മൂന്നാറിലെ ചൂതാട്ടം

Imageപി.സുജാതന്‍

മൂന്നാര്‍ മലനിരകള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഭൂമികയ്യേറ്റക്കാരും കുടിയേറ്റക്കാരും ചേര്‍ന്ന്‌ നിക്ഷിപ്തവനമടക്കം പുല്‍മേടുകളും മലമേടുകളും വെട്ടിനശിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി.

തുടര്‍ച്ചയായി നടന്നുവരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നാര്‍ കാടുകളെ ഒരു ടൗണ്‍ഷിപ്പാക്കി മാറ്റിയത്‌ ഒരു ദിവസംകൊണ്ടല്ല. പച്ചപ്പ്‌ നഷ്ടപ്പെട്ട്‌ മൂന്നാര്‍ ഭാവിയില്‍ ഒരു മരുപ്രദേശമായാലും അത്ഭുതമില്ലെന്ന സ്ഥിതിയില്‍ പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും രംഗത്തുവന്നു.
പ്രകൃതിസ്നേഹികള്‍ പൊതുതാല്‍പ്പര്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ കഴിഞ്ഞയാഴ്ച ഇങ്ങനെ പറഞ്ഞു: "മൂന്നാറിന്റെ പച്ചപ്പു മുഴുവന്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവിടെനിന്ന്‌ എല്ലാ കയ്യേറ്റക്കാരേയും ഉടന്‍ ഒഴിവാക്കണം.അതിന്‌ നിയമപരമായി തടസ്സം വല്ലതുമുണ്ടെങ്കില്‍ കോടതിയെ സര്‍ക്കാര്‍ ബോധിപ്പിക്കണം." സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിക്കു മറുപടി നല്‍കി: "കയ്യേറ്റക്കാരെ ആരെയും മൂന്നാറില്‍ വച്ചുപൊറുപ്പിക്കില്ല. മുഴുവന്‍ ആളുകളെയും ഒഴുപ്പിച്ച്‌ സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത്‌ സംരക്ഷിക്കും. കൃഷിക്കു പാട്ടത്തിനു കൊടുത്ത വനഭൂമി മറ്റാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കാന്‍ അനുവദിക്കില്ല."


കോടതിക്ക്‌ സര്‍ക്കാര്‍ കൊടുത്ത ഈ വാക്കുകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കു നല്‍കിയ വാക്കാണ്‌. അതു പാലിക്കാന്‍ പ്രകൃതി സ്നേഹികളുടെ സ്നേഹിതനായ മുഖ്യമന്ത്രിക്കു കഴിയാതെ വന്നിരിക്കുന്നു. അദ്ദേഹത്തിന്‌ എങ്ങനെ സമാധാനത്തോടെ ഉറങ്ങാനാകും?പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചും അറബിക്കടലോരത്ത്‌ പാദങ്ങള്‍ വച്ചും സ്വച്ഛമായി ഉറങ്ങുന്ന സുന്ദരമായ നാടാണ്‌ കേരളമെന്ന്‌ കവി ഭാവനചെയ്തിട്ടുണ്ട്‌. സഹ്യപര്‍വ്വത പ്രദേശങ്ങളില്‍ ഇടതടവില്ലാതെ നടന്നുവരുന്ന കുടിയേറ്റവും കയ്യേറ്റവും കേരളം തലചായ്ച്ചു വയ്ക്കുന്ന ഹരിതതലയണയെയാണ്‌ തട്ടിത്തെറിപ്പിക്കുന്നത്‌. കേരളത്തിന്റെ സമശീതോഷ്ണകാലാവസ്ഥ കാത്തുസൂക്ഷിക്കുന്നതില്‍ പശ്ചിമഘട്ട പര്‍വതനിരകള്‍ക്കും കിഴക്കന്‍ കാടുകള്‍ക്കും ഉള്ള സ്ഥാനം വലുതാണ്‌. വേനല്‍കാലത്ത്‌ അത്യുഷ്ണത്തില്‍ നിന്ന്‌ കേരളം രക്ഷപ്പെടുന്നത്‌ കിഴക്കന്‍ മലനിരകള്‍ ചുറ്റിവരുന്ന കരക്കാറ്റ്‌ ഏറ്റിട്ടാണ്‌.

 

മഴക്കാലത്ത്‌ പുഴകളും ജലാശയങ്ങളും ഫലഭൂയിഷ്ടമായ എക്കല്‍ മണ്ണുകൊണ്ട്‌ നിറയണമെങ്കില്‍ ആ പുല്‍മേടുകളും മലമേടുകളും ക്ഷതം തട്ടാതെ അവിടെ നിലനില്‍ക്കണം. സമൃദ്ധമായി മഴപെയ്യണമെങ്കില്‍ അവശേഷിക്കുന്ന അഞ്ചുശതമാനം വനമെങ്കിലും കാത്തുസൂക്ഷിക്കപ്പെടണം. വരള്‍ച്ചയ്ക്കും വറുതിക്കും കേരളത്തെ കീഴ്പ്പെടുത്താന്‍ പറ്റാത്തത്‌ പ്രകൃതിയുടെ അവശേഷിക്കുന്ന പച്ചപ്പുകൊണ്ടുമാത്രമാണ്‌. കാടും മലയും നശിച്ചാല്‍ കേരളം വളരെ വേഗം വാസയോഗ്യമല്ലാത്ത ഒരു പീഠഭൂമിയായിത്തീരും.
കയ്യേറ്റക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും താല്‍ക്കാലിക ലാഭം. കേരളത്തിന്റെ ഊട്ടിയെന്ന്‌ പുകള്‍പെറ്റ മൂന്നാര്‍ സഞ്ചാരികളുടെ ലക്ഷ്യമായിത്തീര്‍ന്നതോടെ ആരംഭിച്ച വാണിജ്യതാല്‍പ്പര്യം അതിരുവിട്ടപ്പോഴാണ്‌ കടുത്തനിയന്ത്രണം ആവശ്യമായിത്തീര്‍ന്നത്‌. വന്‍കിടക്കാരും ചെറുകിടക്കാരും കര്‍ഷകരുടെ മറവില്‍ മൂന്നാര്‍ വനപ്രദേശം കള്ളപ്രമാണങ്ങളും വ്യാജപട്ടയങ്ങളും ചമച്ച്‌ കൈവശപ്പെടുത്തിക്കൊണ്ടിരുന്നു.

 

കൃഷിക്ക്‌ പാട്ടത്തിനു കൊടുത്ത ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വില്‍ക്കപ്പെട്ടു. അനധികൃതമായി റിസോര്‍ട്ടുകളും വന്‍കിട ഹോട്ടലുകളും നിര്‍മ്മിച്ചു. കാടും തടിയും വെട്ടിയെടുത്തശേഷം വനഗര്‍ഭത്തിലേക്ക്‌ വീതിയേറിയ റോഡ്‌ നിര്‍മ്മിച്ചു. റോഡിന്റെ ഇരുവശങ്ങളിലും ബഹുനില കെട്ടിടങ്ങള്‍ പണിഞ്ഞു. കാട്‌ കണ്ണടച്ചു തുറക്കും വേഗത്തില്‍ നാടും നഗരവും ആയി.ടാറ്റ എന്ന ദേശീയ കുത്തക വ്യവസായിക്ക്‌ 52,000 ഏക്കര്‍ വനഭൂമി തേയില കൃഷിക്ക്‌ പാട്ടത്തിനു നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ പില്‍ക്കാലത്തു പരിശോധിച്ചപ്പോള്‍ കണ്ണന്‍ദേവന്‍ മലനിരകളില്‍ ഒരുലക്ഷത്തിപന്തീരായിരം ഏക്കര്‍ പ്രദേശം അന്യാധീനപ്പെട്ടിരിക്കുന്നതുകണ്ടെത്തി. അതില്‍ 70,000 ഏക്കര്‍ പ്രദേശം തിരിച്ചുപിടിച്ച്‌ നിക്ഷിപ്തവനമായി സംരക്ഷിക്കുന്നു എന്നാണ്‌ രേഖ.


സംരക്ഷിത പ്രദേശമായ കല്ലാര്‍ പുഴയുടെ ഉത്ഭവസ്ഥാനത്ത്‌ 75 മീറ്റര്‍ നീളത്തില്‍ ചെക്ക്‌ ഡാം നിര്‍മ്മിച്ചിരിക്കുന്നു. പുഴയുടെ ഇരുകരകളിലും നൂറുകണക്കിന്‌ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. വൈദ്യുതി ഉല്‍പ്പാദനവും റോഡ്‌ നിര്‍മ്മാണവും കാട്ടിനുള്ളില്‍ തകൃതിയായി നടക്കുന്നു. നിയമസഭാ കമ്മിറ്റി നേരിട്ടുകണ്ട്‌ മനസ്സിലാക്കിയ വന്‍ ഭൂമികയ്യേറ്റവും അനധികൃത നിര്‍മ്മാണവും സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ മേല്‍ ഇടതു സര്‍ക്കാര്‍ എത്രകാലമായി അടയിരിക്കുന്നു. നിയമം നിശ്ശബ്ദത പാലിച്ചപ്പോള്‍ ചട്ടങ്ങള്‍ ചലിക്കാന്‍ കൂട്ടാക്കിയില്ല. 2007 മേയ്‌ മാസം മുഖ്യമന്ത്രിക്ക്‌ തന്റെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്‌ ജനങ്ങളുടെ മുന്നില്‍വയ്ക്കാന്‍ നേട്ടങ്ങളൊന്നും കണ്ടില്ല. ജനശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹം മൂന്നാറിലേക്ക്‌ മൂന്ന്‌ പൂച്ചകള്‍ എന്ന പേരില്‍ ഒരു ദൗത്യസംഘത്തെ വിട്ടു.

 

കെ.സുരേഷ്കുമാര്‍, ഋഷിരാജ്‌ സിംഗ്‌, രാജുനാരായണസ്വാമി എന്നീ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്‌ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി. നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങി. റിസോര്‍ട്ടുകളും ഹോട്ടലുകളും തകര്‍ന്നു വീഴുന്നതുകണ്ട്‌ കേരളം ഞെട്ടി. ജനങ്ങള്‍ ആഹ്ലാദപൂര്‍വ്വം കൈയടിച്ചു. മൂന്നാറിലെ സി.പി.എം, സി.പി.ഐ ഓഫീസ്‌ കെട്ടിടങ്ങള്‍ പോലും കയ്യേറ്റഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന്‌ കണ്ടെത്തി. ജെ.സി.ബിയുടെ ഇരുമ്പുപല്ലുകള്‍ അവയ്ക്കെതിരേയും വായ്പിളര്‍ന്നപ്പോള്‍ കേരളത്തിലെ ഇടതുമുന്നണി കലികൊണ്ടു വിറച്ചു. അന്തരിച്ച പി.കെ.വാസുദേവന്‍ നായരെ കര്‍ഷകനാക്കി കള്ളപ്പട്ടയം സംഘടിപ്പിച്ച സി.പി.ഐ മൂന്നാറിലെ ഓഫീസിനോട്‌ ചേര്‍ന്ന്‌ ഒരു ബഹുനില ലോഡ്ജ്‌ നിര്‍മ്മിക്കാന്‍ സ്വകാര്യവ്യക്തിയെ അനുവദിച്ചത്‌ നഗ്നമായ അഴിമതിയാണെന്ന്‌ വെളിച്ചത്തു വന്നു.


ഒഴിപ്പിക്കല്‍ ദൗത്യത്തെ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. ജനങ്ങള്‍ ഒന്നടങ്കം മുഖ്യമന്ത്രി അച്യുതാനന്ദന്‌ കൈയടിച്ചു. പക്ഷേ രണ്ട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും ഭൂമി കയ്യേറ്റ ഇടപാടുകളുടെ മര്‍മ്മത്തു തൊട്ട ദൗത്യസംഘത്തിന്‌ പടംമടക്കി മലയിറങ്ങിപ്പോരേണ്ടിവന്നു. സുരേഷ്കുമാര്‍ വ്യവഹാരക്കുരുക്കില്‍പ്പെട്ട്‌ സസ്പെന്‍ഷനിലായി. ഐ.ജി. ഋഷിരാജ്‌ സിംഗ്‌ കേരളം വിട്ടു. കളക്ടര്‍ രാജുനാരായണസ്വാമി സ്ഥാനഭ്രഷ്ടനായി. ജനവികാരം ഭയന്ന്‌ മൂന്നാര്‍ ദൗത്യം തുടരുകയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. രണ്ടു ദൗത്യസംഘത്തെ മാറിമാറി നിയോഗിച്ചു. കയ്യേറ്റം തടയലോ ഒഴിപ്പിക്കലോ ഉണ്ടായില്ല. നിലവിലുള്ള ദൗത്യസംഘം മൂന്നാറില്‍ പ്രവേശിച്ചിട്ടുപോലുമില്ല. ഭരണമുന്നണിയിലെ സമ്മര്‍ദ്ദഗ്രൂപ്പിനു കീഴ്പ്പെട്ട്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നിശ്ശബ്ദനായി.


ഹൈക്കോടതി ഉത്തരവ്‌ കരിഞ്ഞപുല്ലില്‍ മഴചാറിയതുപോലെ മുഖ്യമന്ത്രിയെ തട്ടി ഉണര്‍ത്തിയിരിക്കുന്നു. മൂന്നാറിലെ കയ്യേറ്റക്കാരെ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന്‌ ആവേശഭരിതനായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍, അനധികൃത നിര്‍മ്മാണത്തിനും കയ്യേറ്റങ്ങള്‍ക്കും ഒത്താശചെയ്യുന്ന ഇടുക്കി ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗിനെ മാറ്റണമെന്ന്‌ ശക്തിയുക്തം വാദിച്ച മുഖ്യമന്ത്രി ക്രൂരമായി ഒറ്റപ്പെട്ടു. കളക്ടറെ ന്യായീകരിച്ച റവന്യൂ മന്ത്രി രാജേന്ദ്രന്റെ നിലപാടുമൂലം മൂന്നാര്‍ വന സംരക്ഷണ പ്രശ്നവും ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കല്‍ വിഷയവും ഭരണമുന്നണി നേതൃത്വത്തിന്റെ തീരുമാനത്തിനു വിട്ടു. കോഴിക്കൂടിന്റെ കാവല്‍ കുറുക്കനെ ഏല്‍പ്പിച്ചു. ഒരു ജില്ലാ കളക്ടറെപ്പോലും മാറ്റാന്‍ അധികാരമില്ലാത്ത പാവപ്പെട്ട ഒരു ജുബ്ബാധാരിയായിത്തീര്‍ന്ന മുഖ്യമന്ത്രി അച്യുതാനന്ദന്‍ എങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും? റവന്യൂ ഭരണത്തിന്റെ ജില്ലാതലവനാണ്‌ കളക്ടര്‍. അനധികൃത നിര്‍മ്മാണവും കയ്യേറ്റവും തടയേണ്ടയാള്‍.

 

കോടതി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി ആവര്‍ത്തിച്ചതുമായ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചൂതുകളിയായി വളര്‍ന്നിരിക്കുന്നു. ഈ കളിയില്‍ ആരു ജയിക്കുമെന്ന്‌ വരും നാളുകളില്‍ അറിയാം. കേരളത്തിന്റെ ഭാവിയും തല്‍പ്പര കക്ഷികളും തമ്മിലുള്ള ചൂതാട്ടമാണിതെന്ന്‌ മറക്കരുത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls