന്ദര്‍ശിക്കുകയും ടാറ്റയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ നേരിട്ട് കാണുകയും ചെയ്തു. വൈദ്യുതിവേലി കെട്ടിത്തിരിച്ചതും തടയണ നിര്‍മ്മിച്ചതും നിയമവിരുദ്ധമാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെബ്രുവരി ഒന്നാംതീയതി മന്ത്രിസഭാ ഉപസമിതി വീണ്ടും തടയണ പൊളിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിറ്റേദിവസം മന്ത്രിസഭാ ഉപസമിതി 16 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ട് ക്യാബിനറ്റിന് സമര്‍പ്പിച്ചു. അതില്‍ തടയണ പൊളിക്കണമെന്ന ആവശ്യം എടുത്തുപറഞ്ഞിരുന്നു.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയ കാര്യം അഡ്വക്കറ്റ് ജനറല്‍ അറിയാതെപോയതെന്ത്? സംസ്ഥാനത്ത് നിയമവകുപ്പും റവന്യൂ വകുപ്പും പൊതുഭരണവകുപ്പും തമ്മില്‍ ഒരുവിധത്തിലുമുള്ള ഏകോപനം നടക്കുന്നില്ലെന്ന് അനുമാനിച്ച് നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു വിഷയമാണോ ഇത്? ശനിയാഴ്ച പൊളിക്കാന്‍ തീരുമാനിച്ചിരുന്ന തടയണ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കാട്ടിയ വീഴ്ച മൂലം നടക്കാതെപോയി. ചൊവ്വാഴ്ച വരെ (ഫെബ്രുവരി ഒമ്പത്) തല്‍സ്ഥിതി തുടരണമെന്ന് ടാറ്റയുടെ ഹര്‍ജി പരിഗണിക്കവേ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
തടയണ നിര്‍മ്മിച്ചതടക്കമുള്ള ടാറ്റയുടെ നടപടികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യമെങ്കില്‍ നിയമനടപടികള്‍ എടുക്കാനുമാണ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ ഗവണ്‍മെന്റിന്റെ നോട്ടീസിന് വിശദീകരണം നല്‍കി. സര്‍ക്കാര്‍ ഔദ്യോഗികമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമപരിരക്ഷ കിട്ടാതെപോകുന്നത് അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ നിത്യശാപമായി തീര്‍ന്നിട്ടുണ്ട്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമുണ്ടാക്കിയ നിയമം സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അത് കോളജ് മാനേജ്മെന്റ് കോടതിയില്‍ പുഷ്പംപോലെ പറത്തിക്കളഞ്ഞു. സ്വാശ്രയ കോളജുകള്‍ക്ക് ഒരു നിയന്ത്രണനിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലും നിയമരഹിത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റലും അതുപോലെ ഒച്ചപ്പാടും ബഹളവുമായി പര്യവസാനിക്കുമെന്ന് സാമാന്യജനം കരുതിയാല്‍ തെറ്റില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിനും സര്‍ക്കാരിന് യാതൊരു താല്‍പര്യവും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് വ്യക്തമായി. 
-°C 